എപ്പിഫനി എട്ടാം ഞായര്‍ സുവിശേഷ സന്ദേശം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

ഇന്നത്തെ സുവിശേഷ വായന:

മര്‍ക്കോസ് 1: 1-11

“ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം. ഇതാ നിനക്കു മുമ്പേ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും. മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത നേരെയാക്കുവിന്‍ എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതു പോലെ പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു കൊണ്ട് സ്‌നാപക യോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. യൂദയാ മുഴുവനിലെയും ജറുസലേമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍ വച്ചു സ്‌നാനം സ്വീകരിച്ചു. യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള വസ്്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം. അവന്‍ ഇപ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരുപ്പിന്റെ വള്ളികള്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്ക് ജലം കൊണ്ട് സ്‌നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്ക് സ്‌നാനം നല്‍കും.
അന്നൊരിക്കല്‍, യേശു ഗലീലിയിലെ നസ്രത്തില്‍ നിന്നു വന്ന്, ജോര്‍ദാനില്‍ വച്ച് യോഹന്നാനില്‍ നിന്ന് സ്‌നാനം സ്വീകരിച്ചു. വെള്ളത്തില്‍ നിന്ന് കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങി വരുന്നതും അവന്‍ കണ്ടു. സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി. നീ എന്റെ പ്രിയപുത്രന്‍. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.”

വിചിന്തനം

യേശു ക്രിസ്തുവിന്റെ ദൈവത്വം പ്രഖ്യാപിച്ചു കൊണ്ടാണ് മര്‍ക്കോസ് സുവിശേഷകന്‍ തന്റെ സുവിശേഷം ആരംഭിക്കുന്നത്. യോഹന്നാനുണ്ടാകുന്ന അസാധാരണമായ അനുഭവവും ദൈവപിതാവ് പുത്രിന് നല്‍കുന്ന സാക്ഷ്യവും ചിത്രീകരിച്ചു കൊണ്ടാണ് മര്‍ക്കോസ് ഇത് അവതരിപ്പിക്കുന്നത്. മിശിഹായ്ക്ക് വഴിയൊരുക്കാന്‍ വരുന്നവനെ കുറിച്ച് ഏശയ്യായും മലാക്കിയും പ്രവചിച്ചിരുന്നു. യൂദയായിലും ജറൂസലേമിലുമുള്ള അനേകരെ യോഹന്നാന്‍ മാനസാന്തരത്തിലേക്കും ജീവിത നവീകരണത്തിലേക്കും നയിച്ചു. അവര്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞു. യേശുവിന് ജ്ഞാനസ്‌നാനം നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച യോഹന്നാന്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ എഴുന്നള്ളി വരുന്നതും പിതാവ് പുത്രന് സാക്ഷ്യം നല്‍കുന്നതും കണ്ടു.

ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ സുവിശേഷമാണ് താന്‍ എഴുതാന്‍ പോകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് മര്‍ക്കോസ് സുവിശേഷം ആരംഭിക്കുന്നത്. അതിന് ശേഷം യേശുവിന്റെ പരസ്യജീവിതത്തിന് മുന്നോടിയായി നടന്ന മൂന്ന് സംഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.

  1. യേശുവിന്റെ വരവിനായി ജനങ്ങളെ ഒരുക്കിയ യോഹന്നാന്റെ പ്രഭാഷണം
  2. യേശുവിന്റെ ജ്ഞാനസ്‌നാനവും പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലും
  3. മരുഭൂമിയിലെ യേശുവിന്റെ പരീക്ഷ

ഏശയ്യായുടെയും മലാക്കിയുടെയും പ്രവചനങ്ങളില്‍ യോഹന്നാന്റെ വരവിനെ കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ എന്റെ ദൂതനെ അയക്കുന്നു. അവന്‍ എനിക്കു മുമ്പേ പോയി എന്റെ വഴിയൊരുക്കും (മലാക്കി 3: 1), ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിന് വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥിയൊരുക്കുവിന്‍ (ഏശയ്യ. 40: 3). രണ്ടു പ്രവാചകന്‍മാരും യോഹന്നാനെ കുറിച്ചാണ് പറഞ്ഞത്.

യോഹന്നാന്‍ എപ്രകാരമാണ് കര്‍ത്താവിന് വഴിയൊരുക്കുന്നതെന്ന് ഗബ്രിയേല്‍ മാലാഖ സഖറിയായോട് പറയുന്നുണ്ട്: ‘പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചു വിടാനും സജ്ജീകൃതമായ ഒരു ജനത്തെ കര്‍ത്താവിന് വേണ്ടി ഒരുക്കാനും എലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേ പോകും’ (ലൂക്ക 1: 17). പാപപ്പൊറുതിക്കായുള്ള പശ്ചാത്താപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു കൊണ്ട് യോഹന്നാന്‍ ഈ പ്രവചനം നിവര്‍ത്തിയാക്കുന്നു. മാനസാന്തരത്തിന് യോജിച്ച നല്ല ഫലം പുറപ്പെടുവിക്കുവിന്‍ (ലൂക്ക 3: 8) എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

വഴികള്‍ നേരെയാക്കുന്നു
യേശുവിന്റെ കാലത്ത് രാജാക്കന്‍മാര്‍ എഴുന്നള്ളുമ്പോള്‍ വഴികള്‍ വിശാലമാക്കുന്ന പതിവുണ്ടായിരുന്നു. കുന്നുകള്‍ നിരപ്പാക്കുകയും കുഴികളും താഴ്‌വരകളും നിറയ്ക്കുകയും വളഞ്ഞ വഴികള്‍ നേരെയാക്കുകയും ചെയ്തിരുന്നു. ആത്മീയമായ അര്‍ത്ഥത്തില്‍, പാപം നീക്കുകയും യഹൂദ നേതാക്കളുടെ അഹങ്കാരം നിരപ്പാക്കുകയും ഭരണകര്‍ത്താക്കളുടെയും പുരോഹിതരുടെയും വളഞ്ഞ വഴികള്‍ നേരെയാക്കുകയും ചെയ്യണം എന്നാണ് സ്‌നാഹകയോഹന്നാന്‍ പറയുന്നത്.

മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന സ്‌നാപകന്‍
സ്‌നാപകയോഹന്നാന്‍ കുഞ്ഞായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ഹെറോദേസ് രാജാവില്‍ നിന്ന് സംരക്ഷിക്കുന്നതിനായി യൂദയായിലെ ഒരു മരുഭൂമിയിലേക്ക് കൊണ്ടു പോയി എന്ന് വിശ്വസിക്കപ്പെടുന്നു. വൃദ്ധരായിരുന്ന സ്വന്തം മാതാപിതാക്കള്‍ മരിച്ചപ്പോള്‍ യോഹന്നാന്‍ മരുഭൂമിയിലെ എസ്സീനി സമൂഹത്തില്‍ അംഗമായി. മരുഭൂമി ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ദൈവവുമായുള്ള ഐക്യത്തിനും ഏറ്റവും അനുയോജ്യമായ ഒരിടമായി കരുതപ്പെട്ടിരുന്നു. തന്റെ പരസ്യജീവിതത്തിന് ഒരുക്കമായി യേശു നാല്പത് ദിനരാത്രങ്ങള്‍ മരുഭൂമിയില്‍ ഉപവസിച്ചിരുന്നു.

യോഹന്നാന്‍ യേശുവിനെ പോലെ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും യാത്ര ചെയ്തില്ല. മരുഭൂമിയില്‍ വച്ചു തന്നെ അദ്ദേഹം പ്രസിദ്ധി നേടിരുന്നു. ആളുകള്‍ അദ്ദേഹത്തെ തേടി വരികയാണ് ചെയ്തത്. രോഗസൗഖ്യ തേടി ജനം സ്‌നാപകന്റെ അടുത്തേക്ക് ചെന്നു. എന്നാല്‍ യോഹന്നാന്‍ ഒരത്ഭുതവും ചെയ്തില്ല. എന്നാല്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് ജനങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു. ജോര്‍ദാന്‍ നദിയില്‍ വച്ച് സ്‌നാനം സ്വീകരിച്ച് ജീവിതശൈലി മാറ്റാന്‍ അവര്‍ തയ്യാറായി.

ജോര്‍ദാന്‍ നദി

ലോകത്തിലെ ഏറ്റവും പരിപാവനമായ നദികളിലൊന്നായി യേശു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദാന്‍ നദി കണക്കാക്കപ്പെടുന്നു. ഹെര്‍മോന്‍ മലയുടെ ചെരുവുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദി ഹുലാ തടാകത്തെയും ഗലീലി കടലിനെയും പോഷിപ്പിച്ച് ചാവുകടലില്‍ ചെന്നു ചേരുന്നു. അബ്രഹാമും ലോത്തും വേര്‍പിരിഞ്ഞപ്പോള്‍ ലോത്ത് തെരഞ്ഞെടുത്തത് കൂടുതല്‍ ഫലഭൂയിഷ്ടമായ ജോര്‍ദാന്‍ താഴ് വരയാണ്. പാപം മൂലം ദൈവം നശിപ്പിച്ച് സോദോം ഗൊമോറ ഇവിടെയായിരുന്നു (ഉല്‍പത്തി 19: 1-29)

ജ്ഞാനസ്‌നാനത്തിനായി ജോര്‍ദാന്‍ നദി തെരഞ്ഞെടുത്തതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഈജിപ്തില്‍ നിന്നും രക്ഷപ്പെട്ടു വന്ന ഇസ്രായേല്‍ ജനം വാഗ്ദത്തഭൂമിയിലേക്ക് പ്രവേശിച്ച കവാടം ജോര്‍ദാന്‍ നദിയായിരുന്നു (ജോഷ്വ 3: 14 – 17). ഉടമ്പടി പേടകവും വഹിച്ച് അത്ഭുതകരമായി അവര്‍ ജോര്‍ദാന്‍ നദി കടന്നു. സിറിയക്കാരനായ നാമാനോട് ജോര്‍ദാന്‍ നദിയില്‍ പോയി ഏഴു പ്രാവശ്യം കഴുകാന്‍ ഏലീഷാ പ്രവാചകന്‍ ആവശ്യപ്പെടുന്നതും നാം രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ വായിക്കുന്നു. ആത്മീയ സൗഖ്യത്തിന്റെയും ജീവിതനവീകരണത്തിന്റെയും നദി എന്ന സ്ഥാനം ജോര്‍ദാന്‍ നദിക്കുണ്ടായിരുന്നു.

വെട്ടുക്കിളിയും കാട്ടുതേനും

വെട്ടുകിളികള്‍ ഭക്ഷ്യയോഗ്യമായി കരുതപ്പെട്ടിരുന്നു (ലേവ്യ. 11: 22). അത് പാവപ്പെട്ടവരുടെ ഭക്ഷണമായിരുന്നു. കാട്ടുതേന്‍, പാറയില്‍ നിന്നും മരത്തിന്റെ പൊത്തില്‍ നിന്നും ശേഖരിച്ചിരുന്നു. മരുഭൂമിയില്‍ അലഞ്ഞു തിരിയുന്നവരുടെ ഭക്ഷണമായിരുന്നു, കാട്ടുതോന്‍. കാട്ടുപൂക്കളില്‍ നിന്നുള്ള തേനും കാട്ടുതേന്‍ എന്നറിയപ്പെട്ടിരുന്നു. യോഹന്നാന്‍ ഇപ്രകാരമാണ് ഭക്ഷിച്ചിരുന്നതെന്ന കാര്യം അദ്ദേഹം ഒരു എസ്സീനി ആയിരുന്നു എന്ന് സൂചന നല്‍കുന്നു.

ഞാന്‍ വെള്ളം കൊണ്ട് സ്്‌നാനം നല്‍കി. എനിക്കു പിന്നാലെ വരുന്നവന്‍ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം നല്‍കും എന്ന് യോഹന്നാന്‍ പ്രഖ്യാപിക്കുന്നുണ്ട്. യേശുവിന്റെ ജ്ഞാനസ്‌നാനം തന്റെ ജ്ഞാനസ്‌നാനത്തേക്കാള്‍ വളരെ ഉന്നതമാണെന്നാണ് സ്‌നാപകന്‍ പ്രഖ്യാപിക്കുന്നത്. യോഹന്നാന്റെത് ശരീരശുദ്ധി വരുത്തുന്നതാണെങ്കില്‍ യേശുവിന്റെത് ആത്മാവിനെ ശുദ്ധീകരിക്കുന്നതാണ്. അത് പരിശുദ്ധാത്മാവിനാലുള്ള നിറവാണ്.

യേശുവിന്റെ ജ്ഞാനസ്‌നാനം

30 വര്‍ഷം നീണ്ട തന്റെ സ്വകാര്യജീവിതത്തിന് ശേഷം, യേശു സ്‌നാനം സ്വീകരിക്കാനായി 70 മൈല്‍ ദൂരം സഞ്ചരിച്ച് ജോര്‍ദാന്‍ തീരത്ത് വരികയാണ്. യേശു ദൈവപുത്രന്‍ തന്നെയാണെന്ന് യോഹന്നാന് ഉറപ്പു കിട്ടണമായിരുന്നു. യേശു ജ്ഞാനസ്‌നാനം സ്വീകരിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടു നിന്നപ്പോള്‍ സ്വര്‍ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ എഴുന്നള്ളി വരികയും ചെയ്തു. അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു (ലൂക്ക: 3: 21 -22). ഇത് യോഹന്നാന്‍ നേരില്‍ കണ്ടുവെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങി വന്ന ശേഷം പറന്നു പോയി എന്ന് സുവിശേഷകന്‍ പറയുന്നില്ല. എന്നാല്‍ യേശുവിന്റെ മേല്‍ ആവസിച്ചു എന്നാണ് പറയുന്നത്.

യേശു മാത്രമേ ദൈവപിതാവിനെ നേരില്‍ കണ്ടിട്ടുള്ളൂ. ആരും ഒരിക്കലും ദെവത്തെ കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. (യോഹ. 1: 18). അതേസമയം, അനേകര്‍ക്ക് ദൈവസ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. മോശ ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചെങ്കിലും ദൈവത്തെ മുഖാമുഖം കണ്ടില്ല. പത്തു കല്പനകള്‍ നല്‍കിയതിനു ശേഷം ദൈവം പറഞ്ഞു; ‘കര്‍ത്താവ് മോശയോട് പറഞ്ഞു, ഇസ്രായേല്‍ക്കാരോട് പറയുക. ഞാന്‍ ആകാശത്തു നിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങള്‍ തന്നെ കണ്ടല്ലോ’ (പുറ. 20: 22)

ദൈവത്തിന്റെ പ്രിയപുത്രന്‍

സ്വര്‍ഗത്തില്‍ നിന്നും എഴുന്നള്ളി വന്ന യേശുവിന് നേരത്തെ തന്നെ അറിയാമായിരുന്നു, താന്‍ ദൈവപുത്രനാണെന്ന്. എന്നാല്‍ സ്‌നാപകയോഹന്നാന് ഉറപ്പ് ലഭിക്കുന്നതിന് വേണ്ടിയാണ് ദൈവപിതാവ് അക്കാര്യം വീണ്ടും പ്രഖ്യാപിക്കുന്നത്. ‘ഞാന്‍ ഇത് കാണുകയും ഇവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു’ (യോഹ. 1: 34).

തന്റെ ഏകജാതന്‍ 30 വര്‍ഷം എളിയ ജീവിതം നയിച്ച് സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച ശേഷം തന്റെ പരസ്യജീവിതം നയിക്കാന്‍ തയ്യാറായതില്‍ പിതാവ് അതീവ സന്തുഷ്ടനാണ്. യേശുവിന്റെ പ്രവര്‍ത്തികള്‍ തനിക്ക് അത്യന്തം പ്രീതികരമാണെന്ന് ദൈവം യേശുവിന് ഉറപ്പു കൊടുക്കുക കൂടിയാണ് ചെയ്യുന്നത്. അതിന് ശേഷം പരിശുദ്ധാത്മാവിനെ അയച്ച് മുന്നോട്ടുള്ള ദൗത്യം നിറവേറ്റാന്‍ ശക്തി കൊടുക്കുകയും ചെയ്യുന്നു.

സന്ദേശം

യേശുവിന് എട്ടു മാസം പ്രായമുള്ളപ്പോള്‍ പരിച്ഛേദനം വഴി യേശു യഹൂദസമൂഹത്തില്‍ അംഗമായി. ജ്ഞാനസ്‌നാനം വഴി അവിടുന്ന രക്ഷാകരദൗത്യത്തിന് ആരംഭം കുറിച്ചു. അതു പോലെ കൂദാശകള്‍ മുഖേന നമ്മളും ക്രിസ്തുവിന്റെ അനുയായികളാകുന്നു. ജ്ഞാനസ്‌നാന വ്രതങ്ങള്‍ പാലിച്ച് നമുക്ക് അവിടുത്തോട് വിശ്വസ്തരായിരിക്കാം.

സ്‌നാപകയോഹന്നാന്‍ യേശുവന്റെ ദൗത്യത്തിന്റെ ദൂതനായിരുന്നു. അതു പോലെ തന്നെയാണ് മറ്റ് അപ്പോസ്തലന്മാരും. വിശ്വാസം വഴി നമ്മുടെ പൂര്‍വികര്‍ വഴി നമുക്കും േേയശുവിന്റെ സന്ദേശം ലഭിച്ചു. ഭാവി തലമുറയ്ക്കായി ക്രിസ്തു സന്ദേശം നമുക്ക് പകര്‍ന്നു കൊടുക്കാം.

നമ്മള്‍ ജലത്താലും ആത്മാവിനാലും സ്‌നാനം സ്വീകരിച്ചവരാണെങ്കിലും നാം പലപ്പോഴും പാപം ചെയ്തു പോകുന്നു. അപ്പോഴെല്ലാം കുമ്പസാരം വഴി നമ്മുടെ ആത്മാവിനെ നമുക്ക് ശുദ്ധീകരിക്കാം.

അനേകര്‍ സ്‌നാപക യോഹന്നാനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹം പരസ്യമായി തന്റെ എളിമ പ്രകടിപ്പിച്ചു.
നമുക്ക് യോഹന്നാനെ പോലെ എളിമയുള്ളവരായിരുന്ന് ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കാം.

പാപിയല്ലാതിരുന്നിട്ടും യേശു പാപികളുടെ കൂടെ ജ്ഞാനസ്‌നാനം സ്വീകരിച്ചു. നമുക്ക് എളിയവരായി ദൈവത്തിന് സേവനം ചെയ്യാം. അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് നമുക്കായി ഒരു സ്വരം ഉയരും: നീ എന്റെ പ്രിയപുത്രന്‍. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.’

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles