പീഢനങ്ങൾക്കിടയിലും ദൈവത്തിൽ ആശ്രയിക്കുന്നവർ

വിവിധ സങ്കല്പങ്ങൾ, വിലാപവും, പ്രാർത്ഥനയും, പുകഴ്ചയും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു കീർത്തനമാണ് നൂറ്റിരണ്ടാം സങ്കീർത്തനം. മറ്റ് പല സങ്കീർത്തനങ്ങളിലെ വാക്കുകളും, പീഢനങ്ങളുടെ കടലിൽ മുങ്ങിത്താണ പഴയനിയമത്തിലെ തന്നെ ഏറ്റവും ആർദ്രമായ വിലാപത്തിനുടമയായ ജോബിന്റെ വാക്കുകളും ഒക്കെ ഈ സങ്കീർത്തനത്തിന്റെ രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ടാകണം. പ്രായശ്ചിത്തസങ്കീർത്തനങ്ങൾ എന്നറിയപ്പെടുന്ന ഏഴ് സങ്കീർത്തനങ്ങളിൽ ഒന്നായും നൂറ്റിരണ്ടാം സങ്കീർത്തനം കരുതപ്പെടുന്നു. 6, 32, 38, 51, 130, 143 എന്നിവയാണ് മറ്റുള്ളവ.

പീഢിതന്റെ വിലാപം

സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത്, ഒന്നുമുതൽ പതിനൊന്നുവരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത് പ്രതിസന്ധിയിലായിരിക്കുന്ന പീഡിതന്റെ വിലാപമാണ്. ഭൂമിയിലെ സഹനങ്ങളുടെയും ദുരനുഭവങ്ങളുടെയും വ്യത്യസ്ത രൂപകങ്ങൾ ഉപയോഗിച്ച് തന്റെ സഹനത്തിന്റെ ആഴവും വ്യാപ്തിയും, അതിന്റെ കാഠിന്യവും ദൈവത്തിന് മുൻപിൽ ഒരു പ്രാർത്ഥനയായി, വിശ്വാസിയുടെ ഹൃദയനെടുവീർപ്പായി അവതരിപ്പിക്കുകയാണ് സങ്കീർത്തകൻ.

ഒന്നും രണ്ടും വാക്യങ്ങളിൽ തന്റെ വേദനകളിലും ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽനിന്ന് അകലാതെ നിൽക്കുന്ന വിശ്വാസിയുടെ ഹൃദയമാണ് നാം കാണുന്നത്. സഹനത്തിന്റെ വേദനയെ കണ്ടിട്ടും തിരിച്ചറിയാത്ത, മുറിവിന്റെ വേദനയിലെ നിലവിളി കേൾക്കാത്ത ഒരുവനല്ല, നല്ലവനും കാരുണ്യവാനായ ദൈവമെന്ന് പീഡിതനായ ഈ മനുഷ്യനറിയുന്നുണ്ട്. “എന്റെ കഷ്ടതയുടെ ദിനത്തിൽ അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കരുതേ” എന്ന രണ്ടാം വാക്യത്തിൽ, ദൈവത്തിന്റെ കൺകോണിലെവിടെയോ താനുണ്ടെന്ന ഒരു ചിന്തമതി തനിക്ക് തന്റെ സഹനങ്ങളിൽ പിടിച്ചുനിൽക്കാൻ എന്ന ഒരു വിശ്വാസമാണ് തെളിഞ്ഞുകാണുന്നത്.

മൂന്നുമുതൽ ഏഴുവരെ വാക്യങ്ങളിൽ, പഴയനിയമത്തിലെ ജോബിന്റെ വിലാപത്തിന്റെ ഒരു ശൈലിയിൽ, തന്റെ വേദനയെ വിവിധ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സങ്കീർത്തകന്റെ വാക്കുകൾ. അർത്ഥമില്ലാതെ പുകപോലെ കടന്നുപോകുന്ന ദിനങ്ങൾ, ഉള്ളിലനുഭവിക്കുന്ന വേദനയുടെ പാരമ്യത്തിൽ അഗ്നിയിലെരിയുന്ന തീക്കൊള്ളിപോലെ എരിയുന്ന അസ്ഥികൾ, പ്രതീക്ഷകൾ അസ്തമിച്ച് നിരാശയുടെ വേനൽച്ചൂടിൽ പുല്ലുപോലെ വാടിപ്പോകുന്ന ഹൃദയം, ജോബിന്റെ പുസ്തകം പത്തൊന്പതാമധ്യായം ഇരുപതാം വാക്യത്തിൽ “എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും ഒട്ടിയിരിക്കുന്നു” എന്നെഴുതിയിരിക്കുന്നതിന് തുല്യം എല്ലും തോലുമായ ശരീരം, മരുഭൂമിയുടെ ഊഷരതയിൽ വേഴാമ്പൽ പോലെയും, ഏകാന്തതയുടെ വിലാപസ്വരമായി പുരമുകളിൽ തനിച്ചിരിക്കുന്ന പക്ഷി പോലെയും ഒറ്റപ്പെട്ട ജീവിതം, ഇങ്ങനെ തന്റെ ജീവിതത്തിന്റെ ദുരവസ്ഥയെ ദൈവത്തിന് മുന്നിൽ വിവരിക്കുകയാണ് വിശ്വാസി.

എട്ടുമുതൽ പതിനൊന്നുവരെയുള്ള ഭാഗത്ത്, ശത്രുവിനാൽ പീഡിപ്പിക്കപ്പെടുന്നതിന്റെ വേദനയും അതിനുള്ള കാരണവുമാണ് സങ്കീർത്തനത്തിൽ നാം കാണുക. നിന്ദനവും ശാപവും ശത്രുക്കളിൽനിന്ന് വരുന്നു. പരിഹാസമാണ് വീഴ്ചയേക്കാൾ വേദനാജനകം. “ചാരം എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു; എന്റെ പാനപാത്രത്തിൽ കണ്ണീർ കലരുന്നു” എന്ന ഒൻപതാം വാക്യം, നിരന്തരമായ വിലാപത്തിന്റെ കണ്ണീരും, ഹൃദയവ്യഥയുടെയും നിരാശയുടെയും ചാരവുമൊക്കെ ഭക്ഷണവും പാനീയവുംപോലെ, അവന്റെ ജീവിതത്തിൽ മുഴുനീളം തുടരുന്നു എന്ന് വിവരിക്കുന്നു. കോപത്താൽ ദൈവം അനുവദിച്ചതാകാം ഇതെന്ന ചിന്തയാണ്, വേദനയ്ക്ക് തീവ്രതയേറ്റുന്നത്; നിലനിൽക്കാത്ത നിഴൽപോലെയാണ് തന്റെ ജീവിതമെന്ന ചിന്ത അവനിൽ വളർത്തുന്നത്. ദൈവത്താൽ തിരസ്കരിക്കപ്പെട്ടെന്ന തോന്നൽ, ഉച്ചവെയിലിൽ പുല്ലുപോലെ അവന്റെ പ്രതീക്ഷകളെ കരിച്ചുകളയുന്നു.

മഹത്വത്തിന്റെ സീയോൻഗീതം

പന്ത്രണ്ടുമുതൽ ഇരുപത്തിരണ്ടുവരെയുള്ള വാക്യങ്ങളിൽ ദൈവത്തിന്റെ മഹത്വത്തെയും ജനത്തോടുള്ള അവന്റെ കരുതലിനെയും കുറിച്ചുള്ള സങ്കീർത്തകന്റെ വാക്കുകളാണ് നാം കാണുക. മുൻപുണ്ടായിരുന്ന വാക്യങ്ങളിൽനിന്ന് തികച്ചും വേറിട്ടൊരു ചിന്തയാണിത്.

നിഴൽ പോലെയും കരിഞ്ഞുപോകുന്ന പുല്ലുപോലെയും നിസ്സാരമായി കടന്നുപോകുന്ന മനുഷ്യജീവനെ അപേക്ഷിച്ച്, സിംഹാസനസ്ഥനായ കർത്താവിന്റെ നാമം തലമുറകളോളം നിലനിൽക്കുന്നു എന്ന പന്ത്രണ്ടാം വാക്യത്തിലൂടെ, നിസ്സാരനായ തന്നിൽത്തന്നെ ആശ്രയിക്കാതെ, എന്നേക്കും നിലനിൽക്കുന്ന ദൈവത്തിലാണ് വിശ്വാസി ആശ്രയമർപ്പിക്കേണ്ടതെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുകയാണ്. ഞാൻ, എന്റെ എന്നിങ്ങനെയുള്ള തോന്നലുകളിൽനിന്ന്, ദൈവത്തിലേക്കാണ് ഓരോ വിശ്വാസിയുടെയും ശ്രദ്ധ പോകേണ്ടത്.

പതിമൂന്നും പതിനാലും വാക്യങ്ങൾ സീയോൻ മലയോട്, ജെറുസലേം നഗരത്തോട്, ദൈവത്തിനുള്ള സ്നേഹവും കരുണയുമാണ് വിവരിക്കുക. അവിടുന്ന് സീയോനോട് കരുണ കാണിക്കും, അടിമത്തത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, ഇനി കൃപയുടെ കാലമാണ്. ദൈവത്തിന്റെ നഗരമായ ജെറുസലേമിന്റെ കല്ലുകളും അവിടുത്തെ പൊടിപോലും, ദൈവവിശ്വാസിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് തുടർന്നുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. പത്രോസിന്റെ ഒന്നാം ലേഖനത്തിന്റെ രണ്ടാമധ്യായം അഞ്ചാം വാക്യത്തിൽ ദൈവത്തിന്റെ ആത്മീയഭവനത്തിലെ സജീവശിലകളാണ് തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന്, ഓരോ വിശ്വാസിയുമെന്ന് നാം വായിക്കുന്നുണ്ട്. ദൈവം തിരഞ്ഞെടുത്ത ഓരോ വ്യക്തിയും, ഓരോ ശിലയും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന, പ്രധാനപ്പെട്ടതാകണമെന്ന ഒരു ചിന്തയും ഇത്തരുണത്തിൽ നമുക്ക് മുന്നിലുണ്ട്.

“ജനതകൾ കർത്താവിന്റെ നാമത്തെ ഭയപ്പെടും, ഭൂമിയിലെ രാജാക്കന്മാർ അങ്ങയുടെ മഹത്വത്തെയും” എന്ന പതിനഞ്ചാം വാക്യം മുതൽ സങ്കീർത്തകൻ, എല്ലാ ജനതയുടെയും രാജ്യങ്ങളുടെയും മുന്നിൽ വെളിവാക്കപ്പെടുന്ന ദൈവമഹത്വത്തെയും, അതർഹിക്കുന്ന ആരാധനയെയും കുറിച്ചാണ് പറയുക. അഗതികളുടെ പ്രാർത്ഥന ശ്രവിക്കുന്ന, സീയോനെ പണിതുയർത്തുന്ന ദൈവം ലോകത്തിന് മുഴുവൻ സ്വീകാര്യനാകാനുള്ളവനാണ് എന്ന സങ്കീർത്തനചിന്തയാണ് നാം ഇവിടെ കാണുന്നത്.

പതിനെട്ടുമുതൽ ഇരുപത്തിരണ്ടുവരേയുള്ള വാക്യങ്ങളിൽ, ദൈവം നൽകുന്ന വലിയ ഒരു വിടുതലിന്റെ അനുഭവത്തെക്കുറിച്ചാണ് സങ്കീർത്തകൻ പറയുക. ചരിത്രവും തലമുറകളും അറിയപ്പെടാൻവേണ്ടിയാണ് ഇവ എഴുതപ്പെടുന്നത്. ദുരിതങ്ങളുടെയും വേദനകളുടെയും ഓർമ്മകൾക്കപ്പുറം, ദൈവം തന്റെ ജനത്തെ കരുതലിന്റെ കരം നീട്ടി, രക്ഷയുടെ, സ്വാതന്ത്ര്യത്തിന്റെ, ജീവന്റെ, തീരങ്ങളിലേക്ക് നടത്തിയത് ഓർമ്മയിൽ എഴുതി സൂക്ഷിക്കാൻ സങ്കീർത്തകൻ മറക്കുന്നില്ല. പത്തൊൻപതും ഇരുപതും വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. “തടവുകാരുടെ ഞരക്കം കേൾക്കാനും മരണത്തിനു വിധിക്കപ്പെട്ടവരെ സ്വാതന്ത്രരാക്കാനും വേണ്ടി അവിടുന്ന് തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു താഴേക്ക് നോക്കി; സ്വർഗ്ഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി”. അന്ധകാരത്തിന്റെ  നിഴലിലും മരണത്തിന്റെ താഴ്വാരത്തിലുമായിരുന്ന ഒരു ജനതയ്ക്ക് പ്രകാശമായി, ജീവനായി ക്രിസ്തു കടന്നുവരുന്നത് പുതിയനിയമത്തിന്റെ താളുകളിൽ നാം കാണുന്നുണ്ടല്ലോ.

വിലാപവും പ്രാർത്ഥനയും

ഇരുപത്തിരണ്ടുമുതൽ ഇരുപത്തിയെട്ടുവരെയുള്ള സങ്കീർത്തനത്തിന്റെ മൂന്നാം ഭാഗം വീണ്ടുമൊരു വിലാപവും, എന്നാൽ നിരാശയിലേക്കവസാനിക്കാതെ, പ്രത്യാശയിലും വിശ്വാസത്തിലും എത്തിനിൽക്കുന്ന വിശ്വാസിയുടെ മനസ്സിനെയുമാണ് അവതരിപ്പിക്കുന്നത്. ശക്തിനശിച്ച്, ആയുസ്സിന്റെ ദിനങ്ങൾ കുറഞ്ഞുപോയ സഹനത്തിന്റെ മനുഷ്യൻ സമയത്തിനും കാലത്തിനും അതീതനായ ദൈവത്തിൽ ആശ്രയിക്കുകയാണ്. സങ്കീർത്തനത്തിന്റെ ഒന്നാം ഭാഗത്തിന്റെ ഒരു തുടർച്ചയോ ബാക്കിയോ ആകാം ഇത്. എന്നാൽ, മനുഷ്യന്റെ നശ്വരതയെയും, നിസ്സാരതയെയും ഓർത്തുള്ള വിലാപം മാത്രമല്ല, ദൈവത്തിന്റെ അനശ്വരതയെയും മഹത്വത്തെയും ശക്തിയേയും തിരിച്ചറിഞ്ഞുള്ള ഒരു പ്രാർത്ഥന കൂടിയാണ് നാം ഇവിടെ കാണുന്നത്. സൃഷ്ടി ഇല്ലാതാകുമ്പോഴും സൃഷ്ടാവായ ദൈവം നിലനില്ക്കുന്നുവെന്നും, മാറ്റമില്ലാത്തവനായി ദൈവം എന്നുമുണ്ടാകുമെന്നും സങ്കീർത്തകൻ ഉദ്‌ഘോഷിക്കുകയാണിവിടെ. “പണ്ട് അവിടുന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം അങ്ങയുടെ കരവേലയാണ്. അവ നശിച്ചുപോകും, എന്നാൽ അങ്ങ് നിലനിൽക്കും” എന്ന് തുടങ്ങി, സങ്കീർത്തകൻ ഇരുപത്തിയഞ്ചുമുതൽ ഇരുപത്തിയേഴുവരെ ദൈവത്തെക്കുറിച്ച് പറയുന്ന വാക്യങ്ങൾ പുതിയനിയമത്തിൽ നാം വീണ്ടും കണ്ടുമുട്ടുന്നുണ്ട്. ഹെബ്രായർക്കെഴുതിയ ലേഖനത്തിൽ ഒന്നാം അദ്ധ്യായം പത്തുമുതൽ പന്ത്രണ്ടുവരെയുള്ള വാക്യങ്ങളിൽ പിതാവായ ദൈവം തന്റെ പുത്രനായ ക്രിസ്തുവിനെ മിശിഹാ, അതായത് രക്ഷകനായി അവതരിപ്പിച്ച്, ഇതേ വാക്കുകൾ പറയുന്നതായി നാം കാണുന്നുണ്ട്.

“അങ്ങയുടെ ദാസരുടെ മക്കൾ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുൻപിൽ നിലനിൽക്കും” എന്ന ശുഭാപ്തിവിശ്വാസം നിറഞ്ഞ ഇരുപത്തിയെട്ടാം വാക്യത്തോടെ സങ്കീർത്തനം അവസാനിക്കുകയാണ്. ലോകത്തിന്റെ ഒറ്റപ്പെടുത്തലുകൾക്കും അപമാനങ്ങൾക്കും സഹനങ്ങൾക്കും തകർക്കാനാകാത്ത ദൈവവിശ്വാസമാണ് സങ്കീർത്തകനിലെ മനുഷ്യനെ പ്രതീക്ഷയോടെ മുന്നോട്ട് നയിക്കുന്നത്. എന്നും നിലനിൽക്കുന്ന ദൈവത്തിനു മുന്നിൽ സംരക്ഷണത്തിന്റെ നല്ല നാളെയെ അവൻ ഭാവിതലമുറയ്ക്കായി സ്വപ്നം കണ്ട് ഏറ്റുപറയുകയാണ്.

സങ്കീർത്തനം ജീവിതത്തിലേക്ക്

സങ്കീർത്തനവിചാരങ്ങൾ ഇവിടെ ചുരുക്കുമ്പോൾ നമ്മിലെ സഹനത്തിന്റെയും ഒറ്റപ്പെടലിന്റെയും അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യനെ സങ്കീർത്തകനിലേക്ക് വളർത്താം. പരാജയങ്ങളുടെയും അപമാനത്തിന്റെയും എരിയുന്ന ജീവിതാനുഭവങ്ങളിൽ, കണ്ണീർ നിറയുന്ന പാനപാത്രങ്ങളുടെ അനുഭവത്തിലേക്ക് തള്ളിവിടുന്ന ഒറ്റപ്പെടുത്തലുകളിൽ, ദൈവം പോലും ഉപേക്ഷിച്ചെന്ന തോന്നലിലേക്ക് നമ്മുടെ മനസ്സിനെ വലിച്ചെറിയാതെ, ദൈവത്തിന്റെ ഹൃദയത്തിൽ നമുക്കും ഒരു സുരക്ഷിതസ്ഥാനമുണ്ടെന്ന സത്യത്തിലേക്ക് നമ്മെത്തന്നെ ബോധ്യമുള്ളവരാക്കാം. വേദനകളുടെയും അപമാനത്തിന്റെയും ഇന്നലെകളിലും, നിരാശയുടെയും ഒറ്റപ്പെടുത്തലിന്റെയും ഇന്നുകളിലും നിന്ന്, സ്നേഹത്തിൽ നമ്മോട് വിശ്വസ്തനായ, സംവത്സരങ്ങൾക്ക് അവസാനമില്ലാത്ത ദൈവത്തിന്റെ മുൻപിൽ, നിലനിൽക്കുന്ന അനുഗ്രഹങ്ങൾ നാളെകളിൽ നമുക്കായി കാത്തിരിക്കുന്നുവെന്ന ഉറപ്പിൽ സീയോനിലെ ദൈവത്തെ നമുക്കും ഹൃദയത്തിൽ ഏറ്റുപറയാം. ഭയപ്പെടേണ്ട, ഞാൻ നിന്റെ കൂടെയുണ്ടെന്നരുളുന്ന ദൈവം, നമ്മുടെ ദുഖങ്ങളെ സന്തോഷമായി മാറ്റട്ടെ. ദൈവം നമ്മോട് അലിവുതോന്നി, നമ്മിൽ കൃപയാകട്ടെ, അവൻ നമ്മിൽ പ്രീതിയുള്ളവനാകട്ടെ.

~മോൺസിഞ്ഞോർ ജോജി വടകര ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles