പരി. മറിയത്തോടൊപ്പം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വി. യൗസേപ്പിതാവിനെ ആശ്ചര്യപ്പെടുത്തിയത് എന്തായിരുന്നു?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 52/100

യാത്ര പുറപ്പെടാനുള്ള സമയമായപ്പോള്‍ മറിയവും ജോസഫും ഒരുമിച്ച് യുഭയാത്രയ്ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. മറിയം ക്ഷീണിതയായതുകൊണ്ട് ഇത്ര ദീര്‍ഘയാത്ര അവളെ കൂടുതല്‍ തളര്‍ത്തുമോ എന്ന് അവന്‍ ഭയപ്പെട്ടു. അവന്റെ ഈ കരുതല്‍ അവന്‍ മറച്ചുവച്ചില്ല. തങ്ങള്‍ ദൈവഹിതം മാത്രം നിറവേറ്റാന്‍ ശ്രമിക്കുന്നതുകൊണ്ട് ഈ യാത്ര ശുഭകരമായിരിക്കും എന്നു പറഞ്ഞ് മറിയം അവനെ ധൈര്യപ്പെടുത്തി. ദൈവം തങ്ങളോടൊപ്പം വരുമെന്നും തങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കുമെന്നും അവള്‍ പറഞ്ഞു. ഇതുകേട്ട് ജോസഫ് സംതൃപ്തനായി.

ഈ യാത്രയുടെ ലക്ഷ്യം സ്‌നാപകയോഹന്നാന്റെ വിശുദ്ധീകരണമായതുകൊണ്ടും യാത്ര പുറപ്പെടാന്‍ എത്രയും പരിശുദ്ധ കന്യക തിടുക്കം കൂട്ടി. വിരസമായ ഒരു യാത്രയില്‍ ഇത്രേയറെ സന്തോഷം പ്രകടിപ്പിക്കുന്ന മറിയത്തോട് ജോസഫ് ചോദിച്ചു: ‘ ഇത്തരത്തിലുള്ള ഒരു യാത്രയുടെ അസൗകര്യങ്ങള്‍ സഹിക്കാന്‍ നീ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നുണ്ടോ?’ ദൈവതിരുമനസ്സ് ജാഗ്രതയോടെ നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ തന്റെ മനോഭാവം ഇതുതന്നെയാണെന്ന് അവള്‍ പറഞ്ഞു. കൂടുതലായി മറ്റൊന്നും പറയാതെ അവതരിച്ച വചനം തന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം അവള്‍ ഹൃദയത്തില്‍ സൂക്ഷിച്ചു.

മറിയത്തിന്റെ ഈ പ്രതികരണംമൂലം ജോസഫിലും അതേ വികാരങ്ങള്‍ ഉളവായി. ്അതുകൊണ്ട് താന്‍ ദൈവതിരുമനസ്സാണ് നിറവേറ്റാന്‍ പോകുന്നതെന്നു ചിന്തിച്ച് സന്തോഷത്തോടും ഉത്സാഹത്തോടും കൂടി അവനും യാത്രയ്‌ക്കൊരുങ്ങി. അവര്‍ ഒരുമിച്ച് ദൈവാനുഗ്രഹത്തിനായി അവള്‍ യാചിച്ചു. ആത്മാര്‍ത്ഥയോടെ തരളിതഹൃദയനായി അവന്‍ അവളെ ആശീര്‍വദിച്ചു. ഇത്രയേറെ എളിമയോടും ഹൃദയഹാരിയായും അവള്‍ ചോദിക്കുമ്പോള്‍ അവന് ഒന്നും നിഷേധിക്കുവാനാകുമായിരുന്നില്ല. എന്നിരുന്നാലും തന്റെ മുമ്പില്‍ മുട്ടുകുത്തി നിന്ന അവളെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു.

ഉടനെതന്നെ അവര്‍ യാത്ര പുറപ്പെട്ടു. താന്‍ ഉള്ളില്‍ വഹിക്കുന്ന ദൈവികജീവന്‍മൂലം അത്യുത്സാഹത്തോടെ അവള്‍ വേഗത്തില്‍ ചുവടുകള്‍ വച്ചു. ജോസഫും തളരാതെ അവളോടൊപ്പം ചുവടുവച്ചു. തളര്‍ച്ചയില്ലെന്നു മാത്രമല്ല ഹൃദയത്തിന്റെ ഒരു ഹര്‍ഷോന്മാദവും അവന് അനുഭവപ്പെട്ടു. ദൈവികരഹസ്വങ്ങളെക്കുറിച്ചു ദൈവിക പരിപൂര്‍ണ്ണതയെക്കുറിച്ചും സംസാരിച്ചുകൊണ്ട് ദീര്‍ഘദൂരം കടന്നുപോയത് അവരറിഞ്ഞതേയില്ല. ഇതില്‍ ആശ്ചര്യഭരിതനായ ജോസഫ് തന്റെ മണവാട്ടിയോട് അതേക്കുറിച്ചു പറഞ്ഞു. ദൈവത്തെ സ്തുതിക്കാന്‍ ഇതൊരു അവസരമാക്കി അവള്‍ ജോസഫിനോട് പറഞ്ഞു: ‘നോക്കൂ ദൈവം എത്ര നല്ലവനാണെന്ന് നമ്മുടെ ചെയ്തികളെ അവിടുന്ന അനുഗ്രഹിക്കുന്നു. അവിടുത്തെ ഇഷ്ടം പ്രാവര്‍ത്തികമാക്കാന്‍ തക്കവിധം അവിടുന്നു നമ്മെ ശക്തിപ്പെടുത്തുന്നതു നോക്കു. നമുക്ക് ഒരുമിച്ച് അവിടുത്തെ സ്തുതിക്കാം.’

ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ട് അവര്‍ നടന്നു. അതിനുശേഷം തന്റെ മണവാട്ടിയോട് ഒരു സ്തുതിഗീതം ഉച്ചത്തില്‍ ആലപിക്കാന്‍ ആവശ്യപ്പെട്ടു. ആ വിജനപാതയില്‍ അവരെ കേള്‍ക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. അനുസരണയോടെ തന്റെ ഉള്ളില്‍ വസിക്കുന്ന ദൈവവചനത്തിന്റെ സ്തുതിക്കായി മറിയം ഒരു മനോഹരഗാനം ആലപിച്ചു. ആ ഗാനത്തിന്റെ മാധുരിയില്‍ ജോസഫ് അമഗ്നനായി ഉയര്‍ത്തപ്പെട്ടു. ഇന്ദ്രിയലോകത്തുനിന്ന് ഉയര്‍ത്തപ്പെട്ട് ഒരു ആത്മീയതലത്തില്‍ എത്തി. അവര്‍ ഏറെ മൈലുകള്‍ വേഗം പിന്നിട്ടു. തന്റെമേലും ലോകംമുഴുവനിലും അവതരിച്ച വചനം ചൊരിഞ്ഞ കൃപകള്‍ക്ക് നന്ദിയായി നിരവധി ഗാനങ്ങള്‍ മറിയം ആലപിച്ചു.

മാലാഖവൃന്ദങ്ങള്‍ നമ്മുടെ യാത്രക്കാര്‍ക്ക് അകമ്പടിയായി വന്നെത്തിയിരുന്നു. അവരുടെ രാജാവിനെയും രാജ്ഞിയെയും പ്രകീര്‍ത്തിച്ച് അവര്‍ പാടിയ ഗാനങ്ങള്‍ മറിയത്തിന് കേള്‍ക്കാന്‍ കഴിഞ്ഞു. പക്ഷിക്കൂട്ടങ്ങള്‍ അവരുടെ പാതയ്ക്കു സമാന്തരമായി പറന്ന് തങ്ങളുടെ മനോഹരമായ സ്വരത്തില്‍ ഗാനം പാടി ദൈവത്തെ സ്തുതിച്ചു. അതുകണ്ട് ജോസഫ് മറിയത്തോടു പറഞ്ഞു: ‘നോക്കൂ എന്റെ മണവാട്ടീ, ഈ കുഞ്ഞുസൃഷ്ടികള്‍ തങ്ങളുടെ ഗാനത്താല്‍ ദൈവത്തെ സ്തുതിക്കാനായി നമ്മെ ക്ഷണിക്കുന്നു.’ ഒന്നും തനിക്ക് വെളിപ്പെടുത്തപ്പെട്ടിരുന്നില്ലെങ്കില്‍പോലും തന്റെ പരിശുദ്ധ മണവാട്ടിയോടുള്ള സ്‌നേഹംമൂലമാണ് ദൈവം ഈ അടയാളങ്ങളെല്ലാം കാണിക്കുന്നതെന്ന് അവനു മനസ്സിലായി. മറിയത്തെ തന്റെ മണവാട്ടിയായി ലഭിച്ചതിലൂടെ അപൂര്‍വ്വവും അസുലഭവുമായ ഒരു മഹാഭാഗധേയമാണ് തനിക്കു ലഭിച്ചിരിക്കുന്നത് എന്നത് അവനെ സന്തോഷഭരിതനാക്കി. അവന്റെ ഹൃദയം നന്ദിയാല്‍ തിങ്ങി വിങ്ങി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles