പരി. മാതാവും ഈശോയും എപ്രകാരമാണ് വി. യൗസേപ്പിതാവിനെ പരിചരിച്ചിരുന്നത് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-181/200

അസഹ്യമായ അസ്വസ്ഥതകള്‍ വിട്ടുപോകുന്നതിനു മറിയം ജോസഫിന്റെ ശരീരത്തില്‍ ചൂടുപിടിക്കുകയും മറ്റും ചെയ്തുകൊണ്ടിരുന്നു. ഭര്‍ത്താവിനോടുള്ള ആര്‍ദ്രമായ സ്‌നേഹത്താല്‍ ആശ്വാസം ലഭിക്കാന്‍ എന്താണു ചെയ്തുകൊടുക്കേണ്ടതെന്ന് ആരായുകയും ചെയ്തു. എന്നാല്‍, ജോസഫ് ആവശ്യപ്പെട്ടത് ഒന്നുമാത്രം. അത് ഈശോയുടെയും മറിയത്തിന്റെയും സാന്നിദ്ധ്യമായിരുന്നു. അതായിരുന്നു ജോസഫിന്റെ ഏറ്റവും വലിയ ആശ്വാസം. അവര്‍ തന്റെ അരികില്‍നിന്നു പോകുമ്പോള്‍ ആത്മാവു ശരീരത്തില്‍നിന്നു വിട്ടുപോകുന്നതുപോലെ വേദനകൊണ്ടു വിഷമിക്കുകയും ചെയ്തിരുന്നു.

എങ്കിലും തന്റെ അടുത്തു വന്നിരിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടില്ല. മറിച്ച് ദൈവപരിപാലനയ്ക്ക് ഏല്പിച്ചുകൊടുക്കുക മാത്രം ചെയ്തുകൊണ്ടു തന്നോടുതന്നെ പറഞ്ഞു: ‘ദൈവത്തിന് ഇഷ്ടമെങ്കില്‍ എന്നെ സമാശ്വസിപ്പിക്കാന്‍ കഴിയും, അവിടുന്നു കല്പിച്ചാല്‍ ദൈവസുതനും പരിശുദ്ധമാതാവും എന്നെ വിട്ടുപോവുകയില്ല. പക്ഷേ, ഞാന്‍ ഈ വേദനയും വിഷമങ്ങളും ഒറ്റയ്ക്ക് അനുഭവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കില്‍ അവരെ എന്നില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളും അവിടുന്ന് ചെയ്യും. എന്റെ ദൈവമേ! അവിടുത്തെ തിരുഹിതത്തിനൊത്തവിധം ഞാന്‍ എന്നെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കുന്നു.’

വിശുദ്ധനായ ജോസഫ് ആ വേദനയില്‍നിന്നു മുക്തനാകുന്നതുവരെ മാതാവും ഈശോയും അരികില്‍ത്തന്നെ നിന്നിരുന്നു. അവര്‍ പോയപ്പോള്‍ വിശുദ്ധന്‍ ഉറങ്ങുകയും ചെയ്തു. ആ നിമിഷം സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവത്തിന്റെ മാലാഖ ജോസഫിനു പ്രത്യക്ഷപ്പെട്ട് ഗൗരവമുള്ള ഒരു സന്ദേശം അറിയിച്ചു. വിശുദ്ധന്റെ മരണം വളരെ സമീപത്താണെന്നും അതിനുള്ള തയ്യാറെടുപ്പിനും ഒരുക്കത്തിനും തീക്ഷ്ണമായി പ്രാര്‍ത്ഥിച്ച് ധാരാളം കൃപകള്‍ നേടേണ്ടതുണ്ടെന്നു വെളിപ്പെടുത്തി. അതോടൊപ്പം മറ്റൊരു കാര്യംകൂടി മാലാഖ മുന്നറിയിപ്പു കൊടുത്തു. അതികഠിനമായ ഒരു വ്യാധി ഉടനെ ഉണ്ടാകും.

എന്നിരുന്നാലും ആ പരീക്ഷണത്തില്‍ അത്യന്തം ദീര്‍ഘക്ഷമയും പരിത്യാഗവും പ്രകടിപ്പിച്ചു ദൈവഹിതത്തിന്് വിധേയപ്പെടുകയും അവിടുത്തെ പ്രസാദിപ്പിക്കുകയും ചെയ്യണമെന്നുകൂടി പറഞ്ഞുകൊണ്ടു മാലാഖ ജോസഫിനെ പ്രോത്സാഹിപ്പിച്ചു. ആ നിമിഷം ജോസഫ് നിദ്രവിട്ടുണര്‍ന്നു. ദൈവഹിതം എല്ലാ പ്രകാരത്തിലും തിരിച്ചറിഞ്ഞശേഷം പരിപൂര്‍ണ്ണമായും തന്നെത്തന്നെ ദൈവത്തിന് വിട്ടുകൊടുക്കുകയും എന്തും സഹിക്കാനുള്ള തന്റെ സമ്മതം കര്‍ത്താവിന്റെ മുമ്പില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സന്ദേശം തന്നെ അറിയിച്ച കര്‍ത്താവിന് നന്ദി പറഞ്ഞു. ക്ലേശത്തിന്റെ സമയത്തു തന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles