സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജാവും രാജ്ഞിയുമാണ് തന്റെ കൂടെയുള്ളതെന്ന് വി. യൗസേപ്പിതാവ് അറിഞ്ഞിരുന്നോ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 58/100
ആ പരിശുദ്ധ ദമ്പതികള്‍ സന്തോഷത്തോടെ യാത്ര പുറപ്പെട്ടു. അവരെ യാത്രയാക്കാന്‍ നിന്നവരാകട്ടെ, മറിയത്തിന്റെ വലിയ സുകൃതങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു. നസ്രത്തിലേക്ക് മടങ്ങുന്നതുവഴി തങ്ങള്‍ ദൈവഹിതമാണ് നിറവേറ്റുന്നത് എന്ന ഉറപ്പോടും സംതൃപ്തിയോടുംകൂടെ ആ പരിശുദ്ധദ ദമ്പതികള്‍ നടന്നു. ജോസഫാകട്ടെ, തന്റെ അമൂല്യമായ നിധിയെ, തന്റെ പരിശുദ്ധയായ മണവാട്ടിയെ വീണ്ടും തന്റെ ചാരത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജാവും രാജ്ഞിയുമാണ് തന്റെ കൂടെയുള്ളതെന്ന് അവനറിഞ്ഞില്ല.
ഓ എന്തായിരുന്നു ജോസഫിന്റെ ഹൃദയത്തിലെ സന്തോഷം! അവന്റെ ആത്മാവ് എത്രമാത്രം ഉയര്‍ത്തപ്പെട്ടു? ആര്‍ക്ക് അത് ഉചിതമായ വിധത്തില്‍ വിവരിക്കാനാകും? അവന്‍ എന്താണ് അനുഭവിച്ചതെന്ന് അവനുമാത്രം അറിയാം. അങ്ങനെ അവര്‍ മു്‌മ്പോട്ട് പോയപ്പോള്‍ തനിക്ക് തന്റെ യാത്രയില്‍ സംഭവിച്ച കാര്യങ്ങള്‍, പലരീതിയില്‍ ദൈവം തന്നെ അനുഗ്രഹിച്ച വിധങ്ങള്‍,ജോസഫ് തന്റെ പത്‌നിയോടു പങ്കുവച്ചു. വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെക്കുറിച്ച് തനിക്ക് ലഭിച്ച അറിവും അവന്‍ വിവരിച്ചു. പാവങ്ങളോടും സാധാരണക്കാരോടും എളിയവരോടും സഹവസിക്കുന്നവനായിരിക്കും അവന്‍. ജോസഫ് പറഞ്ഞു: ‘എന്റെ പത്‌നീ, രക്ഷകന്‍ ഇക്കാലത്ത് വരികയാണെങ്കില്‍ നമ്മളും പാവപ്പെട്ടവരായതുകൊണ്ട് നമ്മോടൊപ്പം വസിക്കാന്‍ അവന്‍ ലജ്ജിക്കയില്ലായിരിക്കും. അങ്ങനെയെങ്കില്‍ എത്ര വലിയ സന്തോഷമായിരിക്കും നമ്മുടേത്.’ ജോസഫിന്റെ ഉത്സാഹപൂര്‍വ്വമായ ഈ പ്രസ്താവനകേട്ട് അവതരിച്ച വചനത്തിന്റെ പരിശുദ്ധയായ അമ്മ അത്യധികം സന്തോഷിച്ചു. കൂടുതലായി ദൈവത്തെ സ്തുതിക്കാനും മഹത്വപ്പെടുത്താനുമുള്ള ഒരവസരമായി അവളതിനെ കണ്ടു. അതുവഴി ജോസഫിന്റെ ഹൃദയത്തിലെ സ്‌നേഹം വീണ്ടും ജ്വലിച്ചു.
ദൈവസ്തുതി കീര്‍ത്തനങ്ങളാലപിക്കാന്‍ ജോസഫ് തന്റെ പത്‌നിയെ ക്ഷണിക്കുകയും എപ്പോഴും എന്നതുപോലെ ഏറ്റം എളിമയോടെ അവളത് നിര്‍വ്വഹിക്കുകയും ചെയ്തു. അവളുടെ ശ്രേഷ്ഠമായ ആത്മാവില്‍ സ്രഷ്ടാവായ ദൈവത്തെക്കുറിച്ചും തന്റെ ഉദരത്തിലുള്ള ്‌വതരിച്ച വചനത്തെക്കുറിച്ചുമുള്ള സ്തുതികള്‍ പാടാനാണ് അവള്‍ പ്രചോദിപ്പിക്കപ്പെട്ടത്. അവളുടെ ഗാനത്തിന്റെ മാധുര്യത്താലും ആര്‍ജ്ജവത്താലും ജോസഫ് വീണ്ടും സായുജ്യസ്ഥിതിയില്‍ എത്തി. പക്ഷികള്‍ ഏറ്റം പരിശുദ്ധ രാജ്ഞിയുടെ സംഗീതം കേള്‍ക്കാന്‍ കൂട്ടമായി വന്നെത്തി. അവള്‍ പാടി നിറുത്തിയ ഉടനെ പക്ഷികള്‍ പാടാന്‍ ആരംഭിച്ചു. സ്രഷ്ടാവിനെ സ്തുതിക്കാന്‍ പരിശുദ്ധ മറിയത്തെ അനുകരിക്കാന്‍ ആരോ അവരെ പറഞ്ഞു പഠിപ്പിച്ചതുപോലെയായിരുന്നു അത്. അവള്‍ക്ക്് നല്‍കപ്പെട്ട ഈ ബഹുമതി കണ്ട് ജോസഫ് അത്യധികം ആശ്ചര്യപ്പെടുകയും ഇതെല്ലാം തന്റെ പരിശുദ്ധ ഭാര്യയുടെ യോഗ്യതകളാലും പുണ്യങ്ങളാലും ആണെന്ന് പറയുകയും ചെയ്തു.
വീണ്ടും തങ്ങള്‍ക്ക് ചുറ്റും നിശ്ശബ്ദത വന്നപ്പോള്‍ ജോസഫ് മറിയത്തോട് ഇപ്രകാരം പറഞ്ഞു: ‘എന്റെ പ്രിയ പത്‌നീ, ദൈവം നിന്നെ എത്രയധികമായി സ്‌നേഹിക്കുന്നുവെന്ന് നീ കാണുന്നുണ്ടോ? തന്റെ പ്രത്യേകമായ കൃപകളാല്‍ അവന്‍ നിന്നെ വ്യത്യസ്തയാക്കുന്നു എന്ന് നീ കാണുന്നുണ്ടോ? ഈ ബാഹ്യമായ അടയാളങ്ങളിലൂടെയും നീ സ്തുതിക്കപ്പെടാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഈ ചെറിയ സൃഷ്ടികള്‍ തങ്ങളുടെ സ്രഷ്ടാവിനെയാണ് സ്തുതിച്ചത്; ഒപ്പം നിന്നെയും കൂടിയാണ്. കാരണം നിനക്കുവേണ്ടി മാത്രമാണ് അവര്‍ പാടിയത്.’
ഈ കൊച്ചുസൃഷ്ടികള്‍ സന്തോഷാധിക്യത്താല്‍ ആഘോഷമായി പാടിയത് എത്രയും പരിശുദ്ധ മാതാവിനു ചുറ്റുമായിരുന്നു എന്നത് സത്യമാണ്. എത്രയും എളിമയുള്ള കന്യക സ്വയം വീണ്ടും എളിമപ്പെടുത്തി പറഞ്ഞത് ഈ കൊച്ചുസൃഷ്ടികള്‍ ദൈവത്തെ സ്തുതിക്കുകയാണെന്നും നമ്മുടെ യാത്രയില്‍ നമ്മെ സന്തോഷിപ്പിക്കാനാണ് അവര്‍ നമ്മുടെ അടുത്തുവന്ന് പാടാന്‍ ദൈവം അനുവദിച്ചതെന്നുമാണ്. ദൈവത്തിന് നിരന്തരം സ്തുതിയര്‍പ്പിക്കാന്‍ അവര്‍ നമ്മളെ ക്ഷണിക്കുകയാണ്. ദൈവസ്തുതികള്‍ അവിടുത്തെ എത്രമാത്രം പ്രസാദിപ്പിക്കുന്നുവെന്ന് ഇതുവഴി അവിടുന്ന് നമുക്ക് വെളിവാക്കിത്തരുന്നെന്നും മറിയം പറഞ്ഞു. ദൈവിക ഔദാര്യത്തെക്കുറിച്ച് അതിശയപ്പെടാനുള്ള കാരണങ്ങള്‍ മറിയത്തിനും ജോസഫിനും ഏറെ ഉണ്ടായിരുന്നു. ‘ദൈവം നമ്മെ ഇത്രയധികം സ്‌നേഹിക്കുകയും തന്റെ സ്‌നേഹത്തിന്റെ ്അടയാളങ്ങള്‍ നല്‍കുകകയും ചെയ്യുന്നെങ്കില്‍ നമ്മളും അവിടുത്തെ എത്രമാത്രം സ്‌നേഹിക്കാനും ആ സ്‌നേഹത്തിന് തെളിവുകള്‍ നല്‍കാനും കടപ്പെട്ടിരിക്കുന്നു!’ – മറിയം പറഞ്ഞു.
ഇതോടെ ദൈവവചനത്തിന്റെ അമ്മ ദൈവത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്ന സ്‌നേഹത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അപ്പോള്‍ അവളുടെ രൂപഭാവങ്ങള്‍ മുഴുവന്‍ അവളിലുള്ള സ്‌നേഹത്താല്‍ നിറഞ്ഞ് പ്രകാശിക്കാന്‍ തുടങ്ങി. അവളുടെ ഈ പ്രകാശിക്കുന്ന രൂപം നോക്കി നിന്നപ്പോള്‍ തീക്ഷ്ണതയേറിയ ഒരു പ്രകാശം അവന്‍ കണ്ടു. അവന് മറിയത്തോടുള്ള ആദരവ് വര്‍ദ്ധിക്കുകയും അവളുടെ വാക്കുകള്‍ തീയമ്പുകള്‍പോലെ അവന്റെ ഹൃദയത്തില്‍ തുളച്ചുകയറി ദൈവസ്‌നേഹത്താല്‍ ജ്വലിപ്പിക്കുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.