പരി. മറിയത്തെ ഭരമേല്‍പ്പിച്ച് എലിസബത്തിന്റെ ഭവനത്തില്‍നിന്നും വി. യൗസേപ്പിതാവ് തിരിച്ചുപോയത് എന്തുകൊണ്ട്?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 53/100

പരിശുദ്ധ ദമ്പതികളുടെ യാത്ര വളരെ ആനന്ദദായകമായി. രാത്രികാലങ്ങളില്‍ അവര്‍ സുരക്ഷിതമായ ഇടങ്ങളില്‍ തങ്ങി. റൊട്ടിയും വെള്ളവും ഇടയ്ക്കു കഴിച്ച് അവര്‍ ക്ഷീണമകറ്റി. മറ്റ് ഭക്ഷ്യസാധനങ്ങള്‍ കഴിക്കണമെന്ന് തോന്നിയപ്പോള്‍ ജോസഫ് അവയും കഴിച്ചു. അവന്റെ ശാരീരികാരോഗ്യം നിലനിറുത്തുന്നതിനായി അപ്രകാരം ചെയ്യാന്‍ അവന്റെ പരിശുദ്ധയായ ഭാര്യയും ഏറെ സ്‌നേഹത്തോടെ അവനെ നിര്‍ബന്ധിച്ചിരുന്നു. വിശ്രമിക്കാന്‍ പോകുന്നതിനു മുമ്പ് അവര്‍ ദൈവസ്തുതികള്‍ പാടിയിരുന്നു. പിന്നെ ജോസഫ് ഇരുന്ന്‌ ഏതാനും മണിക്കൂറുകള്‍ ഉറങ്ങും. മറിയമാകട്ടെ ദൈവത്തോടുള്ള തന്റെ പരിശുദ്ധ സംഭാഷണങ്ങളില്‍ നിമഗ്നയാകും. വാസ്തവത്തില്‍ അവള്‍ വളരെക്കുറച്ചു സമയം മാത്രമെ ഉറങ്ങിയിരുന്നുള്ളു. ഇങ്ങനെ ഉറങ്ങുമ്പോള്‍പോലും അവള്‍ ദൈവത്തോടുള്ള സ്‌നേഹൈക്യത്തിലായിരുന്നു.

പെട്ടെന്നു തന്നെ അവര്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തി. നേരെ സക്കറിയായുടെ വീട്ടിലേക്ക് ജോസഫും മറിയവും ഒരുമിച്ച് കയറിച്ചെന്നു. സക്കറിയായെ അഭിവാദ്യം ചെയ്യാന്‍ ജോസഫ് അവിടെത്തന്നെ നിന്നപ്പോള്‍ എലിസബത്തിന്റെ ആലിംഗനം സ്വീകരിക്കാനായി മറിയം അകത്തേക്കു കടന്നു. മറിയത്തെ കണ്ടതേ എലിസബത്തിന് ദൈവികപ്രകാശനം ഉണ്ടാവുകയും കന്യകയായ ഈ ചാര്‍ച്ചക്കാരി സത്യമായും അവതരിച്ച ദൈവികവചനത്തിന്റെ യഥാര്‍ത്ഥ മാതാവാണെന്ന് തിരിച്ചറിയുകയും ചെയ്തു. മുന്നോടിയായ പ്രവാചകന്റെ അമ്മ എന്നുവിളിച്ച് പരിശുദ്ധ കന്യകയാണ് ആദ്യം അഭിവാദ്യം ചെയ്തത്. ‘എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്‌?’ എന്നു പറഞ്ഞുകൊണ്ട് എലിസബത്ത് പരി. മറിയത്തെ അഭിവാദ്യം ചെയ്തു. ആ വീട്ടിലെ ബാക്കി എല്ലാവരും ജോസഫിനോടും സക്കറിയയോടും സംസാരിച്ചിരുന്നതുകൊണ്ട് ഈ വാക്കുകള്‍ മറ്റാരും കേട്ടില്ല.

സക്കറിയ അപ്പോഴും മൂകനായിരുന്നതുകൊണ്ട് തനിക്ക് പറയാനുള്ളത് ആംഗ്യഭാഷയില്‍ പറയുന്നത് എന്താണെന്ന് ജോസഫിനു വിശദീകരിച്ചുകൊടുക്കാന്‍ മറ്റെല്ലാവരും സഹായിച്ചു. ഈ സമയത്താണ് പരിശുദ്ധ കന്യക തന്റെ മനം തുറന്ന് മനോഹരമായി തന്റെ സ്‌തോത്രഗീതം ആലപിക്കുന്നത്. മറിയത്തിന്റെ ഉദരത്തില്‍ വിശ്രമിക്കുകയായിരുന്ന ദൈവികവചനം ഈ സമയം യോഹന്നാന് തന്നെത്തന്നെ വെളിപ്പെടുത്തി.

തന്റെ മുന്നോടിയായവനെ അവന്റെ അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ ശുദ്ധീകരിക്കണമേ എന്ന് മുമ്പേതന്നെ തന്റെ സ്വര്‍ഗ്ഗീയപിതാവിനോട് യാചിച്ചിരുന്നു. ദൈവവചനത്തെ ഈ സമയം തിരിച്ചറിയാന്‍ തിരിച്ചറിവിന്റെ വരവും നല്‍കണമെന്ന് ഈശോ അപേക്ഷിച്ചിരുന്നു. അതുകൊണ്ട് അവതരിച്ച വചനത്തെ യോഹന്നാന്‍ തിരിച്ചറിഞ്ഞ ആ നിമിഷം തന്നെ അവന്‍ തന്റെ അമ്മയുടെ ഉദരത്തിലായിരുന്നിട്ടും പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെട്ടു. അവന്‍ സന്തോഷത്തോടെ തന്റെ രക്ഷകനെ ആരാധിക്കാന്‍ ശ്രമിച്ചു. ആഹ്ലാദഭരിതനായ ഈ കുഞ്ഞിന്റെ ചലനങ്ങള്‍ അവന്റെ അമ്മയ്ക്ക് അനുഭവപ്പെട്ടു. ഇത്രവലിയ ദാനത്തിന് ദൈവത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ട് തന്നെ ശുദ്ധീകരിച്ച രക്ഷകനായ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചു.

അവരുടെ അഭിവാദനപ്രത്യഭിവാദനങ്ങള്‍ക്കു ശേഷം എലിസബത്ത് പരിശുദ്ധ കന്യകയുമായി വിശുദ്ധമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ജോസഫിന് ഏറെ ഹൃദ്യമായ ഒരു സ്വീകരണമാണ് എല്ലാവരും നല്‍കിയത്. പരിശുദ്ധ ദമ്പതികളുടെ സാന്നിദ്ധ്യം നിമിത്തം അവര്‍ണ്ണനീയമായ ഒരു സന്തോഷവും ആനന്ദവും അവിടെ നിറഞ്ഞു നിന്നു. ദൈവമാതാവ് അവിടെ താമസിച്ച ആ മൂന്നു മാസം ആ വീട്ടിലുള്ളവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വലിയ സമാശ്വാസത്തിന്റെ ദിനങ്ങളായിരുന്നു. അവളുടെ ഉന്നതമായ സുകൃതങ്ങള്‍മൂലം ഒരു വലിയ വിശുദ്ധീകരണത്തിന്റെ അവസരമായി ഇത് മാറി.

തന്റെ മണവാട്ടിയെ പിന്നീട് വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നിശ്ചയിച്ചിരുന്നതുകൊണ്ട് ജോസഫിന് ഇപ്പോള്‍ നസ്രത്തിലേക്ക് തിരിച്ചുപോകണം. തിരിച്ചുപോകാനുള്ള പദ്ധതിയെ അവരെല്ലാവരും പ്രതികൂലിച്ചു. സക്കറിയായുടെ ബന്ധുമിത്രാദികള്‍ അവന്‍ തന്റെ മണവാട്ടിയോടൊപ്പം നില്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദൈവതിരുമനസ്സ് നിറവേറ്റുന്നതിനായി തിരിച്ചുപോകാന്‍ തന്നെ ജോസഫ് തീരുമാനിച്ചു. എലിസബത്തിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സംരക്ഷണത്തിന് അവന്‍ മറിയത്തെ ഭരമേല്‍പ്പിച്ചു. അവള്‍ തന്റെ അമൂല്യ നിധിയാണെന്നും തന്റെ ഹൃദയമാണ് ഇവിടെ വച്ചിട്ടു പോകുന്നതെന്നും അവന്‍ അവരോടു പറഞ്ഞു. അവളെ നല്ലതുപോലെ സംരക്ഷിക്കണമെന്ന് അവന്‍ അവരോടു പയാചിക്കുകയും ചെയ്തു.

തന്റെ ആശ്വാസത്തിന്റെ കേന്ദ്രമായ മറിയത്തെ കൂടാതെ തനിച്ച് തിരികെ യാത്രചെയ്യണമെന്നതില്‍ താന്‍ അതീവദുഃഖിതനാണെന്നും അതിനാല്‍ തന്നെക്കുറിച്ചോര്‍ക്കണമെന്നും അവന്‍ അവളോട് പറഞ്ഞു. മറിയം അവനെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും തുടര്‍ന്നും താന്‍ അവനെ ഓര്‍ത്തുകൊള്ളാമെന്ന് ഉറപ്പു നല്കുകയും ചെയ്തു. അങ്ങനെ ജോസഫ് തിരിച്ചുപോയി. എന്നാല്‍ ശാരിരികമായ ഒരു വേര്‍പാടുമാത്രമേ അവിടെ സംഭവിച്ചുള്ളു. കാരണം അരൂപിയില്‍ അവന്‍ അവരോടും തന്റെ പ്രിയ മണവാട്ടിയോടും ഒപ്പമായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles