“തെയ്‌സേ” പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് എണ്‍പതുവയസ്സ്

ബ്രദര്‍ റോജര്‍ ഷൂള്‍സിന്‍റെ സ്മരണാദിനം
1940-ൽ ബ്രദര്‍ റോജര്‍ ഷൂള്‍സ് സ്ഥാപിച്ച തെയ്‌സേ പ്രാര്‍ത്ഥനാസമൂഹം 80 വയസ്സെത്തിയപ്പോള്‍ ഈ മാസം 16-നുതന്നെയായിരുന്നു സ്ഥാപകനായ ബ്രദര്‍ റോജറിന്‍റെ 15-Ɔο ചരമവാർഷികവും. ബ്രദർ റോജർ ഷൂള്‍സ് 90-Ɔο വയസിൽ, 2005 ഓഗസ്റ്റ് 16-നാണ് തെയ്സേയില്‍ പതിവുള്ള സായാഹ്നപ്രാര്‍ത്ഥനായാമത്തില്‍ അജ്ഞാതനായ മാനസികരോഗിയുടെ കൈകളാല്‍ കൊല്ലപ്പെട്ടത്.

ഒരു ആഗോള സഭൈക്യപ്രസ്ഥാനം
ഫ്രാന്‍സിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ബർഗണ്ടിയിലെ തെയ്‌സേ എന്ന ചെറിയ ഗ്രാമത്തിൽ, ഒരു സഭൈക്യ (എക്യുമെനിക്കൽ) കൂട്ടായ്മയായി രണ്ടാം ലോകമഹായുദ്ധ കാലത്ത് രൂപംകൊണ്ടതാണ് തെയ്‌സേ ആത്മീയപ്രസ്ഥാനം. “വിശ്വാസത്തിന്‍റെ ഉറവകളില്‍ ഒത്തുചേരാനുള്ള സ്ഥലം” എന്നു മാത്രമായിരുന്നു യുവജനങ്ങളെ ദൈവികൈക്യത്തിലേയ്ക്കു വിളിച്ച കൂട്ടായ്മയുടെ സ്ഥാപകനായ ബ്രദർ റോജർ ഷൂള്‍സ് തെയ്സേയെ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ന് ഈ സഭാസമൂഹത്തിൽ വിവിധ രാജ്യങ്ങളില്‍നിന്നും 100 കണക്കിന് സഹോദരങ്ങൾ വന്നു ചേർന്നിട്ടുണ്ടെന്നും, അതിലും ഉപരിയായി, എല്ലാ വർഷവും വിവിധ ഭൂഖണ്ഡങ്ങളിൽനിന്നാ‌യി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കൂട്ടായ്മയിലേക്ക് പ്രാര്‍ത്ഥിക്കുവാനായി വന്നുചേരുന്നുണ്ടെന്നും, തെയ്‌സേയുടെ ഇപ്പോഴത്തെ ആത്മീയഗുരു, ബ്രദർ അലോയിസ് വത്തിക്കാന്‍റെ ദിനപത്രം, “ഒസർവത്തോരേ റൊമാനോ”യ്ക്കു (L’Osservatore Romano) നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആത്മീയതയെ ബലപ്പെടുത്തുന്ന അദ്ധ്വാനം
‘മനുഷ്യര്‍ ഉള്ളിടങ്ങളിലെല്ലാം ആത്മീയത നിറയ്ക്കുകയും ദൈവത്തിനായുള്ള അന്വേഷണം ത്വരിതപ്പെടുത്തുകയുംവേണ’ മെന്ന ബ്രദര്‍ റോജറിന്‍റെ മൗലികമായ ലക്ഷ്യത്തിന്‍റെ തുടർച്ചയെന്നോണമാണ് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇന്ന് തെയ്‌സേ പ്രാർത്ഥനാകൂട്ടായ്മകൾ വളര്‍ന്നിട്ടുള്ളതെന്നും, നവമായി സംഘടിപ്പിക്കപ്പെടുന്നതെന്നും ബ്രദർ അലോയിസ് പ്രസ്താവിച്ചു. ഈ സഭാകൂട്ടായ്മ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരിക്കലും സംഭാവനകളോ സമ്മാനങ്ങളോ സ്വീകരിക്കുകയില്ല എന്ന നിലപാടാണ് ബ്രദർ റോജര്‍ കൈമാറിയത്. തെയ്സേയുടെ മണ്ണില്‍ കൃഷിപ്പണി ചെയ്ത് സ്വയം അദ്ധ്വാനിച്ച് മുന്നോട്ട് പോകുന്ന ശൈലിയാണ് ഇന്നും തുടരുന്നത്. രണ്ടാം ലോക യുദ്ധക്കാലത്ത് ഈ സമൂഹം, നാസികളാല്‍ അന്യവത്ക്കരിക്കപ്പെട്ട യഹൂദർക്ക് അഭയം നൽകിയത് ചരിത്രമാണ്. ഇന്നും അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽനിന്നും തെയ്സേ സമൂഹം വിട്ടുനിൽക്കുന്നില്ലെന്ന് ബ്രദര്‍ അലോയസ് അറിയിച്ചു.

ക്ലേശിക്കുന്ന യുവജനങ്ങള്‍ക്ക് അത്താണി
ഈ കൊറോണാ മഹാമാരിയുടെ കാലത്തും സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിറസാന്നിദ്ധ്യമായി, കുട്ടികളെ പഠിക്കാന്‍ സഹായിച്ചും, അനാഥമാക്കപ്പെട്ട കുടുംബങ്ങൾക്ക് അഭയം നൽകിയും, എല്ലാറ്റിനുമുപരി പ്രാർത്ഥനയിലൂടെയുള്ള യോഗാത്മക ജീവിതത്തിന്‍റെ പന്ഥാവിലാണ് തെയ്‌സേ കൂട്ടായ്മ 80 വര്‍ഷങ്ങള്‍ എത്തുമ്പോഴും നിലനില്ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. നിരവധി ചെറുപ്പക്കാർക്കിടയിൽ കൊറോണാ മഹാമാരി ഭാവിയെക്കുറിച്ചുള്ള ആകുലത വളർത്തിയിട്ടുണ്ടെന്നും, പലരും വർദ്ധിച്ചുവരുന്ന അസമത്വങ്ങളാൽ കഷ്ടപ്പെടുന്നുണ്ടെന്നും ബ്രദർ അലോയിസ് അഭിമുഖത്തിൽ ചൂണ്ടികാട്ടി. അതിനാല്‍ യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ പ്രാര്‍ത്ഥനാസമൂഹം കാലികമായ പ്രതിസന്ധിയില്‍ ക്ലേശിക്കുന്നവര്‍ക്ക് അത്താണിയായി മുന്നേറുവാനാണ് 80-Ɔο പിറന്നാളില്‍ ആഗ്രഹിക്കുന്നതെന്നുള്ള പ്രസ്താവനയോടെയാണ് അഭിമുഖം ഉപസംഹരിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles