ക്ലേശങ്ങളില്‍ പരി. മറിയം എപ്രകാരമാണ് വി. യൗസേപ്പിതാവിനെ സമാശ്വസിപ്പിച്ചിരുന്നത് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 47/100

വിശുദ്ധ ദമ്പതികളുടെ സംഭാഷണങ്ങള്‍ എപ്പോഴും രക്ഷകന്റെ വരവിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. രക്ഷകന്റെ വരവിനായി മറിയത്തില്‍ ഒരു തീക്ഷ്ണമായ ദാഹം ജ്വലിച്ചുയര്‍ന്നിരുന്നു; അതുവഴി ഇപ്പോള്‍ ജോസഫിന്റെയും ആഗ്രഹം കൂടുതല്‍ ജ്വലിക്കാന്‍ തുടങ്ങി. മറിയം പറഞ്ഞു. ‘അത്യുത്സാഹത്തോടും ജീവനുള്ള വിശുദ്ധിയോടുംകൂടി നമുക്ക് പ്രാര്‍ത്ഥിക്കാം. അങ്ങനെ ദൈവം എത്രയും പെട്ടെന്ന് നമ്മുടെ ആഗ്രഹങ്ങള്‍ സഫലമാക്കട്ടെ.’ തന്റെ ചെറുപ്രായത്തില്‍ത്തന്നെ രക്ഷകന്റെ വരവിനായി തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും ജോസഫ് മറിയത്തോടു പറഞ്ഞു. ഇക്കാര്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്നും അവിടുന്ന് അത് ദയാപൂര്‍വ്വം സ്വീകരിക്കുമെന്നും മാലാഖ തനിക്ക് വെളിപ്പെടുത്തിത്തന്ന കാര്യവും അവന്‍ അവളോടു വിശദീകരിച്ചു.

മറിയം ഇതെല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കിലും ജോസഫില്‍നിന്ന് അതു ശ്രവിക്കുന്നതില്‍ അവള്‍ വളരെ താല്പര്യം പ്രദര്‍ശിപ്പിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്തു. ‘ഈ കൃപയ്ക്കായി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.’ അവള്‍ പറഞ്ഞു. ‘പ്രത്യേകമായി, അങ്ങനെ ചെയ്യാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും നമ്മുടെ പ്രാര്‍ത്ഥനകള്‍ അവിടുന്ന് ശ്രവിക്കുമെന്നും ഇപ്പോള്‍ വെളിപ്പെടുത്തിത്തന്നതിനാലും നമുക്ക് അങ്ങനെ ചെയ്യാം.’ അതിനാല്‍, അവര്‍ ഒരുമിച്ച് അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തി. തീര്‍ച്ചയായും അവരുടെ തീക്ഷ്ണമായ ഹൃദയാഭിലാഷങ്ങളില്‍ ദൈവം സംപ്രീതനായിത്തീര്‍ന്നിട്ടുണ്ട്.

തന്റെ വധുവിന്റെ സഹവാസത്തിലൂടെ വലിയ ആനന്ദവും അരൂപിയിലുള്ള സമാശ്വാസങ്ങളും ജോസഫ് അനുഭവിച്ചിരുന്നെങ്കിലും വളരെയധികം ബുദ്ധിമുട്ടുകളിലൂടെ അവന്‍ കടന്നുപോകേണ്ടിവന്നു. തന്റെ പിതാവില്‍ നിന്ന് ലഭിച്ച സ്വത്തെല്ലാം നശിപ്പിച്ചുകളഞ്ഞ് ഇത്രയും ദരിദ്രനായിത്തീര്‍ന്നുവെന്നു പറഞ്ഞു പല വ്യക്തികളും അവന്റെ വര്‍ക്ക്‌ഷോപ്പിലെത്തി അവനെ കുറ്റപ്പെടുത്തുമായിരുന്നു. മുറിപ്പെടുത്തുന്നതും നിന്ദ്യവുമായ വാക്കുകളാണ് അവര്‍ ഉപയോഗിച്ചിരുന്നത്. മന്ദബുദ്ധിയായ ഒരുവനെപ്പോലെയാണ് അവര്‍ അവനെ കണക്കാക്കിയിരുന്നത്. ജോസഫ് ഒന്നിനും ഒരുത്തരവും പറഞ്ഞില്ല. വളരെ ശാന്തതയോടെയും ക്ഷമയോടെയും അവന്‍ എല്ലാം സ്വീകരിച്ചു. താന്‍ കുറ്റക്കാരനാണെന്ന് അവനുതന്നെ അറിയാവുന്നതുകൊണ്ടാണ് അവന്‍ യാതൊരു മറുപടിയും പറയാത്തതെന്ന് അവര്‍ ഉറക്കെ പറഞ്ഞു. എന്നിട്ടും വിശുദ്ധന്‍ നിശ്ശബ്ദനായി നിലകൊള്ളുകയും എല്ലാം ദൈവസന്നിധിയിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു.

ദൈവത്തുടുള്ള സ്‌നേഹത്തെപ്രതിയാണ് അവന്‍ സ്വയം ദരിദ്രനായിത്തീര്‍ന്നതും സ്വയം സഹിക്കുവന്‍ തീരുമാനിച്ചതും. അവന്‍ എല്ലാകാര്യങ്ങളും മറിയത്തോടു പങ്കുവച്ചു. അവന്റെ കഷ്ടതകളില്‍ അവള്‍ അവനെ സഹായിക്കുകയും അതേസമയം ഇതുവഴി അവന്‍ ദൈവത്തിന് നല്കുന്ന സംപ്രീതിയില്‍ ആനന്ദിക്കുവാന്‍ അവനോടു പറയുകയും ചെയ്തു. തന്റെ മാതാപിതാക്കന്മാരുടെ മരണശേഷം സംഭവിച്ച എല്ലാകാര്യങ്ങളും എങ്ങനെ ദാന്‍ ദരിദ്രനായിത്തീര്‍ന്നുവെന്നും അവന്‍ അവളോട് പങ്കുവച്ചു. അതു ശ്രവിച്ച് കൂടുതല്‍ സന്തുഷ്ടയായ അവള്‍ അവനെ കൂടുതലായി സമാശ്വസിപ്പിച്ചു.

വിശുദ്ധന്‍ ചിലയവസരങ്ങളില്‍ കൈയില്‍ പണമോ സമ്പത്തോ ഒന്നുമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകേണ്ടതായിവന്നു. തന്റെ വധുവിന് ജീവിതാവശ്യങ്ങള്‍പോലും നിറവേറ്റിക്കൊടുക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇതവനെ വേദനിപ്പിച്ചു. ഈ അവസരങ്ങളില്‍ മറിയം വളരെ അത്ഭുതകരമായ രീതിയില്‍ അവനെ സന്തോഷചിത്തനാക്കിത്തീര്‍ക്കുകയും നിരാശപ്പെടാതെ സന്തോഷചിത്തനായിരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ജോസഫിന് ഇങ്ങനെയുള്ള അവസരത്തില്‍ സ്വയമേ ഒന്നും ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. അവളുടെ ഉന്നതമായ സുകൃതങ്ങളെ പ്രകീര്‍ത്തിക്കുവാനും അവളുടെ വാക്കുകളിലൂടെ ആശ്വാസം പ്രാപിക്കാനും മാത്രമേ കഴിഞ്ഞിരുന്നുള്ളു.

ഒരിക്കല്‍ വിശുദ്ധരായ ആ ദമ്പതികള്‍ക്ക് ഭക്ഷിക്കാന്‍ യാതൊന്നുമില്ലായിരുന്നു. അവരുടെ ആവശ്യങ്ങള്‍ക്കായി എന്തെങ്കിലും സമ്പാദിക്കുവാന്‍ ഒരു വഴിയും കാണാതെ വിഷമിച്ച ആ സമയത്ത് മറിയം തന്റെ ഭര്‍ത്താവിനോട് ഭക്ഷണമേശയ്ക്കരികെ ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം അവന്റെ അരികിലിരുന്ന് ദാരിദ്ര്യത്താലും ഇപ്പോള്‍ നിലനില്‍പ്പിനാവശ്യമായതിന്റെ അഭാവത്താലും വളരെയധികം ക്ലേശമനുഭവിക്കുന്ന ജോസഫിനെ അവിടുത്തെ കാരുണ്യാതിരേകത്താല്‍ ആശ്വസിപ്പിക്കണമെന്ന് അവള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അതിനുശേഷം, ദൈവമഹത്വത്തെക്കുറിച്ചും ഔദാര്യത്തെക്കുറിച്ചും അവള്‍ സംസാരിക്കാന്‍ തുടങ്ങി. ജോസഫ് ദൈവികാനന്ദത്തില്‍ നിറയുവാന്‍ തക്കവിധം അത്രമാത്രം ഭക്തിയോടെയാണ് അവള്‍ അതു ചെയ്തത്. മറിയവും കുറെ സമയത്തേക്ക പൂര്‍ണ്ണമായും ദൈവത്തില്‍ ആമഗ്നയാകുകയും അവര്‍ രണ്ടുപേരും ഉത്തുംഗമായ ആ അനുഭവത്തില്‍ ലയിക്കുകയും ചെയ്തു. വിഭവസമൃദ്ധമായ സദ്യകഴിച്ച് സംതൃപ്തരായവരെന്നപോലെ ഒരനുഭവത്താല്‍ അവര്‍ നിറയുവാന്‍ തക്കവിധം അവിടുത്തെ സ്‌നേഹാധിക്യവും മാധുര്യവും രുചിച്ചറിയാന്‍ ദൈവം അവരെ അനുവദിച്ചു. ജീവിതസാഹചര്യങ്ങളില്‍ ഏതെങ്കിലുമൊക്കെ ഇല്ലായ്മകള്‍ അനുഭവപ്പെടുമ്പോള്‍ ദൈവംതന്നെ അവിടുത്തെ കൃപാവരങ്ങളാല്‍ നമ്മെ സംതൃപ്തരാക്കുമെന്നതിനാല്‍ അങ്ങിനെയുള്ള അവസരങ്ങളില്‍ തീര്‍ച്ചയായും സന്തോഷിക്കുകയാണ് വേണ്ടതെന്ന് തന്റെ ഭര്‍ത്താവിനെ ഉദ്‌ബോധിപ്പിക്കുവാന്‍ മറിയം ഈ അവസരം പ്രയോജനപ്പെടുത്തി.

ദൈവത്തിന്റെ നന്മയിലും ഔദാര്യത്തിലും ഒപ്പം മറിയത്തിന്റെ പരിശുദ്ധിയിലും ജോസഫ് കൂടുതല്‍ അവബോധമുള്ളനായി. മറിയം കാരണം ദൈവം തന്നോട് വളരെയധികം ഔദാര്യം പ്രദര്‍ശിപ്പിക്കുന്നുവെന്ന് അവന്‍ വിശ്വസിച്ചു. ചിലയവസരങ്ങളില്‍ അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ദാനമായി നല്കാന്‍ ചിലയാളുകള്‍ക്ക് ദൈവം പ്രചോദനം നല്കി. അവരുടെ ഊണുമേശയില്‍ ഭക്ഷണസാധനങ്ങളോ റൊട്ടിയോ പഴവര്‍ഗ്ഗങ്ങളോ ഒരു മാലാഖ കൊണ്ടുവന്നു വയ്ക്കുന്ന അവസരങ്ങളും ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു. അവര്‍ അങ്ങേയറ്റം ആവശ്യക്കാരായിരുന്നപ്പോഴും മറ്റൊരുവിധത്തിലും ഭക്ഷണസാധനങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെവന്ന അവസരങ്ങളിലുമാണ് ഇതു സംഭവിച്ചിരുന്നത്. ആ ദിവസത്തിന്റെ ബാക്കിസമയം മുഴുവന്‍ അവര്‍ അനുസ്യൂതം ദൈവത്തിന് സ്തുതിയും നന്ദിയുമര്‍പ്പിക്കുമായിരുന്നു.

അങ്ങനെ മറിയവും ജോസഫും തങ്ങളുടെ പുണ്യാഭ്യാസത്തില്‍ മുന്നേറിക്കൊണ്ടിരുന്നു. അവര്‍ ദാരിദ്ര്യത്തിലൂടെ കടന്നുപോയിരുന്നു. ദൈവതിരുമുമ്പില്‍ അവര്‍ തങ്ങളെത്തന്നെ കൂടുതല്‍ കൂടുതല്‍ എളിമപ്പെടുത്തിയിരുന്നു. അതിസ്വാഭാവികമായ അനുസരണത്താല്‍ അവര്‍ പരസ്പരം വിധേയപ്പെട്ടിരുന്നു. സത്യത്തില്‍ മാലാഖമാര്‍പോലും സ്തുതിച്ചു മഹത്വപ്പെടുത്തുവാന്‍ തക്കവിധം മറിയം എല്ലാക്കാര്യങ്ങളിലും എല്ലാവിധത്തിലും ഉന്നതയായിരുന്നു. ദൈവികകാര്യങ്ങളെക്കുറിച്ചുള്ള അവരുടെ അനേക സംഭാഷണങ്ങള്‍വഴി മറിയവും ജോസഫും തങ്ങളുടെ സ്രഷ്ടാവായ ദൈവത്തെപ്രതി സ്‌നേഹത്താല്‍ ജ്വലിച്ചുയരുകയായിരുന്നു. അവിടുന്നു മാത്രമായിരുന്നു അവരുടെ ചിന്തയുടെയും സംസാരത്തിന്റെയും പ്രവൃത്തിയുടെയും കേന്ദ്രബിന്ദു. മറിയവുമായുള്ള സംഭാഷണത്തിലൂടെ എത്രയധികമായി ജോസഫില്‍ ദൈവസ്‌നേഹ വര്‍ദ്ധനവും പുണ്യാഭിവൃദ്ധിയും ഉണ്ടായി എന്ന് വിവരിക്കുവാന്‍ സാധിക്കുമായിരുന്നില്ല. എല്ലാ അനുഗ്രഹങ്ങളും ദൈവത്തില്‍ നിന്നാണ് തനിക്ക് ലഭിക്കുന്നതെന്ന് വിശുദ്ധന് നല്ല തിരിച്ചറിവുണ്ടായിരുന്നു. അതിനാല്‍ അവയ്ക്കായി അവന്‍ നിരന്തരം അവിടുത്തേക്ക് നന്ദിയര്‍പ്പിച്ചിരുന്നു. ദൈവം തന്റെ ഭാഗത്തുന്നു കൂടുതല്‍ കൂടുതല്‍ സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊണ്ടേയിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles