കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചിരുന്ന പാദ്രേ പിയോ
താന്‍ ഒരു സന്ന്യാസസഹോദരനാണെന്ന തിരിച്ചറിവ് ബ്രദര്‍ പിയോയെ കൂടുതല്‍ പക്വമതിയാക്കി. പിയോ സഹോദരന്റെ വിശുദ്ധിക്കും യോഗ്യതയ്ക്കും യോജിച്ച വിധത്തില്‍ ജീവിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു . ജീവിതത്തിലെ കഠിനമായ പരീക്ഷണഘട്ടങ്ങളില്‍ ആത്മധൈര്യം കൈവിടാതെ മുന്നേറി. ‘ഏകാന്തതയിലൂടെയും കഠിനപരിശ്രമങ്ങളിലൂടെയും മാത്രമേ നിങ്ങള്‍ക്ക് നന്മ കൈവരിക്കാനാവൂ ‘ എന്ന് അദ്ദേഹം തന്റെ മുറിയില്‍ എഴുതിവച്ചു.
ഫാ.ലിയാനോ , പിയോസഹോദരന്റെ പ്രാര്‍ത്ഥനാജീവിതത്തെ വിലിരുത്തുന്ന് ഇപ്രകാരമാണ്. അവന്‍ ശരാശരി ബുദ്ധിയുള്ള ഒരു കുട്ടിയായിരുന്നു. പാഠ്യഭാഗങ്ങള്‍ നന്നായി പഠിച്ചിരുന്നു. പിയോ എന്റെ ശിക്ഷണത്തിന്‍ കീഴിലായിരുന്നപ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞ് അവന്‍ സ്വന്തം മുറിയിലേക്ക് ഇടയ്ക്കിടയ്ക്ക് പോകും . മുട്ടിന്മേല്‍ നിന്ന് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കാനാണ് അവന്‍ പോകുന്നത് . നിരന്തരം പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്നു പിയോ സഹോദരന്‍ . അവന്‍ പതിവായി കരയാറുണ്ടായിരുന്നുവെന്ന് അവന്റെ കണ്ണുകളില്‍ നോക്കിയാല്‍ മനസ്സിലാകും’.
പിയോ സഹോദരന്റെ കഠിന പ്രായശ്ചിത്തത്തിന്റേയും ജാഗരണ പ്രാര്‍ത്ഥനയുടേയും ജീവിതം സുഹൃത്തുക്കളില്‍ ആകാംക്ഷയുളവാക്കി . ‘തനിക്ക് ശാരീരിക സുഖസൗകര്യങ്ങളില്‍ യാതൊരു താത്പര്യവും ഇല്ലേ ? ‘ അവര്‍ അദ്ദേഹത്തോടു ചോദിച്ചു . മൗനമായിരുന്നു പിയോയുടെ മറുപടി. ആ മൗനത്തില്‍ എല്ലാം ചേര്‍ന്നിരുന്നു .
പിയോ സഹോദരന്റെ പ്രാര്‍ത്ഥനാതീക്ഷ്ണതയെക്കുറിച്ച് അദ്ദേഹത്തോടൊപ്പം നൊവിഷ്യറ്റുകാലം ചെലവിട്ട ഗുഗ്ലിയേമൊ സഹോദരന്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു : ‘ പീഡാനുഭവ വായനയെത്തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനേരം മുട്ടിന്മേല്‍ നില്‍ക്കും. യേശുവിനോടുള്ള ഭക്തി പാരവശ്യത്താല്‍ അദ്ദേഹം വിങ്ങിക്കരഞ്ഞു . വിശ്രമത്തില്‍ നിന്നും വിനോദത്തില്‍ നിന്നും കഴിയുമെങ്കില്‍ ഭക്ഷണത്തില്‍നിന്നുപോലും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു . ആ സമയവും പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. പ്രാര്‍ത്ഥനയുടെ സായുജ്യത്തില്‍ ലയിക്കുന്ന ഒരാത്മാവിന്റെ മനോഹരചിത്രമാണ് ഇവിടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.