അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 9/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 9/30 – തുടരുന്നു)

ഭിത്തിക്ക് ഉയരം കൂട്ടുന്നതിന് ശിഷ്യന്മാർ ഒത്തൊരുമിച്ച് പണിയിലേർപ്പെടുകയായിരുന്നു. വിശുദ്ധ ബനഡിക്ട് പ്രാർത്ഥിച്ചുകൊണ്ട് മുറിയിലും. സാത്താൻ പ്രാർത്ഥനാ മുറിയിലെത്തി. അദ്ദേഹം പരിഹസിച്ചുകൊണ്ട്, ശിഷ്യൻമാർ പണിയെടുക്കുന്ന ഇടം താൻ സന്ദർശിക്കുന്നതായിരിക്കും എന്നു പറഞ്ഞ് മറഞ്ഞു. സൂക്ഷിച്ചിരിക്കണം എന്ന് ദൂതൻ വഴി അദ്ദേഹം ശിഷ്യന്മാർക്ക് മുന്നറിയിപ്പു കൊടുത്തു. അപ്പോഴേക്കും ഭിത്തി തകർത്ത് പിശാച് വിജയാട്ടഹാസം മുഴക്കി.

ഭിത്തി മറിഞ്ഞുവീണ നഷ്ടത്തേക്കാൾ അവിടെ വേദനയുണ്ടാക്കിയത് കൂട്ടത്തിൽ പണിയെടുത്തിരുന്ന യുവാവിന്റെ മരണമാണ്. കരം പിരിവുകാരന്റെ മകനായ ബാലസന്യാസി മറിഞ്ഞുവീണ ഭിത്തിക്കടിയിൽ പെട്ട് ചതഞ്ഞുമരിച്ചു. സന്യാസികൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ബനഡിക്ടിന്റെ അടുത്തേക്ക് ഓടി, ചതഞ്ഞു മരിച്ച ബാലന്റെ മൃതദേഹം തന്റെ മുറിയിലേക്ക് കൊണ്ടു വരാൻ വിശുദ്ധൻ ആവശ്യപ്പെട്ടു. എല്ലുകളെല്ലാം ഒടിഞ്ഞുതകർന്ന് ചതഞ്ഞരഞ്ഞ മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞ് വിശുദ്ധൻ മുട്ടുകുത്തി പ്രാർത്ഥിക്കാനുപയോഗിക്കുന്ന തഴപ്പായയിൽ കിടത്തി. എല്ലാവരെയും പുറത്താക്കി വാതിലടച്ച് കുറ്റിയിട്ട് സാഷ്ടാംഗം പണമിച്ച് അദ്ദേഹം പ്രാർത്ഥിച്ചു. സാവകാശം മൃതമായ ദേഹത്തിലേക്ക് ദേഹി തിരിച്ചെത്തി. ദേഹം സജീവമായി. യാതൊരു മുറിപ്പാടുകളുമില്ലാതെ അരോഗദൃഢഗാത്രനായ യുവാവ് പായയിൽ എഴുന്നേറ്റിരുന്നു. തുടർന്ന് വിശുദ്ധനോട് അനുഗ്രഹം വാങ്ങി തകർന്നുപോയ ഭിത്തി പണിതുയർത്താൻ കൂട്ടുകാരോടു ചേർന്ന് വീണ്ടും ജോലി തുടങ്ങി.

ഭവിഷ്യത്തുകൾ പ്രവചിക്കാനും അകലെ സംഭവിക്കുന്ന കാര്യങ്ങൾ അടുത്തുള്ളവരെ അറിയിക്കാനും വിശുദ്ധന് സാധിച്ചിരുന്നു.
തിന്‍മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്‌നേഹിക്കുന്നു; അവിടുന്നു തന്‍െറ ഭക്‌തരുടെ ജീവനെ പരിപാലിക്കുന്നു; ദുഷ്‌ടരുടെ കൈയില്‍നിന്ന്‌ അവരെ മോചിക്കുന്നു.”(സങ്കീര്‍ത്തനങ്ങള്‍ 97:10)

സാത്താൻ എത്രയേറെ ശ്രമിച്ചിട്ടും വിശുദ്ധ ബനഡിക്ടിനെയോ സഹോദരൻമാരെയോ കീഴ്പ്പെടുത്താൻ സാധിച്ചില്ല. അതിന് അവരെ പ്രാപ്തരാക്കിയത് ഈശോയോടുള്ള വിശ്വാസവും അവിടുത്തെ ശക്തിയിലുള്ള ആശ്രയവുമാണ്. അവിടുത്തെ മക്കളായ നമുക്കും ഇത്തരത്തിലുള്ള തിന്മകളുടെ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാൻ പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

നീതിമാന്‍മാര്‍ക്കു നിശ്‌ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്‌ടരുടെ ചെങ്കോല്‍ ഉയരുകയില്ല,(സങ്കീര്‍ത്തനങ്ങള്‍ 125:3) എന്നരുൾ ചെയ്ത കർത്താവേ, അങ്ങേ തിരുഹൃദയത്തിലേക്ക് ഞങ്ങളെ പൂർണ്ണമായി സമർപ്പിക്കുന്നു. ഈശോനാഥാ, തിന്മ ഞങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുമ്പോൾ, അവയെല്ലാം അങ്ങയുടെ ശക്തിയിലാശ്രയിച്ച് അതിജീവിക്കുവാൻ കൃപ ചൊരിയണമേ. ജീവിതത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവയെക്കണ്ട് ഭയക്കാതെ അതിനെ തരണം ചെയ്യാനുള്ള ആത്മധൈര്യം ദയയാൽ ഞങ്ങൾക്കേകണമേ. തിന്മയെ അനുകരിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുളള ഞങ്ങളുടെ മാനുഷിക പ്രവണതകളെ അതിശയിക്കുന്ന വിശ്വാസവും നന്മയും സ്നേഹവും വിശുദ്ധ ബനഡിക്ടിനേകിയപോലെ ഞങ്ങളിലേക്കും പകരണമേ. അങ്ങനെ ശത്രുവിന്റെമേൽ എന്നും ഞങ്ങൾ വിജയം വരിക്കട്ടെ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles