വിവാഹവേളയില്‍ വി. യൗസേപ്പിതാവിന്റെയും പരി. കന്യകാമറിയത്തിന്റെയും ഹൃദയത്തില്‍നിന്നും സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്ന അഗ്നിജ്വാലകള്‍ എന്തിനെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 40/100

എളിയവനായ ജോസഫിന്റെ ഹൃദയവിചാരങ്ങള്‍ ആര്‍ക്കും എളുപ്പം ഭാവനയില്‍ കാണാന്‍ കഴിയും. തന്റെ അയോഗ്യതയെക്കുറിച്ചോര്‍ത്ത് അല്പം പരിഭ്രമിച്ചെങ്കിലും സംഭവിച്ചതിനെയോര്‍ത്ത് അവന്‍ തീര്‍ച്ചയായും ആഹ്‌ളാദഭരിതനായി, ദൈവികാനന്ദത്തില്‍ ആമഗ്നനായി. അവന്‍ ആവര്‍ത്തിച്ച് ഉദ്‌ഘോഷിത്തു, ‘ഓ എന്റെ ദൈവമേ, ഇത്രയും ഉന്നതമായ ഈ കൃപ എനിക്ക് എങ്ങനെ ലഭിച്ചു! ഇത്രയും വലിയൊരു അനുഗ്രഹം ലഭിക്കാനായി ഞാനെന്താണ് ചെയ്തത്? അങ്ങ് എനിക്കായി കരുതിയിരിക്കുന്ന അതിസ്വാഭാവികമായ കൃപയെക്കുറിച്ചും അത് സ്വീകരിക്കാനായി ഒരുങ്ങേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ചും മാലാഖ വ്യക്തമായി എന്നോട് സംസാരിച്ചിരുന്നു. പരിശുദ്ധി കാത്തുസൂക്ഷിക്കാനായി ഞാനിത് സ്വീകരിക്കുന്നു. ഓ എന്റെ ദൈവമേ, അങ്ങയുടെ കൃപയില്‍ ആശ്രയിച്ചും എന്റെ വിശ്വസ്ത വധുവും വെള്ളരിപ്രാവുമായ മറിയത്തിന്റെ സഹായത്താലും അങ്ങ് എന്നെ ഏല്പിച്ച ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കും.’

ഈ സമയംകൊണ്ട് വിവാഹവാഗ്ദാന ചടങ്ങുകള്‍ക്കുവേണ്ടി മറിയത്തെ പുറത്തേക്കു കൊണ്ടുവന്നു. എല്ലാവരും അതില്‍ പങ്കെടുക്കാനായി കാത്തുനിന്നു. കണ്ണുകള്‍ താഴ്ത്തി, സ്ത്രീസഹജമായ ലജ്ജയോടെ കവിളുകളുകള്‍ ചുവന്നു തുടുത്താണ് അവള്‍ കാണപ്പെട്ടത്. അവളുടെ സൗന്ദര്യത്തികവിലും കൃപാവരത്തിന്റെ പ്രശോഭയാലും വിനയഭാവത്തിലും അവര്‍ അത്ഭുതപ്പെട്ടു. ജോസഫിനു ലഭിച്ചിരിക്കുന്ന സൗഭാഗ്യത്തെയോര്‍ത്ത് അവര്‍ക്ക് അവനോട് അസൂയ തോന്നി. ജോസഫ് അവളെ കണ്ടപ്പോള്‍ ആനന്ദത്താല്‍ കണ്ണുനീര്‍ തൂകി.

തന്റെ നിഷ്‌കളങ്കമായ വധു പരിശുദ്ധിയില്‍ വിളങ്ങി പ്രശോഭിക്കുന്നത് വിശുദ്ധന്‍ ശ്രദ്ധിച്ചു. തന്റെ അന്തരാത്മാവില്‍ ദൈവികസ്വരം അവന്‍ ശ്രവിച്ചു. ‘ജോസഫ്, എന്റെ വിശ്വസ്തനായ ദാസാ, ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്ത സമ്മാനം ഞാനിതാ ഇവിടെ നല്കുന്നു. ഭൂലോകത്തിലെ എന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയെ വധുവായി ഞാന്‍ നിനക്ക് നല്കുന്നു. ഞാന്‍ നിന്നെ ഭരമേല്പ്പിക്കുന്ന ഈ മുത്തിനെ നീ കാത്തുസൂക്ഷിക്കണം. നിഷ്‌കളങ്കമായ ഈ പ്രാവായിരിക്കും നിന്റെ വിശ്വസ്തയായ ഭാര്യ. നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ കന്യാത്വം കാത്തുസൂക്ഷിക്കണം. നിങ്ങളുടെ കന്യാത്വമായിരിക്കും നിങ്ങളെ തമ്മില്‍ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ശക്തി. നിങ്ങളുടെ വ്യക്തിപരമായ സ്‌നേഹം ഒന്നായി, ഒരു സ്‌നേഹമായിത്തീരണം. നിങ്ങളുടെ സ്‌നേഹത്തിന്റെ കേന്ദ്രബിന്ദു നിങ്ങളുടെ അഭിലാഷങ്ങളുടെ ഏകവിഷയവുമായ എനിക്ക് അതു നിങ്ങള്‍ സമര്‍പ്പിക്കണം.’

ജോസഫിന് ഹൃദയത്തില്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു. എത്രയും പരിശുദ്ധയായ തന്റെ വധുവിനെ ശരിക്ക് നോക്കി കാണുവാന്‍ അവന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍ വാസ്തവത്തില്‍, തന്റെ ഹൃദയത്തിലെ നിഷ്‌കളങ്കവും നിര്‍മ്മലവുമായ സ്‌നേഹവും അവളോടുള്ള തന്റെ വിധേയത്വവും മൂലം തന്റെ ജീവിതപങ്കാളിയുടെ സൗന്ദര്യത്തെയും മഹത്വത്തെയും ആദരവോടെ അവന്‍ നോക്കി കാണുകയായിരുന്നു. ഓരോ പ്രാവശ്യവും അവളെ നോക്കുമ്പോള്‍ അവന്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. അതിസ്വാഭാവികമായ പരിജ്ഞാനംവഴി തന്റെ വധു ദൈവകൃപയാല്‍ പൂരിതയാണെന്ന് അവന്‍ മനസ്സിലാക്കി. അതിനാല്‍ അവന്‍ തന്നെത്തന്നെ എളിമപ്പെടുത്തി. അവളെ തന്റെ പങ്കാളിയായി ലഭിക്കുന്നതിനുള്ള തന്റെ അയോഗ്യതയെ അംഗീകരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ‘ഓ എന്റെ ദൈവമേ, എന്നോട് ഇത്രയും ഔദാര്യം പ്രദര്‍ശിപ്പിക്കാന്‍ അങ്ങേക്ക് എങ്ങനെ കഴിഞ്ഞു.’

ആ നാളുകളില്‍ നിലവിലുണ്ടായിരുന്ന ആഘോഷച്ചടങ്ങുകള്‍ പുരോഹിതന്‍ ആരംഭിച്ചു. ഈ ആഘോഷകര്‍മ്മങ്ങള്‍ക്കിടയില്‍ ഈ വിശുദ്ധരായ വധുവരന്മാര്‍ തങ്ങളുടെ രണ്ടുപേരുടെയും ഹൃദയത്തിനുള്ളില്‍നിന്ന് ഒരു അഗ്നിജ്വാല ജ്വലിച്ചുവരുന്നതും പിന്നീട് അത് രണ്ടുംകൂടി ഒന്നുചേര്‍ന്ന് ഒറ്റ അഗ്നിജ്വാലയായി സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു പോകുന്നതും അവര്‍ ദര്‍ശിച്ചു. ഈ ഗോചരമായ അടയാളത്തിലൂടെ ജോസഫിനോട് ദൈവം മുന്‍കൂട്ടി അറിയിച്ച കാര്യം ഒന്നുകൂടി വ്യക്തമാക്കി കൊടുക്കുകയായിരുന്നു. അതായത്, ഈ വിവാഹത്തിലൂടെ രണ്ടുപേരുടെയും സ്‌നേഹത്തിന്റെ സംയോജനം ഉണ്ടാകുമെന്നും ആ സ്‌നേഹത്തിന്റെ ഏകവിഷയം ദൈവം മാത്രമായിരിക്കും എന്നും.

ഈ സമയത്ത് വളരെ ഹൃദയംഗമമായ ആശംസകളോടെ പുരോഹിതന്‍ പരിശുദ്ധ കന്യകയെ ജോസഫിന് ഭരമേല്പിച്ചു. അതിനുശേഷം വിശുദ്ധരായ നവദമ്പതികള്‍ ഒഴികെ എല്ലാവരും ദൈവാലയത്തില്‍ നിന്നു പോയി. എത്രയും പരിശുദ്ധവധുവിന്റെ അനിതരസാധാരണമായ സുകൃതങ്ങളെക്കുറിച്ചുള്ള അറവ് ജോസഫില്‍ വര്‍ദ്ധിച്ചുവന്നു. ഒപ്പം തന്റെ എത്രയും പരിശുദ്ധ വരന്റെ സുകൃതങ്ങളും മഹത്വവും മറിയവും വ്യക്തമായി മനസ്സിലാക്കി. തങ്ങളോട് അതിയായ ഔദാര്യം കാണിച്ച് എത്രയും പരിശുദ്ധവും പരിപൂര്‍ണ്ണവുമായ സ്‌നേഹത്തില്‍ തങ്ങളെ ഒന്നിപ്പിച്ച ദൈവികനന്മയ്ക്ക് അവര്‍ ഒന്നുചേര്‍ന്ന് നന്ദിയര്‍പ്പിച്ചു. അവരുടെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ദൈവികാശീര്‍വ്വാദവും സ്വന്തമാക്കി. ജോസഫിനാല്‍ ആനയിക്കപ്പെട്ട് അവര്‍ സന്തോഷത്തോടെ ദേവാലയത്തില്‍നിന്നു പോന്നു. അവളുടെ പെരുമാറ്റം വിനീതവും ആകര്‍ഷകവും പ്രൗഢിയുള്ളതുമാണെന്ന് അവന്‍ മനസ്സിലാക്കി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles