രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 13

16) സഭയും അക്രൈസ്തവരും

അവസാനമായി, ഇതുവരെ സുവിശേഷം സ്വീകരിക്കാത്തവര്‍ ദൈവജനത്തോട് വിവിധതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒന്നാമതായി, ഉടമ്പടികളും വാഗ്ദാനങ്ങളും നല്കപ്പെട്ട ജനം, ജഡപ്രകാരം മിശിഹാ ആരില്‍നിന്നു ജന്മകൊണ്ടുവോ ആ ജനം (റോമാ 9:4-5), പിതാക്കന്മാരെപ്രതിയുള്ള തിരഞ്ഞെടുപ്പുവഴി ദൈവത്തിന് ഏറ്റവും ഇഷ്ടഭോജനമായ ആ ജനം. എന്തുകൊണ്ടെന്നാല്‍, ദൈവം തന്റെ ദാനത്തിലും വിൡയിലും വ്യസനിക്കുന്നില്ല (cf. റോമ 11:28-29). മാത്രമല്ല, പരിത്രാണ പദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെയെല്ലാം തന്നെ ആശ്ലേഷിക്കുന്നു. അവരില്‍ പ്രാധാന്യമര്‍ഹിക്കുന്നവര്‍, അബ്രാഹാത്തിന്റെ വിശ്വാസം മുറുകെപ്പിടിക്കുന്നവനുമായ ഏകദൈവത്തെ നമ്മോടൊത്ത് ആരാധിക്കുകയും ചെ്യ്യുന്ന മുസല്‍മാന്മാരാണ്. ഛായകളിലും സങ്കല്പങ്ങളിലും അജ്ഞാത ദൈവത്തെ അന്വേഷിക്കുന്ന മറ്റുള്ളവരില്‍നിന്നുപോലും ദൈവം വിദൂരസ്ഥാനല്ല. എല്ലാവര്‍ക്കും ജീവനും പ്രചോദനവും സര്‍വവും (അപ്പ 17:25-28) അവിടന്നു നല്കുന്നുണ്ടല്ലോ. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നാണ് രക്ഷകന്‍ ആഗ്രഹിക്കുന്നത് (1 തിമോ 2:4). അതുകൊണ്ട് മിശിഹായുടെ സുവിശേഷത്തെയും അവിടത്തെ സഭയെയും സ്വന്തം കുറ്റംകൊണ്ടല്ലാതെ അറിയാതിരിക്കുകയും എന്നാല്‍, ആത്മാര്‍ത്ഥ ഹൃദയത്തോടെ ദൈവത്തെ തേടുകയും അവിടത്തെ ഇഷ്ടം മനസാക്ഷിയുടെ പ്രേരണയ്ക്കനുസൃതമായി പ്രവൃത്തികളാല്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രസാദവരത്തിന്റെ പ്രചോദനത്താല്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യരക്ഷ പ്രാപിക്കാന് കഴിയും. സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ ഇനിയും സ്പഷ്ടമായി അംഗീകരിക്കാതിരിക്കുകയും ദൈവവരപ്രസാദത്തോടെതന്നെ ശരിയായ ജീവതം നയിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവപരിപാലനം രക്ഷയ്ക്കാവശ്യകമായ സഹായങ്ങള്‍ നിഷേധിക്കുകയുമില്ല. നന്മയോ സത്യമായോ അവരില്‍ കണ്ടെത്തുന്നവയെല്ലാംതന്നെ സുവിശേഷ സ്വീകരണത്തിനു വേണ്ടിയുള്ള ഒരുക്കമായാണ് സഭ കണക്കിലെടുക്കുന്നത്. സകല മനുഷ്യരും കാലത്തികവില്‍ ജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി അവരെ പ്രകാശിപ്പിക്കുന്നവനാല്‍ നല്കപ്പെട്ടതായി അവള്‍ അവയെ കരുതുകയും ചെയ്യുന്നു. എങ്കിലും, പലപ്പോഴും മനുഷ്യര്‍ ദുഷ്ടനാല്‍ വഞ്ചിതരായി, തങ്ങളുടെ ചിന്തകളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്ന്, ദൈവത്തിന്റെ സത്യം കാപട്യമാക്കി പകര്‍ത്തുകയും ദൈവത്തേക്കാള്‍ സൃഷ്ടികളെ സേവിക്കുകയും (റോമ 1:21-25) ഈ ലോകത്തില്‍ ദൈവത്തെക്കൂടാതെ ജീവിച്ച്, മരിച്ച്, വലിയ ആശാഭംഗത്തിനു വിധേയരാകുകയും ചെയ്യുന്നു. അതിനാല്‍ ദൈവമഹത്വത്തിനും അവരുടെയെല്ലാം രക്ഷ ത്വരിതപ്പെടുത്തുന്നതിനും വേണ്ടി ‘എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ (മര്‍ക്കോ 16:15) എന്ന കര്‍ത്താവിന്റെ വാക്കുകള്‍ തിരുസഭ ഓര്‍മിച്ചുകൊണ്ട് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ജാഗ്രതയോടെ ശ്രദ്ധിക്കുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles