വി. യൗസേപ്പിതാവിന്റെ അടുത്തേക്കു പോവുക: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍
റോസറി ഡോക്ടര്‍ (Rosary Doctor) എന്നറിയപ്പെടുന്ന അമേരിക്കന്‍ സുവിശേഷ പ്രഘോഷകനായ ബ്രയാന്‍ കിസെകിന്റെ (Brian Kiczek) വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.Go to St. Joseph, Do Whatever He tells You ( വി. യൗസേപ്പിതാവിന്റെ അടുത്തേക്കു പോവുക അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍) എന്നതാണ് പുസ്തകത്തിന്റെ നാമം.
‘അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.'(യോഹ 2 : 5) എന്ന പരിശുദ്ധ മറിയത്തിന്റെ ആഹ്വാനം ഈ ഗ്രന്ഥത്തിന്റെ ശീര്‍ഷകമായി തിരഞ്ഞെടുത്തതുവഴി പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തനായ ബ്രയാന്‍ ദൈവപുത്രന്റെ വളര്‍ത്തു പിതാവിനെ ശക്തനായ ഒരു സഹായകനായി പരിശുദ്ധ മറിയത്തിന്റെ ആഹ്വാനത്തിലൂടെ അവതരിപ്പിക്കുകയാണിവിടെ.
അമേരിക്കന്‍ മുന്‍ നാവികസേനാംഗവും നിരീശ്വരവാദത്തില്‍ നിന്നും ന്യൂ എയ്ജ് പ്രസ്ഥാനങ്ങളില്‍ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്ന ബ്രയാന്റെ വി.യൗസേപ്പിതാവിനോടുള്ള വ്യക്തിപരമായ ഭക്തിയുടെ മനോഹരമായ ഉദാഹരണമാണ് ഈ പുസ്തകം. വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുതകരമായ ഇടപെടലുകളെക്കുറിച്ചുള്ള നിരവധി അനുഭവങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. വായനക്കാരുടെ ഉപയോഗത്തിനായി വിശുദ്ധ യൗസേപ്പിതാവിനോടുള്ള ശക്തമായ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഇതില്‍ ഉള്‍ചേര്‍ത്തിരിക്കുന്നു. സുവിശേഷാദര്‍ശങ്ങളായ ദാരിദ്രവും അനുസരണവും വിശുദ്ധിയും യൗസേപ്പിതാവിനെ അനുകരിച്ചു സാധാരണ ജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന മാര്‍ഗ്ഗ നിര്‍ദേശങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.
വി.യൗസേപ്പിതാവിനോടുള്ള സ്‌നേഹവും ഭക്തിയും ഈ പുസ്തകം നിങ്ങളില്‍ രൂഢമൂലമാക്കും. ജീവിതത്തിലെ ആവശ്യങ്ങളിലെല്ലാം വി.യൗസേപ്പിതാവിലേക്കു തിരിയുവാനും അവന്റെ സഹായം എപ്പോഴും യാചിക്കാനും ഈ ഗ്രന്ഥം നമ്മളെ സഹായിക്കട്ടെ.
~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.