ഇന്ത്യയിൽ മിഷൻ പ്രവർത്തനം ചെയ്ത വി. ജോൺ ബ്രിട്ടോയെ കുറിച്ചറിയാമോ?

1647 മാര്‍ച്ച് 1-ാം തീയ്യതി ലിസ്ബണ്‍ നഗരത്തില്‍ വി. ജോൺ ബ്രിട്ടോ പിറന്നു. ഡോണ്‍ സാല്‍വദോര്‍ ബ്രിട്ടോ, ഡോനാ ബ്രിട്ടസ് പെരയിരാ എന്നിവരാണ് മാതാപിതാക്കള്‍. ഒമ്പതാമത്തെ വയസ്സുവരെ സഹോദരരോടൊപ്പം ജോണ്‍ സ്വഭവനത്തില്‍ വളര്‍ന്നു. പിന്നീട് പെദ്രേ രാജകുമാരന്റെ കളിത്തോഴനായി നിയമിക്കപ്പെട്ടു. 11-ാമത്തെ വയസ്സില്‍ രോഗബാധിതനായപ്പോള്‍ അമ്മ വി.ഫ്രാന്‍സീസ് സേവ്യറിനോടു പ്രാര്‍ത്ഥിച്ചു സുഖപ്രാപ്തി നേടി.

അമ്മയുടെ നേര്‍ച്ച നിറവേറ്റാന്‍ വേണ്ടി ജോണ്‍ ഒരു വര്‍ഷത്തേക്ക് ഈശോസഭാവസ്ത്രമണിഞ്ഞു നടന്നു. കൂട്ടുകാരെല്ലാം ആക്ഷേപിച്ചെങ്കിലും ജോണ്‍ അത് ഒരു വെല്ലുവിളിയായി സ്വീകരിച്ച് പ്രശാന്തനായി വര്‍ത്തിച്ചു.താമസിയാതെ ഈശോസഭയില്‍ ചേര്‍ന്നു. ദൈവമഹത്വത്തിനായി യത്‌നിക്കാനുള്ള ഉള്‍പ്രേരണയുണ്ടായി.

1662 ഡിസംബര്‍ 17-ന് ഈശോ സഭാ നൊവിഷ്യേറ്റില്‍ പ്രവേശിച്ചു. നവാഗതനെപ്പറ്റി മാസ്റ്റര്‍ക്കും സഹ നൊവീസുകള്‍ക്കും വലിയ മതിപ്പായിരുന്നു. നിയമ പരിപാലനത്തില്‍ ജോണ്‍ അതീവ നിഷ്ഠ പുലര്‍ത്തി. ദിവ്യകാരുണ്യ സന്നിധിയില്‍ ദീര്‍ഘസമയം പ്രാര്‍ത്ഥിച്ചു ശക്തി സംഭരിച്ചുകൊണ്ടാണ് ജോണ്‍ എല്ലാ കാര്യവും ചെയ്തത്. അതുകൊണ്ട് മറ്റുള്ളവര്‍ പരാജയപ്പെട്ട സ്ഥലങ്ങളില്‍ അദ്ദേഹം വിജയം നേടി.

നൊവിഷ്യേറ്റുകാര്‍ ആസ്പത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്ന പതിവുണ്ടായിരുന്നു. കാണുന്നവരെയെല്ലാം ശപിക്കുകയും വെറുപ്പുളവാക്കുകയും ചെയ്യുന്ന ഒരു രോഗിയെയാണ് ഒരിക്കല്‍ പരിചരണത്തിനായി ജോണിന് കിട്ടിയത്. മറ്റുള്ളവരെല്ലാം അയാളുടെയടുക്കല്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ക്ഷമയും നയവും കൊണ്ട് ജോണ്‍ അയാളെ നേടുകയും കുമ്പസാരവും കുര്‍ബാനയും സ്വീകരിക്കാന്‍ ഒരുക്കുകയും ചെയ്തു.

രണ്ടുവര്‍ഷത്തെ നൊവിഷ്യേറ്റിനുശേഷം 1664 ല്‍ ജോണ്‍ വ്രതസമര്‍പ്പണം നടത്തി. തുടര്‍ന്ന് എവോറാ, കോയിമ്പ്രാ, ലിസ്ബണ്‍ തുടങ്ങിയ സര്‍വ്വകലാശാലകളില്‍ അദ്ധ്യയനം നടത്തുകയും അദ്ധ്യാപകനായി പ്രവര്‍ത്തികയും ചെയ്തു. വി.ഫ്രാന്‍സിസ് സേവ്യറുടെ മദ്ധ്യസ്ഥതയില്‍ രോഗശാന്തി നേടിയ കാലം മുതല്‍ പ്രേഷിത തീക്ഷണതയാല്‍ ജ്വലിച്ചിരുന്ന ജോണിനെ ദൈവശാസ്ത്ര പഠനത്തിനായി കോയിമ്പ്രാ സര്‍വ്വകലാശാലയിലേയ്ക്കു തന്നെ അധികാരികള്‍ അയച്ചു.

1673 ല്‍ വൈദീകാഭിഷേകം സ്വീകരിച്ച ജോണ്‍ ഇന്‍ഡ്യന്‍ മിഷണറി സംഘത്തില്‍ ചേര്‍ന്ന് കപ്പല്‍യാത്ര ചെയ്ത് ഗോവയിലെത്തി. കപ്പലില്‍ പടര്‍ന്നു പിടിച്ച സാംക്രമിക രോഗത്തെ അതിജീവിച്ച് ഗോവയിലെത്താന്‍ ജോണിനെ ദൈവം അനുവദിച്ചു.

വൈദീകപഠനം പൂര്‍ത്തിയാക്കാന്‍ ജോണിന് ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അമ്പഴക്കാട്ടു പഠിക്കേണ്ടി വന്നു. അവിടുത്തെ പഠനകാലത്ത് പ്രേഷിതപ്രവര്‍ത്തനരംഗത്തേയ്ക്കാവശ്യമായ ഭാഷാപഠനവും അദ്ദേഹം നടത്തി. ഒരു ഇന്ത്യന്‍ സന്യാസിയായി പ്രവര്‍ത്തിക്കാനാഗ്രഹിച്ചതുകൊണ്ട്, അതിനുപകരിക്കുന്ന വസ്ത്രധാരണരീതിയും ഭക്ഷണക്രമവും സ്വീകരിച്ചു. പേര് അരുളാനന്ദന്‍ എന്നാക്കി. ഫാ. ഫ്രീയെറിനോടൊപ്പം തമിഴ്‌നാട്ടിലെ മദുരൈയ്ക്കടുത്തുള്ള കോളയിലെത്തി പ്രവര്‍ത്തനം തുടങ്ങി. ദൈവാലയങ്ങള്‍ നിര്‍മ്മിക്കുകയും മണികിലുക്കി നടന്ന് ജനങ്ങളെ മതപഠനക്ലാസിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു വന്നു.

പുതിയ മിഷന്‍ തേടിയുള്ള യാത്രയ്ക്കിടയില്‍ കഠിന രോഗബാധിതനായ അരുളാനന്ദന്‍ വി.ഫ്രാന്‍സിസ് സേവ്യറിന്റെ മദ്ധ്യസ്ഥ്യത്താല്‍ സുഖം നേടി. കുത്തൂര്‍, മറാവാ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് 2 മാസംകൊണ്ട് 2070 പേരെ ക്രിസ്തുമതാനുയായികളാക്കി. കുപിതരായ മതവിരോധികള്‍ പീഡനം നടത്തുകയും അടിക്കുകയും ചെയ്തു. അടിയേറ്റു പുറത്തേയ്ക്കു ചാടി തൂങ്ങിക്കിടന്ന കൂട്ടുകാരന്റെ കണ്ണ് , സ്വസ്ഥാനത്തെടുത്തുവച്ച് കുരിശുവരച്ചു സുഖപ്പെടുത്തി.

സ്വതന്ത്രനാക്കപ്പെട്ടപ്പോൾ അധികാരികളുടെ നിര്‍ദ്ദേശപ്രകാരം കുറെനാള്‍ പോര്‍ട്ടുഗലില്‍ ചെലവഴിച്ചു. വേഗം ഇൻഡ്യയില്‍ തിരിച്ചെത്താന്‍ തിടുക്കം കൂട്ടിയ അരുളാനന്ദനെ പോര്‍ട്ടുഗലില്‍ താമസിപ്പിക്കാനാണ് രാജാവ് പരിശ്രമിച്ചത്. എങ്കിലും അരുളാനന്ദന്‍ ഏതാനം മിഷണറിമാരോടുകൂടി കപ്പലില്‍ യാത്രയായി. യാത്രയ്ക്കിടയിലുണ്ടായ കഠിന രോഗത്തില്‍ അദ്ദേഹം എല്ലാവരെയും ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ ദിവ്യകാരുണ്യഭക്തിയും കാരുണ്യപ്രവൃത്തികളും കണ്ട് കപ്പലിലുണ്ടായിരുന്ന നിരീശ്വരനായ ഒരു ജര്‍മ്മന്‍കാരന്‍ അവിടെ വച്ചു തന്നെ ക്രൈസ്തവനാകാന്‍ സന്നദ്ധനായി.

1960 ല്‍ മറാവാ മിഷനില്‍ തിരിച്ചെത്തിയ അരുളാനന്ദന്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് വളരെപ്പേരെ സഭാംഗങ്ങളാക്കി. കുപിതരായ ഭരണാധികാരികള്‍ 1963 ജനുവരി 8-ാം തീയ്യതി അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. അന്നായിരുന്നു അദ്ദേഹം അവസാനമായി അല്‍ത്താരബലിയര്‍പ്പിച്ചത്.

ബന്ധനസ്ഥനായ അരുളാനന്ദന്‍ പ്രാര്‍ത്ഥിച്ചു. ‘നാഥാ ഒരു വ്യാഴാഴ്ച നീ എന്നെ പ്രതി ബന്ധനസ്ഥനായി. ഞാനും ഒരു വ്യാഴാഴ്ച ബന്ധിതനായിരിക്കുന്നു. ഓ!..നാഥാ എന്റെ ശരീരം ദയയില്ലാതെ തുണ്ടുകളായി കീറപ്പെടട്ടെ. അത് സംസ്‌കാരം അര്‍ഹിക്കുന്നില്ല. കഴുകന്മാര്‍ക്കും വന്യമൃഗങ്ങള്‍ക്കും അതു ഭക്ഷണമാകട്ടെ.’

1663 ഫെബ്രുവരി 4-ാം തീയ്യതി അരുളാനന്ദനെ ഓറിയൂരെന്ന സ്ഥലത്തേയ്ക്കു നയിച്ചു. അവിടെയെത്തിയപ്പോള്‍ വധത്തിനു തീരുമാനമെടുത്തവര്‍ക്കുവേണ്ടി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. വധിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ കഴുത്തുവെട്ടി ശിരസ്സ് വേര്‍പെടുത്തി. ശരീരം അദ്ദേഹം പ്രര്‍ത്ഥിച്ചിരുന്നതുപോലെ കഴുകനും വന്യമൃഗങ്ങള്‍ക്കും ഭക്ഷണമാകാന്‍വേണ്ടി കുറ്റിയില്‍ കെട്ടി നിറുത്തി. 1852 ല്‍ ഒമ്പതാം പീയൂസ് പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 1947 ല്‍ 12-ാം പീയൂസ് പാപ്പാ വിശുദ്ധനായും പ്രഖ്യാപിച്ചു


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles