വി. യൗസേപ്പിതാവിന്റെ യാചന ശ്രവിച്ച ദൈവം അവനില്‍ ചൊരിഞ്ഞ അനുഗ്രഹത്തെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-133/200

തിരുക്കുടുംബം ദൈവത്തിന്റെ പ്രത്യേക പരിപാലനയിലാണ് നയിക്കപ്പെടുന്നതെങ്കിലും അവര്‍ക്കു വളരെയധികം കഷ്ടപ്പാടുകള്‍ നേരിടേണ്ടിവന്നു. ഇത് ജോസഫിന്റെയും മറിയത്തിന്റെയും വിശ്വാസത്തെ പരീക്ഷിക്കുന്നതിനും അത്യുന്നത ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. എല്ലാക്കാര്യത്തിലും അവര്‍ ദൈവഹിതത്തിന് കീഴ്‌വഴങ്ങുന്നുവെന്നും അവിടുത്തെ ഇഷ്ടം മാത്രം ആഗ്രഹിക്കുന്നുവെന്നും തെളിയിക്കപ്പെടുകയും അതുവഴി അവരുടെ സുകൃതങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യണമായിരുന്നു. അതിനുവേണ്ടിയാണ് ഈ ദുരിതങ്ങളെല്ലാം അവിടുന്ന് അനുവദിച്ചുകൊടുത്തത്. എത്രയോ ദിവസങ്ങള്‍ വിശന്നും ദാഹിച്ചും അവര്‍ കടന്നുപോയി. എത്രയോ തവണ മഴ നനഞ്ഞും നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാന്‍ കഴിയാതെയും അവര്‍ കഴിഞ്ഞുകൂടി. എത്രയെത്ര രാത്രികളാണ് അന്തിയുറങ്ങാന്‍ അഭയസ്ഥാനം കണ്ടെത്താതെ തുറസ്സായ വിജനപ്രദേശങ്ങളിലും വയലുകളിലും ചെലവഴിക്കേണ്ടി വന്നത്!

ചില സന്ദര്‍ഭങ്ങളില്‍ വിശന്നും ദാഹിച്ചും തളര്‍ന്ന് ചില അധിവാസകേന്ദ്രങ്ങളില്‍ എത്തിപ്പെട്ടുകഴിയുമ്പോള്‍ ഭക്ഷണവും വെള്ളവും കൊടുക്കാതെ അവരെ ജനം നിരാകരിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ കൂടെയുള്ള വ്യക്തിയുടെ മഹത്വമറിയുന്ന ജോസഫിന് ആ നിര്‍ദ്ദയമായ തിരസ്‌കരണങ്ങളും നിന്ദ്യമായ പെരുമാറ്റങ്ങളും ഹൃദയം തുളച്ചു കടന്നുപോയ വാളുകള്‍പോലെയായിരുന്നു. എങ്കിലും ഇങ്ങനെ സംഭവിച്ചപ്പോഴും ജോസഫ് തികച്ചും ശാന്തനായിരുന്നു. ഒരിക്കല്‍പ്പോലും ദൈവപരിപാലന കുറഞ്ഞുപോയതിന് പരാതി പറഞ്ഞില്ല.

ഭക്ഷണം നിഷേധിച്ചവരോടും നിന്ദ്യമായി പെരുമാറിയവരോടും ഉള്ളില്‍ പിറുപിറുക്കുകപോലും ചെയ്തില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സാധാരണയായി ഈശോയുടെ നേരെ തിരഞ്ഞു പറയും. ‘എന്റെ പ്രിയമകനേ, നിന്റെ സൃഷ്ടികള്‍ നിന്നോട് ഇത്ര മോശമായി പെരുമാറുന്നതു കാണുമ്പോള്‍ എന്നെ അത് എത്രമാത്രമാണ് വേദനിപ്പിക്കുന്നത്. എങ്കിലും അവരോട് ക്ഷമിക്കണം. കാരണം, നീ ആരാണെന്ന് അവര്‍ അറിയുന്നില്ലല്ലോ. അത് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ നിനക്ക് ദാഹജലവും ഭോജനവും നിഷേധിക്കുമായിരുന്നില്ല.’

ചില മേഖലകളിലൂടെ കടന്നുപോയ സന്ദര്‍ഭങ്ങളില്‍ അന്തിയുറങ്ങാന്‍ ഒരിടം തേടി അലഞ്ഞു തളരുമ്പോള്‍, കണ്ടെത്താതെ വിജനമായ തരിശുഭൂമിയില്‍ കഴിയേണ്ടിവന്നു. അപ്പോള്‍ ജോസഫ് ഇങ്ങനെ പ്രാര്‍ത്ഥിക്കും. ‘ഓ, എന്റെ ദൈവമേ, എന്റെ കുട്ടിക്കാലത്ത് എന്റെ എല്ലാ ഉദ്യമങ്ങളിലും അങ്ങയുടെ സഹായം എനിക്ക് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഇപ്പോള്‍ എന്റെ ഈ ആവശ്യങ്ങളില്‍ അവിടുന്ന് ശ്രദ്ധ തിരിക്കേണമെ. എനിക്കുവേണ്ടി മാത്രമല്ല, അങ്ങയുടെ ഏകജാതനെയും അവന്റെ മാതാവായ മറിയത്തെയും പരിഗണിക്കേണമെ. അവന്‍ ശിശുവും അവള്‍ അബലയുമാണെന്ന് ഓര്‍ക്കണമേ.

എത്ര കഠിനമാണ് അവരുടെ സഹനങ്ങള്‍, ഈശോയുടെയും മറിയത്തിന്റെയും ക്ലേശങ്ങള്‍ ദുരീകരിക്കണമെന്നും പകരം ആ വേദനകളെല്ലാം എന്റെമേല്‍ വച്ചുകൊള്ളണമെന്നും ഈ ദാസന്‍ അങ്ങയോടു യാചിക്കുന്നു.’ ദൈവമായ കര്‍ത്താവ് തന്റെ വിശ്വസ്ത ശുശ്രൂഷകനായ ജോസഫിന്റെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും അവന്റെ ഹൃദയത്തോട് സംസാരിക്കുകയും ചെയ്തു. എല്ലാം നേരിടുന്നതിനുള്ള അസാമാന്യ ധൈര്യവും ശക്തിയും പ്രദാനം ചെയ്തുകൊണ്ട് അവുടന്ന് അവനെ അത്യധികമായി അനുഗ്രഹിച്ചു.

മരപ്രദേശങ്ങളിലൂടെ കടന്നുപോയ ചില അവസരങ്ങളില്‍ വന്യമൃഗങ്ങള്‍ കടന്നുവന്ന് ഈശോയുടെ മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തി. അവയുടെ സ്വതസിദ്ധമായ ചേഷ്ഠകളില്‍ അവ ദൈവത്തെ ആരാധിച്ചു. ഈശോ അവയോടു പൊയ്‌ക്കൊള്ളുക എന്നാജ്ഞാപിക്കാതെ അവ തങ്ങളുടെ സ്രഷ്ടാവിനെ വിട്ടുപോയില്ല. പോകുന്നതിനു മുമ്പ് ജോസഫിനെയും മറിയത്തെയും കൂടി തലകുനിച്ചു വണങ്ങുകയും ചെയ്തു. ആശ്ചര്യപൂര്‍വ്വം ഇതെല്ലാം കണ്ടുകൊണ്ടു ജോസഫ് അവയുടെ മുമ്പില്‍ സ്‌നേഹപൂര്‍വ്വം നിന്നുകൊടുത്തു. എന്നിട്ട് ഈശോയോടു ചോദിച്ചു: ‘ഈ ഹിംസ്രജന്തുക്കളായ മൃഗങ്ങള്‍ അവയുടെ സ്രഷ്ടാവിനെ തിരിച്ചറിയുന്നു. ഭക്തിപൂര്‍വ്വം വന്ന് അവയുടെ നാഥനെ ആരാധിക്കുകയും ചെയ്യുന്നു.

എന്നാല്‍, വിവേകവും വിശേഷബുദ്ധിയുമുള്ള മനുഷ്യജന്മങ്ങള്‍ ഒന്നും മനസ്സിലാക്കുന്നില്ല. തങ്ങളുടെ സ്രഷ്ടാവിന് യാതൊരു പരിഗണനയും പ്രകടിപ്പിക്കുന്നില്ല. എന്നുമാത്രമല്ല, അഭയവും ആഹാരവും നിനക്കു നിഷേധിക്കുകയും ചെയ്യുന്നു. നിന്റെ സൃഷ്ടികളുടെയിടയിലെ പെരുമാറ്റത്തില്‍ എത്രവലിയ വൈരുദ്ധ്യമാണ് പ്രകടമാകുന്നത്. കേവലം പൈതലായിരിക്കുന്ന നിന്നെ വന്യജീവികള്‍ തിരിച്ചറിയുമ്പോള്‍ മനുഷ്യമക്കള്‍ അതറിയുന്നില്ല. ഇപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ പ്രായമാകുമ്പോള്‍ എന്താണ് പ്രതീക്ഷിക്കരേണ്ടത്?’ അപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തിക്കൊണ്ട് ഈശോ ഇപ്രകാരം ഉദ്‌ഘോഷിച്ചു: ‘എന്നെക്കുറിച്ചു പ്രവചിക്കപ്പെട്ടിരിക്കുന്നതെല്ലാം ഞാന്‍ അനുഭവിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം നിറവേറുകയും ചെയ്യേണ്ടിയിരിക്കുന്നു.’

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles