വി. യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനാശക്തിയാല്‍ പിശാചിന്റെ പീഡകള്‍ പരാജയപ്പെട്ടതെങ്ങിനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 102/200

സുദീര്‍ഘമായ സഹനങ്ങളുടെയും നിരവധിയായ കഠിനപരീക്ഷണങ്ങളുടെയും ഒടുവില്‍ മാതാവും ജോസഫും ഈശോയെയും കൊണ്ട് ഈജിപ്തിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ഈജിപ്തിലെ ആ പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ അവിടെ ഭാര്യയോടും ഈശോയോടുംകൂടി താമസിക്കാന്‍ ദൈവം മുന്‍കൂട്ടി ഒരുക്കിയ സ്ഥലമാണെന്ന് ജോസഫിനു മനസ്സിലായി. എന്നാല്‍ വിഗ്രഹാരാധകരും അപരിചിതരുമായ അവിടുത്തെ ജനത്തിനിടയില്‍ താമസിക്കുമ്പോള്‍ കുഞ്ഞിനെതിരായും മാതാവിനെതിരായും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഉപദ്രവങ്ങളെക്കുറിച്ച് അവന്‍ പരിചിന്തനം നടത്തുകയും ചെയ്തു. അതിനാല്‍ അവന്‍ ദൈവത്തിന്റെ മുമ്പില്‍ തന്റെ നിസ്സഹായതയും നിസ്സാരതയും ഏറ്റുപറഞ്ഞും സഹായം യാചിച്ചു: ‘എന്റെ ദൈവമെ, അങ്ങയുടെ ഏകജാതനും അവന്റെ പരിശുദ്ധ മാതാവും അജ്ഞാനികളായ ഈ മനുഷ്യരുടെ ഉപദ്രവത്തിന് ഇരയാകാന്‍ ഇടവരുത്തരതേ, അപ്രകാരം എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അതില്‍നിന്നു അവരെ ഒഴിവാക്കുകയും ചെയ്തുകൊള്ളുക. ഓ, എന്റെ ദൈവമേ, കൃപയില്‍ നിറഞ്ഞവരും വരദാനങ്ങളില്‍ സമ്പന്നരും ഏറ്റം നിഷ്‌കളങ്കരുമായ അവര്‍ക്കെതിരെ തിന്മകളൊന്നും ഉപദ്രവം വരുത്താന്‍ ഇടയാകാതിരിക്കട്ടെ. നിസ്സാരനായ ഈ ദാസന്‍ ദൗര്‍ഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹനാണ്. അതിനാല്‍ തോഷമായിട്ടെന്തെങ്കിലും സംഭവിച്ചാല്‍ അത് അങ്ങയുടെ ഈ ദാസനുമാത്രമായിരിക്കട്ടെ. അവര്‍ അതില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യട്ടെ.’

അതും അതില്‍ കൂടുതലും ജോസഫ് തന്റെ ഹൃദയത്തില്‍ നിന്നു ദൈവസന്നിധിയില്‍ തുറന്നൊഴുക്കി. അവന്‍ മറിയത്തോട് തന്റെ ഭയത്തെക്കുറിച്ചു സംസാരിച്ചു. അവള്‍ ധൈര്യം പകര്‍ന്നുകൊണ്ടു പറഞ്ഞു: ‘ദൈവം നമ്മുടെ കൂടെയുണ്ട്; ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല; നമുക്ക് അവനില്‍ വിശ്വാസമര്‍പ്പിക്കാം. അവനാണു നമ്മളെ ഈജിപ്തിലേക്ക് അയച്ചതെങ്കില്‍, മുന്‍കാലങ്ങളില്‍ നമ്മളെ കാത്തുപാലിച്ചതുപോലെ ഇവിടെയും നമുക്കാവശ്യമായതെല്ലാം അവന്‍ തന്നെ പ്രദാനം ചെയ്യും. എത്ര മഹത്തായ ഔദാര്യവും ഔത്സുക്യവുമാണ് അവിടുന്ന നമ്മോടു പ്രകടിപ്പിച്ചിട്ടുള്ളത്! എത്ര ഉദാത്തമായ കരുതലായിരുന്നു അവിടുത്തേക്കു നമ്മോടുണ്ടായിരുന്നത്? അത് എത്രയോ തവണ നമ്മള്‍ കണ്ടിട്ടുള്ളതാണ്. എല്ലാ അപകടങ്ങളുടെയും ഭയജനകമായ സകല സാഹചര്യങ്ങളുടെയും നടുവില്‍ സമാധാനത്തോടെ ജീവിക്കാന്‍ ദൈവം കൂടെയുള്ളപ്പോള്‍ നമുക്കു സാധിക്കും. നമുക്ക് അതു ധാരാളം മതി. കര്‍ത്താവിന്റെ ഇടപെടലിനു വേണ്ടി ക്ഷമാപൂര്‍വ്വം പ്രാര്‍ത്ഥിച്ചു കാത്തിരിക്കാം.’

മാതാവിന്റെ ഈ വാക്കുകള്‍ ജോസഫിന് വര്‍ദ്ധിതവീര്യവും കൃപയും പകര്‍ന്നു. അതിനാല്‍ അവര്‍ പട്ടണത്തിലെ നിശ്ചിതസ്ഥാനത്തേക്കു നീങ്ങി. അവര്‍ ആ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടത്തെ ജനങ്ങള്‍ ആരാധിക്കാന്‍ സ്ഥാപിച്ചിരുന്ന വിഗ്രഹം തലകുത്തി നിലത്തുവീണുടഞ്ഞു. ‘അത് അവിടത്തെ ദേശവാസികളില്‍ പരിഭ്രാന്തി പരത്തി. എങ്കിലും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിനേക്കുറിച്ച് അവര്‍ക്ക് ഒരു ഊഹവും കിട്ടിയില്ല. സത്യദൈവം ആ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ സാത്താന്‍ വിഗ്രഹത്തെ തള്ളിമറിച്ചിട്ടുകൊണ്ട് ഓടി മറഞ്ഞു. പക്ഷേ അത് അവര്‍ക്കെങ്ങനെ മനസ്സിലാക്കാന്‍ കഴിയും?

തിരുക്കുടുംബം ആ പട്ടണത്തോട് അടുത്തപ്പോള്‍ത്തന്നെ അവരെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും സാത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതു നടപ്പിലാക്കാന്‍ തീരുമാനിക്കുകയു ചെയ്തുകഴിഞ്ഞിരുന്നു. അഹങ്കാരത്തോടെ തന്റെ ആക്രമണപദ്ധതിയില്‍ വലിയ വിജയമാണ് അവന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ, അവന്റെ ദുഷ്ടബുദ്ധിക്ക് വിലിയ തിരിച്ചടിയുണ്ടായി. അവന്റെ ആരാധനാമൂര്‍ത്തി നിലംപതിച്ചവു വഴി വലിയ നിരാശയോടെ പെട്ടെന്ന് അവിടെനിന്ന് പലായനം ചെയ്യേണ്ട ഗതികേടാണുണ്ടായത്. വൈരാഗ്യം പൂണ്ട് അവന്‍ തന്റെ പല്ലിന്റെ മൂര്‍ച്ച കൂട്ടുകയും അവന്റെ ആരാധകരും ആജ്ഞാനുവര്‍ത്തികളുമായ അനേകം മനുഷ്യരെ വിശുദ്ധര്‍ക്കെതിരായി ഇളക്കിവിടാന്‍ പരിശ്രമം നടത്തുകയും ചെയ്തു. എങ്കിലും അവന്റെ പ്രതീക്ഷയ്ക്കും പ്രതികാരത്തിനുമൊത്തവിധം അതു വിജയിച്ചില്ല. അവരുടെ വിഗ്രഹങ്ങളെ നിലംപതിപ്പിച്ചത് പലായനം ചെയ്തുവന്ന ദരിദ്രരായ ഈ സാധമനുഷ്യരാണെന്നു വെറുതെയങ്ങു വിശ്വസിക്കാന്‍ ആ നാട്ടുകാര്‍ തയ്യാറായില്ല. അതുകൊണ്ട് പിശാചിന്റെ പ്രതികാരബുദ്ധി അത്രമേല്‍ അവിടെ വിജയിച്ചില്ല.

ചില അപഖ്യാതികളും അപമര്യാദകളും ജോസഫിനെതിരേ പ്രചരിച്ചു എന്നതു ശരിയാണ്; പക്ഷെ, അതിനേക്കാള്‍ കൂടുതല്‍ ജനം സഹതാപത്തോടെ ജോസഫിനും മറിയത്തിനും അനുകൂലമായ നിലപാട് സ്വീകരിക്കുകയും അവരുടെ ആരോപണങ്ങളെ ചെറുക്കുകയും ചെയ്തു. ആ നല്ല മനുഷ്യര്‍ തിരുക്കുടുംബത്തോട് അവിടെത്തന്നെ താമസിച്ചുകൊള്ളാനും മറ്റെങ്ങോട്ടും ഭയന്നോടിപ്പോകേണ്ട കാര്യമില്ലെന്നും ഉപജീവനത്തിനാവശ്യമായ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്താന്‍ അവരും സഹായിക്കാമെന്നും വാക്കുകൊടുത്തു. അവര്‍ അങ്ങനെ പറയാന്‍ കാരണം അവര്‍ക്കു മറിയത്തോടു വളരെയധികം അനുകമ്പ തോന്നാന്‍ ദൈവം ഇടയാക്കിയതുകൊണ്ടാണ്. അവളുടെ ഉദാരമനസ്‌കതയും വിനയവും സൗന്ദര്യവും ഏവരെയും ഹഠാദാകര്‍ഷിക്കുകയും അത്രയും അനുഗ്രഹപൂര്‍ണ്ണയായ ഒരുവളെ ഭാര്യയായി കിട്ടിയതില്‍ ജോസഫിനോട് അവര്‍ക്ക് അസൂയാവഹമായ ആദരവു തോന്നുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഈ മനുഷ്യരിലാരും മറിയത്തെക്കുറിച്ച് മോശമായ രീതിയില്‍ ചിന്തിക്കുകയോ അവളെ അപഹരിക്കണമെന്ന ദുരാശയോടെ നോക്കുകപോലുമോ ചെയ്തില്ല.

അവിടെ ജോസഫിന് ദുര്‍മാര്‍ഗ്ഗികളായ അപൂര്‍വം ചില മനുഷ്യരില്‍ നിന്നു കുറച്ചെല്ലാം ഉപദ്രവങ്ങള്‍ സഹിക്കേണ്ടി വന്നു. എന്നാല്‍, അത് ആ നാട്ടിലെ നല്ലവരരായ മനുഷ്യര്‍ തന്റെ ഭാര്യയുടെ സവിശേഷതകളെ കണക്കിലെടുത്ത് തന്നോടു പ്രകടിപ്പിച്ച ആദരവും പരിഗണനയും മുന്‍നിര്‍ത്തി നിസ്സാരമായി അവന്‍ കണക്കാക്കി. ഉണ്ണീശോ ആ നഗരത്തില്‍ പ്രവേശിച്ച ഉടനെ അവിടത്തെ ബിംബങ്ങള്‍ നിലംപൊത്തിയപ്പോള്‍ ജോസഫിന്റെ ആത്മാവ് വളരെയധികം ആഴത്തില്‍ ധ്യാനിക്കുകയും അതേക്കുറിച്ച് പര്യാലോചിക്കുകയും ചെയ്തു. വിശ്വാസമില്ലാത്ത ആ രാജ്യം ഭാവിയില്‍ സത്യദൈവത്തെ അറിയുകയും ആരാധിക്കുകയും ചെയ്യുമെന്ന് ജോസഫ് പ്രത്യാശിച്ചു. അവന്‍ മറിയത്തോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അവളും വിവേകപൂര്‍വം അത് സത്യമായും സംഭിവിക്കുകതന്നെ ചെയ്യുമെന്ന് ഉറപ്പിച്ചു പറഞ്ഞു. അതോര്‍ത്ത് അവര്‍ ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles