അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 6/30
(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 6/30 – തുടരുന്നു)
വിശുദ്ധ ബെനഡിക്ടിന്റെ സുകൃത ജീവിതത്തിന്റെ സുഗന്ധം ദേശാന്തരങ്ങളിലും വ്യാപിച്ചു. ആ പ്രദേശത്തെ അനേകരെ യേശുവിലേക്ക് ആകർഷിക്കാൻ പര്യാപ്തമായിരുന്നു അദ്ദേഹത്തിൻറെ ജീവിതവും പ്രവർത്തനവും. ഹൃദയത്തിലെ ലൗകീകതയിൽ മുഴുകിയിരുന്ന അനേകം പേർ തങ്ങളുടെ അഹങ്കാരം വെടിഞ്ഞ് ലോകസുഖം ത്യജിച്ച് യേശുവിന്റെ ഭാരംകുറഞ്ഞ നുകത്തിൻ കീഴേ അണിനിരന്നു.
നന്മയുടെ വളർച്ച കണ്ട് തിന്മ കൈകെട്ടി നോക്കി നിൽക്കില്ലല്ലോ ! കാലമേറെ കഴിഞ്ഞില്ല. സാത്താന്റെ ദൂഷ്പ്രേരണയാൽ അസൂയ, ആൾരൂപം പ്രാപിച്ച് വിശുദ്ധ ബെനഡിക്ടിനും അനുചരൻമാർക്കുമെതിരായി പോരാട്ടത്തിന് അംഗം കുറിച്ചു. തൊട്ടടുത്ത പള്ളിയിലെ ഭരണാധികാരിയായ ഫ്ലോറെൻസിയൂസ് എന്ന വൈദികൻ രംഗത്തുവന്നു. വിശുദ്ധനെ പരസ്യമായി പുച്ഛിച്ച് സംസാരിക്കുകയും അദ്ദേഹത്തെ കാണാൻ വരുന്നവരെ വിലക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അതിനനുസരിച്ച് വിശുദ്ധ ബെനഡിക്ടന്റെ പ്രശസ്തി വളർന്നു. സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. അദ്ദേഹത്തിന് ലഭിക്കുന്ന പ്രശസ്തിയും സ്നേഹാദരവുകളും എങ്ങനെ സ്വന്തമാക്കാം എന്നതായിരുന്നു ഊണിലും ഉറക്കത്തിലും ഫ്ലോറെൻസിയൂസിന്റെ ഏക ചിന്ത. എന്നാൽ ആളുകളുടെ ആദരവ് നേടത്തക്കവിധത്തിൽ തന്റെ ജീവിതത്തെ ക്രമപ്പെടുത്താൻ അയാൾ ശ്രമിച്ചതുമില്ല. പക്ഷേ വിശുദ്ധന്റെ പ്രശസ്തി ഉത്തരോത്തരം വർദ്ധിച്ചുകൊണ്ടിരുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിച്ചു തൃപ്തിപ്പെടുത്താൻ അദ്ദേഹത്തിന് സമയം മതിയാകുമായിരുന്നില്ല.
ഫ്ലോറെൻസിയൂസിന്റെ രോഷാഗ്നി ആളിക്കത്തി.
ഒരു ദിവസം അയാൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമെന്ന വ്യാജേനെ വിശുദ്ധ ബെനഡിക്ടിന് ഒരു റൊട്ടി സമ്മാനമായി കൊടുത്തയച്ചു. സ്നേഹപൂർവ്വം സ്വീകരിച്ച് നന്ദി പറയുമ്പോൾ സമ്മാനത്തിന് യഥാർത്ഥചിത്രം വിശുദ്ധന്റെ മനസ്സിൽ തെളിഞ്ഞു കണ്ടത് ഫ്ലോറെൻസിയൂസ് അറിഞ്ഞില്ല. മാരക വിഷം പുരട്ടിയ ഭക്ഷ്യവസ്തു ബെനഡിക്ടിന്റെ മരണം ഉറപ്പാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല.
ദൈവം തന്റെ വിശ്വസ്ഥദാസനെ സംരക്ഷിച്ചു. ബെനഡിക്ടിന്റെ പക്കൽ നിന്നും ഭക്ഷണത്തിന്റെ ഓഹരി സ്വീകരിക്കാൻ ഒരു മലങ്കാക്ക എത്തുക പതിവായിരുന്നു. പതിവനുസരിച്ച് അന്നും ആ പക്ഷി പറന്നെത്തി. ബെനഡിക്ട് വിഷം പുരണ്ട ആ റൊട്ടി അതിന് നേരെ നീട്ടിയിട്ട്, ‘ഇതെടുത്ത് അത് ആരും കാണാത്ത സ്ഥലത്ത് കൊണ്ടുപോയി കളയുവാൻ യേശു നാമത്തിൽ ആജ്ഞാപിക്കുന്നു’ എന്ന് പറഞ്ഞു. കൊക്ക് വിടർത്തി കരഞ്ഞും ചിറകിട്ടടിച്ചും കാക്ക അതിന്റെ നിസ്സഹായാവസ്ഥയെ വെളിപ്പെടുത്തിക്കൊണ്ട് റൊട്ടിക്ക്ചുറ്റും പറന്നതല്ലാതെ അതിനെ തൊടുന്നതിനു പോലും തുനിഞ്ഞില്ല. ‘ഭയപ്പെടേണ്ട’ എന്ന് വിശുദ്ധ ധൈര്യപ്പെടുത്തിയപ്പോൾ കാക്ക റൊട്ടി കൊത്തി പറന്നു. മൂന്ന് മണിക്കൂർ കഴിഞ്ഞ് തിരിച്ചുവന്ന് കാക്ക തന്റെ പതിവ് ഓഹരി വിശുദ്ധനിൽ നിന്ന് സ്വീകരിച്ചു.
“കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല.” (ഏശയ്യാ 54 : 17) എന്ന വചനം അദ്ദേഹത്തിൻറെ ജീവിതത്തിൽ നിറവേറി. (വിശുദ്ധ ബെനഡിക്ട്: ജീവിതവും അത്ഭുതങ്ങളും; മഹാനായ വിശുദ്ധ ഗ്രിഗറി, അദ്ധ്യായം 8)
കർത്താവിനെ പൂർണമായി ആശ്രയിക്കുന്നവർക്ക് അവിടുന്ന് തന്റെ സംരക്ഷണം ഉറപ്പു വരുത്തുന്നു. നാമം ഇത്തരത്തിലുള്ള അവസ്ഥകൾ നേരിടുമ്പോൾ, “സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍െറ ജീവന്‍ സംരക്‌ഷിക്കും.” (സങ്കീര്‍ത്തനങ്ങള്‍ 121:7) എന്ന ബോധ്യം നമ്മുടെ ഹൃദയത്തിലുണ്ടാവണം. അങ്ങനെ ശത്രുവിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം.
പ്രാർത്ഥന
എൻറെ കർത്താവേ, എൻറെ ദൈവമേ, നന്‍മചെയ്യുന്നതില്‍ തീക്‌ഷ്ണനയുള്ളവരായി എല്ലാ ഉപദ്രവങ്ങളിൽ നിന്നും രക്ഷനേടുവാൻ (1 പത്രോസ് 3 : 13) ഞങ്ങളെ ശക്തരാക്കണമേ. തിന്മയുടെ എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും
ഉപദ്രവങ്ങളെയും തടസ്സപ്പെടുത്തുകളെയും വിശുദ്ധ ബെനഡിക്ടിനെ പോലെ മനസ്സിലാക്കുവാനും അതിനെതിരെ ഉചിതമായ പ്രവർത്തിക്കുവാനും ഞങ്ങളെ ദയയാൽ ജ്ഞാനികളാക്കണമേ. ഈശോയെ, അങ്ങയുടെ കല്‍പനകൾ വിശ്വസിക്കുവാനും അത് പാലിക്കുവാനും പോന്ന ആത്മാർത്ഥതയും വിശ്വസ്തതയും ഞങ്ങൾക്ക് നൽകണമേ. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ പൂർണ ധൈര്യത്തോടെ അങ്ങയുടെ ശക്തിയിൽ വിശ്വാസമർപ്പിച്ച അതിനെ നേരിടുവാൻ ഞങ്ങളെ കരുണ തോന്നി അനുഗ്രഹിക്കണമേ അങ്ങനെ ലോകം അങ്ങയുടെ പ്രിയപ്പെട്ട മക്കൾക്ക് അവിടുന്ന് നൽകുന്ന അനന്തരക്ഷ ദർശിക്കട്ടെ.
ആമ്മേൻ.
വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന
അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച് അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ
1സ്വർഗ്ഗ.1നന്മ. 1ത്രിത്വ
വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ