വി. യൗസേപ്പിതാവ് ഈശോയെ ദൈവാലയത്തില്‍ കണ്ടെത്തിയപ്പോള്‍ എന്തുസംഭവിച്ചു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-159/200

ദൈവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ ഈശോയെ കാണാനുള്ള വലിയ ആഗ്രഹം അവരില്‍ നിറഞ്ഞുനിന്നിരുന്നു. അകത്തു പ്രവേശിച്ച നിമിഷംതന്നെ അവര്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന വാത്സല്യ നിധിയായവനെ ആരാധനയോടെ പരതിനോക്കി. അവിടെ അവന്‍ നിയമപണ്ഡിതന്മാരുടെ മദ്ധ്യത്തില്‍ ഇരിക്കുന്നതായും അവരെല്ലാവരും വളരെ ആശ്ചര്യത്തോടും വിസ്മയത്തോടുംകൂടെ ഈശോയുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതായും കണ്ടു.

അവിടെ നടക്കുന്ന സംഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടുനിന്ന ആ നില്പില്‍ത്തന്നെ അതുവരെ അവര്‍ അനുഭവിച്ച എല്ലാ സങ്കടങ്ങളും ആകുലതകളും നീങ്ങിപ്പോയി. പകരം ഹൃദയം മുഴുവന്‍ വിസ്മയവും ആനന്ദവും സന്തോഷവുംകൊണ്ടു നിറഞ്ഞുകവിഞ്ഞു. ജോസഫ് വീണ്ടും ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്തു. എന്തെന്നാല്‍, തന്റെ ആശ്വാസനിധിയെ അവിടുന്നു തിരിച്ചു നല്കിയിരിക്കുന്നു. എന്നു മാത്രമല്ല അവനെ നഷ്ടപ്പെട്ടത് തന്റെ കുറ്റംകൊണ്ടല്ലെന്ന് വ്യക്തമാകുകയും ചെയ്തിരിക്കുന്നു. എത്രയോ പ്രാഭവത്തോടെയാണ് നവചൈതന്യം ജോസഫിന്റെ ആത്മാവിലേക്ക് ആ നിമിഷം ഒഴുകിയിറയങ്ങിയത്! മരിച്ചുപോയി എന്നു കരുതിയ തന്റെ പ്രിയമകന്‍ ജോസഫ് ഈജിപ്തില്‍ ജീവിച്ചിരിക്കുന്നു എന്നുകേട്ടപ്പോള്‍ പൂര്‍വ്വപിതാവായ യാക്കോബിനുണ്ടായ അനുഭവംപോലെയായിരുന്നു ഇത്!

ഈശോയെ വീണ്ടും കണ്ടെത്തുകയും അവിടുത്തെ അധരത്തില്‍ നിന്നു മൊഴിയുന്ന വാക്കുകള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ ജോസഫിനുണ്ടായ സന്തോഷം വിവരിക്കുക അസാദ്ധ്യമായ കാര്യമാണ്. ജറുസലേമിലുള്ള വേദപണ്ഡിതന്മാരെല്ലാവരും അവിടെ കൂടിയിരിക്കുന്നതായും ദൈവാലയശുശ്രൂഷകര്‍ മുഴുവന്‍ അവര്‍ക്കു ചുറ്റും നിന്നുകൊണ്ട് വളരെ ആശ്ചര്യപൂര്‍വ്വം ഈശോയുടെ സംസാരം ശ്രദ്ധിക്കുന്നതുമായാണ് ജോസഫ് കണ്ടത്. അവന്റെ ജ്ഞാനത്തിലും കൃപാധിക്യത്തിലും എല്ലാവരും വിസ്മയംപൂണ്ടു നില്ക്കുകയായിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം നിറഞ്ഞു കവിഞ്ഞൊഴുകുന്ന സന്തോഷമാണ് അപ്പോള്‍ ജോസഫ് അനുഭവിച്ചത്.

അവന്‍ തന്നോടുതന്ന്െ പറഞ്ഞു: ‘ഇതാ നോക്കൂ, മിശിഹാ ആരായിരുന്നുവോ അതേ മഹത്വത്തില്‍ അവന്‍ അറിയപ്പെടാനും അംഗീകരിക്കപ്പെടാനും പോകുകയാണ്. വളരെ അത്ഭുതകരമായ രീതിയിലും അസാമാന്യ ജ്ഞാനത്തിലും വിശുദ്ധ ലിഖിതങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് നിയമത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ വന്നുകഴിഞ്ഞു എന്ന് അവന്‍ അവര്‍ക്കു തെളിയിച്ചുകൊടുത്തു. അതിനാല്‍ ഇനിമുതല്‍ അവര്‍ അവനെ സ്‌നേഹിക്കും. അവന്റെ കൗമാരപ്രായത്തില്‍ ഇത്രയധികം ജ്ഞാനവും കൃപയും ധാര്‍മ്മികമൂല്യങ്ങളും പ്രകടിപ്പിക്കുമ്പോള്‍ ഭാവിയില്‍ അവരെ അവന്‍ എത്രയധികമായി അതു ബോദ്ധ്യപ്പെടുത്താതിരിക്കില്ല! ഇപ്പോള്‍ത്തന്നെ അവന്‍ ജ്ഞാനത്തില്‍ നിറഞ്ഞവനാണ്. അവന്റെ ജ്ഞാനത്താല്‍ അവരുടെ ഹൃദയം പ്രകാശിക്കുകയും അവരെല്ലാവരും അവനെ മനസ്സിലാക്കുകയും ചെയ്യുമെന്ന് ഞാന്‍ നിശ്ചയമായും വിശ്വസിക്കുന്നു.’

ദൈവം ഈ ലോകത്തിന്റെ മേല്‍ വര്‍ഷിച്ചിരിക്കുന്ന അതിബൃഹത്തായ രക്ഷാരഹസ്യം എല്ലാവരും അറിയണമെന്നും എല്ലാവരാലും ആദരിക്കപ്പെടണമെന്നുമുള്ള ഉല്‍ക്കടമായ ആഗ്രഹാഭിലാഷങ്ങള്‍ പക്ഷേ ഫലമണിഞ്ഞില്ല. കാരണം, യഹൂദജനത്തിന്റെ ഹൃദയകാഠിന്യം വളരെ കടുകട്ടിയായിരുന്നു. അവരുടെ മനസ്സിന്റെ ദുഷ്ടവിചാരങ്ങളും ദുരഭിമാനങ്ങളും നിമിത്തം ക്രിസ്തുവിന്റെ വാക്കുകള്‍ക്ക് അവരില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍് കഴിഞ്ഞില്ല. ദൈവം തന്റെ പ്രകാശം അവരില്‍നിന്നു മറച്ചുവച്ചില്ല. സത്യം അറിയാനുള്ള വഴികള്‍ തടഞ്ഞുവച്ചതുമില്ല. എന്നുട്ടും അവരുടെ തന്നെ തെറ്റായ മനോഭാവവും കാഴ്ചപ്പാടുകളുംമൂലം ദൈവകൃപ അവരില്‍ ഫലശൂന്യമായിപ്പോയി.

ഈ സമയംകൊണ്ട് തിരുക്കുമാരന്‍ തന്റെ പ്രബോധനങ്ങള്‍ ഉപസംഹരിക്കുകയും എല്ലാവരും അവന്റെ പ്രഭാഷണത്തെ അഭിനന്ദിക്കുകയും ചെയ്തു. തന്നെ വളരെ സ്‌നേഹത്തോടെ കാത്തുനില്‍ക്കുകയായിരുന്ന പരി. അമ്മയെ ഈശോ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്കു ചെന്നു. അപ്പോള്‍ മാതാവു ചോദിച്ചു: ‘മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉല്‍ക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു.’ ഉടനെ ഈശോ തന്റെ ദൈവികമഹത്വത്തില്‍നിന്ന് അതിന് ഉത്തരമരുളി. എന്നാല്‍, ആ സമയത്ത് ജോസഫാകട്ടെ ഈശോയെ വീണ്ടും കണ്ടെത്തിയതിന്റെ ആനന്ദനിര്‍വൃതിയില്‍ സംസാരിക്കാന്‍പോലും കഴിയാതെ ശാന്തനായി അത്ഭുതസ്തബാധനായി നില്ക്കുകയായിരുന്നു.

ഈശോയെ വീണ്ടും കണ്ടെത്തിയപ്പോള്‍ ഉണ്ടായ സ്വര്‍ഗ്ഗീയാനന്ദത്തിന്റെ നിറവില്‍ സന്തോഷംകൊണ്ടു ജോസഫ് വിതുമ്പിക്കരയുകയായിരുന്നു. ദൈവാലയത്തില്‍ ഈശോയുടെ പ്രഭാഷണം കേട്ടവരില്‍ പലരും ജോസഫിനെയും മറിയത്തെയും അഭിനന്ദിക്കുകയും അവനില്‍ ശ്രേഷ്ഠനായ ഒരു പ്രവാചകനെ കാണുന്നു എന്ന് പറയുകയും ചെയ്തു. ജോസഫ് ദൈവത്തെ സ്തുതിക്കുകയും നന്ദിപറയുകയും ചെയ്തുകൊണ്ട് ഈശോയുടെ മുമ്പില്‍ താഴ്മയോടെ നില്‍ക്കുകയും തന്റെതന്നെ നിസ്സാരതകളെ ഏറ്റുപറയുകയും ചെയ്തു. എല്ലാ മഹത്വവും ദൈവത്തിനു സമര്‍പ്പിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles