വി. യൗസേപ്പിതാവ് ഈജിപ്തിലെ ജീവിതം ആരംഭിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 105/200

പ്രവാസത്തിലെ തങ്ങളുടെ കൂടാരത്തില്‍ ഒരുവിധം കാര്യങ്ങളെല്ലാം യഥാവിധി ക്രമപ്പെടുത്തിയശേഷം ജോസഫ് ഒരു തൊഴില്‍ അന്വേഷിച്ചു പുറപ്പെട്ടു. മാതാവിന്റെയും ഉണ്ണീശോയുടെയും അനുദിനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് തനിക്കറിയാവുന്ന എന്തെങ്കിലും പണി കണ്ടെത്തേണ്ടിയിരുന്നു. താന്‍ പഠിച്ച പണി ചെയ്യണമെന്നാണോ ദൈവം ആഗ്രഹിക്കുന്നതെന്നറിയാന്‍ മറിയത്തോട് ആദ്യം അഭിപ്രായം ആരാഞ്ഞു. ജോസഫ് തന്റെ പരമ്പരാഗത തൊഴില്‍ ചെയ്യണമെന്നാണ് കര്‍ത്താവിന്റെ ഇഷ്ടമെന്ന് അവള്‍ മറുപടി പറഞ്ഞു. ആദ്യം തന്നെ ആവശ്യമായ പണിയായുധങ്ങള്‍ വായ്പ വാങ്ങുന്നതിനുവേണ്ടി ഗ്രാമത്തില്‍ ഒരന്വേഷണം നടത്തി. സ്വന്തം ആയുധങ്ങളൊന്നും നസ്രത്തില്‍നിന്നു കൊണ്ടുപോന്നിരുന്നില്ലല്ലോ. ചില മനുഷ്യര്‍ സഹായിച്ചു എന്നാല്‍ മറ്റുചിലര്‍ നിഷ്‌കരുണം നിരാകരിച്ചു.

ദൈവം അത് അനുവദിച്ചതാണ്. എന്തെന്നാല്‍, തന്റെ ദാസന്‍ ദീര്‍ഘക്ഷമയും അര്‍പ്പണമനോഭാവവും അഭ്യസിക്കേണ്ടിയിരുന്നു. തല്‍ഫലമായി, അവന്‍ എന്തെങ്കിലും കിട്ടണമെന്ന് ആഗ്രഹിച്ചു ചോദിക്കുമ്പോള്‍ അവന് അതു നിഷേധിക്കപ്പെട്ടിരുന്നു. വിശുദ്ധനായ ജോസഫ് എവിടെയും അങ്ങേയറ്റം തന്നെത്തന്നെ വിനീതനാക്കിയിരുന്നു. അങ്ങനെ നിരാകരിക്കപ്പെടുന്നതു തന്റെതന്നെ കുറവുകള്‍ കൊണ്ടാണെന്നു വിചാരിക്കുകയും ചെയ്തു. എന്നിരുന്നാലും അവന്‍ വിനയപൂര്‍വ്വം മാറിമാറി ഓരോ മനുഷ്യരുടെയും അടുത്ത് ആയുധങ്ങള്‍ക്കുവേണ്ടി യാചിച്ചുകൊണ്ടിരുന്നു. അതു ലഭിക്കുന്നതുവരെ അവന്‍ അതു തുടര്‍ന്നു. തന്നോട് അനുകമ്പ കാണിച്ച എല്ലാവര്‍ക്കും അവന്‍ തന്റെ സേവനം വാഗ്ദാനം ചെയ്തു. തന്റെ സേവനം എപ്പോള്‍ എങ്ങനെ വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളാന്‍ അവന്‍ അവര്‍ക്ക് വാക്കുകൊടുത്തു. അവര്‍ക്ക് എന്തുചെയ്തുകൊടുക്കുന്നതിനും അവന്‍ ഒരുക്കമായിരുന്നു. ഇപ്രകാരം വിനയവും ഉദാരതയുമുള്ള പെരുമാറ്റത്തിലൂടെ ഈജിപ്തില്‍ ജോസഫ് അനേകരുടെ പ്രീതി കരസ്ഥമാക്കി.

ആയുധങ്ങള്‍ സംഘടിപ്പിച്ചശേഷം ജോസഫ് തന്റെ ജോലിയില്‍ വ്യാപൃതനായി. എപ്പോഴും അവന് ആവശ്യത്തില്‍ കൂടുതല്‍ പണികള്‍ ലഭിച്ചുകൊണ്ടിരുന്നു. എന്തെന്നാല്‍ ജോസഫ് വിദഗ്ദ്ധനായ ഒരു മരയാശാരി ആയിരുന്നു. അവന്‍ ഒരിക്കല്‍പ്പോളും തന്റെ സേവനത്തിന് കണക്കുപറഞ്ഞു കൂലി വാങ്ങിച്ചിട്ടില്ല. അവര്‍ കൊടുക്കുന്നതെന്തോ അത് സന്തോഷപൂര്‍വ്വം അവന്‍ സ്വീകരിച്ചു. ചിലപ്പോള്‍ തന്റെ അദ്ധ്വാനത്തിന് അര്‍ഹമായതിലും കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചിരുന്നതെങ്കിലും സ്‌നേഹത്തിന്റെ പേരില്‍ അത് അംഗീകരിക്കുകയും അവര്‍ക്ക് നന്ദി പറയുകയുമാണ് ചെയ്തിരുന്നത്. അതായത് എല്ലാ അര്‍ത്ഥത്തിലും തനിക്ക് ഒരു സമ്മാനം ലഭിച്ചതുപോലെയാണ് അത് അവന്‍ വിലമതിച്ചിരുന്നത്.

അതിനിടയില്‍, പടിപടിയായി ആ വീട്ടില്‍ മാതാവിനും ഈശോയ്ക്കും ആവശ്യമായ താമസസൗകര്യങ്ങള്‍ ജോസഫ് പണിതീര്‍ത്തു. അതോടൊപ്പം തന്റെ തൊഴില്‍ ചെയ്യുന്നതിനാവശ്യമായ മറ്റുപകരണങ്ങളും തയ്യാറാക്കി. ഭക്ഷണകാര്യങ്ങള്‍ക്കു വേണ്ടി അധികമൊന്നും പണം ചെലവഴിക്കേണ്ടി വന്നില്ല. അവരുടെ അയല്‍ക്കാരില്‍ പലരും ഏതെങ്കിലും തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടുവന്നു കൊടുക്കുമായിരുന്നു. മറിയം എപ്പോഴും തന്റെ കൈത്തറിയില്‍ പണിയെടുത്തുകൊണ്ടിരുന്നു. മാതാവിനെ അത്തരം ജോലികള്‍ ഏല്‍പ്പിക്കുന്നതിന് അയല്‍ക്കാരായ സ്ത്രീകള്‍ തമ്മില്‍ മത്സരംതന്നെയായിരുന്നു.

അവരുടെ ആവശ്യങ്ങള്‍ സാധിക്കുന്നതിനേക്കാളുപരി അവളെ കാണുന്നതിനും അവളോടു സംസാരിക്കുന്നിതനുമുള്ള അവസരം ലഭിക്കുന്നതിനു വേണ്ടിയാണ് അവര്‍ വന്നിരുന്നത്. മറിയത്തിന്റെ സൗന്ദര്യവും മതിപ്പും പുണ്യങ്ങളും എല്ലായിടത്തും സംസാരവിഷയമായിത്തീര്‍ന്നു. അവളുടെ കുഞ്ഞുമകന്റെ ഓമനത്തവും മനംകവരുന്ന സൗന്ദര്യവും ഏവരെയും ആകര്‍ഷിച്ചിരുന്നു. നാട്ടിലെങ്ങും ആ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. അവനെ കാണുന്നവര്‍ക്കെല്ലാം അവനോട് ഇഷ്ടം തോന്നിയിരുന്നു. അത്രയും അനുഗൃഹീതനായ ഒരു കുഞ്ഞിനെ സ്വന്തമാക്കിയതില്‍ ചില അമ്മമാര്‍ക്കു മറിയത്തോട് അസൂയ തോന്നുകപോലും ചെയ്തു.

അയല്‍ക്കാര്‍ക്ക് മറിയം സന്ദര്‍ശനം അനുവദിച്ചിരുന്നെങ്കിലും അവരോടൊത്തു വളരെ കുറച്ചു സമയം മാത്രമേ ചെലവഴിച്ചിരുന്നുള്ള. അവളുടെ വാക്കുകള്‍ അവരുടെ ഹൃദയത്തില്‍ തറച്ചുകയറുകതന്നെ ചെയ്തു. പശ്ചാത്താപത്തോടും ആശ്വാസത്തോടും കൂടെയാണ് അവരെല്ലാവരും മടങ്ങിപ്പോയത്. അവളെയും അവളുടെ പൊന്നോമന മകനെയും വീണ്ടും വന്നു കാണണം എന്ന ചിന്തയിലാണ് അവര്‍ വീടുവിട്ടിറങ്ങിയത്. മറിയത്തിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകളും അവളുടെ മകന്റെ അത്യാകര്‍ഷകമായ ഓമനത്തവും അവരെ ആശ്ചര്യഭരിതരാക്കിയിരുന്നു.

അവര്‍ വിഗ്രഹാരാധകരും അജ്ഞാനികളുമായ മനുഷ്യരായിരുന്നെങ്കിലെന്ത്? തിരുക്കുമാരന്റെ രാജകീയ സാന്നിദ്ധ്യംകൊണ്ട് വണക്കത്തിന്റെയും സ്‌നേഹത്തിന്റെയും ചിന്തകള്‍ അവരുടെ ഹൃദയത്തില്‍ അലതല്ലുവാന്‍ തുടങ്ങി. മറ്റു കുട്ടികളിലൊന്നും കാണപ്പെടാത്ത എന്തോ ഒന്ന് ശിശുവായ ഈശോയില്‍ പ്രകടമായിരുന്നു. എല്ലാ സന്തോഷവും തികഞ്ഞ ഓമനത്തവും ഈശോയില്‍ നിറഞ്ഞു നിന്നിരുന്നു. വണക്കവും പ്രതാപവും അര്‍ഹിക്കുന്ന ഹൃദയഭാവം അവനില്‍ പ്രകടമായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles