പ്രലോഭനങ്ങളെ ജയിക്കുന്ന ദൈവപുത്രന്‍ (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

നോമ്പുകാലം ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം

ഉയിര്‍പ്പുതിരുനാളിന് ഒരുക്കം നടത്തുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന കാലഘട്ടമാണ് നോമ്പുകാലം. നോമ്പുകാല അനുഷ്ടാനങ്ങളായ ചാരം പൂശല്‍, കുരിശിന്റെ വഴി, ഉപവാസം, നോമ്പ്, ഉപവിപ്രവര്‍ത്തനങ്ങള്‍ എന്നിവ നമ്മെത്തന്നെ ശുദ്ധീകരിക്കുവാനും യേശുവിനോടൊത്ത് ഉയിര്‍ക്കുന്നതിനും നമ്മെ സഹായിക്കും. നമ്മുടെ ദൈവസ്‌നേഹവും പരസ്‌നേഹവും ഹൃദയങ്ങളില്‍ നിന്ന് വരണം എന്നു അരുളിച്ചെയ്തു കൊണ്ട് യേശു പഴയ നിയമത്തെ നവീകരിച്ചു. യേശുവിന്റെ ഉപവാസവും പ്രലോഭനങ്ങളുടെ മേലുള്ള വിജയവും ആത്മീയ നവീകരണം നേടുന്നതിന് നമുക്ക് ഉത്തമ മാതൃകകളാണ്.

വായന: മത്തായി 4: 1 – 11)

“അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു. യേശു നാല്പത് ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവന് വിശന്നു. പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു. നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ നാവില്‍ നിന്ന് പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
അനന്തരം. പിശാച് അവനെ വിശുദ്ധ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ട് പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക. നിന്നെ കുറിച്ച് അവന്‍ തന്റെ ദൂതന്‍മാര്‍ക്ക് കല്പന നല്‍കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങി കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു, നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നു കൂടി എഴുതപ്പെട്ടിരിക്കുന്നു. വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടി കൊണ്ടു പോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വങ്ങളും അവനെ കാണിച്ചു കൊണ്ട് അവനോട് പറഞ്ഞു, നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കാം. യേശു കല്‍പിച്ചു, സാത്താനേ, ദൂരെ പോവുക. എന്തെന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം, അവിടുത്തെ മാത്രമേ പൂജിക്കാവു എന്ന് എഴുതപ്പെട്ടിരിക്കുന്നു.
അപ്പോള്‍ പിശാച് അവനെ വിട്ടു പോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.”

നോമ്പാചരണത്തിലെ വ്യത്യസ്ഥതകള്‍

ലത്തീന്‍ ക്രമപ്രകാരം നോമ്പുകാലം ആരംഭിക്കുന്നത് വിഭൂതി ബുധനാഴ്ചയോടെയാണ്. വിഭൂതി ബുധന്‍ മുതല്‍ ഈസ്റ്റര്‍ വരെ 46 ദിവസമുണ്ട്. ഞായറാഴ്ചകള്‍ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ആഘോഷമാകയാല്‍ അവ നോമ്പുകാലാചരണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അങ്ങനെ ആറ് ഞായറാഴ്ച ഒഴിവാക്കിയാല്‍ പിന്നെ 40 ദിവസമാണ് നോമ്പുകാലാചരണം.

അതേ സമയം, പൗരസ്ത്യ സഭകള്‍ക്ക് 50 ദിവസമാണ് നോമ്പാചരണം. അതായത് ഈസ്റ്ററിന് മുമ്പ് ഏഴ് ഞായറാചകള്‍ക്കു മുമ്പേ ആരംഭിച്ച് ഈസ്റ്ററില്‍ പൂര്‍ണമാകുന്നു. യേശു മരുഭൂമിയില്‍ ഉപവസിച്ചതിന്റെ ഓര്‍മയാചരിച്ചു കൊണ്ട് തുടര്‍ച്ചയായി 40 ദിവസം നോമ്പാചരിക്കുന്നു. അതിന്റെ പൂര്‍ണിമ 40ാം ദിവസമായ വെള്ളിയാഴ്ചയാണ്. അമ്പത് ദിവസ നോമ്പാചരണം ആരംഭിക്കുന്നത് പെത്രാത്തയോടെയാണ്. അവസാനിക്കുന്നത് ഈസ്റ്ററിനും.

മരുഭൂമിയിലെ പ്രലോഭനം

ജ്ഞാനസ്‌നാനം കഴിഞ്ഞയുടനെ യേശു 40 ദിവസത്തെ ഉപവാസത്തിനായി പോയി. അതിനെ തുടര്‍ന്നാണ് പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടത്. ബൈബിള്‍ സംഖ്യാശാസ്ത്രം അനുസരിച്ച് 40 ഒരുക്കത്തിന്റെയും ശുദ്ധീകരണത്തിന്റെയും പരീക്ഷയുടെയും അക്കമാണ്. മൂന്ന് പരമപരിശുദ്ധയെയും പൂര്‍ണതയെയും സൂചിപ്പിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും മൂന്നാണികളില്‍ യേശു തൂങ്ങുന്നതും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുമെല്ലാം ഓര്‍ക്കുക. അതിനാല്‍ മൂന്നു പ്രലോഭനങ്ങളെ യേശു ജയിച്ചു എന്നത് തിന്മയുടെ മേല്‍ പരിപൂര്‍ണമായ വിജയം യേശു നേടി എന്നതാണ് അര്‍ത്ഥമാക്കുന്നത്.

ദൈവത്തിന്റെ പഴയ പുത്രനായ ഇസ്രായേല്‍ 40 വര്‍ഷങ്ങള്‍ മരുഭൂമിയില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ അലഞ്ഞ് ഒരുങ്ങിയതിന് ശേഷമാണ് വാഗ്ദത്ത ഭൂമിയിലേക്ക് പ്രവേശിച്ചത്. അതു പോലെ യേശു മരുഭൂമിയില്‍ 40 ദിവസം ആത്മീയ ഒരുക്കം നടത്തുന്നു. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ യേശു നിയമാവര്‍ത്തനപുസ്തകത്തിലെ വചനങ്ങള്‍ ഉപയോഗിക്കുന്നു. (8: 3, 6: 13, 16).

ജോര്‍ദാനില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച വേളയില്‍ പരിശുദ്ധാത്മാവ് യേശുവില്‍ വന്ന് നിറഞ്ഞു. അതിനു ശേഷം ദൈവികപദ്ധതിയനുസരിച്ച് യേശു മരൂഭൂമിയിലേക്ക് നയിക്കപ്പെട്ടു. മരുഭൂമി ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ദൈവവുമായുള്ള ഐക്യത്തിനും അനുയോജ്യമായ സ്ഥലമായിട്ടാണ് ബൈബിള്‍ ഗണിക്കുന്നത്. നിശബ്ദത, ഏാകന്തത, ഭൗതിക വസ്തുക്കളില്‍ നിന്നുള്ള അകല്‍ച്ച, പ്രാര്‍ത്ഥിക്കാനുള്ള ഏകാഗ്രത എന്നിവയെല്ലാമാണ് മരുഭൂമിയുടെ പ്രത്യേകതകള്‍.

പരീക്ഷയും പ്രലോഭവനവും

പരീക്ഷ ദൈവത്തില്‍ നിന്നും പ്രലോഭനം സാത്താനില്‍ നിന്നുമാണ് ഉണ്ടാകുന്നത്. ദൈവം ഒരിക്കലും ഒരാളെ പാപം ചെയ്യാന്‍ പ്രലോഭിപ്പിക്കുകയില്ല. എന്നാല്‍ സാത്താന്റെ ലക്ഷ്യം മനുഷ്യനെ ദൈവത്തിനെതിരായി പാപം ചെയ്യിപ്പിക്കുകയാണ്. എന്നാല്‍ ഒരാളെ പരീക്ഷിക്കാന്‍ ദൈവം ഉദ്ദേശിക്കുമ്പോള്‍ ജോബിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ സാത്താന്‍ ആ അവസരം മുതലാക്കും. ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നയിക്കുന്നത് മനുഷ്യനെന്ന നിലയില്‍ യേശുവിന്റെ സമഗ്രത പരീക്ഷിക്കുന്നതിനാണ്. പിശാച് പ്രലോഭകനാകുന്നു. ദൈവത്തോടുള്ള വിശ്വസ്തത സ്വീകരിക്കണമോ ഉപേക്ഷിക്കണമോ എന്നതാണ് പരീക്ഷ. ആദത്തിന്റെയും ഹവ്വയുടെയും കാര്യത്തില്‍ ചെയ്തതു പോലെ സാത്താന്‍ ദൈവവചനത്തെ പോലും വളച്ചൊടിക്കും. നമ്മുടെ പ്രതികരണം നിര്‍ണായകമാണ്. ആദവും ഹവ്വയും തോറ്റിടത്ത് യേശു വിജയം വരിക്കുന്നു.

നാല്പതു ദിവസത്തെ ഉപവാസത്തിന് ശേഷം യേശുവിന് വിശന്നു. അതു വരെയുള്ള ദിവസങ്ങള്‍ മുഴുവനും യേശു ദൈവവുമായുള്ള ഐക്യത്തിലായിരുന്നതിനാല്‍ അവിടുത്തേക്ക് വിശപ്പ് അനുഭവപ്പെട്ടില്ല. വളരെ ആവേശകരമായ ഒരു കാര്യത്തില്‍ മുഴുകിയിരിക്കുമ്പോഴും അത്യന്തം വേദനാകരമായ അനുഭവത്തിലൂടെ കടന്നു പോകുമ്പോഴും നമുക്ക് വിശപ്പ് അനുഭവപ്പെടാതെ പോകും. എന്നാല്‍ ഉപവാസം അവസാനിച്ചപ്പോള്‍ വിശപ്പ് ശക്തിയായി അനുഭവപ്പെടുകയും തന്റെ ദിവ്യശക്തി ഉപയോഗിച്ച് വിശപ്പ് മാറ്റാനുള്ള പ്രലോഭനം യേശുവില്‍ ഉണരുകയും ചെയ്തു.

നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകളോട് അപ്പമാകാന്‍ പറയുക എന്നു പറഞ്ഞു കൊണ്ടാണ് സാത്താന്‍ യേശുവിനെ പരീക്ഷിച്ചത്. യേശുവിനും സാത്താനും അറിയാമായിരുന്നു യേശു ദൈവപുത്രനാണെന്ന്. ഇക്കാര്യം ജ്ഞാനസ്‌നാന സമയത്ത് വെളിപ്പെടുത്തപ്പെട്ടതാണ്. എന്നാല്‍ തന്റെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി ആ ശക്തിയെ ഉപയോഗിക്കാനാണ് സാത്താന്‍ യേശുവിനെ പ്രലോഭിപ്പിക്കുന്നത്. യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത് ദൈവമഹത്വം വെളിപ്പെടുത്താന്‍ വേണ്ടിയാണ്. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയല്ല. നിനക്ക് വേണ്ടി അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നീ ദൈവപുത്രനല്ല എന്നാണ് സാത്താന്‍ പറഞ്ഞതിന്റെ അര്‍്ത്ഥം. അവന്റെ കൗശലമാണത്.

യൂദയാ മരൂഭിമിയിലെ കല്ലുകള്‍ക്ക് വേവിച്ച അപ്പത്തിന്റെ രൂപമാണ്. കടുത്ത ഉപവാസത്തിന് ശേഷം യേശുവിന് തോന്നി എന്തു കൊണ്ട് തന്റെ ദിവ്യശക്തിയാല്‍ ഈ കല്ലുകളെ അപ്പമാക്കിക്കൂട എന്ന്. തന്റെ ഭൂലോക വാസക്കാലത്ത് യേശു പലപ്പോഴും തന്റെ ശക്തി ദുരുപയോഗിക്കാനുള്ള പ്രലോഭനത്തെ അതിജീവിച്ചിട്ടുണ്ട്. രോഗികളെ സൗഖ്യപ്പെടുത്താനും വിശക്കുന്നവരെ ഊട്ടാനും കഷ്ടപ്പെടുന്നവരെ സഹായിക്കാനുമാണ് യേശു തന്റെ ദിവ്യശക്തി ഉപയോഗിച്ചിട്ടുള്ളത്.

‘മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല. ദൈവത്തിന്റെ അധരങ്ങളില്‍ നിന്നും പുറപ്പെടുന്ന ഓരോ വാക്കുകള്‍ കൊണ്ടുമാണ്’ എന്നു പറഞ്ഞു കൊണ്ടാണ് യേശു സാത്താനെ നേരിടുന്നത്. നിയമാവര്‍ത്തനം 8: 3 ലെ വചനമാണ് യേശു ഉദ്ധരിക്കുന്നത്. ഭക്ഷണമില്ലാതെ പരീക്ഷണത്തെ നേരിട്ട കാലത്ത് ഇസ്രേയേലിന് ആശ്രയം ദൈവമായിരുന്നു. ദൈവം അവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന് മന്നാ അയച്ചു. ഇസ്രായേല്‍ക്കാര്‍ക്ക് നല്‍കിയതു പോലെ ദൈവം അപ്പം നല്‍കും എന്ന മറുപടിയാണ് യേശു നല്‍കുന്നത്. ദൈവം അവര്‍ക്ക് മാലാഖമാരുടെ അപ്പം നല്‍കി. നാം ദൈവവചനം പാലിച്ചാല്‍ ദൈവം നമുക്ക് അപ്പവും നമുക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.

യേശു തന്റെ പരസ്യജീവിതകാലത്ത് രണ്ടു തവണ അപ്പം വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും അത് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ചെയ്യുന്നത്. അതിനു ശേഷം ജനക്കൂട്ടം യേശുവിനെ രാജാവാക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ ഇടയില്‍ നിന്ന് യേശു മറയുകയാണ് ചെയ്തത്.

തുടര്‍ന്ന് സാത്താന്‍ യേശുവിനെ വിശുദ്ധ നഗരമായ ജറുസലേമിലേക്ക് കൊണ്ടു പോയി. സിയോന്‍ മലയുടെ മുകളില്‍ ഒരു പീഠഭൂമിയിലാണ് ജറുസലേം ദേവാലയം സ്ഥിതി ചെയ്യുന്നത്. അതിന്റെ ഉച്ചിയില്‍ യേശുവിനെ കൊണ്ടു പോയി നിര്‍ത്തിയിട്ട്് അവിടെ നിന്ന് താഴേക്കു ചാടാന്‍ സാത്താന്‍ ആവശ്യപ്പെടുകയാണ്. ദേവാലയത്തിന്റെ ഉച്ചി മുതല്‍ കെദ്രോണ്‍ താഴ് വര വരെ 450 അടിയോളം ഉയരം വരും. അപ്രകാരം ചെയ്താല്‍ താന്‍ മിശിഹാ ആണെന്ന് ജനത്തെ എളുപ്പം വിശ്വസിപ്പിക്കാന്‍ സാധിക്കും എന്നാണ് സാത്താന്‍ യേശുവിനോട് പറയുന്നത്. അതിനായി അവന്‍ ഉദ്ധരിക്കുന്നത് 91 ാം സങ്കീര്‍ത്തനത്തിലെ 11-12 വചനങ്ങളും. നിന്റെ വഴികളില്‍ നിന്നെ പാലിക്കാന്‍ ദൈവം തന്റെ ദൂതന്‍മാരോട് കല്‍പിക്കും നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ താങ്ങിക്കൊള്ളും എന്നാണ് ആ വചനം.

താന്‍ ദൈവപുത്രനാണെന്ന് യേശു അറിഞ്ഞിരുന്നു. അത് ഒരു ഇന്ദ്രജാലം കാട്ടി സാത്താനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അത്ഭുതങ്ങള്‍ക്കെല്ലാം അല്പനേരത്തെ ആയുസ്സേ ഉള്ളൂ എന്ന് യേശു നന്നായി അറിഞ്ഞിരുന്നു. നിന്റെ കര്‍ത്താവായ ദൈവത്തെ പരീക്ഷിക്കരുത് എന്നും എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാണ് യേശു അതിന് മറുപടി പറയുന്നത്.

അതിനു ശേഷം സാത്താന്‍ യേശുവിനെ വലിയൊരു മലയുടെ മുകളില്‍ കൊണ്ടു പോയി, ലോകത്തിലുളള എല്ലാ സാമ്രാജ്യങ്ങളും അവയുടെ പ്രൗഢിയും കാണിച്ചു കൊടുത്തു. എന്നിട്ട് പറയുന്നു, നീ എന്നെ കുമ്പിട്ടാരാധിച്ചാന്‍ ഇവയെല്ലാം ഞാന്‍ നിനക്ക് നല്‍കും. ഈ ലോകത്തിന്റെ രാജത്വം സ്വീകരിച്ച് തന്റെ ആത്മീയ രാജത്വം ത്യജിക്കാനാണ് സാത്താന്‍ യേശുവിനെ പ്രേരിപ്പിക്കുന്നത്. ദൂരെ പോകൂ സാത്താനേ! നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ നീ ആരാധിക്കുകയും സേവിക്കകയും ചെയ്യാവൂ എന്നും എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് യേശു അതിന് മറുപടി കൊടുക്കുന്നത്.

അതിനു ശേഷം മാലാഖമാര്‍ വന്ന് അവനെ ശുശ്രൂഷിച്ചു എന്ന് സുവിശേഷകന്‍ പറയുന്നു. ശുശ്രൂഷിച്ചു എന്നതിന്റെ അര്‍ത്ഥം ഭക്ഷണം നല്‍കി എന്നാണ്. ഏലിയായ്ക്ക് ദൈവം അത്ഭുതകരമായ ഭക്ഷണം കൊടുത്തത് രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തില്‍ നാം വായിക്കുന്നു (19: 16 – 17). പരീക്ഷ അവസാനിച്ചപ്പോള്‍ സാത്താന്‍ തരാമെന്ന് പറഞ്ഞവ എല്ലാം ദൈവം യേശുവിന് കൊടുക്കുന്നു. പരീക്ഷയെ അതിജീവിച്ചാല്‍ വലിയ മഹത്വമാണ് കാത്തിരിക്കുന്നത്. അബ്രഹാമിന്റെയും ജോബിന്റെയും ജീവിതം തന്നെ ഉദാഹരണം.

സന്ദേശം

ദൈവത്തിന്റെ ഭാഗത്ത് നില്‍ക്കുന്നവര്‍ക്കാണ് പരീക്ഷകളുണ്ടാകുന്നത്. നാം വിജയിച്ചാല്‍ യേശു കാര്യത്തിലെന്നതു പോലെ അത് ആവര്‍ത്തിക്കും. ദൈവകൃപയില്‍ ആശ്രയിച്ച് നാം പ്രലോഭനത്തെ അതിജീവിക്കണം. അപ്പോള്‍ ജോബിനും യേശുവിനും നല്‍കിയതു പോലെ ദൈവം നമുക്കാവശ്യമുള്ളതെല്ലാം നല്‍കും.

തന്റെ അധികാരവും ആനുകൂല്യങ്ങളും ദുരുപയോഗിച്ച് ദൈവിക പദ്ധതിയില്‍ നിന്ന് മാറിപ്പോകാനാണ് സാത്താന്‍ യേശുവിനെ പ്രലോഭിപ്പിച്ചത്. എല്ലാ പ്രലോഭനങ്ങളും യേശു നേരിട്ടത് തിരുവചനം ഉദ്ധരിച്ചു കൊണ്ടാണ്. നമുക്കും പരീക്ഷകളുണ്ടാകുമ്പോള്‍ നാം ദൈവ വചനത്തില്‍ പരിഹാരം തേടണം.

പ്രലോഭകന്‍ പല രൂപത്തിലും വരും. ചിലപ്പോള്‍ നാം സ്‌നേഹിക്കുന്നവരുടെ രൂപത്തിലും വരാം. ചിലപ്പോള്‍ അവര്‍ പോലും അക്കാര്യത്തെ പറ്റി ബോധമുള്ളവരായിരിക്കുകയില്ല. അതിനാല്‍ നാം എപ്പോഴും വിവേകം പാലിക്കുകയും തിരുവചനത്തിലും സഭാപ്രബോധനങ്ങളിലും ആശ്രയിച്ച് തീരുമാനങ്ങള്‍ എടുക്കുകയും വേണം.

പ്രാര്‍ത്ഥന

യേശുനാഥാ,

അങ്ങ് മരുഭൂമിയില്‍ പിതാവിനോട് ഐക്യപ്പെട്ട് ഉപവസിക്കുകയും ദൈവാരൂപിയില്‍ നിറഞ്ഞ് ജ്വലിക്കുകയും ചെയ്തുവല്ലോ. വിശന്നിരുന്നിട്ടും കല്ലിനെ അപ്പമാക്കി ഭക്ഷിക്കാനുള്ള പിശാചിന്റെ പ്രലോഭനത്തെ അവിടുന്ന് അതിജീവിച്ചു. അതു പോലെ ലോകമോഹങ്ങളുടെയും അധികാരത്തിന്റെയും പ്രലോഭനങ്ങളെയും അവിടുന്ന് ജയിച്ചു. കര്‍ത്താവേ, ഞങ്ങളും ഈ ലോകവാസക്കാലത്ത് പലവിധ പ്രലോഭനങ്ങളാല്‍ വലയുന്നു. അവിടുത്തെ പരിശുദ്ധാരൂപിയുടെ ശക്തി ഞങ്ങളുടെ മേല്‍ അയച്ച് ലോകമോഹങ്ങളെയും പിശാചിന്റെ പ്രലോഭനങ്ങളെയും അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് ശക്തി നല്‍കയിരുളണമേ. ഈ നോമ്പുകാലം ഏറ്റവും യോഗ്യതയോടെയും പരിത്യാഗത്തോടെയും ആചരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles