വി.സെബസ്ത്യാനോസിൻ്റെ മാസവണക്കം ഇരുപത്തേഴാം തിയതി
1.സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനു ഈ ലോകത്തിൽ എളുപ്പവും സുഖകരവും ബുദ്ധിമുട്ടില്ലാത്തതുമായ ഒരു ജീവിതം കഴിച്ചാൽ പോരെന്നും,നേരെമറിച്ച് ഈലോകത്തിൽ ഒരു വിശുദ്ധ ജീവിതം തന്നെ നയിച്ചു പുണ്യസാംഗോപാംഗത്തിൽ എത്തി മരിക്കണമെന്നും നാം കണ്ടു കഴിഞ്ഞു.”വലിയ പുണ്യമൊന്നും ചെയ്യുവാൻ എനിക്കു പ്രയാസം, ഇപ്പോഴത്തെ നിലയിൽത്തന്നെ,പാപം ചെയ്യാതെയും വലിയപുണ്യം ചെയ്യാതെയും ഒരു ഇടനിലക്കാരനായി ജീവിച്ചു മരിച്ചാൽ” എന്നു നീ പറയുന്നുവെങ്കിൽ, അതിൽപരം മൂഡത മറ്റില്ല.നമുക്കാർക്കും തന്നെ ഒരു നിലയിൽ നിൽക്കാൻ സാധിക്കുന്നതല്ല.ആദ്ധ്യാത്മിക ജീവിതത്തിലും ഇതുതന്നെയാണ് സ്ഥിതി.
2.”കർത്താവേ,കർത്താവേ,എന്നു എന്നോടു പറയുന്ന ഏവനും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല;പ്രത്യുത,സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവനത്രെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്.”(മത്തായി.7.21)
അതെ,ഒന്നാമതായി നാം സ്വർഗ്ഗീയ പിതാവിൻ്റെ ഇഷ്ടം നിറവേറ്റണം;അതായതുതൻ്റെ പുത്രനു നാം അനുരൂപരായിത്തീരണം. മാത്രമല്ല, പുത്രൻ്റെ ഇഷ്ടാനുസരണം നാം സ്വർഗ്ഗീയപിതാവിനെപ്പോലെ പരിശുദ്ധരും കരുണയുള്ളവരുമായിത്തീരണം.
രണ്ടാമത്, ബലം പ്രയോഗിക്കണം,ലോകത്തോടും,ശരീരത്തോടും,പിശാചിനോടും നാം ശക്തിയായി എതിർത്തു ജയിക്കണം. നേരെമറിച്ചു ബലം പ്രയോഗിക്കാതെ ബുദ്ധിമുട്ടില്ലാത്തതും സുഖകരവുമായ ഒരു ജീവിതം നയിച്ചാൽ സ്വർഗ്ഗം പ്രാപിക്കയില്ല.
ജപം
നിൻ്റെ കല്പനകളെ അനുസരിച്ചു ജീവിക്കുന്ന നീതിമാന്മാർക്ക് നിത്യസൗഭാഗ്യസ്ഥലമായ സ്വർഗ്ഗത്തെ നൽകുവാനിരിക്കുന്ന കർത്താവേ,ഈ ലോകത്തിൽ പരദേശികളായി ജീവിച്ചു അലയുന്ന ഞങ്ങൾ ഞങ്ങളുടെ പിതൃഭവനമായ സ്വർഗ്ഗരാജ്യത്തിൽ വന്ന് നിന്നെ നിത്യമായി കണ്ടു സ്തുതിച്ചാരാധിക്കുന്നതിനു കൃപചെയ്തരുളണമേ.
ആമ്മേൻ.
3.സ്വർഗ്ഗ,3നന്മ,3ത്രിത്വ.
വിശുദ്ധ സെബസ്ത്യാനോസിനോടുള്ള ലുത്തിനിയ
സുകൃതജപം
”മിശിഹായുടെ ദിവ്യാത്മാവേ എന്നെ ശുദ്ധീകരിക്കണമേ”
സൽക്രിയ
മണ്ണിനോടും പൊന്നിനോടും സ്ത്രീയോടുമുള്ള ബന്ധത്തെ മനസ്സിൽനിന്ന് പൊട്ടിക്കുവാൻ ശ്രമിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.