ആത്മാവിന്റെ വാക്‌സിന്‍ എടുത്തോ?

കോവിഡ് വൈറസിനെതിരായി ശാസ്ത്രം വികസിപ്പിച്ചെടുത്ത വാക്സിനുകൾ ലോകമൊട്ടാകെ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. രോഗം പിടിപെടാൻ സാധ്യതയേറെയുള്ള ആരോഗ്യപ്രവർത്തകർക്കും വയോജനങ്ങൾക്കും ഗുരുതരമായ മറ്റു രോഗങ്ങളുള്ളവർക്കുമാണ് ആദ്യം വാക്സിനേഷൻ നടത്തുന്നത്. കോവിഡ് വൈറസ് അടുത്ത നാളുകളിൽ ഉണ്ടായതാണെങ്കിൽ മനുഷ്യകുലത്തിന് ഒരു കാലത്ത് ഏറ്റവും ഭീഷണിയായിരുന്ന മറ്റൊരു വൈറസുണ്ട് – റേബീസ് വൈറസ്. പേപ്പട്ടി വിഷത്തിനെതിരേ ലൂയി പാസ്റ്റർ കണ്ടു പിടിച്ച വാക്സിൻ അനേകായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇടയാക്കി.
ഓമനിച്ചു വളർത്തിയ പട്ടിക്ക് പേ വിഷബാധയേറ്റു കഴിഞ്ഞാൽ അതിന്റെ സ്വഭാവമാകെ മാറ്റം വരുന്നു. അത്ര നാളും ഭക്ഷണം നൽകി വളർത്തിയ കയ്യിൽത്തന്നെ അത് ആദ്യം കടിക്കുന്നു. ഇതുവരെ പോകാത്ത സഞ്ചാരപഥങ്ങളിലൂടെ വിറളി പിടിച്ച് ഓടി നടക്കുന്നു. വായിൽക്കൂടി ക്രമാതീതമായി ഉമിനീരൊലിപ്പിക്കുന്നു, കണ്ണിൽ കാണുന്ന എല്ലാവരെയും ആക്രമിക്കാൻ ശ്രമിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ അത് ചെയ്യുന്നത് എന്നതിന് ശാസ്ത്രീയമായ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കാരണങ്ങൾ അപഗ്രഥിക്കുന്നത് നോമ്പ് നാളുകളിൽ ആഴത്തിലുള്ള ചില ആത്മീയ വിചാരങ്ങളിലേക്കു നമ്മെ നയിക്കാൻ പര്യാപ്തമാണ്.
ശരീരത്തിലുണ്ടാവുന്ന മുറിവിൽ കൂടെ മനുഷ്യന്റെയോ മറ്റു ജീവികളുടെയോ അകത്ത് കടക്കുന്ന റേബീസ് വൈറസിന് പ്രിയപ്പെട്ട താവളം തലച്ചോറാണ്. ജീവികളിലെ രോഗപ്രതിരോധ സംവിധാനങ്ങൾക്ക് പെട്ടന്ന് പിടി കൊടുക്കാതെ മസിലുകളിലൂടെ സഞ്ചരിച്ച് ന്യൂറോണുകളിൽ എത്തി ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ഈ വൈറസിന്റെ രീതി. മറ്റു വൈറസുകൾ സാധാരണ തിരഞ്ഞെടുക്കുന്ന സഞ്ചാരപഥത്തിൽ നിന്ന് മാറി യാത്ര ചെയ്യുന്നതിനാൽ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിന് ശേഷമേ ഇതിന്റെ സാന്നിദ്ധ്യം പ്രകടമാകൂ. രണ്ടാഴ്ച മുതൽ നാല് മാസം വരെ ഒരു ലക്ഷണവും പ്രകടമാക്കാതെ പെരുകാൻ ഈ വൈറസിനു സാധിക്കുന്നതാണ് ഏറെ അപകടകരം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയാൽപ്പിന്നെ ജീവൻ രക്ഷിക്കുക വളരെ പ്രയാസമാണ്. ആതിഥേയ ശരീരത്തിന്റെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുക്കുന്നതുവരെ മറഞ്ഞിരുന്നു വളർന്നു പെരുകുന്ന ഈ പ്രകൃതമാണ് റേബീസ് വൈറസിനെ ഏറ്റവും അപകടകാരിയാക്കുന്നത്.
ആതിഥേയ ജീവിയുടെ ഉള്ളിൽ വളർന്നു പെരുകിക്കഴിയുമ്പോൾ ഇനി മറ്റു ജീവികളിലേക്കു കൂടി പടരാൻ ഈ വൈറസ് ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. താവളമാക്കിയ ജീവിയുടെ കേന്ദ്ര നാഡീ വ്യവസ്‌ഥയുടെയും തലച്ചോറിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്ന റേബീസ് വൈറസ് തലച്ചോറിൽ വീക്കമുണ്ടാക്കുന്നു. തൽഫലമായി ഇത് ബാധിച്ച മനുഷ്യനോ മൃഗത്തിനോ വല്ലാത്ത ഒരു തരം വിഭ്രാന്തി അനുഭവപ്പെടാൻ തുടങ്ങുന്നു. ഈ പരിഭ്രാന്തിയാണ് പേ പിടിച്ച പട്ടിയെ അക്രമാസക്തനാക്കുന്നത്. ശത്രുവിനെയും മിത്രത്തെയുമൊന്നും തിരിച്ചറിയാനാവാത്ത മാനസികാവസ്‌ഥയിലെത്തുകയും കണ്ണിൽ കാണുന്നവരെയൊക്കെ പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മറ്റു ജീവികളെയും മനുഷ്യരേയുമൊക്കെ മുറിവേൽപ്പിച്ച് ആ മുറിവിലൂടെ പരമാവധി ശരീരങ്ങളിലേക്ക് പ്രവേശിച്ച് പെരുകാനുള്ള റേബീസ് വൈറസിന്റെ അതിജീവന ബുദ്ധിയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.
ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. എന്താണെന്നോ? തലച്ചോർ കഴിഞ്ഞാൽ റേബീസ് വൈറസിന്റെ പ്രിയപ്പെട്ട താവളം ഉമിനീർ ഗ്രന്ഥിയാണ്. മറ്റൊരു ജീവിയെ കടിച്ചു പരിക്കേൽപ്പിക്കുമ്പോൾ ഉമിനീരിലൂടെ പരമാവധി വൈറസ് അവിടേക്കെത്തണമെങ്കിൽ ഉമിനീർ ഗ്രന്ഥിയുടെ നിയന്ത്രണം കൂടി ഏറ്റെടുത്തേ മതിയാവൂ. വായ് നിറയെ ഉമിനീർ ഉണ്ടാക്കുകയും വേണം. അതിനു വേണ്ടി വൈറസ് ചെയ്യുന്നതെന്തെന്നോ? പട്ടിയുടെ തൊണ്ടയിലെ മസിലുകളെ തളർത്തിക്കളഞ്ഞ് ഉമിനീർ ഇറക്കാൻ പറ്റാത്ത വിധത്തിലാക്കുന്നു. തന്നെയുമല്ല, വെള്ളം കുടിച്ച് ഉമിനീർ നഷ്ടപ്പെടുത്താതിരിക്കാൻ വെള്ളം കാണുമ്പോൾ ഒരു പരിഭ്രമവും മനസ്സിൽ സൃഷ്ടിക്കുന്നു( Hydrophobia). വൈറസ് ബാധിച്ച മനുഷ്യനും അവസാന ഘട്ടത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായേക്കാമത്രേ.
ചുരുക്കത്തിൽ, തനിക്ക് വളരാനും പടരാനുമുള്ള കേവലം ഒരു ഉപകരണമായി ആതിഥേയ ജീവിയെ ഉപയോഗപ്പെടുത്തി നശിപ്പിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്. തന്റെ നിലനിൽപ്പിനു വേണ്ടി അതിക്രൂരമായി മറ്റൊരു ജീവിയെ അത് ഇല്ലാതാക്കുന്നു. ജീവിതത്തിന്റെ നിയന്ത്രണം പരിപൂർണ്ണമായി ഏറ്റെടുത്ത് ഒരു പാവം ജീവിയെ താൻ അന്നോളം ജീവന് തുല്യം സ്നേഹിച്ചുപോന്ന, തനിക്ക് വേണ്ടതെല്ലാം നൽകി പരിപാലിച്ചു പോരുന്ന യജമാനനെപ്പോലും ആക്രമിക്കുന്ന ദയനീയാവസ്‌ഥയിലേക്ക് എത്തിക്കുന്നു.
“സർപ്പത്തിൽ നിന്നെന്നപോലെ പാപത്തിൽ നിന്ന് ഓടിയകലുക. അടുത്ത് ചെന്നാൽ അത് കടിക്കും. അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകളാണ്. അതുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങുകയില്ല” (പ്രഭാ. 21: 2 ) എന്ന് തിരുവചനം മനുഷ്യന് മുന്നറിയിപ്പ് തരുന്നുണ്ട്. ഒരിക്കൽ തന്റെ ജാഗ്രതക്കുറവിൽ കണ്ണിന്റെ ദുരാസക്തിക്ക് വശംവദനായതിലൂടെ ഉള്ളിൽ കടന്നു കൂടിയ പാപത്തിന്റെ വൈറസ് ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആറാം പ്രമാണ ലംഘനത്തിലേക്കും തുടർന്ന് അഞ്ചാം പ്രമാണ ലംഘനത്തിലേക്കും തന്നെ കൊണ്ടുചെന്നെത്തിച്ചത് നാഥൻ പ്രവാചകന്റെ വെളിപ്പെടുത്തലിലൂടെ തിരിച്ചറിഞ്ഞ ദാവീദ് നിലവിളിയോടെ പ്രാർത്ഥിക്കുന്നത് ഇങ്ങനെയാണ്: “ഞാനവനെ കീഴ്പ്പെടുത്തിയെന്ന് എന്റെ ശത്രു പറയാൻ ഇടയാക്കരുതേ. ഞാൻ പരിഭ്രമിക്കുന്നത് കണ്ട് എന്റെ ശത്രു ആനന്ദിക്കാൻ ഇടവരുത്തരുതേ. ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു” ( സങ്കീ. 13: 4 ). നശ്വരമായ ശരീരത്തിന് ബാധിക്കുന്ന വൈറസുകളെക്കാൾ എത്രയോ ഭീകരമാണ് അനശ്വരമായ ആത്മാവിനെ തളർത്തികളയുന്ന പാപമാകുന്ന വൈറസ് എന്ന് അനുഭവിച്ച് ബോധ്യമായിട്ടുണ്ടാവണം ദാവീദിന്. ദൈവത്തിന്റെ അനന്തമായ കരുണയ്ക്കുമാത്രമേ തന്നെ രക്ഷിക്കാനാവൂ എന്ന് അയാൾ ഏറ്റു പറയുന്നു.
“പാപി പാപം കുന്നു കൂട്ടും” എന്ന ഒരു വചനമുണ്ട്( പ്രഭാ. 3: 27). പാപം ചെയ്തതുകൊണ്ടല്ല ഒരാൾ പാപിയാകുന്നത്, മറിച്ച്, പാപിയായതുകൊണ്ടാണ് ഒരാൾ പാപങ്ങളാൽ നിറയാൻ ഇടവരുന്നത് എന്നാവണം ഇതിന്റെ പൊരുൾ. ഇന്ദ്രിയങ്ങളിലൂടെയോ സ്വാർത്ഥ ചിന്തകളിലൂടെയോ ഉള്ളിൽ കടന്നുകൂടുന്ന അശുദ്ധിയാണ് ഒരാളെ പാപങ്ങളിലേക്ക് നയിക്കുന്നത്. പാപത്തിന് ഉള്ളിൽ വസിക്കാൻ ഇടം നൽകുന്നതു വഴി ക്രമേണ ഒരാൾ പാപിയായിത്തീരുകയാണ് ചെയ്യുന്നത്. ഈ ഒരു ആത്മീയ ബോധ്യത്തിലാണ് “ഇപ്പോൾ അങ്ങനെ പ്രവർത്തിക്കുന്നത്, ഞാനല്ല എന്നിൽ വസിക്കുന്ന പാപമാണ്” എന്ന് വിശുദ്ധ പൗലോസ് സമ്മതിക്കുന്നത് ( റോമ. 7: 17 ). ഇത്തരത്തിൽ എല്ലാവരും പാപികളാണ് എന്ന് ശ്ലീഹാ കണ്ടെത്തുന്നുണ്ട് ( റോമ. 3: 10 ). മനുഷ്യകുലത്തിലൊരുവനായി പിറന്നു വീഴുമ്പോൾത്തന്നെ വ്യക്തിയിൽ ഗുപ്തമായി പാപത്തിന്റെ ചായ്‌വുകൾ ഉണ്ടത്രേ. ജന്മപാപം അല്ലെങ്കിൽ ഉത്ഭവപാപം എന്നൊക്കെയുള്ള പേരുകളിലാണ് തിന്മയിലേക്കുള്ള സ്വാഭാവിക ചായ്‌വിന്റെ ഈ വിത്തുകൾ അറിയപ്പെടുന്നത്. ഇതിന് വളരാനും ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അവസരം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരുമാണ്.
“പാപം ചെയ്യുന്നവൻ സ്വന്തം ജീവന്റെ ശത്രുവാണ്”( തോബിത്: 12: 10 ) എന്ന് തിരുവചനം മുന്നറിയിപ്പ് തരുന്നുണ്ട്. തിന്മയിലേക്കുള്ള ചായ്‌വുകൾ സ്വഭാവത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു എന്നതിന്റെ ലക്ഷണങ്ങൾ ചില ജീവിതങ്ങളിൽ ക്രമേണ പ്രകടമായേക്കാം. അങ്ങനെയുള്ളവർ സ്വയം നിയന്ത്രിക്കാനാവാത്ത വിധം ദുശീലങ്ങൾക്ക് അടിപ്പെട്ടുപോകും. ജഢത്തിന്റെ വാസനകളാൽ നയിക്കപ്പെടുകയും മറ്റുള്ളവരെ അതിലേക്ക് ആകർഷിക്കുകയും ചെയ്യും. “ശവമെവിടെയോ അവിടെ കഴുകന്മാർ വന്നു കൂടും” എന്ന വചനം ഇത്തരക്കാരിൽ അന്വർത്ഥമാകുന്നു ( മത്താ. 24: 28 ). മലേറിയ ബാധിച്ച വ്യക്തികളുടെ രക്തത്തിലേക്ക് മലേറിയ പരത്തുന്ന കൊതുകുകൾ ആകർഷിക്കപ്പെടുന്നതുപോലെ ചില പാപങ്ങൾക്ക് അടിപ്പെട്ട വ്യക്തികളുടെ അരികിലേക്ക് സമാനമായ ആസക്തികൾ ഉള്ളവർ പെട്ടന്ന് ആകർഷിക്കപ്പെടും. അങ്ങനെ പാപത്തിന്റെ വൈറസ് അനേകരിലേക്ക് എളുപ്പത്തിൽ പടരും. “പിശാച് തന്റെ ഇഷ്ട നിവ്വഹണത്തിനു വേണ്ടി ചിലരെ അടിമകളാക്കുന്നു” എന്ന വചനം അങ്ങനെയുള്ളവരിൽ നിവൃത്തിയാകും( 2 തിമോ. 2: 26 ). ധൂർത്തപുത്രന് പന്നിക്കൂട്ടിൽ വച്ച് “സുബോധം” ഉണ്ടായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉള്ളിൽ കടന്നു കൂടിയ തിന്മയുടെ സ്വാധീനം അയാളുടെ ബോധമണ്ഡലത്തെ മറച്ചു കളഞ്ഞു എന്ന് വേണം കരുതാൻ.
റേബീസ് വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ മനുഷ്യർക്കോ മൃഗങ്ങൾക്കോ പിന്നീട് രക്ഷപ്പെടുക ദുഷ്കരമാണ്. പിന്നീടൊരിക്കലും സുബോധം വീണ്ടുകിട്ടാത്ത വിധം വൈറസ് തലച്ചോറിന്റെയും നാഡീ വ്യവസ്‌ഥകളുടെയും നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞതാണ് കാരണം. ആദ്യമേ തന്നെ വാക്സിൻ എടുത്തിരുന്നുവെങ്കിൽ ശരീരം ആന്റി ബോഡികൾ ഉത്പാദിപ്പിച്ച് വൈറസിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയേനെ. മുന്നോട്ടും പ്രതിരോധ ശേഷി കൈവരിക്കാനായേനെ. ഏതു പട്ടികടിച്ചാലും ഭാഗ്യ പരീക്ഷണത്തിന് നിൽക്കാതെ വാക്സിൻ എടുക്കണമെന്ന് വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്നത് അതുകൊണ്ടാണ്.
പാപത്തിന്റെ വിഷബാധയേറ്റ മനുഷ്യന് വേണ്ടി സ്വർഗ്ഗം തയ്യാറാക്കിയ അമൂല്യമായ ഒരു വാക്സിനുണ്ട്. വി. പത്രോസ് അതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതു പോലെയുള്ള ക്രിസ്തുവിന്റെ അമൂല്യമായ രക്തം കൊണ്ടാണ് നിങ്ങൾ വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്” (1 പത്രോ. 1: 19 ). ഹെബ്രായ ലേഖന കർത്താവ് ഇതേക്കുറിച്ച് വളരെ വ്യക്തമായി പറയുന്നതിങ്ങനെയാണ്: “നിത്യാത്മാവ് മൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമർപ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ അന്തഃകരണത്തെ നിർജീവ പ്രവൃത്തികളിൽ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കും” (ഹെബ്രാ. 9: 14 ).
കുരിശിൽ ചിന്തപ്പെട്ട ക്രിസ്തുവിന്റെ തിരുരക്തത്തോട് അനുതപിക്കുന്ന പാപിയുടെ കണ്ണീർ കലരുമ്പോൾ ഉണ്ടാകുന്ന ഔഷധമാണ് പാപമേൽപ്പിച്ച മുറിവുകളിൽ പുരട്ടി സുഖപ്പെടുത്താനുള്ള പുണ്യലേപനം. അവിടുത്തെ തിരുരക്തത്തിൽ അടങ്ങിയിരിക്കുന്ന കൃപയാണ് മുന്നോട്ടുണ്ടാവാനിടയുള്ള പാപപ്രവണതകളെ വിജയിക്കാൻ ഹൃദയത്തിൽ ആന്റി ബോഡികൾ ഉണ്ടാക്കി നമ്മെ ശക്തിപ്പെടുത്തുന്ന വാക്സീൻ. അനുരഞ്ജന കൂദാശയിലാണ് ഈ കൃപ സമൃദ്ധമായി ചൊരിയപ്പെടുന്നത്. പ്രാർഥനയ്ക്കും ഉപവാസത്തിനും പ്രായശ്ചിത്തത്തിനുമായി പ്രത്യേകം വേർതിരിക്കപ്പെട്ടിരിക്കുന്ന നോമ്പുകാലം യാഥാർഥത്തിൽ അന്താരാത്മാവിൽ കടന്നുകൂടി ജീവിതത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്ന പാപ വൈറസുകൾക്കെതിരെയുള്ള ആത്മീയ വാക്സിനേഷന്റെ പുണ്യകാലമാണ്. ശരീരത്തിന്റെ ജീവന് സംരക്ഷണമേകാൻ വാക്സിനെടുക്കുന്ന ഈ നാളുകളിൽ ആത്മാവിന്റെ സുരക്ഷ മറക്കാതിരിക്കാം.
~ സാബു തോമസ്‌ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles