ദൈവസുതനൊത്ത് നസ്രത്തിലേക്കുള്ള യാത്രയില്‍ വി. യൗസേപ്പിതാവിനുണ്ടായ അനുഭവങ്ങളെന്തൊക്കെയെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 96/200

രക്ഷകനോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്ന ജോസഫിനെ കണ്ട് ഈശോ ആനന്ദിച്ചു. മനുഷ്യവംശത്തിന്റെ ഉന്നമനത്തിനുവേണ്ടി ഈശോയുടെ മഹത്വവും വര്‍ദ്ധിക്കുന്നതിലാണ് അവന്റെ താല്പര്യം എന്ന് മനസ്സിലാക്കുകയും ചെയ്തു.ജോസഫിനെ വളരെ കൗതുകത്തോടെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്തുകൊണ്ട് അവിടുന്ന് തന്റെ സന്തോഷം പ്രകടമാക്കി. ദിവ്യശിശുവിന്റെ ആ കൃപാകടാക്ഷത്തില്‍ സ്‌നേഹം മാത്രമല്ല, പ്രൗഢഗംഭീരമായ രാജത്വവും പ്രകടമായിരുന്നു.ദൈവത്തോടുള്ള സ്‌നേഹാദിരേകത്താല്‍ മുമ്പത്തേക്കാള്‍ അധികമായി ജോസഫിന്റെ ഹൃദയം കൃതജ്ഞതാനിര്‍ഭരമായി ഉജ്ജ്വലിക്കാന്‍ തുടങ്ങി.

ഉണ്ണീശോയെ മാതാവിന്റെ കയ്യില്‍ തിരിച്ചേല്‍പ്പിച്ചുകൊണ്ടു അവന്‍ പറഞ്ഞു: ‘ഏറ്റം പരിശുദ്ധയായ കന്യകേ,ദൈവമനുഷ്യനായ നിന്റെ കുഞ്ഞിനെ എടുത്തു കൊള്ളുക; ഏറ്റം പരിശുദ്ധവും കന്യകാത്വവുമുള്ള നിന്റെ കരങ്ങളിലാണ് അവന് ഏറ്റവും വലിയ ആനന്ദവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയുക. നിന്നെയാണല്ലോ അവന്റെ അമ്മയാകാന്‍ തിരഞ്ഞെടുത്തത്; അതുകൊണ്ടുതന്നെ എല്ലാവിധ അനുഗ്രഹങ്ങളും കൃപകളും അവന്‍ നിന്റെമേല്‍ വര്‍ഷിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ നീ എപ്പോഴും അവന് മതിയായവളും മതിപ്പുള്ളവളുമായിരിക്കും.അതുകൊണ്ടു നിന്നെ പുല്‍കാന്‍ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിന്നില്‍ത്തന്നെയാണ് അവന്‍ ഏറ്റവും കൂടുതല്‍ വിശ്രമവും സംതൃപ്തിയും കണ്ടെത്തുന്നതും.’ ജോസഫിന്റെ വാക്കുകള്‍ മറിയത്തില്‍ എളിമയും വിനയവും ലജ്ജയും അഭിമാനവും സമ്മിശ്രങ്ങളായ വികാരങ്ങള്‍ ഉളവാക്കി. അതേസമയം അവള്‍ തന്റെ ആദ്യത്തെ സ്‌തോസ്ത്രഗീതം – എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ പാടിയ സ്തുതിഗീതം – ഒരിക്കല്‍ക്കൂടി പാടി കര്‍ത്താവിനെ മഹത്വപ്പെടുത്തി.

ജെറുസലേം വിട്ടുപോരുമ്പോള്‍ ബെത്‌ലെഹെമിലെ ഗുഹ സന്ദര്‍ശിക്കണമെന്ന് മറിയവും ജോസഫും തീരുമാനിച്ചിരുന്നു. കാരണം രക്ഷകന്‍ പിറന്നുവീണ വിശുദ്ധസ്ഥലത്തെ ഒരിക്കല്‍ കൂടി വണങ്ങണമെന്നു അവര്‍ ആഗ്രഹിച്ചു.അവിടെ എത്തിയപ്പോള്‍ അവര്‍ക്കു ലഭിച്ച ആന്തരിക സമാധാനവും സമാശ്വാസവും കുറച്ചൊന്നുമല്ല. അവരുടെ ഹൃദയം വിവരണാതീതമാംവിധം ദൈവസ്‌നേഹം കൊണ്ട് കത്തി ജ്വലിച്ചു. തുടര്‍ന്ന് ബത്‌ലേഹെമില്‍ നിന്ന് അവര്‍ നസ്രത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.

ആ യാത്രയില്‍ ദിവ്യശിശു ഒരു ഭാരമായി ഒരിക്കലും അവര്‍ക്കു അനുഭവപ്പെട്ടില്ല. ആശ്വാസവും സമാധാനവും മാത്രമാണ് അവര്‍ അനുഭവിച്ചത്. കുറച്ചു സമയം മറിയവും പിന്നീട് ജോസഫും മാറി മാറി ഈശോയെ എടുത്തുകൊണ്ടാണ് നടന്നു നീങ്ങിയത്. വഴിനീളെ അത്ഭുതകരമായ സംഭവങ്ങള്‍ക്കു അവര്‍ ദൃക്‌സാക്ഷികളായി. ബുദ്ധിശക്തിയും വിവേകവുമില്ലാത്ത ജീവജാലങ്ങള്‍ തങ്ങളുടെ സ്രഷ്ടാവിനെ ആരാധിക്കുന്നതുകണ്ടു ജോസഫും മറിയവും അത്ഭുതപ്പെട്ടു.കിളികളും കുരുവികളും വിശുദ്ധ തീര്‍ത്ഥാടകര്‍ക്കുചുറ്റും വട്ടമിട്ടു പറക്കുകയും ചിറകടിച്ചു സ്തുതിക്കുകയും പാട്ടുപാടി വണങ്ങുകയും ചെയ്തുകൊണ്ട് ആഘോഷപൂര്‍വം അവര്‍ തങ്ങളുടെ സ്രഷ്ടാവിന്റെ ആഗമനത്തെ സ്വാഗതം ചെയ്തു.

വളരെ കൗതുകത്തോടും ആകാംക്ഷയോടുംകൂടിയാണ് ജോസഫ് അതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നത്. മനുസ്യര്‍ ഒന്നും അറിയുന്നില്ലെങ്കിലെന്ത്? ജീവജാലങ്ങള്‍ തന്റെ രക്ഷകന്റെ ആഗമനം തിരിച്ചറിയുകയും അവിടുത്തേക്ക് മഹത്വവും നല്‍കുകയും ചെയ്യുന്നു! കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് അവന്‍ മാറിയത്തോടു പറഞ്ഞു .’നോക്കൂ മറിയം, നമ്മള്‍ ഇതാ വീട്ടിലേക്കു മടങ്ങുകയാണ്. അവിടെ നമുക്ക് നമ്മുടെ ഈശോയെ ശരിക്കും അറിയാനും അനുഭവിക്കാനും സാധിക്കും. അവിടെ അവനെ കഷ്ടപ്പെടുത്താതെ സമാധാനത്തില്‍ നമുക്ക് വളര്‍ത്താന്‍ പറ്റുകയും ചെയ്യും. നല്ലൊരു പാര്‍പ്പിടം അവിടെ ഒരുക്കി കൊടുക്കാനും നമുക്ക് സാധിക്കും. നമ്മുടെ കരങ്ങളില്‍ത്തന്നെ വഹിക്കാതെ അവന് സ്വസ്ഥമായി ഉറങ്ങാന്‍ ഒരിടം നമുക്ക് നല്‍കാന്‍ കഴിയും.’

ജോസഫിന്റെ വാക്കുകള്‍ക്കു തല കുലുക്കികൊണ്ടു പരിശുദ്ധ മറിയം ഇങ്ങനെയാണ് പ്രതികരിച്ചത്:’ദൈവനിശ്ചയം നിറവേറ്റുന്നതിനാണ് നമ്മള്‍ നസ്രത്തിലേക്കു പോകുന്നത്. അവിടുത്തെ ആജ്ഞകള്‍ അനുസരിക്കാന്‍ എപ്പോഴും നമ്മള്‍ ഒരുങ്ങിയിരിക്കുകയും ചെയ്യണം. എന്തെന്നാല്‍, നമ്മുടെ ഈശോ മനുഷ്യ രൂപമെടുത്തു വന്നത് സമാധാനം അന്വേഷിക്കുന്നതിനോ വിശ്രമം കണ്ടെത്തുന്നതിനോ അല്ല; സഹനങ്ങള്‍ ഏറ്റെടുക്കുന്നതിനാണ്. നമ്മളും അവനെ അനുകരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.’ ജോസഫ് തന്നെത്തന്നെ പൂര്‍ണ്ണമായും ദൈവഹിതത്തിനു സമര്‍പ്പിക്കുകയും ദൈവം ആവശ്യപ്പെടുന്നതെന്തും ചെയ്യാന്‍ തയ്യാറാണെന്ന് മറിയത്തോടു പറയുകയും ചെയ്തു. എങ്കിലും തന്റെ ഭാര്യ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥമെന്തെന്നു പൂര്‍ണ്ണമായും അപ്പോള്‍ ജോസഫിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

ഏറെ താമസിയാതെ നസ്രത്തില്‍ നിന്ന് അവര്‍ക്കു അപരിചിതമായ ഒരു ദേശത്തേക്കു പലായനം ചെയ്യേണ്ടി വരുമെന്ന് മറിയം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു.ജോസഫിനും മറിയത്തിനും അതുവഴി കുറെയേറെ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്നും അവള്‍ ഗ്രഹിച്ചിരുന്നു.ദൈവികരഹസ്യങ്ങളുടെ വ്യക്തമായ വെളിപ്പെടുത്തലുകള്‍ ലഭിക്കുന്നതുവരെ, പ്രത്യേകിച്ച് ജോസഫിനോട് ദൈവം നേരിട്ടു സംസാരിക്കുന്നതുവരെ, മറിയം തനിക്കു ലഭിക്കുന്ന വെളിപ്പെടുത്തലുകള്‍ രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

യാത്രയില്‍ മറിയം ഈശോയെ പാടി കേള്‍പ്പിച്ച കീര്‍ത്തനങ്ങളിലും സ്തുതിഗീതങ്ങളിലും ജോസഫ് അത്യധികം ആനന്ദിക്കുകയും അവളോടൊത്തു ഹൃദയത്തില്‍ കര്‍ത്താവിനെ സ്തുതിക്കുകയും ചെയ്തിരുന്നു. ഒരവസരത്തില്‍ അവന്‍ അതില്‍ സന്തോഷം കൊണ്ട് മതിമറന്നു കരഞ്ഞുപോയി; മറ്റൊരവസരത്തില്‍ അഭിഷേകത്താല്‍ ആനന്ദനിര്‍വൃതിയിലമര്‍ന്നു ;മറ്റവസരങ്ങളില്‍ ദൈവത്തിന്റെ സ്‌നേഹത്തില്‍ നിറഞ്ഞു ഹൃദയം കത്തി ജ്വലിച്ചു. തന്റെ പ്രിയ ഭാര്യയില്‍ കര്‍ത്താവ് കനിഞ്ഞനുഗ്രഹിച്ച നല്‍കിയിരിക്കുന്ന നിരവധിയായ കൃപാവരങ്ങളെയോര്‍ത്തു അവന്റെ ഹൃദയം കൃതജ്ഞതാനിര്‍ഭരമാകുകയും അത്യുന്നത ദൈവത്തിനു നന്ദി പറയുകയും ചെയ്തു. ചില സന്നര്‍ഭങ്ങളില്‍ ജോസഫും മറിയത്തോടൊപ്പം ദൈവത്തെ സ്തുതിച്ചു പാടുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അതു മറിയത്തില്‍ ആശ്വാസം പകരുകയും ആശ്ചര്യം ജനിപ്പിക്കുകയും ചെയ്തു.

യാത്രയില്‍ വിശുദ്ധന് തണുപ്പും വിശപ്പും ദാഹവും നന്നായി അനുഭവപ്പെട്ടിരുന്നു.എന്നാല്‍,അതെല്ലാം സന്തോഷത്തോടെ അവന്‍ സഹിച്ചു.വിഷമങ്ങളെക്കുറിച്ചു യാതൊരു പരാതിയും പറഞ്ഞില്ല.ഈശോയ്ക്കും മാതാവിനുംവേണ്ടി സഹിക്കുന്നതില്‍ വലിയ സന്തോഷമായിരുന്നു ജോസെഫിന്. എന്നാല്‍ മറിയത്തിന്റെയും ഉണ്ണീശോയുടെയും സഹനങ്ങളായിരുന്നു ജോസഫിനെ അലട്ടിയിരുന്ന ഏക ദുഃഖം. ശിമയോന്‍ മറിയത്തോടു പറഞ്ഞ പ്രവചനം – ദുഖത്തിന്റെ ഒരു വാള്‍ – എപ്പോഴും അവന്റെ മനസ്സില്‍ മിന്നിത്തിളങ്ങി നിന്നിരുന്നു. ഏറെ താമസിയാതെ അവരുടെ യാത്ര ജന്മനഗരത്തില്‍ എത്തിച്ചേര്‍ന്നു. നസ്രത് പട്ടണത്തില്‍ എത്തിയ ഉടനെ ജോസഫും മറിയവും അവരുടെ കൊച്ചുവീട്ടില്‍, ദൈവിക നിഗൂഢ രഹസ്യം നിറവേറിയ മറിയത്തിന്റെ മുറിയില്‍, പ്രവേശിച്ചു മുട്ടുകുത്തി ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു.അന്ന് അവിടെ വെച്ച് കര്‍ത്താവ് അരുളിച്ചെയ്ത വചനം മാംസം ധരിച്ചു മനുഷ്യാവതാരം ചെയ്തു ബത്‌ലേഹെമില്‍ നിന്ന് ഇവിടെ തിരിച്ചെത്തിയിരിക്കുന്നു!

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles