സുറിയാനി സഭയില്‍ കിഴക്കോട്ട് തിരിഞ്ഞു നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതിന്റെ കാരണം എന്ത്?

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
ദൈവം എല്ലായിടത്തുമുണ്ട്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ദൈവത്തിന്റെ സൃഷ്ടിയാണ്. ദൈവത്തിന് ദിക്കുകളില്ല. അവിടുന്ന ദിക്കുകള്‍ക്ക് അതീതനാണ്. അപ്പോള്‍ നാം എതെങ്കിലും ദിശയിലേക്ക് തിരിഞ്ഞു നിന്ന്് പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത് ശരിയാണോ? ഈ ചോദ്യം സ്വാഭാവികമായി നമുക്ക് തോന്നാവുന്നതാണ്. പ്രത്യേകിച്ച് സുറിയാനി സഭയില്‍ എന്തു കൊണ്ടാണ് കിഴക്കോട്ട് അഭിമുഖമായി പ്രാര്‍ത്ഥിക്കുന്നതെന്ന് സംശയവും തോന്നാം. ഇതില്‍ വല്ല കാര്യവുമുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
ഉല്‍പത്തി പുസ്തകത്തില്‍ പറയുന്നു, ദൈവം കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി. താന്‍ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു (ഉല്‍പ 2 : 8). പാരമ്പര്യം അനുസരിച്ച് മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മനുഷ്യന്റെ ശിരസ്സ് ഉണ്ടാക്കിയ മണ്ണ് കിഴക്കു ഭാഗത്തു നിന്നും പടിഞ്ഞാറു ഭാഗത്തു നിന്നുള്ള മണ്ണ് കൊണ്ട് പാദങ്ങളും തെക്ക് നിന്ന് വലംകൈയും വടക്കു നിന്ന് ഇടംകൈയും ഉണ്ടാക്കി.
എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. ദൈവത്തിന്റെ ശബ്ദം കിഴക്കുനിന്നും വരുന്നു എന്നാണ് പ്രവാചകന്‍ പറയുന്നത്. ‘ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ കിഴക്കു നിന്ന് വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പല്‍ പോലെയായിരുന്നു. ഭൂമി അവിടുത്തെ തേജസ്സ് കൊണ്ട് പ്രകാശിച്ചു. (എസെക്കിയേല്‍ 43.2).
കിഴക്കു നിന്ന് പടിഞ്ഞേറേക്കു പായുന്ന മിന്നല്‍പിണര്‍ പോലെ ആയിരിക്കും മനുഷ്യപുത്രന്റെ ആഗമനം (മത്തായി 24:27) എന്ന് മത്തായി സുവിശേഷകന്‍ പറയുന്നു.
കിഴക്ക് സൂര്യന്‍ ഉദിക്കുന്ന ദിക്കാണ്. യേശു ക്രിസ്തുവിന്റെ വരവ് ഉദയ സൂര്യനെ പോലെയാണ്. അവിടുത്തെ ഉയര്‍ത്തെഴുന്നേല്‍പും സൂര്യന്‍ കിഴക്ക് ഉദിക്കുന്നതിന് സമാനമാണ്.
യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോള്‍ അവിടുത്തെ തിരുമുഖം പടിഞ്ഞാറ് അഭിമുഖമായിരുന്നു. അന്ന് അവിടെ കൂടിയിരുന്ന സ്ത്രീകള്‍ കിഴക്കോട്ട് അഭിമുഖമായിനിന്ന് അവിടുത്തെ ആരാധിച്ചു എന്നും ഇത് കിഴക്കോട്ട് തിരിഞ്ഞുനിന്നുള്ള ആരാധനയെ ദൃഡീകരിക്കുന്നു എന്നും മാര്‍ സേവേറിയോസ് പഠിപ്പിക്കുന്നു.
കിഴക്ക് ബേത്‌ലഹേം ഗുഹയില്‍ ദിവ്യ ശിശുവിനെ ഇടയന്മാര്‍ കിഴക്കോട്ട് തിരിഞ്ഞ് ആരാധിച്ചതു പോലെ സുറിയാനി സഭയുടെ ആരാധനാക്രമത്തില്‍ വിശ്വാസികള്‍ കിഴക്കോട്ട് അഭിമുഖമായി നിന്ന് പ്രാര്‍ത്ഥിക്കുന്നു.