നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. ഫിലോമിനയുടെ ജീവിതാനുഭവ പരമ്പര 9/10

‘ഈ ലോകത്തിനുപരിയായ ഒരു ആനന്ദം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു. അത് വാക്കുകള്‍ക്കൊണ്ട് വിവരിക്കാവുന്നതല്ല. മാലാഖമാരുടെ രാജ്ഞി എന്നോടു പറഞ്ഞ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എനിക്കനുഭവിക്കാന്‍ സാധിച്ചു. തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ട് പൊതുജനത്തിന് മുന്‍പില്‍വച്ച് എന്റെ വ്രതത്തിന്‍ ഭംഗം വരത്തക്കവിധം എന്നെ പീഡനത്തിന് വിധേയയാക്കാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് എന്നെ നഗ്‌നയാക്കി പ്രഹരിക്കുവാന്‍ അയാള്‍ ആജ്ഞാപിച്ചു. എന്നെ പൂര്‍ണമായും നഗ്‌നയാക്കുവാന്‍ പട്ടാളക്കാര്‍ കൂട്ടാക്കിയില്ലെങ്കിലും എല്ലാവരുടേയും മുന്‍പില്‍ ഒരു തൂണിനോട് ചേര്‍ത്ത് അവര്‍ എന്നെ ബന്ധിച്ചു. ക്രുദ്ധരായ പട്ടാളക്കാര്‍ ചോരയില്‍ കുളിക്കുന്നതുവരെ എന്നെ പ്രഹരിച്ചു. എന്റെ ദേഹമാസകലം വലിയൊരു മുറിവായി മാറി. എന്നാല്‍ എന്റെ ബോധം നശിച്ചില്ല. ദ
ദുഷ്ടനായ ആ മനുഷ്യന്‍ എന്നെ തിരികെ തടവറയിലേക്ക് വലിച്ചിഴച്ചു. ഞാന്‍ മരിച്ചുപോകുമെന്നാണവര്‍ കരുതിയത്. സ്വര്‍ഗീയവൃന്ദങ്ങളോട് അധികം താമസിയാതെ ചേരാമെന്ന് ഞാനും ആഗ്രഹിച്ചു. ആ അന്ധകാരത്തില്‍ പ്രകാശപൂരിതരായ രണ്ടു മാലാഖമാര്‍ എനിക്ക് പ്രത്യക്ഷരായി. അവരെന്റെ മുറിവുകളില്‍ ഒരു സ്വര്‍ഗീയതൈലമൊഴിച്ചു. അപ്പോള്‍ പീഡനത്തിന് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ ആഴമായ ഒരു ഉന്മേഷം എന്നില്‍ വന്നു നിറഞ്ഞു. എന്റെ ശരീരത്തിലുണ്ടായ മാറ്റത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ചക്രവര്‍ത്തി വീണ്ടും എന്നെ തന്റെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.
ദുഷ്ടമനസ്സോടെ വീണ്ടും അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വഴങ്ങണമെന്നും താന്‍ ജൂപ്പിറ്റര്‍ ദേവനോട് പറഞ്ഞതനുസരിച്ചാണ് എനിക്ക് സൗഖ്യം ലഭിച്ചതെന്നും അയാള്‍ വാദിച്ചു. മാത്രവുമല്ല ഞാന്‍ റോമിലെ ചക്രവര്‍ത്തിനിയാവണമെന്ന് ജൂപ്പിറ്റര്‍ ദേവന്‍ ആഗ്രഹിക്കുന്നതായും എന്നെ അറിയിച്ചു. എന്നാല്‍ എന്നിലേക്ക് എഴുന്നള്ളി വന്ന, എന്നെ ശുദ്ധത പാലിക്കുവാന്‍ സഹായിക്കുന്ന ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയില്‍ ഞാന്‍ പ്രകാശവും ജ്ഞാനവുമുള്ളവളാകുകയും എന്റെ വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഡയോക്ലീഷനോ അവന്റെ അനുചരന്‍മാര്‍ക്കോ ഉത്തരം പറയാനാവാത്ത സത്യങ്ങള്‍ പ്രഘോഷിക്കുകയും ചെയ്തു.
അവസാനം വിറളിപിടിച്ച ചക്രവര്‍ത്തി എന്റെ നേരെ പാഞ്ഞുവന്ന് എന്നെ ഒരു നങ്കുരത്തോട് ചേര്‍ത്ത് ബന്ധിച്ച് ടൈബര്‍ നദിയുടെ ആഴത്തിലേക്ക് വലിച്ചെറിയുവാന്‍ ഒരു പട്ടാളക്കാരനോട് ആജ്ഞാപിച്ചു. ഈ ആജ്ഞ നിറവേറ്റപ്പെടുകയുണ്ടായി. ഞാന്‍ നദിയില്‍ എറിയപ്പെട്ടു. എന്നാല്‍ രണ്ട് മാലാഖമാര്‍ വന്ന് നങ്കൂരത്തിന്റെ കെട്ടുകളഴിച്ചുവിട്ടു. നങ്കൂരം നദിയുടെ ആഴത്തിലേക്ക് പോയി. മാലാഖമാര്‍ എന്നെ വെള്ളത്തിന് മുകളിലൂടെ കരയ്‌ക്കെത്തിച്ചു. വലിയ ഭാരമുള്ള നങ്കൂരം ബന്ധിച്ച് കടലിലെറിഞ്ഞിട്ടും വളരെ സുരക്ഷിതമായി ഞാന്‍ കരയിലെത്തിയതിന് എല്ലാവരും സാക്ഷികളായിരുന്നു.
അത്ഭുത പ്രവർത്തകയായ വിശുദ്ധ ഫിലോമിനയോടുള്ള ജപം
ഓ വിശ്വസ്തയായ കന്യകേ, മഹത്വപൂർണയായ രക്തസാക്ഷിണി, വിശുദ്ധ ഫിലോമിനെ. ദുഃഖിതരും ബലഹീനരായിരിക്കുന്നവർക്കും വേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങ് എന്നോട് ദയ കാണിക്കേണമേ. എന്റെ ആവശ്യങ്ങളുടെ ആഴം അവിടുന്ന് അറിയുന്നുണ്ടല്ലോ. ഇതാ ഞാൻ അതിയായ വിഷമത്തോടും അതിലേറെ പ്രതീക്ഷയോടും കൂടെ അങ്ങയോടു തൃപാദത്തിങ്കൽ അണഞ്ഞിരിക്കുന്നു. ഓ പരിശുദ്ധേ, അങ്ങയുടെ സ്നേഹത്തിൽ ഞാൻ ശരണം വയ്ക്കുന്നു. ഞാനിപ്പോൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ട് ദൈവസന്നിധിയിൽ നിന്ന് ഇതിനുള്ള ഉത്തരം വാങ്ങിത്തരേണമേ. (….ആവശ്യം സമർപ്പിക്കുക ) അങ്ങയുടെ പുണ്യങ്ങളും പീഡനങ്ങളും വേദനകളും മരണവും ദിവ്യമണവാളനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തോടും മരണത്തോടും ചേർത്തുവെയ്ക്കുന്നതുവഴി ഞാൻ ചോദിക്കുന്ന ഇക്കാര്യം സാധിച്ചുകിട്ടുമെന്നു എനിക്ക് ഉറച്ച ബോധ്യമുണ്ട്. അങ്ങനെ തന്റെ വിശുദ്ധരിലൂടെ മഹത്വപ്പെടുത്തുവാനാഗ്രഹിക്കുന്ന ദൈവത്തെ നിറഞ്ഞ സന്തോഷത്തോടെ സ്തുതിക്കട്ടെ.
ആമേൻ….
വി. ഫിലോമിനാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ( 3 പ്രാവശ്യം)
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.