വി. യൗസേപ്പിതാവ് എങ്ങനെയാണ് പൈശാചികപീഢകളെ അതിജീവിച്ചതെന്ന് അറിയാമോ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 14/100

പിശാച്, എല്ലാ നന്മകളുടെയും ആജന്മശത്രുവായവൻ, ജോസഫിൽ വിളങ്ങി പ്രശോഭിച്ചിരുന്ന അത്ഭുതാവഹമായ വിശുദ്ധിയിൽ അസൂയപൂണ്ടു രോഷാകുലനായിത്തീർന്നു. ജോസഫിന്റെ സുകൃതങ്ങൾ മറ്റു പലരെയും നന്മയിലേക്കു നയിക്കാൻ പ്രചോദനം നല്കുന്നതായി കണ്ടതിനാൽ അവന്റെ ക്രോധം ഉഗമായിത്തീർന്നു. എങ്ങനെയെങ്കിലും ജോസഫിനെ അരിശംകൊള്ളിച്ചോ അക്ഷമനാക്കിത്തീർത്തോ ദൈവത്തോടുള്ള അവന്റെ ഉജ്ജ്വലസ്നേഹത്തിൽനിന്നു പിൻതിരിക്കാനും അവിടുത്തെ സേവിക്കാനുള്ള തീക്ഷണതയെ മന്ദീഭവിപ്പിക്കാനും സാത്താൻ ദൃഢനിശ്ചയം ചെയ്തു. അതിനുവേണ്ടി മോശമായ ജീവിതം നയിക്കുന്ന ഒരുപറ്റം വ്യക്തികളെ ജോസഫിനെതിരായി ഇളക്കിവിട്ടു. ഈ വിശുദ്ധാത്മാവിനോടുള്ള അത്യുഗ്രമായ വെറുപ്പും വിദ്വേഷവുംകൊണ്ട് അവരുടെ ഹൃദയങ്ങളെ അവൻ നിറച്ചു. അതോടൊപ്പം ജോസഫിന്റെ സുകൃതപൂർണ്ണമായ പ്രവർത്തനങ്ങളും ജീവിതവും അവരിൽ കുറ്റബോധവും അപമാനവും ജനിപ്പിച്ചിരുന്നു.

അസാന്മാർഗ്ഗികളായ കുറച്ചു ചെറുപ്പക്കാർ ഒത്തുകൂടി ജോസഫിനെ കണ്ടുമുട്ടുമ്പോഴെല്ലാം അവന്റെമേൽ അസഭ്യവാക്കുകൾ ചൊരിഞ്ഞു. അവനെ ആക്രമിക്കാൻ അവർ ഗുഢാലോചന നടത്തി. ജോസഫിനെ കണ്ടുമുട്ടുവാൻ അവസരങ്ങൾ മനഃപൂർവ്വം ഉണ്ടാക്കി അവർ അദ്ദേഹത്തെ നിരന്തരം നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തു.

ആ സമയങ്ങളിൽ വിശുദ്ധനായ ജോസഫ് തലതാഴ്ത്തി ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്തി അതെല്ലാം ശാന്തതയോടെ സ്വീകരിക്കാനുള്ള കൃപ നല്കണമെന്നും അവരുടെ തെറ്റ് മനസ്സിലാക്കാനുള്ള ആത്മീയപ്രകാശം അവർക്ക് കൊടുക്കണമെന്നും പ്രാർത്ഥിച്ചു. അവരുടെ ഭർത്സനങ്ങൾ ജോസഫ് അല്പം പോലും ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ യുവാക്കൾ അവനെ വെറും ഭീരുവായും ഭയന്നോടുന്ന മുയലായും പ്രതികരണശേഷിയില്ലാത്ത മണ്ടനായും ചിത്രീകരിച്ചു.

ജോസഫ് ശാന്തനായി കടന്നുപോകുമ്പോഴും ആ യുവാക്കന്മാർ വിവേകശൂന്യരായി അദ്ദേഹത്തെ പിൻതുടർന്ന് വേദനിപ്പിക്കുന്ന ഭാഷയിലുള്ള അവരുടെ പരിഹാസം തുടർന്നുകൊണ്ടിരുന്നു. അവരെ നിശ്ശബ്ദരാക്കുന്നതിന് എന്തെങ്കിലും മറുപടി താൻ പറയണോ അതോ ക്ഷമയോടെ എല്ലാം കേട്ട് നിശ്ശബ്ദനായിരിക്കണമോയെന്ന് ഈ വിശുദ്ധനായ യുവത്തിടമ്പിന്റെ ഉള്ളിൽ ഒരു സമ്മിശ്രവികാരം ഉടലെടുത്തു; ഉടൻതന്നെ നിശ്ശബ്ദനായി എല്ലാം സ്വീകരിച്ച് ദൈവത്തിന് കൂടുതൽ ആനന്ദം നല്കണമെന്നുള്ള ഒരു ആന്തരികപ്രചോദനം ലഭിച്ചു. അങ്ങനെയുള്ള പീഡനങ്ങളെല്ലാം നിരുപാധികം സഹിക്കാൻ മാത്രമല്ല സന്തോഷത്തോടെ സ്വീകരിക്കാനുള്ള തീരുമാനമെടുക്കാൻപോലും അത് അവനെ പ്രാപ്തനാക്കി.

തത്ഫലമായി സാത്താൻ പരാജയപ്പെടുകയും പരിഹാസകർ അശക്തരായിത്തീരുകയും ചെയ്തു. എന്നാൽ, യുവാക്കൾ പെട്ടെന്ന് തോറ്റു പിന്മാറാൻ തയ്യാറായില്ല. അവരുടെ ഉപദ്രവങ്ങൾ കുറച്ചുനാൾ കൂടി നീണ്ടുനിന്നു. അവസാനം അവരുടെ നിരർത്ഥകജല്പനങ്ങളിൽ അവർതന്നെ മടുത്തു ജോസഫിനെ ഏകനായി വിട്ടു പിന്മാറി. ജോലി സംബന്ധമായ ഏതെങ്കിലും കാര്യത്തിന് ജോസഫ് എപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാലും യുവാക്കളുടെ ഈ ഭർത്സനങ്ങൾക്ക് അവൻ വിധേയനാകേണ്ടിവന്നു. അവൻ ആരോടും, തന്റെ മാതാപിതാക്കന്മാരോടുപോലും ഇതിനെക്കുറിച്ച് പരാതി പറഞ്ഞില്ല. എപ്പോഴും ശാന്തമായ ഒരു പ്രസന്നഭാവം ജോസഫ് പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, ജോസഫിന്റെ പിതാവ് തന്റെ മകൻ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മറ്റുള്ളവരിൽനിന്ന് അറിയാനിടയായി. കാര്യങ്ങൾ അദ്ദേഹം അന്വേഷിച്ചറിഞ്ഞു. അസന്മാർഗ്ഗികളായ ആ യുവാക്കളെ നേരിടുവാൻ ആ പിതാവ് തീരുമാനിച്ചെങ്കിലും ജോസഫ് വളരെ ശാന്തനായി, അങ്ങനെയുള്ള അവസരങ്ങൾ തനിക്ക് ആനന്ദദായകമാണെന്ന് പിതാവിനെ അറിയിച്ചു. അവരോട് പ്രതികരിക്കരുത് എന്ന് ജോസഫ് പിതാവിനോട് അപേക്ഷിച്ചു. എന്തെന്നാൽ കടമയോടെ ഇത് സഹിക്കുന്നതുവഴി ദൈവത്തെ പ്രീതിപ്പെടുത്തുകയാണു ചെയ്യുന്നതെന്ന് അവന് ഉറപ്പുണ്ടായിരുന്നു. അവൻ തുടർന്നു: “പിതാവേ, നമ്മുടെ പിതാക്കന്മാരും പ്രവാചകരും ഇങ്ങനെയുള്ള ആക്ഷേപങ്ങൾ എത്ര പൂർണ്ണമനസ്സാടെയാണ് സ്വീകരിച്ചിരുന്നതെന്ന് അങ്ങക്കറിയാമല്ലോ. ദാവീദ് രാജാവ് പീഡനങ്ങളും പരിഹാസങ്ങളും എങ്ങനെയാണ് സ്വീകരിച്ചത് എന്ന് അങ്ങ് കേട്ടിട്ടില്ലേ? എന്നാൽ, അവരൊക്കെ ദൈവത്തിന്റെ പ്രിയപ്പെട്ടവരും കൂട്ടുകാരുമായിത്തീർന്നുവെന്ന് നമുക്കറിയാം. ദൈവം നമുക്ക് അനുവദിച്ചുതരുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് നമുക്കും അവരെ അനുകരിക്കാം. “

ഈ വാക്കുകളാൽ ജോസഫിന്റെ പിതാവ് വളരെയധികം പ്രകാശിതനായി തീർന്നു. തന്റെ മകനിൽ അദ്ദേഹം സംപ്രീതനായി. ഈ ദുരിതങ്ങൾ സഹിക്കുവാൻ അദ്ദേഹം ജോസഫിനെ അനുവദിച്ചു. തന്റെ മകനെ ബുദ്ധിമുട്ടിപ്പിക്കുന്നവരോട് തന്റെയുള്ളിൽ ഉയർന്നുവന്ന അമർഷത്തിന് അദ്ദേഹം കീഴടങ്ങിയില്ല. ഈ വിശുദ്ധനായ യുവാവിനെ കീഴടക്കാൻ ഒരവസരവും സാത്താനു ലഭിച്ചില്ല. പകരം അവൻ കൂടുതൽ കൂടുതൽ പരാജിതനാവുകയാണ് ചെയ്തത്. ജോസഫിന്റെ ക്ഷമയും ഹൃദയപരിശുദ്ധിയും നശിപ്പിക്കുവാൻ അവൻ മറ്റുപായങ്ങൾ തേടുവാൻ തുടങ്ങി.

സാത്താന് അടിപ്പെട്ട ഒരു സ്ത്രീയുണ്ടായിരുന്നു. ജോസഫിനെതിരെ അവളെ അവൻ ഉപയോഗിച്ചു ചില ഉപദ്രവങ്ങൾ സൃഷ്ടിച്ചു. ആ സ്ത്രീക്ക് ജോസഫിനെ കാണുന്നതുപോലും അരോചകമായിത്തീർന്നു. അവൾ ജോസഫിന്റെ അമ്മയുടെ അടുക്കൽ ചെന്ന് ജോസഫിനെക്കുറിച്ച് മോശമായ പരാതികൾ പറഞ്ഞു. “എല്ലാവരും അവനെ പരിഹസിക്കുകയാണ്. ആർക്കും അവനെ ഇഷ്ടമില്ല.” അവൾ പറഞ്ഞു: “അവൻ അല്പംപോലും സുകൃതവാനല്ല. ഏറെത്താമസിയാതെ അവന്റെ ദാനധർമ്മം ചെയ്യുന്നതിലുള്ള ദുർവ്യയസ്വഭാവം കാരണം കുടുംബസ്വത്ത് മുഴുവൻ ധൂർത്തടിച്ചു തീർക്കും. അവന്റെ ഈ ദൗർബല്യം അറിയാവുന്നവർ വീട്ടിൽനിന്ന് അവൻ ഇറങ്ങുമ്പോൾ മുതൽ തന്നെ അവന്റെ പുറകെ കൂടും.” വിശുദ്ധന്റെ അമ്മ വളരെ അറിവും ജ്ഞാനവും ഉള്ളവളായിരുന്നു; തന്റെ മകനെക്കുറിച്ച് അവൾക്ക് വ്യക്തമായ ഉൾക്കാഴ്ചയുണ്ടായിരുന്നു. എങ്കിലും ഈ സ്ത്രീയുടെ തുടർച്ചയായുള്ള കുറ്റപ്പെടുത്തലുകൾക്ക് മുമ്പിൽ അവൾ അസ്വസ്ഥയായി (ദൈവം അങ്ങനെ തിരുമനസ്സായി). അതിനാൽ അവൾ ഇടയ്ക്കിടയ്ക്ക് ജോസഫിനെ ശക്തിയായി കുറ്റപ്പെടുത്തി താക്കീതു ചെയ്തുകൊണ്ടിരുന്നു. തന്നെത്തന്നെ നീതീകരിക്കാതെ ജോസഫ് അതെല്ലാം ക്ഷമയോടെ സ്വീകരിച്ചു.

ആരാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് ജോസഫിന് വ്യക്തമായി അറിയാമായിരുന്നെങ്കിലും അവന്റെ ഹൃദയത്തിൽ അല്പംപോലും വിദ്വേഷം വച്ചുപുലർത്തിയില്ല. ഒരിക്കൽ മാത്രം വളരെ താഴ്മയോടെ തന്നെക്കുറിച്ച് പറയപ്പെട്ടിരിക്കുന്ന കാര്യങ്ങൾ അസത്യമാണെന്നു ജോസഫ് അമ്മയോടു പറഞ്ഞു; അമ്മയുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തി സമാധാനം നശിപ്പിക്കാൻ സാത്താൻ ഒരുക്കുന്ന കെണികളാണ് ഇതെല്ലാം എന്നു വിവരിച്ചു കൊടുത്തു. തന്റെ മകന്റെ വാക്കുകളുടെ വെളിച്ചത്തിൽ ദുഷ്ട ശത്രുവിന്റെ കൗശലം അവൾ തിരിച്ചറിഞ്ഞു. പിന്നീട് ആ സ്ത്രീയെ വീട്ടിൽനിന്ന് അകറ്റിനിർത്തി. എന്നാൽ അവൾ പലവിധത്തിലും അവരുടെ ഭവനത്തെ ഉപദ്രവിക്കാൻ തുനിഞ്ഞിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles