പ്രകാശത്തില്‍ പൊതിഞ്ഞു നില്‍ക്കുന്ന പരി. മറിയത്തെ ദര്‍ശിച്ച വി. യൗസേപ്പിതാവിന് ദൈവം വെളിപ്പെടുത്തിയതെന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 60/100

സ്വന്തം ഗ്രാമത്തില്‍ എത്തി തങ്ങളുടെ കൊച്ചുവീട്ടില്‍ പ്രവേശിക്കാന്‍ മറിയത്തിനും ജോസഫിനും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. മറിയത്തിന് അത് ഏറെ ആനന്ദം പകരുന്നതായിരുന്നു. കാരണം ദൈവവചനത്തിന്റെ മനുഷ്യാവതാരം സംഭവിച്ചത് ഇവിടെയാണ്. അതിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ അവളുടെ മനസ്സില്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ പ്രത്യേക കൃപകളും അനുഗ്രഹങ്ങളും അവിടുത്തെ ഔദാര്യത്തില്‍നിന്നു പ്രാപിച്ചത് ഇവിടെയായതുകൊണ്ട് ജോസഫിനും അത് വലിയ സമാശ്വാസം പ്രദാനം ചെയ്തു. ദൈവപുത്രന്റെ മനുഷ്യാവതരാരഹസ്യത്തെക്കുറിച്ച് ഇപ്പോഴും പ്രത്യേകിച്ച് ഒന്നും അറിയില്ലെങ്കിലും ജോസഫനും ഒരു വൈകാരികമായ ഉത്സാഹവും അസാധരണമായ ഭക്തിയും അനുഭവപ്പെട്ടു.

വീട്ടിലെത്തിയപ്പോള്‍ മറിയത്തിന്റെ മുറിയില്‍ അവളോടൊപ്പം തങ്ങള്‍ക്കു ലഭിച്ച സുരക്ഷിതമായ യാത്രയ്ക്ക് ദൈവത്തിന് നന്ദി പറയാന്‍ തന്നെ അനുവദിക്കണമെന്ന് ജോസഫ് അവളോടു അപേക്ഷിച്ചു. മറിയം ഇതു വളരെ സന്തോഷത്തോടെ സമ്മതിക്കുകയും അവര്‍ അവളുടെ മുറിയില്‍ മുട്ടുകുത്തി ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു.

ജോസഫ് ഹര്‍ഷോന്മാദത്തില്‍ ലയിച്ചുചേര്‍ന്‌നു. അതിന്റെ സമാശ്വാസത്തില്‍ ദൈവാത്മാവിന്റെ മാധുര്യം അനുഭവിക്കാന്‍ ദൈവം അവനെ അനുവദിച്ചു. തന്റെ ഭാര്യയുടെ വിശുദ്ധിയെ സംബന്ധിച്ച അതിപ്രധാനമായ കാര്യങ്ങളെക്കുറിച്ചും അവന് തിരിച്ചറിവും ലഭിച്ചു. ദൈവത്തിന് എത്രമാത്രം അമൂല്യവും പ്രീതിപാത്രവുമാണ് മറിയമെന്ന് ദൈവം അവനു വെളിപ്പെടുത്തി. ഈ അനുഭവത്തില്‍ നിന്നു പുറത്തു വന്നപ്പോള്‍ മറിയം സമ്പൂര്‍ണ്ണമായും പ്രകാശത്തില്‍ പൊതിഞ്ഞു നില്‍ക്കുന്നതാണ് അവന്‍ കാണുന്നത്. ദൈവത്തിന്റെ ദാനങ്ങളുടെ തെളിവുകള്‍ കണ്ട് അവന്‍ ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു. മറിയവും ഉന്നതമായ ഒരു സായൂജ്യത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ഏറ്റം പരിശുദ്ധയായ ഈ അമ്മ അനേകം കൃപകളാല്‍ നിറയുകയും ചെയ്തു.

ഇത്രമാത്രം സമുന്നതയായ ഒരു ഭാര്യയെ ദൈവം തനിക്ക് സമ്മാനമായി തരാന്‍ തിരുമനസ്സായല്ലോ എന്നോര്‍ത്ത് ജോസഫ് അത്യധികം സന്തോഷിക്കുകയും അവള്‍ ഇത്രയധികം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതു കണ്ട് തീക്ഷ്ണതയോടെ ദൈവത്തിന് നന്ദി പറയുകയും ചെയ്തു. അവന്‍ സന്തോഷത്താല്‍ കണ്ണീരൊഴുക്കിക്കൊണ്ട് തന്നോടു തന്നെ ഇപ്രകാരം പറഞ്ഞു: ‘ഓ, എന്റെ എത്രയും വിശ്വസ്തയും പ്രിയപ്പെട്ടവളുമായ പത്‌നീ, ആരും കൊതിക്കുന്ന നിന്റ സൗഹൃദത്തില്‍ ആയിരിക്കാനും നിന്നോടൊത്ത് വസിക്കാനുള്ള യോഗ്യത എനിക്ക് എവിടെനിന്ന്? ഓ ഇത് ഒരിക്കലും ഞാന്‍ നേടിയെടുത്ത ഒരനുഗ്രഹമല്ല. എന്റെ ദൈവമേ, നിന്റെ അനന്തനന്മയില്‍ നീ എനിക്കു കനിഞ്ഞു നല്‍കിയതാണിത്. ഞാന്‍ നിന്റെ ഏറ്റം എളിയ ദാസനായിട്ടുപോലും നീ എന്നോട് എത്രയോ ഔദാര്യമുള്ളവനാണ്!’

ജോസഫ് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ പരിശുദ്ധ മാതാവ് തന്റെ സാധാരണ നിലയിലേക്ക് തിരിച്ചുവന്ന് സ്രഷ്ടാവായ ദൈവത്തിന്റെ നന്മയെക്കുറിച്ചും ഔദാര്യത്തെക്കുറിച്ചും അവനോടു പറയാന്‍ തുടങ്ങി. തന്റെ ജ്ഞാനം പ്രചോദിപ്പിച്ച ഒരു മഹോന്നതഗാനം അവള്‍ പാടാന്‍ തുടങ്ങി. ജോസഫിന്റെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞകവിഞ്ഞ് ദൈവസ്‌നേഹത്താല്‍ അലിയാന്‍ തുടങ്ങി. അവന് തന്റെ പരിശുദ്ധ ഭാര്യയോടുള്ള സ്‌നേഹവും ആദരവും ശതഗുണീഭവിച്ചു. അവള്‍ അകലെയായിരുന്നപ്പോള്‍ അവന്‍ ഈ മുറിയില്‍ വന്ന് പ്രാര്‍ത്ഥിച്ചതും തന്മൂലം ലഭിച്ച കൃപകളും സങ്കടങ്ങളുടെ സമയത്ത് ആശ്വസിപ്പിക്കപ്പെട്ടതും എല്ലാം അവന്‍ അവളോടു പറഞ്ഞു.

വാസ്തവത്തില്‍ പരിശുദ്ധ അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു. എന്നാല്‍ ആദ്യം കേള്‍ക്കുന്നതുപോലെ അവള്‍ എല്ലാം കേട്ടിരുന്ന് അവന്‍ പറഞ്ഞതെല്ലാം ഓര്‍ത്ത് സന്തോഷിച്ചു. ഇവയെല്ലാം ദൈവത്തിന്റെ ഔദാര്യമുള്ള കരങ്ങളില്‍നിന്നു വരുന്നതായി കരുതി സ്വീകരിക്കണമെന്ന് അവള്‍ അവനോട് എളിമയോടെ അപേക്ഷിച്ചു. ചില സ്ഥലങ്ങളില്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കൃപ വര്‍ഷിക്കാനായി ദൈവം തിരഞ്ഞെടുക്കും എന്ന് അവള്‍ പ്രസ്താവിച്ചു. തന്റെ ഔദാര്യത്തിന് അനുസൃതമായി കൃപകള്‍ വര്‍ഷിക്കാനായി ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ഒരു സ്ഥലമാണ് ഇതെന്നും താനും ഇവിടെവച്ച് അനേകം കൃപകളും അടയാളങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അവള്‍ പറഞ്ഞു.

മറിയത്തിന്റെ പ്രസ്താവന ജോസഫിന്റെ ബോധ്യങ്ങളെ ഉറപ്പിച്ചു. വല്ലപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങളോ പ്രയാസങ്ങളോ വരുമ്പോള്‍ ദൈവത്തിന്റെ ഔദാര്യത്തില്‍ നിന്ന് കൃപകളും സമാശ്വാസങ്ങളും വേഗം പ്രാപിക്കുന്നതിനായി അവളുടെ കൊച്ചുമുറിയില്‍ പ്രാര്‍ത്ഥിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ജോസഫ് അവളോടു യാചിച്ചു. ‘എന്റെ എല്ലാ പ്രയാസങ്ങള്‍ക്കും സമാശ്വാസത്തിന് എന്റെ പ്രിയപത്‌നി മാത്രം മതി; എന്നിരുന്നാലും നിന്റെ മുറിയില്‍ പ്രാര്‍ത്ഥിക്കാനുള്ള അനുവാദത്തിനായി ഞാന്‍ കൊതിക്കുന്നു. നിനക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് വരുത്താനര്‍ ഞാനാഗ്രഹിക്കുന്നില്ല. നീ മറ്റു ജോലികള്‍ ചെയ്യുന്ന സമയത്ത്, ഭക്ഷണം പാകംചെയ്യുകയോ വീട് വൃത്തിയാക്കുകയോ ചെയ്യുന്ന സമയത്തു മാത്രം യാതൊരു തരത്തിലും നിന്നെ അല്പംപോലും ബുദ്ധിമുട്ടിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.’

ഏറ്റം എളിമയുള്ളവളായ കന്യക തന്റെ തലയാട്ടിക്കൊണ്ടു സമ്മതം നല്കി. ജോസഫിന് വലിയ സന്തോഷമായി. അന്നു മുതല്‍ മറിയം വീട്ടുജോലികള്‍ ചെയ്യുന്ന സമയത്ത് ജോസഫ് കുറച്ചു സമയത്തേക്ക് അവളുടെ മുറിയില്‍ കയറി പ്രാര്‍ത്ഥിക്കുമായിരുന്നു. ജോസഫിന്റെ ഈ പ്രാര്‍ത്ഥനാവേളകളില്‍ ദൈവം തന്നെക്കുറിച്ചുള്ള കൂടുതല്‍ പ്രത്യക്ഷജ്ഞാനം അവനു പകരുകയും മറ്റനേകം കൃപകള്‍ അവന്റെമേല്‍ വര്‍ഷിക്കുകയും ചെയ്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles