ദിവ്യസുതനെ കയ്യിലെടുത്തപ്പോള്‍ വി. യൗസേപ്പിതാവിനു വെളിപ്പെട്ട സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 83/200
മറിയം ദിവ്യശിശുവിനെ തന്റെ കരങ്ങളില്‍ എടുത്തപ്പോള്‍, അവള്‍ക്കുണ്ടായ സന്തോഷം ഭൂമിയില്‍ പിറന്ന മറ്റേതൊരു മനുഷ്യാത്മാവിനും സങ്കല്പിക്കാവുന്നതിലും എത്രയോ ഉന്നതമായിരുന്നു. ഈശോയെ മറിയത്തിന്റെ കരങ്ങളില്‍ വഹിച്ചിരിക്കുന്നതായി കാണുന്നതാണ് ജോസഫിനെ ഏറ്റവും സന്തോഷവാനാക്കിയിരുന്നത്. അപ്പോഴാണ് ഏറ്റവും ആദരവോടെ അവനെ ജോസഫ് ആരാധിക്കുകയും തന്റെ ആഗ്രഹങ്ങളെല്ലാം അവന്റെ മുമ്പില്‍ തുറന്നുവയ്ക്കുകയും ചെയ്തിരുന്നത്.
തിരുക്കുമാരനെ തന്റെ കരങ്ങളില്‍ എടുക്കാന്‍ ജോസഫിന് എന്തിഷ്ടമായിരുന്നു. എങ്കിലും മാതാവിന്റെ കയ്യില്‍നിന്നു ചോദിച്ചുവാങ്ങാന്‍ ഒരിക്കലും അവന്‍ മുതിര്‍ന്നില്ല. കുഞ്ഞിന്റെമേലുള്ള അമ്മയുടെ അവകാശത്തെ അവന്‍ ഒരിക്കലും ബഹുമാനിക്കാതിരുന്നിട്ടുമില്ല. പക്ഷേ, തന്റെ ആഗ്രഹം ഹൃദയത്തില്‍ രഹസ്യമായി അവന്‍ ദൈവത്തോടു പറയും: ‘ഹാ, അവതരിച്ച വചനമേ, എന്റെ ദൈവമേ, നിന്നെ എന്റെ കരങ്ങളില്‍ വഹിക്കാന്‍ ഞാന്‍ എത്രമാത്രമാണു കൊതിക്കുന്നത്. എന്നാല്‍, നീ നിന്റെ പരിശുദ്ധാത്മാവിന്റെ കരങ്ങളില്‍ സുരക്ഷിതനായി ഇരിക്കുകയാണ്, അവളിലാണു നീ ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നതും. അതു നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിദുരിതപൂര്‍ണ്ണമായ തൊഴുത്തിലെ തറയില്‍ കിടക്കുമ്പോഴും നീ അതില്‍ വൈമനസ്യം കാണിക്കുന്നില്ല. അതുപോലെ നിന്റെ നിസ്സാരനായ ഈ ദാസന്റെ കരങ്ങളില്‍ കുറച്ചു സമയം വിശ്രമിക്കുന്നതിനും നീ ഇഷ്ടപ്പെടാതിരിക്കില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഹാ, എത്രമാത്രമാണ് എന്റെ ഹൃദയം അതിനുവേണ്ടി ദാഹിക്കുന്നത്. ഞാന്‍ അയോഗ്യനാണെന്നു സമ്മതിക്കുന്നു. എങ്കിലും നിന്റെ പരിശുദ്ധയായ മാതാവിന്റെ യോഗ്യതകളെ മാനിച്ച് എന്റെ ആഗ്രഹം സാധിച്ചു തന്നാലും. നിന്നെ പ്രതീക്ഷിച്ചിരിക്കുന്ന ജോസഫിന്റെ ആഗ്രഹം നീ സഫലീകരിച്ചാലും. നിന്നെ സ്‌നേഹിക്കുന്ന ഈ ദാസനെ ആശ്വസിപ്പിച്ചാലും
ദിവ്യശിശു തന്നെ സ്‌നേഹിക്കുന്ന തന്റെ പാലകനായ ജോസഫിന്റെ ഉല്ക്കടമായ അഭിവാഞ്ഛ തിരിച്ചറിയുകയും സന്തോഷത്തോടെ ജോസഫിന്റെ പക്കലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അതുവിവേചിച്ചറിഞ്ഞ പരിശുദ്ധ ജനനി അവനോട് ജോസഫിന്‍്‌റെ ആഗ്രഹം സാധിച്ചുകൊടുക്കുവാന്‍ പറഞ്ഞുകൊണ്ട് തന്റെ മകനെ ജോസഫിന്റെ കരങ്ങളില്‍ കൊടുത്തു. ജോസഫിന് അതു വലിയ സന്തോഷവും സമാശ്വാസവും ആകുമെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു.
ജോസഫ് മുട്ടുകുത്തി നിന്നുകൊണ്ട് നവജാതരക്ഷകനെ കരങ്ങളില്‍ സ്വീകരിച്ചു. അവനെ തന്റെ നെഞ്ചോടു ചേര്‍ത്തു ഞെക്കിപ്പിടിക്കുകയും ആ പരിശുദ്ധ കുഞ്ഞുശിരസ്സ് തന്റെ കഴുത്തിലേക്ക് ചേര്‍ത്തുവയ്ക്കുകയും ചെയ്തു. ആ നിമിഷം തന്നെ ദിവ്യശിശു ജോസഫിന് ആത്മാവില്‍ ഏറ്റവും ഊഷ്മളമായ സന്തോഷം പ്രദാനം ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ആ സമയത്ത് പറുദീസയുടെ മുഴുവന്‍ നിധിശേഖരവും തന്റെ കരങ്ങളില്‍ വഹിക്കുന്നതായിട്ടാണ് ജോസഫിന് അനുഭവപ്പെട്ടത്.
ഉണ്ണീശോ ജോസഫിന്റെ തന്നെ കരങ്ങളില്‍ ഇരുന്നപ്പോള്‍ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തത്ര മഹത്വപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയാനന്ദമാണുണ്ടായത്. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ ആത്മീയ നിര്‍വൃതിയില്‍ ലയിച്ചുചേര്‍ന്നു. രക്ഷകന്റെ ജീവിതത്തെ സംബന്ധിച്ച സുപ്രധാന രഹസ്യങ്ങളാണ് ആ നിമിഷങ്ങളില്‍ അവനു വെളിപ്പെട്ടത്. അവന്റെ ആത്മാവ് പുതിയ കൃപകള്‍ സ്വീകരിക്കുകയും നിഗൂഢരഹസ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോഴാണ് അവന്‍ തന്റെ പദവിയും നിലയും എത്ര ഉന്നതമാണെന്ന് സുവ്യക്തമായി മനസ്സിലാക്കിയത്. അതായത് പരിശുദ്ധ കന്യകാമറിയത്തിന്റെ ഭര്‍ത്താവും അവതാരം ചെയ്ത ദൈവവചനത്തിന്റെ പാലകനായും പിതാവുമായിരിക്കാനുള്ള അതിബൃഹത്തും മഹത്തരവുമായ ദൗത്യവും കൃപയുമാണ് പിതാവായ ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്നത് എന്ന വലിയ രഹസ്യം ജോസഫ് തിരിച്ചറിഞ്ഞു. ഭൂമിയില്‍ പിറന്ന ഒരു പുരുഷനും ലഭിക്കാത്ത വന്‍കൃപയും പദവിയും.
ഏതാനും മണിക്കൂറുകള്‍ ജോസഫ് അത്യാനന്ദകരമായ ആ ആത്മീയാഭിഷേകത്തില്‍ തുടര്‍ന്നു. ആ സമയത്തു ജോസഫിന്റെ കരങ്ങളില്‍ വിശ്രമിക്കുകയായിരുന്ന ഉണ്ണീശോയെ പരിശുദ്ധ മാതാവ് ആരാധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ നിമിഷങ്ങളില്‍ ജോസഫ് കൈവരിച്ചുകൊണ്ടിരുന്ന കൃപകളെപ്രതി മറിയം സന്തോഷിച്ച് ആനന്ദിക്കുകയും ദൈവമായ കര്‍ത്താവിന് അനവരതെ സ്തുതി കരേറ്റുകയും ചെയ്തു. അപ്പോള്‍ സംഭവിച്ചുകൊണ്ടിരുന്നതെല്ലാം ആത്മാവില്‍ അവള്‍ അറിഞ്ഞുകൊണ്ടാണ് കര്‍ത്താവിനെ സ്തുതിച്ചത്. ഈശോയെ ജോസഫിന്റെ കയ്യില്‍ നിന്നു തിരിച്ചെടുക്കണമെന്ന് അവള്‍ക്ക് അഭിവാഞ്ഛയുണ്ടായി. എങ്കിലും ജോസഫ് അനുഭവിച്ചുകൊണ്ടിരുന്ന സമാശ്വാസം പൂര്‍ത്തിയാകുന്നതുവരെ അവള്‍ കാത്തിരുന്നു. മറിയം അപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പരമാനന്ദം മറ്റു സൃഷ്ടികള്‍ക്കും ആസ്വദിക്കാനുള്ള അവസരം ദൈവം അനുവദിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അവള്‍ അപ്രകാരം ചെയ്തുകൊടുക്കുമായിരുന്നു. എന്തെന്നാല്‍, മനുഷ്യവംശത്തോടുള്ള അവളുടെ സ്‌നേഹം അത്ര മഹത്തരവും ഉന്നതവുമായിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.