അത്ഭുതപ്രവര്‍ത്തകയായ വി. ഫിലോമിനയുടെ ജീവിതകഥ 2

ഫിലോമിനയുടെ മാദ്ധ്യസ്ഥത്തിലൂടെ നടന്ന അത്ഭുതങ്ങള്‍ ഇറ്റലിയില്‍ മാത്രമല്ല ഫ്രാന്‍സിലേക്കും വ്യാപിച്ചു. അതില്‍ ഏറ്റവും പ്രശസ്തമായതാണ് പൗളിന്‍ ജാരിക്കോട്ടിന്റെ രോഗസൗഖ്യം. ഫ്രാന്‍സില്‍ വിശ്വാസസമൂഹത്തിന്റെ സ്ഥാപകയായിരുന്നു അവള്‍. ദൂരയാത്രചെയ്തുവരുന്ന അനേകര്‍ക്ക് വിശ്രമസ്ഥലമൊരുക്കിയിരുന്നത് പൗളിന്റെ ഭവനത്തിലായിരുന്നു. അങ്ങനെ അവിടെ താമസിച്ചിരുന്ന സന്യാസിയായ പിയര്‍ ഡി മഗല്ലനാണ് ആദ്യമായി അവര്‍ക്ക് ഫിലോമിനയുടെ ഒരു തിരുശേഷിപ്പ് നല്‍കുന്നത്. അതുപോലെ ആര്‍സിലെ ജോണ്‍ വിയാനിയുടെ പ്രസംഗങ്ങളില്‍നിന്നും ഫിലോമിനയെക്കുറിച്ച് പൗളിന്‍ ധാരാളമായി കേട്ടിരുന്നു. ഇറ്റലിയില്‍ ഫിലോമിന വളരെ പ്രശസ്തയായിരുന്നുവെങ്കിലും ഫ്രാന്‍സില്‍ അവളെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. വിശുദ്ധ ജോണ്‍ വിയാനിയും വാഴ്ത്തപ്പെട്ട പൗളിന്‍ ജാരിക്കോട്ടുമാണ് ഫ്രാന്‍സില്‍ ഫിലോമിനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് പ്രധാനമായ പങ്കുവഹിച്ചത്.
ഒരിക്കല്‍ പൗളിന് ഗുരുതരമായ രോഗം ബാധിച്ചു. മരണത്തിന്റെ വക്കിലെത്തിയ അവള്‍ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം മുഞ്ഞാണോയിലെ ഫിലോമിനയുടെ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിക്കുവാനുള്ള തീരുമാനമെടുത്തു. യാത്രാമധ്യേ പൗളിന്‍ പരിശുദ്ധ പിതാവിന്റെ ആശീര്‍വാദം സ്വീകരിക്കുവാന്‍ റോമില്‍ കുറച്ചുദിവസം തങ്ങുകയുണ്ടായി. അവളുടെ മരണസമയം അടുത്തുവെന്നു കണ്ട പരിശുദ്ധ പിതാവ് സ്വര്‍ഗത്തിലെത്തുമ്പോള്‍ തന്നെക്കൂടി ഓര്‍മ്മിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. മുഞ്ഞാണോയിലെത്തിച്ചേരുവാന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പൗളിനും ആവശ്യപ്പെട്ടു. തിരികെ വരുമ്പോള്‍ പൂര്‍ണമായും സുഖപ്പെട്ട് കാണുകയാണെങ്കില്‍ ഫിലോമിനയെ വിശുദ്ധയായി പ്രഖ്യാപിക്കുമോ എന്നുള്ള പൗളിന്റെ ചോദ്യത്തിന് അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് വലിയ ഒരത്ഭുതമായിരിക്കുമെന്ന് പരിശുദ്ധ പിതാവ് മറുപടി നല്‍കുകയും ചെയ്തു. മുഞ്ഞാണോയിലെത്തിയപ്പോള്‍ അവള്‍ മരണത്തിന്റെ വക്കിലെത്തിയിരുന്നു. ഒരു സ്‌ട്രെച്ചറിലാണ് പൗളിനെ ദേവാലയത്തിലേക്ക് കൊണ്ടുപോയത്. സകലരും അവള്‍ക്കുവേണ്ടി ഫിലോമിനയുടെ മുന്‍പില്‍ മാദ്ധ്യസ്ഥം തേടി. കുറച്ചു ദിവസങ്ങള്‍ യാതൊന്നും സംഭവിച്ചില്ല.
എന്നാല്‍ ആഗസ്റ്റ് പത്താം തിയതി ദിവ്യകാരുണ്യ ആശീര്‍വാദസമയത്ത് പൗളിന്‍ സ്വയം മുട്ടിന്‍മേല്‍ നില്‍ക്കുവാന്‍ ശ്രമിച്ചു. അവള്‍ വീണുപോവുകയാണുണ്ടായത്. സകലരും നിലവിളിക്കുകയായിരുന്നു. പൗളിന്‍ ജീവന്‍ പോകുന്ന വേദനയാല്‍ പുളഞ്ഞു. പക്ഷെ അല്പസമയം കഴിഞ്ഞപ്പോള്‍ തന്റെ ബലഹീനമായ കാലുകളില്‍ പൗളിന്‍ എഴുന്നേറ്റുനിന്നു. പതിയെ ദേവാലയത്തിലൂടെ ചുവടുകള്‍ വച്ചു. അവള്‍ അത്ഭുതകരമായി സുഖം പ്രാപിച്ചു. ഫിലോമിന അവര്‍ക്കുവേണ്ടി മഹത്തായ ഒരത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്ന വാര്‍ത്ത നാടുമുഴുവന്‍ പരന്നു. റോമിലേക്ക് അവള്‍ തിരികെ യാത്രയായി. ജനത്തിനിടയിലൂടെ നടന്നുവന്ന് തന്റെ മുന്‍പില്‍ മുട്ടുകുത്തിയ യുവതി പൗളിനാണെന്ന് പരിശുദ്ധ പിതാവിന് വിശ്വസിക്കാനായില്ല. ഗ്രിഗറി പതിനാറാമന്‍ പാപ്പയായിരുന്നുവത്. കന്യകയും രക്തസാക്ഷിണിയുമായ ഫിലോമിനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് അവള്‍ പിതാവിനെ ഓര്‍മ്മപ്പെടുത്തി. ഈ സൗഖ്യത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് ഒരു വര്‍ഷത്തോളം പരിശുദ്ധ പിതാവ് പൗളിനെ റോമില്‍ താമസിപ്പിച്ചു.
ആ അത്ഭുതം സംശയലേശമന്യേ സ്ഥിരീകരിക്കുകയും എല്ലാമെത്രാന്‍മാരും പരിശുദ്ധ പിതാവിനോട് ഇക്കാര്യത്തില്‍ യോജിച്ചതിനാല്‍, 1837 ല്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പ ഫിലോമിനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. അവളുടെ വണക്കത്തിനായി ദിവ്യബലിയര്‍പ്പിക്കുവാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള ഒദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങിയത് 1837 ജനുവരി 30നാണ്. ആ വര്‍ഷം തന്നെ മാര്‍ച്ച് മാസത്തില്‍ അവളുടെ തിരുനാളും സ്ഥാപിക്കപ്പെട്ടു.ശ്മശാനത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ചരിത്രത്തിന്റെ പിന്‍ബലമില്ലാതെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ന്ന ഏക വിശുദ്ധയാണ് ഫിലോമിന. പൗളിന്‍ തിരികെയെത്തി വിയാനിയച്ചനോട് നടന്ന സംഭവങ്ങള്‍ മുഴുവന്‍ വിവരിച്ചു. വിയാനിയച്ചന്‍ അതിയായ സന്തോഷമാണ് പ്രകടിപ്പിച്ചത്. കാരണം സകലരുടേയും വിശ്വാസം വര്‍ദ്ധിപ്പിക്കുവാനുതകുന്ന രീതിയിലാണ് ഫിലോമിന അത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നത്. താമസിയാതെ അദ്ദേഹം ഫിലോമിനയുടെ നാമത്തില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. അത്ഭുതങ്ങളും അടയാളങ്ങളും ആര്‍സില്‍ അനുദിനം നടന്നുകൊണ്ടിരുന്നു. എല്ലാ അത്ഭുതങ്ങള്‍ക്കും വിശുദ്ധനായ ജോണ്‍ വിയാനി വിരല്‍ ചൂണ്ടിയത് തന്റെ ഇഷ്ടവിശുദ്ധയായ ഫിലോമിനയിലേക്കാണ്.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.