വി. മാക്‌സിമില്യന്‍ കോള്‍ബെയുടെ മരിയഭക്തി എങ്ങനെയുള്ളതായിരുന്നു?

സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല’ എന്ന ക്രിസ്തുവചനം ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി കൊണ്ട് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വജീവന്‍ വെടിഞ്ഞ വിശുദ്ധനാണ് മാക്‌സിമില്യന്‍ കോള്‍ബെ. ഇരുപതാം നൂറ്റാണ്ടില്‍ നാസികളുടെ ഭരണത്തിന്‍ കീഴിലാണ് പോളണ്ടുകാരനായ ഫ്രാന്‍സിസ്‌കന്‍ വൈദികനായിരുന്ന കോള്‍ബെ രക്തസാക്ഷിത്വം വഹിച്ചത്.

ദര്‍ശനം
വലിയൊരു മരിയഭക്തനായിരുന്നു, മാക്‌സിമില്യന്‍ കോള്‍ബെ. ബാല്യകാലത്ത് തനിക്ക് പരിശുദ്ധ മാതാവിന്റെ ദര്‍ശനമുണ്ടായതായി കോള്‍ബെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍:
‘ആ രാത്രി, ഞാന്‍ ആരായി തീരുമെന്ന് ഞാന്‍ പരിശുദ്ധ അമ്മയോട് ചോദിച്ചു. അപ്പോള്‍ അമ്മ രണ്ട് കിരീടങ്ങള്‍ കൈയില്‍ പിടിച്ചു കൊണ്ട് എന്റെ മുന്നിലേക്ക് വന്നു. ഒന്ന് വെള്ളയും മറ്റൊന്ന് ചുവപ്പും. ഇതില്‍ ഏതെങ്കിലും സ്വീകരിക്കാന്‍ തയ്യാറാണോ എന്ന് അമ്മ ചോദിച്ചു. വെള്ള പൂവ് വിശുദ്ധിയെയും ചുവപ്പ് പൂവ് രക്തസാക്ഷിത്വത്തെയും സൂചിപ്പിക്കുന്നതായിരുന്നു. ഞാന്‍ പറഞ്ഞു, എനിക്ക് രണ്ടും വേണം!’

മാതാവിന്റെ മാധ്യമപ്രവര്‍ത്തകന്‍
ഇരുപത്തിനാലാമത്തെ വയസ്സില്‍ കോള്‍ബെ പുരോഹിതനായി. ആധുനിക മാധ്യമ സങ്കേതികത ഉപയോഗിച്ച് മരിയഭക്തി പ്രചരിപ്പിക്കുന്നതില്‍ ഫാ. കോള്‍ബെ ഏറെ ഉത്സാഹിച്ചു. ‘ഇമ്മാക്കുലാത്ത’ എന്ന പേരില്‍ ഒരു സംഘടന സ്ഥാപിച്ച് അദ്ദേഹം ഒരു ദിനപത്രവും മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ലക്ഷക്കണക്കിന് വായനക്കാര്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്കുണ്ടായിരുന്നു. ഇവ കൂടാതെ ഒരു റേഡി യോ നിലയവും അദ്ദേഹം ആരംഭിച്ചിരുന്നു. 800 സന്ന്യാസികള്‍ ഒരുമിച്ചു വസിച്ചിരുന്ന ഒരു വലിയ സന്ന്യാസഭവനം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു.

അറസ്റ്റും രക്തസാക്ഷിത്വവും
ഹിറ്റ്‌ലറുടെ ഭരണകാലത്ത് മാക്‌സിമില്യന്‍ കോള്‍ബെ അറസ്റ്റു ചെയ്യപ്പെട്ടു. ജര്‍മന്‍ അധീശത്വത്തിലുള്ള പോളിണ്ടിലെ ഓഷ്വിറ്റ്‌സ് കോണ്‍സന്‍ഷ്രേന്‍ ക്യാമ്പിലേക്ക് അദ്ദേഹത്തെ കൊണ്ടു പോയി. അവിടെ അദ്ദേഹം പതിവായ ദിവ്യബലി അര്‍പ്പിക്കുകയും സഹതടവുകാര്‍ക്ക് സമാശ്വാസം പകരുകയും ചെയ്തു.

ഒരിക്കല്‍ ആ തടവറയില്‍ നിന്ന് മൂന്നു പേര്‍ തടവു ചാടി. അതിന് പ്രതികാരമായി തടവുകാരില്‍ നിന്ന് പത്തു പേര്‍ വധശിക്ഷ ഏറ്റുവാങ്ങണമെന്ന് പട്ടാള മേധാവി തീരുമാനമെടുത്തു. പത്തു പേരില്‍ ഒരാള്‍ ഭാര്യയും മകനുമുണ്ടായിരുന്ന ഒരു യുവാവായിരുന്നു. അയാളുടെ സങ്കടം കണ്ട് മനസ്സലിഞ്ഞ് കോള്‍ബെ അയാള്‍ക്കു പകരം വധ ശിക്ഷ ഏറ്റുവാങ്ങാന്‍ സന്നദ്ധനായി. മറ്റ് ഒമ്പത് പേരോടൊപ്പം കോള്‍ബെ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണി കിടന്നു മരിക്കാന്‍ നിയുക്തനായി. രണ്ടാഴ്ചയ്ക്കു ശേഷവും അദ്ദേഹം മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയപ്പോള്‍ പട്ടാളക്കാര്‍ അദ്ദേഹത്തെ വിഷം കുത്തിവച്ചു കൊന്നു.

മരണം മാതാവിന്റെ തിരുനാളിന്റെ തലേന്നാള്‍
വി. മാക്‌സിമില്യന്‍ കോള്‍ബെ മരിച്ചത് ആഗസ്റ്റ് 14 ന് വൈകുന്നേരമായിരുന്നു. പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെ തലേന്നാള്‍. പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹം വാഴ്ത്തപ്പെട്ടവനായും വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു.

കോള്‍ബെയുടെ മരിയന്‍ ആധ്യാത്മകത
മരിയഭക്തിയില്‍ ആഴപ്പെട്ട ആധ്യാത്മികതയായിരുന്നു, വി. മാക്‌സിമില്യന്‍ കോള്‍ബെയുടേത്. പരിശുദ്ധ മറിയമാണ് എല്ലാ കൃപകളുടെയും മാധ്യസ്ഥ എന്ന വിശ്വാസത്തിലൂന്നിയതായിരുന്നു, അദ്ദേഹത്തിന്റെ ചിന്തയും പ്രവര്‍ത്തിയും. നമ്മുടെ ആത്മീയജീവിതം കൃപകളെ ആശ്രയിച്ചിരിക്കുന്നു. കൃപയില്ലാതെ വിശുദ്ധ ജീവിതം സാധ്യമല്ല. നാം മറിയത്തിലൂടെയാണ് കൃപകള്‍ സ്വീകരിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

വിശ്വാസിയായാലും അവിശ്വാസിയായാലും, ക്രിസ്ത്യാനിയായാലും അക്രൈസ്തവനായാലും അവര്‍ സ്വീകരിക്കുന്ന കൃപകളെല്ലാം മറിയത്തിന്റെ മാധ്യസ്ഥം വഴിയാണ് വരുന്നത്. ദൈവത്തിന്റെ അമലോത്ഭവയായ മാതാവിനോടുള്ള നമ്മുടെ അടുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു, കൃപയിലുള്ള നമ്മുടെ ജീവിതം. എത്രമാത്രം നമ്മുടെ ആത്മാവ് ദൈവമാതാവിനോട് അടുത്തിരിക്കുന്നോ അത്ര മാത്രം പരിശുദ്ധമായിരിക്കും നമ്മുടെ ആത്മാവും. പരിശുദ്ധ ത്രീത്വത്തോടുള്ള മറിയത്തിന്റെ ബന്ധം മാക്‌സിമില്യന്‍ കോള്‍ബെ വിവരിക്കുന്നു. പരിശുദ്ധ ത്രിത്വം ഏറ്റവും സുവ്യക്തമായി പ്രതിഫലിക്കുന്നത് പരിശുദ്ധ മറിയത്തിലാണ്. മനുഷ്യാവതാരം സംഭവിക്കുന്നതിനായി പരിശുദ്ധ ത്രീത്വത്തോട് സമ്പൂര്‍ണമായി സഹകരിച്ചവളാണ് മറിയം.
മറിയത്തോടൊപ്പം ക്രിസ്തുവിലേക്ക് പോകുന്ന യാത്രയാണ് മനുഷ്യന്റെ ആത്മീയജീവിതം എന്നാണ് മാക്‌സിമില്യന്‍ കോള്‍ബെ വിശ്വസിച്ചിരുന്നത്. എല്ലാ ക്രൈസ്തവരും മറിയത്തിന് സ്വയം സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന്റെ പ്രചാരകനായിരുന്നു, അദ്ദേഹം. മാനസാന്തരം നേടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം മരിയന്‍ മാര്‍ഗമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ‘പാപികളുടെ മാനസാന്തരത്തിനും തണുത്തുറഞ്ഞ ആത്മാക്കളെ വിശുദ്ധിയിലേക്ക് കൊണ്ടുവരുന്നതിനും നമുക്ക് മാതാവിന്റെ സഹായം ആവശ്യമുണ്ട്’ അദ്ദേഹം പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles