ഇന്നത്തെ വിശുദ്ധന്‍: കുരിശിന്റെ വി. യോഹന്നാന്‍

December 14 – കുരിശിന്റെ വി. യോഹന്നാന്‍

സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക്‌ നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു.

പക്ഷേ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ ഭാര്യയേയും, മൂന്ന്‍ മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, ജുവാന്‍ ജനിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ്‌ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. പല ദിവസങ്ങളും അവര്‍ ഭക്ഷണം കഴിക്കാതെയാണ് തള്ളിനീക്കിയിരുന്നത്. അതിനാല്‍ തന്നെ ജുവാന്‍ ചെറിയ ശരീര പ്രകൃതിയോട് കൂടിയവനായിരുന്നു.

ഒരു കച്ചവടവും പഠിക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ജുവാന്‍ മെദീനയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ തന്റെ പഠനം തുടരുകയും ചെയ്തു. 1563-ല്‍, തന്റെ 21-മത്തെ വയസ്സില്‍ അദ്ദേഹം കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ച് ഒരു സന്യാസാർത്ഥിയാവുകയും ‘കുരിശിന്റെ വിശുദ്ധ ജോണ്‍’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ സഭ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നല്‍കി.

പിന്നീട് അദ്ദേഹം കഠിനമായ സന്യാസ രീതികള്‍ക്ക്‌ പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിച്ചു. ഇക്കാലത്താണ് അദേഹം ആവിലായിലെ വിശുദ്ധ ത്രേസ്സ്യായെ കണ്ടു മുട്ടുന്നത്. വിശുദ്ധയുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം കര്‍മ്മലീത്ത സഭയില്‍ തന്നെ തുടര്‍ന്നുകൊണ്ട് തന്റെ സഭയെ (കര്‍മ്മലീത്ത) നവീകരിക്കുക എന്ന വിശുദ്ധ ത്രേസ്സ്യായുടെ ആശയത്തോടു യോജിക്കുകയും അതിനു വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു.

അങ്ങിനെ അദ്ദേഹം നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആയി. അവരുടെ ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും, കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അവര്‍ക്കെതിരായി. അവര്‍ വിശുദ്ധനെ ഒളിച്ചോട്ടക്കാരനും തന്റെ വിശ്വാങ്ങള്‍ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവന്‍ വരെ പണയപ്പെടുത്തി വിശുദ്ധന്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടു.

വിശുദ്ധന്റെ മരണത്തിനു മുന്‍പ്‌ രണ്ടു പ്രാവശ്യം കൂടി അവര്‍ ഒരു ലജ്ജയും കൂടാതെ വിശുദ്ധനെ അടിച്ചമര്‍ത്തുകയും, പൊതു സമൂഹ മധ്യേ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ക്രൂര പ്രവര്‍ത്തികളെല്ലാം തന്നെ വിശുദ്ധന്റെ മാനസിക ശാന്തി വര്‍ദ്ധിപ്പിക്കുവാനും സ്വര്‍ഗ്ഗത്തെപ്രതിയുള്ള ഭക്തി കൂട്ടുവാനുമാണ് ഉപകരിച്ചത്.

അക്കാലഘട്ടത്തിലെ മഹാനായ ആത്മീയ എഴുത്ത് കാരന്‍ കൂടിയായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍. 1926 ആഗസ്റ്റ്‌ 24ന് പതിനൊന്നാം പിയൂസ്‌ മാര്‍പാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും, ദൈവശാസ്ത്ര രഹസ്യങ്ങളുടേയും, സ്പെയിനിലെ കവികളുടേയും മധ്യസ്ഥനായി പരിഗണിക്കുന്നു.

കുരിശിന്റെ വി. യോഹന്നാന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles