വി. യൗസേപ്പിതാവിന്റെ ആത്മാവിനെ ദൈവപുത്രന്‍ തിരുക്കരങ്ങളിലെടുത്ത് മാലാഖമാര്‍ക്ക് കൈമാറിയ ധന്യനമിഷത്തെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-198/200

തദനന്തരം, ജോസഫിനെ ദൈവം ഭരമേല്പിക്കാന്‍ പോകുന്ന അധികാരത്തെക്കുറിച്ച്, മരണാസന്നരുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി ദൈവം അവരോധിക്കുന്ന കാര്യം ഈശോ ഓര്‍മ്മപ്പെടുത്തി. ആ ദൗത്യം സസന്തോഷം സ്വീകരിച്ചിരിക്കുന്ന കാര്യം ജോസഫും ഒരിക്കല്‍കൂടി എടുത്തുപറഞ്ഞു. അങ്ങനെയുള്ള എല്ലാവരെയും സഹായിക്കുന്നതില്‍ തനിക്കു വലിയ സന്തോഷമുണ്ടെന്നും അതിന്റെ ആവേശം തന്റെ ഉള്ളില്‍ ഉജ്ജ്വലിക്കുകയാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ഈശോയുടെയും മറിയത്തിന്റെയും അനുഗ്രഹത്തിനായി ജോസഫ് യാചിച്ചു. അതു നിരസിക്കരുതെന്നും പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തശേഷം തങ്ങളെയും അനുഗ്രഹിക്കാന്‍ ജോസഫിനോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. ഏറ്റം വാത്സല്യത്തോടും ബഹുമാനത്തോടുംകൂടി ജോസഫ് മാതാവിനെയും ഈശോയെയും അനുഗ്രഹിച്ചു.

ജോസഫിന്റെ ഹൃദയത്തില്‍ ദൈവത്തിന്റെ സ്‌നേഹാഗ്‌നിജ്വാലകള്‍ പൂര്‍വ്വാധികം ശക്തിയോടെ കത്തിപ്പടരാന്‍ തുടങ്ങി; അതോടൊപ്പം വേദനയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മരണവേദനയുടെ ഈ അന്ത്യനിമിഷത്തില്‍ ദൈവസ്‌നേഹത്തില്‍ എരിഞ്ഞുതീരുന്നതുപോലെ അവന് അനുഭവപ്പെട്ടു. അവന്‍ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി പിന്നീട് രക്ഷകന്റെയും പരിശുദ്ധ മാതാവിന്റെയും നേരെ നോക്കി. വീണ്ടും ശാന്തമായി സ്വര്‍ഗ്ഗീയ ആനന്ദത്തില്‍ ധ്യാനനിരതനായിത്തീര്‍ന്നു. യഥാര്‍ത്ഥത്തില്‍ ”ജോസഫ് വിശ്രമിച്ചിട്ടില്ല. ദൈവത്തിനുവേണ്ടി സഹനത്തില്‍നിന്നു സഹനത്തിലേക്കുള്ള യാത്ര. അത് ഇവിടെ അവസാനിച്ചു. ഇനിമുതല്‍ ശരീരമില്ലാത്ത, സഹനങ്ങളില്ലാത്ത, നിത്യതയിലേക്ക് ആത്മാവിന്റെ യാത്ര ആരംഭിക്കുകയാണ്.
നിശ്ചയമായും, ഏറ്റം പരിശുദ്ധരായ രണ്ടു വ്യക്തികളുടെ സംരക്ഷകന്‍ എന്ന നിലയ്ക്കു ജോസഫിന് അവരുടെ എല്ലാ സഹായവും ലഭിച്ചിരുന്നു. അവന്റെ ഓരോ ശ്വാസത്തിലും പിതാവായ ദൈവത്തിന്റെയും അവിടുത്തെ പുത്രന്റെയും അവന്റെ പരിശുദ്ധ മാതാവിന്റെയും വിശുദ്ധനാമങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. വിവരണാതീതമായ ആനന്ദമാണ് അതുവഴി അവനു ലഭിച്ചത്.

ഈശോ ജോസഫിന്റെ കരം പിടിച്ചുകൊണ്ട് തലയ്ക്കരികില്‍ത്തന്നെ നില്ക്കുകയും സ്വര്‍ഗ്ഗീയനേഹത്തെയും മഹിമ പ്രതാപത്തെയുംപറ്റി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അവിടുത്തെ കൃപാവചസ്സുകള്‍ ജോസഫിന്റെ ആത്മാവിലേക്ക് ആഴത്തില്‍ ചൂഴ്ന്നിറങ്ങുകയും ദൈവസ്‌നേഹത്തില്‍ അവന്‍ കൂടുതല്‍ ജ്വലിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ജോസഫിന്റെ ജീവിതത്തിന്റെ അവസാനനിമിഷം അടുത്തപ്പോള്‍ ദൈവപുത്രന്‍ അവന്റെ ആത്മാവിനെ ശരീരം വിട്ടു പുറത്തുവരാന്‍ ആവശ്യപ്പെട്ടു. എന്തെന്നാല്‍ ഏറ്റം ധന്യമായ ആ ആത്മാവ് ആദ്യം അവിടുത്തെ പരിശുദ്ധ കരങ്ങളില്‍ എടുക്കപ്പെടേണ്ടതുണ്ടായിരുന്നു; തുടര്‍ന്ന് സ്വര്‍ഗ്ഗീയസീമകളിലേക്ക് അതിനെ
കൂട്ടിക്കൊണ്ടുപോകാന്‍ വന്നിരിക്കുന്ന മാലാഖമാര്‍ക്ക് കൈമാറുകയും ചെയ്യേണ്ടിയിരുന്നു. ഏറ്റം മധുരമായ ആ ക്ഷണം കേട്ടതിനെ തുടര്‍ന്ന്, സ്വര്‍ഗ്ഗീയാനന്ദത്തില്‍, ദൈവസ്‌നേഹപാരമ്യത്തില്‍ നിറഞ്ഞ് ഈശോയുടെയും മാതാവിന്റെയും മധുരനാമം ഉച്ചരിച്ചുകൊണ്ട് ജോസഫ് അന്ത്യശ്വാസം വലിക്കുകയും ആത്മാവ് പുറത്തുവരികയും ചെയ്തു. ഹാ, എത്ര അനുഗ്രഹീതമായതമായ ആത്മാവ് എത്ര പുണ്യപൂര്‍ണ്ണമായ വേര്‍പാട് !

അതിനുശേഷം രക്ഷകന്‍ ജോസഫിന്റെ ആത്മാവിനെ തന്റെ പരിശുദ്ധ കരങ്ങളില്‍ എടുത്തു. അന്ന് ബത്‌ലഹേമില്‍ ഉണ്ണീശോയെ ജോസഫ് കരങ്ങളില്‍ എടുത്തു താലോലിച്ചു. എന്നാല്‍, ഇപ്പോള്‍ ജോസഫിന്റെ ആത്മാവിനെ ലോകരക്ഷകന്‍ കരങ്ങളില്‍ എടുത്തിരിക്കുന്നു. അത് ആത്മാവിന്റെ കണ്ണുകളിലൂടെ കാണുവാന്‍ പരിശുദ്ധമാതാവിനെ അനുവദിക്കുകയും ചെയ്തു; എന്തെന്നാല്‍, അവളുടെ ഏറ്റം സ്‌നേഹനിധിയും വിശ്വസ്തനുമായ ഭര്‍ത്താവിന്റെ വേര്‍പാടുമൂലമുണ്ടാകുന്ന ദുഃഖം നീങ്ങിപ്പോകാന്‍ അത് ആവശ്യമായിരുന്നു. കൃപാവരങ്ങളിലും ദാനങ്ങളിലും നിറഞ്ഞ് കര്‍ത്താവിനെ ആരാധിച്ച, സകലവിധ സദ്ഗുണങ്ങളും കൊണ്ടു സമ്പന്നനായി പക്വത പ്രാപിച്ച ജോസഫിന്റെ ആത്മാവിനെ കണ്ടപ്പോള്‍ മറിയത്തിന്റെ ദുഃഖത്തിന് വലിയആശ്വാസം ലഭിച്ചു. അവള്‍ ഹൃദയം തുറന്നു കര്‍ത്താവിനു നന്ദി പറഞ്ഞു; ജോസഫിന്റെ പരിശുദ്ധമായ ആത്മാവിനും തന്റെ ഭര്‍ത്താവിന്റെ ഭാഗ്യപ്പെട്ട മരണത്തിനും അവള്‍ കര്‍ത്താവില്‍ ആനന്ദിച്ചു, ദൈവത്തെ സ്തുതിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles