കാലിത്തൊഴുത്തിലെ പിറവിയെക്കുറിച്ച് ഉണ്ണീശോ വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയത് എന്താണെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 88/200
മനുഷ്യവംശത്തിന്റെ വിമോചനത്തിനായി ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയച്ചിരിക്കുന്ന അത്യുദാത്തമായ സദ്‌വാര്‍ത്ത എല്ലാവരും അറിയുകയും അവിടുന്നു മനുഷ്യമക്കളുടെമേല്‍ വര്‍ഷിച്ചിരിക്കുന്ന ഇത്ര ഉന്നതവും അഗാധവുമായ മഹാകാരുണ്യം സകലരും തിരിച്ചറിയുകയും ചെയ്യണമെന്ന് വിശുദ്ധ ജോസഫ് വളരെ തീവ്രമായി ആഗ്രഹിച്ചിരുന്നു. എന്തെന്നാല്‍, തന്റെ ഹൃദയം അനുഭവിക്കുന്ന നിത്യമായ സമാധാനവും ആനന്ദവും അതിരില്ലാത്ത സ്‌നേഹവും മനുഷ്യവംശം മുഴുവന്‍ അനുഭവിക്കുവാാന്‍ ഇടയാകട്ടെ എന്ന് അവന്‍ പ്രത്യാശിച്ചിരുന്നു. എന്നാല്‍, ആത്മീയവിഷയങ്ങളില്‍ നിലനിന്നിരുന്ന അജ്ഞയും മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന അവഗണനയും അവബോധമില്ലായ്മയും ജോസഫിന്റെ ഹൃദയത്തെ എപ്പോഴും വേദനയിലാഴ്ത്തിയിരുന്നു. അവന്‍ ദൈവത്തോടു നിരന്തരം കേണപേക്ഷിക്കുമായിരുന്നു. ജീവദാതാവായ സത്യദൈവത്തെയും അവിടുന്നു വര്‍ഷിക്കുന്ന അനുഗ്രഹങ്ങളെയും തിരിച്ചറിയാന്‍ തക്ക വിവേകം മനുഷ്യവര്‍ഗ്ഗത്തിന്റെമേല്‍ വര്‍ഷിക്കണമെന്ന് അവന്‍ പ്രാര്‍ത്ഥിച്ചിരുന്നു. അതുവഴി ലോകരക്ഷകനെ എല്ലാവരും അറിയുകയും അങ്ങനെ അവിടുത്തെ രക്ഷാകരപദ്ധതിയുടെ ഫലം എല്ലാവര്‍ക്കും പ്രയോജനപ്പെടുകയുെ ചെയ്യട്ടെ എന്നാണ് അവന്‍ യാചിച്ചത്. ദൈവമാതാവ് പറഞ്ഞ അത്ഭുതകരമായ കാര്യങ്ങള്‍ നിറവേറുന്നതുവരെ അവര്‍ ഗുഹയില്‍തന്നെ കഴിയെണ്ടിയിരുന്നു. ജോസഫ് ശാന്തമായി അതിനുവേണ്ടി പ്രാര്‍ത്ഥിച്ച് കാത്തിരുന്നു.
ആ രാത്രിയില്‍ ജോസഫിന്റെ മാലാഖ പ്രത്യക്ഷപ്പെട്ട് കിഴക്കുള്ള രാജ്യങ്ങളില്‍നിന്നു ജ്ഞാനികളായ മൂന്നു രാജാക്കന്മാര്‍ ദിവ്യശിശുവിനെ സന്ദര്‍ശിക്കാന്‍ ഉടനെ വന്നെത്തുമെന്നും അവര്‍ അമൂല്യവസ്തുക്കള്‍ കാഴ്ചവച്ച് രക്ഷകനെ ആരാധിക്കുമെന്നും അറിയിച്ചു. ജ്ഞാനികളുടെ വരവിനു തൊട്ടുമുമ്പാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ആ സംഭവത്തില്‍ മറ്റെല്ലാവരെക്കാള്‍ അഭിമാനിക്കാന്‍ ജോസഫിന് ന്യായമായും അര്‍ഹതയുണ്ടായിരുന്നു. അത് അവന്റെ ഉല്‍ക്കടമായ അഭിലാഷത്തിനും തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ദൈവം നല്കിയ പ്രത്യുത്തരമാണെന്നും മാലാഖ വെളിപ്പെടുത്തിയിരുന്നു.
ജോസഫ് അതില്‍ അത്യധികം സന്തോഷിച്ചു. നിദ്രയില്‍ നിന്നുണര്‍ന്ന ഉടനെ അവന്‍ ദൈവമായ കര്‍ത്താവിനു നന്ദി പറഞ്ഞു. അതിരറ്റ ആഹ്ലാദത്തോടും ആനന്ദത്തോടുംകൂടി അക്കാര്യം തന്റെ പ്രിയ ഭാര്യയുമായി സംസാരിച്ചു. മറിയത്തിനും മുന്‍കൂട്ടി കര്‍ത്താവ് അതു വെളിപ്പെടുത്തിക്കൊടുത്തിരുന്നു. എങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ ദൈവം നേരിട്ട് ജോസഫിന് അതു വെളിപ്പെടുത്തിക്കൊടുത്തതില്‍ മറിയം സന്തോഷിച്ചു. ജ്ഞാനികളുടെ സന്ദര്‍ശനത്തിന്റെ പിന്നിലുള്ള ദൈവത്തിന്റെ പദ്ധതി എന്തെന്ന് പൂര്‍ണ്ണമായി വെളിപ്പെട്ടില്ലെങ്കിലും ഒരു കാര്യം അവര്‍ക്കു ബോദ്ധ്യപ്പെട്ടിരുന്നു. ആ മൂന്നു രാജാക്കന്മാര്‍ വന്നു രക്ഷകനെ കാണുകയും ആരാധിക്കുകയും ചെയ്തപ്പോള്‍, അവര്‍ വിജാതീയലോകം മുഴുവനെയും പ്രതിനിധീകരിക്കുകയായിരുന്നു. ഹെബ്രായവംശത്തിനു പുറത്തുള്ള സകല ജനതകളുമാണ് അവരിലൂടെ രക്ഷകനെ വന്നു സന്ദര്‍ശിച്ചത്! അതായത് ദൈവം ലോകജനത മുഴുവനും നല്കാനിരിക്കുന്ന രക്ഷയും സകല ജനപദങ്ങളും സത്യസ്വരൂപനെ അറിയുകയും ആരാധിക്കുകയും ചെയ്യാനിരിക്കുന്നതിന്റെ തുടക്കവുമായിരുന്നു ആ സന്ദര്‍ശനത്തിന്റെ പൊരുള്‍.
മറിയത്തോടു ചേര്‍ന്നു ദൈവത്തെ സ്തുതിക്കുകയും നന്ദിപറയുകയും ചെയ്തശേഷം ജോസഫ് തന്റെ ഭാര്യയോട് ഒരു കാര്യം കര്‍ത്താവിനോട് ആരായാന്‍ അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞുകൂടുന്ന ഈ ദാരിദ്ര്യാവസ്ഥയില്‍നിന്നു കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥയിലേക്കു മാറുവാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കിത്തരണമെന്ന് പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചു. അതുവഴി ആ ദുരിതാവസ്ഥയില്‍നിന്ന് ഈശോയ്ക്കും മാതാവിനും കുറച്ചൊരു മോചനം ലഭിക്കുകയും ചെയ്യുമല്ലോ എന്നവന്‍ ചിന്തിച്ചു. തന്നെയുമല്ല രാജാക്കന്മാരുടെ സന്ദര്‍ശന സമയത്ത് അവരെ സ്വീകരിക്കാന്‍ പറ്റിയ മറ്റൊരിടം കണ്ടെത്തണമെന്നുകൂടി അവന്‍ ആഗ്രഹിച്ചു. ദൈവമാതാവിന് വ്യക്തമായ ഒരു ഉള്‍ക്കാഴ്ച ഉണ്ടായിരുന്നെങ്കിലും തന്റെ ഭര്‍ത്താവിനെ അനുസരിച്ച് അവള്‍ കര്‍ത്താവിനോട് കാര്യങ്ങള്‍ ആരാഞ്ഞു. ദൈവത്തില്‍നിന്നു വ്യക്തമായ ഒരു സൂചന ലഭിക്കുന്നതിന് തിരുക്കുമാരനോടു ചേര്‍ന്ന് അവള്‍ തന്റെ യാചനകള്‍ പിതാവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.
തിരുക്കുമാരന്‍ ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊടുത്തു. ദാരിദ്ര്യത്തില്‍, ദാരുണവും ശോച്യവുമായ ആ സ്ഥലത്തുതന്നെ കഴിയണമെന്നാണ് സ്വര്‍ഗ്ഗീയപിതാവിന്റെ തിരുഹിതമെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തു. ദൈവികദാനങ്ങളെ അവിടെവച്ചുതന്നെ അവര്‍ ആരാധിക്കേണ്ടിയിരുന്നു. തന്നെയുമല്ല, അവര്‍ ജ്ഞാനികളുടെ സന്ദര്‍ശന രഹസ്യങ്ങളെ തടസ്സപ്പെടുത്താനും പാടില്ലായിരുന്നു. എന്തെന്നാല്‍ച സകലവിധ സ്വര്‍ഗ്ഗീയ സമ്പന്നതകളുടെയും വിലമതിക്കാനാവാത്ത നിഗൂഢ നിധിശേഖരങ്ങളുടെയും ഉടയവനെ കൊടിയ ദാരിദ്ര്യത്തിന്റെ നടുവില്‍ അവര്‍ കണ്ടുമുട്ടണമായിരുന്നു. എന്നുമാത്രമല്ല, തങ്ങളുടെ ഹൃദയം മുഴുവനും തിരുക്കുമാരന്റെ മുമ്പില്‍ കാഴ്ചവച്ച് ആരാധിക്കാനാണ് അവര്‍ വിദൂരത്തുനിന്നു വന്നെത്തുന്നത്. ഇക്കാര്യങ്ങളെല്ലാം മറിയം ജോസഫിനോടു പറഞ്ഞു. അതു കേട്ടമാത്രയില്‍ത്തന്നെ ജോസഫ് വിനയപൂര്‍വ്വം ദൈവനിശ്ചയത്തിനു വിധേയപ്പെട്ടു കര്‍ത്താവിനെ ആരാധിച്ചു. ദൈവത്തിന്റെ അത്ഭുതകരമായ നടത്തിപ്പിനെയോര്‍ത്ത് അവന്‍ മുമ്പെന്നതിനേക്കാള്‍ ഉപരിയായി വിസ്മയം പ്രകടിപ്പിക്കുകയും അവിടുത്തെ സ്തുതിക്കുുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.