രക്ഷകനായ മിശിഹായെക്കുറിച്ച് പരി. മറിയം വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയത് എന്തെല്ലാമായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 61/100

എത്രയും പരിശുദ്ധ അമ്മ തന്റെ മുറിയില്‍ പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം ജോസഫിന് ഒരു ആന്തരികമായ ആകര്‍ഷണം തോന്നിയിരുന്നു. അവള്‍ക്ക് യാതൊരു തരത്തിലും ശല്യമുണ്ടാക്കാതെ അവന്‍ വാതിലിനു പുറത്തു നില്‍ക്കും. എത്രയും പരിശുദ്ധ കന്യകയോട് ദൈവത്തിനുള്ള സ്‌നേഹത്തെപ്രതി തന്റെ യാചനകള്‍ കേള്‍ക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് തന്റെ യാചനകള്‍ സമര്‍പ്പിച്ച് അവന്‍ അവിടെ മുട്ടിന്മേല്‍ നില്‍ക്കും. അവള്‍ ദൈവത്തിന് അത്രയധികം പ്രിയങ്കരിയും പ്രീതിപാത്രവുമാണെന്ന് അവനറിയാമായിരുന്നു.

മറിയം ഇപ്രകാരം പ്രാര്‍ത്ഥനയില്‍ മുഴുകി അവനെ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അവന്‍ അവളുടെ മുന്‍പില്‍ തലകുനിച്ചിരുന്നു. ആന്തരികമായ ഒരു പ്രചോദനത്താലാണ് അവന്‍ ഇങ്ങനെ ചെയ്തിരുന്നത്. അവളുടെ വലിയ പരിശുദ്ധിമൂലമാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് അവന്‍ വിചാരിച്ചത്. എന്നാല്‍ അതിന് അവനറിയാത്ത മറ്റൊരു കാരണമുണ്ടായിരുന്നു. മറിയത്തിന്റെ കന്യാഉദരത്തില്‍ വസിക്കുന്ന ദൈവവചനമാണ് ഇപ്രകാരം ഒരു ആദരവിനും ആരാധനയ്ക്കുമായി ജോസഫിന്റെ ആത്മാവിനെ പ്രചോദിപ്പിച്ചത്.

മറിയത്തിന്റെയും ജോസഫിന്റെയും ജീവിതത്തിന് വളരെ ചിട്ടയായ ഒരു ക്രമം ഉണ്ടായിരുന്നു. ദൈവസ്തുതി പാടാന്‍ അവര്‍ സമയം കണ്ടെത്തി. ബാക്കി സമയം തങ്ങളുടെ അനുദിനാവശ്യങ്ങള്‍ക്കായി അദ്ധ്വാനിക്കാനും മിശിഹായുടെ വരവിനെക്കുറിച്ച് പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംഭാഷിക്കാനും അവര്‍ സമയം കണ്ടെത്തി. ജോസഫിന് മുമ്പു മനസ്സിലാക്കാന്‍ പറ്റാതിരുന്ന പല കാര്യങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. അവള്‍ എത്രയധികം അറിവും ജ്ഞാനവുമുള്ളവളാണെന്ന് കണ്ട് അവളില്‍ നിന്നു പഠിക്കാനും പ്രകാശിപ്പിക്കപ്പെടാനും അവന്‍ ആഗ്രഹിച്ചു. മറിയമാകട്ടെ, അവന്റെ ആഗ്രഹപ്രകാരം മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം അവന് വിശദീകരിച്ചുകൊടുത്തു. മിശിഹായ്ക്ക് ഉണ്ടായിരിക്കേണ്ട അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ രണ്ടുപേരും കണ്ണീര്‍ പൊഴിച്ചു. പരിശുദ്ധ അമ്മ കരഞ്ഞതിനു കാരണം തന്റെ പുത്രന്‍ മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി സഹിക്കാനിരിക്കുന്നതിനെക്കുറിച്ച് അവള്‍ക്ക് വ്യക്തമായ ബോധം ഉണ്ടായിരുന്നതിനാലാണ്. ഈ ദുഃഖങ്ങള്‍ അവള്‍ തന്റെ ഹൃദയത്തില്‍ മറച്ചുവച്ചു. ഒരു സമാശ്വാസവും അന്വേഷിക്കാതെ, ജോസഫിന് വേദന വരുത്താതെ അവള്‍ ആ ദുഃഖങ്ങളെല്ലാം ഹൃദയത്തില്‍ സ്വരൂപിക്കുകയായിരുന്നു.

മിശിഹായെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ പത്‌നി എപ്രകാരമാണ് കരഞ്ഞതെന്ന് ജോസഫ് ഓര്‍ത്തുപോയി. മാത്രമല്ല സ്വര്‍ഗ്ഗീയപിതാവിനോട് മിശിഹായെ വേഗം അയയ്ക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം എന്ന് അവളോട് പറഞ്ഞില്ലല്ലോ എന്നും അവന്‍ പെട്ടെന്ന് ഓര്‍ത്തു. അവളോട് അതേക്കുറിച്ച് ചോദിക്കാന്‍ അവന്‍ തുനിഞ്ഞില്ല. രക്ഷകന്റെ വരവിനെക്കുറിച്ച് അവള്‍ക്ക് എന്തെങ്കിലും ഉറപ്പായിട്ടുള്ള അറിവ് കിട്ടിക്കാണുമെന്നും അവളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെട്ടെന്നും രക്ഷന്‍ ഉടനെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുമെന്ന ഉറപ്പ് കിട്ടിക്കാണുമെന്നും അവന്‍ വിചാരിച്ചു.

മിശിഹായുടെ വലിയ സുകൃതങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എടുത്തുപറയത്തക്ക ഒരു വലിയ പ്രകാശം അവളില്‍ നിന്നു പ്രസരിച്ചിരുന്നു. എവിടെനിന്നായിരിക്കും ഈ പ്രകാശം എന്നു ചിന്തിച്ച് അവന്‍ അതിശയപ്പെട്ടു. അതു സംബന്ധിച്ച് വിവരങ്ങള്‍ ചോദിക്കാന്‍ അവന്‍ ആഗ്രഹിച്ചെങ്കിലും അവന്‍ സ്വയം എളിമപ്പെടുത്തി. തനിക്ക് അറിയാനുള്ള യോഗ്യത ഇല്ലെന്നു വിചാരിച്ച് മൗനം പാലിച്ചു. തന്റെ പത്‌നിയോട് ഒന്നും ചോദിച്ചില്ല. മറിയത്തിന്റെ സ്വര്‍ഗ്ഗീയസംഭാഷണങ്ങളില്‍ ദൈവം അത്രമാത്രം സംപ്രീതനായതുകൊണ്ടാണ് അവളുടെ മുഖത്ത് ഇത്രയധികം പ്രകാശം പ്രസരിക്കുന്നത് എന്ന് അവന്‍ കണക്കുകൂട്ടി. ജോസഫിന് ഇതേക്കുറിച്ച് വളരെ സന്തോഷമായിരുന്നു. അതേസമയം ഇത്രവലിയ കൃപയില്‍ പങ്കുപറ്റാന്‍ താന്‍ അയോഗ്യനാണെന്നും ചിന്തിച്ചു.

തന്റെ പത്‌നി ദിവങ്ങളോളം ഭക്ഷണമൊന്നും കഴിക്കാതെ ദൈവികകാര്യങ്ങളില്‍മാത്രം മുഴുകിയിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു. മിശിഹായുടെ വരവ് ത്വരിതപ്പെടുത്തുന്നതിനുവേണ്ടി ദൈവത്തോട് യാചിക്കാനാണ് അവള്‍ ഇങ്ങനെ ചെയ്യുന്നത് എന്നു വിചാരിച്ച് അവനും ചില സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്റെ ശാരീരിക നിലനില്‍പ്പിന് ആവശ്യമായുള്ളതുപോലും കഴിക്കാത്തവിധം അവനും ഉപവാസത്തില്‍ പങ്കുകൊണ്ടു. അവന്റെ ശാരീരികശക്തി നിലനിര്‍ത്താന്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പറഞ്ഞ് മറിയം അവനെ ഗുണദോഷിച്ചു. അവള്‍ ഇപ്രകാരം പറഞ്ഞതു കേട്ട് വിശുദ്ധന്‍ അവളെ നോക്കിയ നിമിഷത്തില്‍ അവന് പൂര്‍ണ്ണമായ ഒരു സംതൃപ്തി അനുഭവപ്പെട്ടു. തന്നെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും അവളോടൊപ്പം ഉപവസിക്കാന്‍ തന്നെയും അനുവദിക്കണമെന്നും വളരെ ഭവ്യതയോടെ അവന്‍ പറഞ്ഞു. തന്റെ ഉപവാസത്തിലൂടെയും പരിത്യാഗത്തിലൂടെയും മറിയത്തിനു കിട്ടുന്ന അതേ പോഷണംതന്നെ അവനും ലഭിക്കുന്നുണ്ടായിരുന്നു. ദൈവത്തെ സ്തുതിക്കാനുള്ള ഒരു അവസരമാക്കി ദൈവമാതാവ് അതിനെ കണ്ട് അവര്‍ ഒരുമിച്ച് ദൈവസ്തുതികള്‍ പാടാന്‍ തുടങ്ങി. ദൈവികമായ അനുഗ്രഹങ്ങളെക്കുറിച്ച് സംഭാഷിക്കാനും തുടങ്ങി.

ജോസഫ് ആത്മാവില്‍ നവചൈതന്യം സ്വീകരിച്ച് മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു സന്തോഷത്താല്‍ നിറഞ്ഞു. ഏറ്റം അമൂല്യമായ നിധികള്‍ അവന്‍ സ്വന്തമാക്കിയിരിക്കുന്നതായും മാലാഖമാരുടെ സൗഭാഗ്യത്തെയോര്‍ത്ത് ഇനി ഒരിക്കലും അസൂയപ്പെടേണ്ട കാര്യമില്ലെന്നും അവന് തോന്നി. സ്വര്‍ഗ്ഗത്തിലേക്ക് ദൃഷ്ടികള്‍ ഉയര്‍ത്തുന്നത് നിറുത്തിയിട്ട് അവന്‍ മറിയത്തെമാത്രം നോക്കി നിന്നു. അത് അവന്റെ ഹൃദയത്തിന് എന്തെന്നില്ലാത്ത സമാശ്വാസം പകരുകയും അവന് മറ്റ് ആഗ്രഹങ്ങളൊന്നും ഇല്ലാതാവുകയും ചെയ്തു.

ഇത് എന്തുകൊണ്ടാണ് ഇപ്രകാരമായിരിക്കുന്നതെന്ന് വിശുദ്ധനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇത് അവനില്‍ ഒരുതരം ഭയമുളവാക്കി. അവന്‍ ഇങ്ങനെ ആത്മഗതം ചെയ്തു. ‘ഒരുപക്ഷേ എന്റെ ദൈവമേ, ഞാന്‍ നിന്നെ മുമ്പിലത്തേതുപോലെ സ്‌നേഹിക്കുന്നില്ലായിരിക്കാം. എന്റെ ഹൃദയത്തിന്റെ അഭിവാഞ്ജയെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഇപ്പോള്‍ എന്റെ ദൃഷ്ടി തിരിക്കാത്തതിന്റെ കാരണം അതായിരിക്കുമോ?’

ഇക്കാര്യത്തില്‍ ജോസഫ് തന്റെ മനഃസാക്ഷിയെ വളരെ ശ്രദ്ധയോടെ പരിശോധിച്ചപ്പോള്‍ ദൈവം മാത്രമാണ് ഇപ്പോഴും തന്റെ സ്‌നേഹവിഷയമെന്ന് കണ്ടെത്തി. വീണ്ടും ദൈവത്തിലേക്ക് തിരിഞ്ഞ് ഇങ്ങനെ ഉദ്‌ഘോഷിച്ചു. ‘ഓ എന്റെ ദൈവമേ, അങ്ങാണ് എന്റെ ഏക സ്‌നേഹം, എന്റെ ഏക നന്മ, എന്റെ ധനം, എന്റെ എല്ലാമെല്ലാം. എന്റെ ഹൃദയം അങ്ങയെ അല്ലാതെ മറ്റൊന്നും തേടുന്നില്ല. അവിടുത്തെ കൃപകളാലും സ്‌നേഹത്താലും നിറയപ്പെട്ടിരിക്കുന്നവളായി കാണുന്നതു കൊണ്ടുമാത്രമാണ് ഞാനെന്റെ പത്‌നിയ സ്‌നേഹിക്കുന്നത്. നീ എത്രമാത്രം അവളില്‍ വസിക്കാന്‍ മനസ്സായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതുകൊണ്ട് അങ്ങയെ മാത്രമാണ് അവളിലൂടെ ഞാന്‍ സ്‌നേഹിക്കുന്നത്. അതുമാത്രമല്ല അങ്ങുതന്നെയാണ് എന്റെ വിശ്വസ്ത സഹചാരിയായി അവളെ എനിക്ക് നല്‍കിയതും അവളെ സ്‌നേഹിക്കാന്‍ എന്നോടു കല്പ്പിച്ചതു. സുകൃതത്തിലും കൃപകളിലും അതിമാത്രം സമ്പന്നയായതുകൊണ്ടും ഏറെ പരിശുദ്ധയായിരിക്കുന്നതുകൊണ്ടും ഇങ്ങനെ സ്‌നേഹിക്കപ്പെടാന്‍ അവള്‍ അര്‍ഹയായിരിക്കുന്നു.’ ഇപ്രകാരം ചിന്തിച്ച് ജോസഫ് തന്റെ മനസ്സിനെ ശാന്തമാക്കി ദൈവം തന്നില്‍ വര്‍ഷിച്ചിരിക്കുന്ന കൃപകളെ ഓര്‍ത്ത് അവിടുത്തേക്ക് നന്ദി പറഞ്ഞു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles