തങ്ങളെ വിട്ടുപിരിയരുതേയെന്ന് അപേക്ഷിച്ച ഈജിപ്തുകാരെ വി. യൗസേപ്പിതാവ് ആശ്വസിപ്പിച്ചത് എപ്രകാരമെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-127/200

അവർ യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ജോസഫിനു തന്റെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവരുടെ അയൽക്കാരും പരിചയക്കാരും വിലപിക്കുന്നത് കണ്ടപ്പോൾ അവന്റെ ഹൃദയം വികാര തരളിതമായി തേങ്ങുകയായിരുന്നു. അവർ പ്രകടിപ്പിച്ച സ്നേഹത്തിനും ചെയ്ത എല്ലാ ഉപകാരങ്ങൾക്കും ഹൃദയപൂർവ്വം അവൻ നന്ദി പറഞ്ഞു. ഇത്ര പെട്ടെന്നു തങ്ങളെ വിട്ടുപിരിഞ്ഞു നാട്ടിലേക്കു മടങ്ങാനുണ്ടായ സാഹചര്യമെന്താണെന്ന് അവരിൽ ചിലർ ചോദിക്കുകപോലും ചെയ്തു. അവൻ അവരോടു പറഞ്ഞു: “ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. ഈ നാട്ടിലേക്ക് അയച്ച ദൈവം ഇപ്പോൾ ഞങ്ങളെ മടക്കി വിളിച്ചിരിക്കുകയാണ്.”

എന്നിരുന്നാലും തങ്ങളോടൊത്തു ജീവിക്കണമെന്ന് ഈജിപ്തുകാർ ജോസഫിനോടു നിർബന്ധിച്ചു പറഞ്ഞു. അവരിൽ നല്ലൊരു ഭാഗം മനുഷ്യർ വീതമെടുത്തു ഒരു തുക സമ്മാനിച്ചു. അവർ ചെയ്തതിനെല്ലാം ജോസഫ് നന്ദി പറയുകയും അവർ കാണിച്ച നല്ല മനസ്സിന് ഹൃദയം നിറഞ്ഞ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

ആ കൂട്ടത്തിൽനിന്ന് ഒരു മനുഷ്യൻ മുന്നോട്ടു വന്നു പറഞ്ഞു; ബാലനായ ഈശോയെ യാത്രയ്ക്കു കൊണ്ടുപോകുന്നത് വലിയ അപകടമാണെന്നും അവന്റെ ഇളം പ്രായത്തിൽ അങ്ങനെയുള്ള യാത്രയിൽ രോഗങ്ങളും മറ്റും പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നും, അതിനാൽ കുട്ടിയെ തൽക്കാലം തന്റെ സംരക്ഷണത്തിൽ നോക്കിക്കൊള്ളാമെന്നും മറ്റും പല ന്യായവാദങ്ങളും ഉന്നയിച്ചു. അങ്ങനെ പല കാര്യങ്ങളും പറഞ്ഞു ജോസഫിനെ അവൻ നിർബന്ധിച്ചെങ്കിലും വിശുദ്ധൻ അതിന് കേവലം ഒന്നു പുഞ്ചിരിച്ചുകൊണ്ട് കുട്ടിയെ കൂടാതെ തനിക്കു ജീവിക്കാൻ സാധ്യമല്ലെന്നു തറപ്പിച്ചു പറഞ്ഞു.

യഥാർത്ഥത്തിൽ ജോസഫിന്റെ സമാധാനം ഈശോയിലാണു കുടികൊണ്ടിരുന്നത്. ഈശോ ജനിച്ചയുടനെ ഈജിപ്തിലേക്കു യാത്രചെയ്തപ്പോൾ ഒരു രോഗവും അവനെ ബാധിച്ചില്ല. ഇപ്പോൾ അതിനേക്കാൾ ആരോഗ്യകരമായ പ്രായത്തിലാണവൻ. അതുകൊണ്ട് തിരിച്ചുള്ള യാത്രയിലും ഒരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ല എന്ന് അവൻ അവരോടു പറഞ്ഞു. ഈജിപ്തിലേക്ക് തങ്ങളെ വഴി നടത്തിയ ദൈവത്തിലാണ് താൻ പ്രത്യാശവച്ചിരിക്കുന്നതെന്നും അതുപോലെ മടക്കയാത്രയിലും ആവശ്യമായ സംരക്ഷണം അവിടുന്നു നല്കി സഹായിക്കുമെന്നും നല്ല വിശ്വാസമുണ്ടെന്നും അവൻ അവരോടു പറഞ്ഞു.

അങ്ങനെയുള്ള വാക്കുകളിലൂടെ ഈജിപ്തുകാരുടെ ഭയം നീക്കിക്കളയാനും കുട്ടിയെ ഈജിപ്തില്‍ വിട്ടിട്ടുപോകാതിരിക്കാനുള്ള കാരണം വിശദീകരിക്കാനും ജോസഫിനു കഴിഞ്ഞു. ദൈവഹിതമനുസരിച്ചുള്ള ജോസഫിന്റെയും മറിയത്തിന്റെയും ഈശോയുടെയും മടക്കയാത്രയെ ഇവിടെ ആര്‍ക്കാണ് അംഗീകരിക്കാതിരിക്കാന്‍ കഴിയുക? മടങ്ങിപ്പോകുന്നതിനു മുമ്പ് അവരെല്ലാവരും നിലത്തു മുട്ടുകുത്തി, അവരിലൂടെ ദൈവം ആ പട്ടണത്തില്‍ ചെയ്ത എല്ലാ കാര്യത്തിനും നന്ദി പറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ദൈവത്തെ അറിഞ്ഞ പലരും അവിടെ വന്നുചേര്‍ന്നിരുന്നു.

ആ നാട്ടുകാര്‍ പ്രകടിപ്പിച്ച ഔദാര്യത്തിനും നല്ല പ്രവൃത്തികള്‍ക്കും പ്രതിഫലം നല്കണമെന്ന് അവര്‍ ദൈവത്തോട് അപേക്ഷിച്ചു. ഈജിപ്തുരാജ്യം മുഴുവനുംവേണ്ടി, അവര്‍ക്കു സത്യദൈവത്തെക്കുറിച്ചുള്ള അറിവു ലഭിക്കുന്നതിനുവേണ്ടി, അവര്‍ പ്രാര്‍ത്ഥിച്ചു. ദൈവം ഇതിനോടകം ഹൃദയം പ്രകാശിപ്പിച്ചവര്‍ക്കുവേണ്ടി പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിച്ചു. അവസാനമായി പിതാവായ ദൈവത്തിന്റെ അനുഗ്രഹത്തിനായി അവര്‍ യാചിച്ചുകൊണ്ടു ശിരസ്സു നമിക്കുകയും സുദീര്‍ഘവും ആയാസകരവുമായ ഈ യാത്രയില്‍ തങ്ങളുടെ കൂടെ നിന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles