വി. യൗസേപ്പിതാവിനെയും പരി. മറിയത്തെയും കാത്തിരിക്കുന്ന ഉന്നതമായ ആ കൃപാവരം എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 49/100

എത്രയും പരിശുദ്ധ കന്യയുടെ ഹൃദയത്തില്‍ രക്ഷകന്റെ വരവിനായുള്ള ദാഹം അത്യുഗ്രമായ തീക്ഷ്ണതയോടെ ജ്വലിച്ചുയര്‍ന്നു. ദൈവം തന്റെ ഏകജാതനെ വേഗം അയയ്ക്കുവാന്‍ തക്കവിധം ഉല്‍ക്കടമായ പ്രാര്‍ത്ഥനയില്‍ അവള്‍ സദാ വ്യാപൃതയായി. രക്ഷകനു വേണ്ടിയുള്ള അവളുടെ ഉല്‍ക്കടമായ ദാഹത്തെപ്പറ്റി അവള്‍ തന്റെ ഭര്‍ത്താവിനോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. വര്‍ദ്ധിച്ച വിശ്വാസത്തോടെ ജോസഫ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ‘ഓ എന്റെ ദൈവമേ, അങ്ങയുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുവാന്‍ സമയമായിരിക്കുന്നു. തലമുറകളായി കാത്തിരിക്കുന്ന രക്ഷകനെ അങ്ങ് ലോകത്തിലേക്ക് അയയ്ക്കണമേ. അതുവഴി ഇപ്പോള്‍ അടിമത്തത്തില്‍ കഴിയുന്ന അങ്ങയുടെ സ്വന്തം ജനവും ലോകം മുഴുവനുമുള്ള എല്ലാ ജനതകളും വിമോചനം പ്രാപിക്കും. കണ്ടാലും എത്രയോ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ അങ്ങയെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നത്. അതിനാല്‍ അങ്ങയുടെ നാമത്തെയും ശക്തിയെയും നന്മയെയും കരുണയെയും അവിടുത്തെ മറ്റനവധി ദൈവികപൂര്‍ണ്ണതകളെയും ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കാനായി രക്ഷകനെ അയയ്ക്കുക എന്നത് അത്യാവശ്യമാണ്. അങ്ങയുടെ ഏകജാതനുമാത്രമേ ഇത് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളു. സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നയിക്കുന്ന സത്യമായ പാതയെ കാണിച്ചുതരുവാന്‍ അവനു മാത്രമേ കഴിയുകയുള്ളു.’

പിന്നീട് തന്റെ ഭാര്യയിലേക്ക തിരിഞ്ഞ് അവന്‍ പറഞ്ഞു: ‘എന്റെ പ്രിയ വധുവേ, എന്റെ സ്‌നേഹമേ, അനവരതം ദൈവത്തോട് പ്രാര്‍ത്ഥിക്കുക. കാരണം നിന്റെ പ്രാര്‍ത്ഥനകള്‍ നിരസിക്കുവാന്‍ സാധിക്കാത്തവിധം അത്രയധികമായി അവിടുന്ന് നിന്നെ സ്‌നേഹിക്കുന്നു.’ മറിയം തന്നെത്തന്നെ എളിമപ്പെടുത്തി അവളുടെ തീക്ഷ്ണമായ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടു ജോസഫിനോടു പറഞ്ഞു: ‘പ്രാര്‍ത്ഥനയില്‍ നമ്മള്‍ ഒന്നാണ്. നമ്മുടെ അഭ്യര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നതുവരെ നമുക്ക് പ്രാര്‍ത്ഥനകള്‍ തുടരാം. നമ്മുടെ ദൈവം നല്ലവനാണ്. അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കാതിരിക്കില്ല.’

രക്ഷകനെപ്പറ്റി, പ്രത്യേകിച്ചും അവിടുത്തെ സുകൃതങ്ങളെക്കുറിച്ച്, മാലാഖയില്‍നിന്ന് അറിഞ്ഞതെല്ലാം ജോസഫ് മറിയത്തോട് പറഞ്ഞു. അത് ശ്രവിക്കുന്നതിലൂടെ മറിയം വലിയ ആശ്വാസം അനുഭവിച്ചതിനാല്‍ അവയെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് തന്നോട് പറയുവാന്‍ അവള്‍ അവനോട് ആവശ്യപ്പെട്ടു. മറിയം എല്ലാം സന്തോഷപൂര്‍വ്വം ശ്രവിച്ചിരുന്നു. വിശുദ്ധരായ ആ ദമ്പതികള്‍ തങ്ങളുടെ സംഭാഷണങ്ങളോട് പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മ്മങ്ങളും കൂട്ടിച്ചേര്‍ത്തു.

രക്ഷകന്‍ ഭൂമിയില്‍ ജനിക്കുന്ന ദിവസം കാണുവാനുള്ള ഭാഗ്യം ജീവിതകാലത്ത് അവര്‍ക്ക് ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ അവിടുത്തെ ആരാധിക്കാനായി ഓടിയണയുകയും അവരുടെ സേവനങ്ങള്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യുമെന്ന് പരസ്പരം അവര്‍ ഒരു തീരുമാനമെടുത്തിരുന്നു. ഏറ്റവും എളിയ നിലയിലാണെങ്കിലും അവിടുത്തെ സേവകരായി തങ്ങളെ സ്വീകരിക്കണമേയെന്ന് അവര്‍ അവിടുത്തോട് യാചിച്ചു. ഈ യാചന അവിടുന്ന് സ്വീകരിക്കുകയാണെങ്കില്‍ അത് എന്തൊരു സൗഭാഗ്യാവസ്ഥയായിരിക്കുമെന്ന് അവര്‍ രണ്ടുപേരും ചിന്തിച്ചു. ലോകത്തില്‍ ഏതു ഭാഗത്താണ് അവിടുന്ന് ജനിക്കുന്നതെങ്കിലും സാരമില്ല. അവര്‍ അവിടുത്തെ അന്വേഷിച്ചു പോയി കണ്ടെത്തും. സ്വന്തം കണ്ണുകള്‍കൊണ്ട് കാണാനും സ്വന്തം കാതുകള്‍ കൊണ്ട് കേള്‍ക്കാനുമുള്ള ഭാഗ്യം മാത്രമേ തങ്ങള്‍ക്ക് ലഭിക്കുന്നുള്ളുവെങ്കില്‍പ്പോലും അത് എത്രയോ ഉന്നതമായ ആനന്ദമായിരിക്കുമെന്ന് അവര്‍ വിലയിരുത്തുകയും ചെയ്തു.

എത്രയും പരിശുദ്ധ ത്രിത്വത്തിന്റെ സിംഹാസനത്തിന്റെ മുമ്പാകെ ശക്തമായി ജ്വലിച്ചുയര്‍ന്ന അഗ്നിജ്വാലകള്‍പോലുള്ള മറിയത്തിന്റെ അത്യുന്നതമായ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമെന്നവണ്ണം രക്ഷകന്റെ വരവിനായുള്ള കാലദൈര്‍ഘ്യം കുറയ്ക്കുവാന്‍ ദൈവ തിരുമനസ്സായി. തീര്‍ച്ചയായും സന്തോഷവാനായ ജോസഫിന്റെ പ്രാര്‍ത്ഥനയിലും ദൈവം സംപ്രീതനായിരുന്നു. ഇത്രയും ഉന്നതമായ ഒരു കൃപാവരം തങ്ങളെ കാത്തിരിക്കുന്നതിനെക്കുറിച്ച് – പരിശുദ്ധ കന്യകാമറിയത്തിന്റെ ഏറ്റം നിര്‍മ്മലമായ ഉദരത്തില്‍ മിശിഹാ ജന്മമെടുക്കാനിരിക്കുന്നു എന്ന പരമരഹസ്യത്തെക്കുറിച്ച് – പരിശുദ്ധ കന്യകയ്‌ക്കോ ജോസഫിനോ യാതൊരു ഗ്രാഹ്യവുമില്ലായിരുന്ന. അവരുടെ അഗാധമായ എളിമയാല്‍ രക്ഷകന്റെ സേവകരാകാനുള്ള യോഗ്യതപോലും തങ്ങള്‍ക്ക് ഉണ്ടെന്ന് ചിന്തിക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല.

ദൈവപുത്രന്റെ മനുഷ്യാവതാരമെന്ന ഉന്നതമായ ദാനം ലോകത്തിന് നല്‍കാന്‍ ദൈവം അനാദിയിലേ നിശ്ചയിച്ച സമയം സമാഗതമായപ്പോള്‍ പരിശുദ്ധ കന്യകയുടെ ഹൃദയത്തിലും അതിനായുള്ള ദാഹം അതിന്റെ പാരമ്യത്തിലെത്തി. തത്സമയം ദൈവവചനം മനുഷ്യനായി അവതരിച്ചു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ദൈവപുത്രന്‍ മറിയത്തിന്റെ ഉദരത്തില്‍നിന്നു ഭൂജാതനായി.മനുഷ്യാവതാരസമയത്ത് മറിയത്തിന് സംഭവച്ച കാര്യങ്ങളെക്കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുള്ളതുകൊണ്ട് ഈ വിവരണത്തില്‍ അതിനെക്കുറിച്ച് ഏറെ പ്രസ്താവിക്കുന്നില്ല. തന്നെയുമല്ല അവളുടെ ജീവിത ചരിത്രപുസ്തകങ്ങളില്‍ അതിനെക്കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുണ്ട്. ഈ രചനയുടെ ഉദ്ദേശ്യം ജോസഫിന്റെ അനുഭവങ്ങളിലേക്ക് വെളിച്ചം വീശുകയെന്നതാണ്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles