വി. യൗസേപ്പിതാവിന് പിതാവായ ദൈവം കൊടുത്ത ഉറപ്പ് എന്തായിരുന്നു?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 20/100

ജോസഫിന്റെ ആഴമായ വിശ്വാസത്താല്‍ മാലാഖവഴി ദൈവം തനിക്ക് നല്‍കിയ വാഗ്ദാനങ്ങളെ അവന്‍ ഒരിക്കലും സംശയിച്ചില്ല. അവയുടെ പൂര്‍ത്തീകരണം അനിശ്ചിതമായ രീതിയാല്‍ നീട്ടിക്കൊണ്ടുപോയപ്പോഴും സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ എല്ലാം സംഭവിക്കും എന്ന് അവന്‍ ദൃഢമായി വിശ്വസിച്ചു. അങ്ങനെ അബ്രഹാത്തിന്റെ വിശ്വാസത്തെ അവന്‍ അനുകരിച്ചു. മാലാഖയുടെ സന്ദേശങ്ങള്‍ വിശ്വാസയോഗ്യമായിത്തന്നെ അവന്‍ പരിഗണിച്ചു. അതിനാല്‍ അവന്‍ ക്ഷമയോടെ കാത്തിരുന്നു. അതോടൊപ്പം തങ്ങളുടെ ഏറ്റവും വലിയ സമാശ്വാത്തിന്റെ പൂര്‍ത്തീകരണത്തിനായി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ദൈവകല്പനകള്‍ കൃത്യമായി പാലിച്ചുള്ള ഒരു ജീവിതമാണ് ജോസഫ് നയിച്ചിരുന്നത്. അതിന്റെ ഫലമായി സ്വര്‍ഗീയ സമാശ്വാസങ്ങള്‍ എപ്പോഴും ജോസഫിനു ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തത ഒരുപടികൂടി പരീക്ഷിക്കുവാന്‍ ദൈവം നിശ്ചയിച്ചു. അവനു ലഭിച്ചിരുന്ന എല്ലാ ആത്മീയപ്രകാശങ്ങളും ആന്തരികസമാശ്വാസങ്ങളും ദൈവം പിന്‍വലിച്ചു. മാലാഖയുടെ സന്ദര്‍ശനത്താല്‍ ലഭിച്ചിരുന്ന പ്രകടമായ സഹായങ്ങളും നിലച്ചു. അങ്ങനെയുള്ള ഒരു മാലാഖയുടെ അസ്തിത്വംപോലും അനുഭവപ്പെടാതായി. തല്‍ഫലമായി ജോസഫ് വളരെയധികം പരിക്ഷീണിതനും ഉല്‍ക്കണ്ഠാകുലനുമായിത്തീര്‍ന്നു.

ഈ ബുദ്ധിമുട്ടേറിയ സമയത്തും പതിവാായി താന്‍ അനുഷ്ഠിച്ചിരുന്ന ഭക്തകൃത്യങ്ങളൊന്നും ജോസഫ് ഉപേക്ഷിച്ചില്ല. മറിച്ച്, തന്റെ പ്രാര്‍ത്ഥനയും ഉപവാസവും ഈ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവന്‍ രാത്രിമുഴുവനും ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. ഏതെങ്കിലും വിധത്തില്‍ താന്‍ ദൈവത്തെ വേദനിപ്പിച്ചു എന്ന ചിന്തയാല്‍ അവന്‍ ഭയചകിതനായി. ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണം മാലാഖയിലൂടെ വെളിപ്പെടുത്തിത്തരണമേയെന്ന് അവന്‍ ദൈവത്തോടര്‍ത്ഥിച്ചു. എങ്കില്‍ അവയ്ക്കുവേണ്ടി തനിക്ക് പ്രായശ്ചിത്തം അനുഷ്ഠിക്കാമല്ലോ. ദൈവസഹായം പിന്‍വലിക്കാന്‍ കാരണമായി എന്തെങ്കിലും താന്‍ ചെയ്തതായി കണ്ടെത്താന്‍ അവനു കഴിഞ്ഞതുമില്ല.

ആ ദുരിതപൂര്‍ണ്ണമായ അവസ്ഥാവിശേഷം ഏതാനും മാസങ്ങള്‍ നീണ്ടുനിന്നു. അവന്‍ അവയെല്ലാം ധൈര്യപൂര്‍വ്വം സഹിച്ചു. ഈ വലിയ പീഡയില്‍ ദൈവംതന്നെ തനിക്ക് ആശ്വാസമരുളുമെന്നുള്ള ഉറച്ച പ്രത്യാശ അവനുണ്ടായിരുന്നു. എത്രമാത്രം ഉപേക്ഷിക്കപ്പെട്ടവനായി അനുഭവപ്പെട്ടുവോ അതിനനുസരിച്ച് അവന്റെ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും വര്‍ദ്ധിച്ചു. പ്രാര്‍ത്ഥന വഴി അവന്‍ ദൈവത്തോട് ഒട്ടിച്ചേര്‍ന്നുനിന്ന് ദൈവതിരുമനസ്സിന് തന്നെത്തന്നെ കൂടുതല്‍ കൂടുതല്‍ വിധേയപ്പെടുത്തി. ദൈവകൃപയോടുള്ള തന്റെ സഹകരണക്കുറവിനാല്‍ ഇങ്ങനെയുള്ള ഉപേക്ഷിക്കപ്പെടലിന് താന്‍ അര്‍ഹനാണെന്ന് ദൈവത്തോട് ഏറ്റുപറഞ്ഞ് അവന്‍ തന്നെത്തന്നെ എളിമപ്പെടുത്തി.

ഈ സാഹചര്യത്തില്‍, വിശുദ്ധനെ പലവിധത്തില്‍, പ്രത്യേകിച്ച് അശരണത്തില്‍, പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ അനുവദിച്ചു. എന്നാല്‍ ദൈവനന്മയാല്‍ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ചുകൊണ്ട് അചഞ്ചലനായി അവന്‍ നിലകൊണ്ടു. ഉപേക്ഷിക്കപ്പെട്ട അവസ്ഥ ക്ഷമയോടും സ്ഥിരതയോടുംകൂടി സഹിച്ച് തിന്മയുടെ ശക്തിയുടെ എല്ലാവിധ പ്രലോഭനങ്ങളെയും വിജയിച്ചപ്പോള്‍ ദൈവം അതില്‍ വളരെ സംപ്രീതനാവുകയും അവനെ മോചിപ്പിക്കുകയും അവന്റെ വിശ്വസ്തതയ്ക്ക് പ്രതിഫലമരുളുകയും ചെയ്തു.

ഒരു രാത്രിയില്‍ മനോവേദനയോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസഫ് ദൈവസ്വരം ശ്രവിച്ചു. ദൈവത്തിന് അവനോടുള്ള സ്‌നേഹത്തില്‍ അവനെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും പകരം അവിടുത്തെ കൃപയാല്‍ അവനെ സഹായിച്ചുകൊണ്ട് അവന്റെ അരികിലുണ്ടെന്നും ഉറപ്പുനല്‍കി. അത്യപൂര്‍വ്വവും മാധുര്യപൂര്‍ണ്ണവുമായ ആ സ്വരം അവനില്‍ ആഴ്ന്നിറങ്ങി. സമാശ്വാസത്തിന്റെ പൂര്‍ണ്ണതയില്‍ അവന്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. ഈ വെളിപ്പെടുത്തലിലൂടെ അവന്റെ മനസ്സ് പൂര്‍വ്വാധികം പ്രകാശപൂര്‍ണ്ണമായിത്തീര്‍ന്നു. ഇത്രയും ഉന്നതമായ വിധം തന്നെ സമാശ്വസിപ്പിച്ചതിനും തന്റെ ആന്തരിക സമാധാനം തനിക്ക് തിരികെ ലഭിച്ചതിനും അവന്‍ ദൈവത്തിന് നന്ദിയുടെ സ്തുതിസ്‌തോത്രങ്ങള്‍ അര്‍പ്പിച്ചു.

കുറച്ചുസമയം ദൈവ ഐക്യത്തിലും നന്ദിപ്രകടനങ്ങളിലും ആയിരുന്നതിനുശേഷം ജോസഫ് നിദ്രയെ പുല്‍കി. അപ്പോള്‍ മാലാഖ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു സംസാരിച്ചു. പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ അവന്‍ പ്രകടിപ്പിച്ച വിശ്വസ്തതയിലും ഉപേക്ഷിക്കപ്പെട്ട ഈ കാലഘട്ടത്തിലെ അവന്റെ എല്ലാ പ്രവൃത്തികളിലും ദൈവം അതീവ സംപ്രീതനാണെന്ന് മാലാഖ അവനെ അറിയിച്ചു. ദൈവം ഇതെല്ലാം അനുവദിച്ചത് അവനെ പരീക്ഷിക്കാനാണെന്നും അല്ലാതെ അവന്‍ ഭയപ്പെട്ടിരുന്നതുപോലെ ഏതെങ്കിലും വിധത്തില്‍ അവന്‍ ദൈവത്തെ വേദനിപ്പിച്ചിട്ടില്ലെന്നും അവനോടും പറഞ്ഞു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles