അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 26/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 26/30 – തുടരുന്നു)

വിശുദ്ധ ബനഡിക്ട് തന്റെ അതിവിശുദ്ധമായ മരണത്തെക്കുറിച്ച് ഒപ്പം താമസിക്കുന്നവരോടും അകലെ പാർത്തിരുന്നവരോടും പറഞ്ഞിരുന്നു. പ്രസ്തുത പ്രവചനം കൂടെ താമസിച്ചിരുന്നവർ പരമരഹസ്യമാക്കി വയ്ക്കണമെന്നും ആജ്ഞാപിച്ചിരുന്നു. അകലെ താമസിച്ചിരുന്നവർക്ക് ചില അടയാളങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. തനിക്കായി സജ്ജീകരിച്ചിരിക്കുന്ന കല്ലറ തുറന്നുവയ്ക്കണമെന്ന് മരണത്തിന് ആറ് ദിവസം മുൻപ് അദ്ദേഹം ആവശ്യപ്പെട്ടു. ഉടനെതന്നെ ശക്തിയായ പനി അദ്ദേഹത്തെ ബാധിച്ചു. ശരീരശേഷി അതിവേഗം ക്ഷയിച്ചു നാൾക്കുനാൾ രോഗം മൂർച്ചിച്ചുവന്നു. ആറാം ദിവസം തന്നെ കപ്പേളയിലേക്ക് എടുത്തുകൊണ്ടുപോകാൻ വിശുദ്ധൻ ആവശ്യപ്പെട്ടു. അവിടെ വച്ച് തിരുപാഥേയം സ്വീകരിച്ച് മരണത്തെ നേരിടുവാൻ വേണ്ട കരുത്താർജ്ജിച്ചു. അനന്തരം ശിഷ്യന്മാരാൽ താങ്ങപ്പെട്ട് വിശുദ്ധ ബനഡിക്ട് എഴുന്നേറ്റുനിന്ന് കൈകൾ ആകാശത്തേക്കുയർത്തി പ്രാർത്ഥിക്കവേ ആത്മാവ് നിത്യതയുടെ തീരത്തേക്ക് ശാന്തമായി യാത്രയായി.

അന്നേദിവസം രണ്ടു സന്യാസികൾക്ക് ഒരേ അത്ഭുത ദർശനമുണ്ടായി. അതിലൊരാൾ ആശ്രമത്തിൽ തന്റെ മുറിയിലും മറ്റേയാൾ കുറച്ചകലെ ഒരിടത്തും ആയിരുന്നു. വിലപിടിപ്പുള്ള പരവതാനി വിരിച്ചതും എണ്ണമറ്റ ദീപങ്ങളാൽ അലംകൃതവുമായ ഒരു രാജവീഥി ആശ്രമത്തിൽ നിന്നാരംഭിച്ച് കിഴക്ക് സ്വർഗ്ഗകവാടത്തിലെത്തിച്ചേരുന്നതായി രണ്ടു പേർക്കും കാണപ്പെട്ടു. അതേ രാജവീഥിയിൽ രാജകീയ പ്രൗഡിയോടെ നിന്ന ഒരാൾ അവരോടു ചോദിച്ചു

“ഈ വഴി ആർക്കുവേണ്ടി സജ്ജീക്യതമായി എന്ന് അറിയാമോ?”

“ഇല്ല.”

“ഈ കാണുന്നത് ദൈവത്തിന്റെ സ്നേഹഭാജനമായ വിശുദ്ധ ബനഡിക്ട് സ്വർഗ്ഗത്തിലെക്കു പോയ വഴിയാണ്. ”
ബനഡിക്ടിനോടൊപ്പം താമസിച്ചിരുന്നവർ അദ്ദേഹത്തിന്റെ മരണത്തിന് സാക്ഷികളായി. അകലെയായിരുന്നവര്‍ മുന്നെ വാഗ്ദാനം ചെയ്തിരുന്നതുപോലെ അടയാളം വഴി മരണക്കുറിച്ച് അറിഞ്ഞ് അപ്പോളോയുടെ ബലിപീഠമുണ്ടായിരുന്നിടത്ത് വിശുദ്ധ ബനഡിക്ട് പണിതുയർത്തിയ വിശുദ്ധ സ്നാപകയോഹന്നാന്റെ നാമത്തിലുള്ള ദേവാലയത്തിൽ അദ്ദേഹത്തിന്റെ തിരുശരീരം ഉചിതമായ വിധത്തിൽ സംസ്കരിക്കപ്പെട്ടു.

“എന്റെ ആത്‌മാവ്‌ അങ്ങയോട്‌ ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങിനിര്‍ത്തുന്നു.”
(സങ്കീര്‍ത്തനങ്ങള്‍ 63: 8)

ഈശോയെ കൂടുതൽ സ്നേഹിച്ച അവിടുത്തോട് ചേർന്നിരിക്കുന്ന ഇത്തരത്തിലുള്ള ആത്മാക്കൾ ഈ ലോകജീവിതം വിട്ട് സ്വർഗ്ഗഭവനത്തിലേക്ക് പോകണ്ട ദിവസവും കാലവുംപോലും അറിയുന്നു. ഭൂമിയിലുള്ള ഓരോ ദിവസവും അവർക്ക് തങ്ങളുടെ വിശുദ്ധ വെളിപ്പെടുത്താനുള്ള സന്ദർഭങ്ങളായി കണക്കാക്കിക്കൊണ്ട് അവർ മുന്നേറുന്നു. കുരിശിന്റെ വഴിയിൽ നമ്മൾ പ്രാർത്ഥിക്കുന്നതുപോലെ, ‘എന്റെ ബലിയും ഒരിക്കൽ പൂർത്തിയാകും. ഞാനും ഒരു ദിവസം മരിക്കും.’ എന്ന ബോധ്യത്തോടെ വിശുദ്ധിയിൽ ജീവിക്കാൻ നമുക്ക് ആഗ്രഹിക്കാം. വിശുദ്ധാത്മാക്കൾ ഭൂമിയിലെ അവരുടെ ജോലി പൂർത്തിയാക്കി പിതാവിനെ മഹത്വപ്പെടുത്തിയതുപോലെ നമുക്കും അവിടുത്തെ നാമത്തെ മഹത്വപ്പെടുത്താം. അതിനുള്ള വിശുദ്ധിക്കുവേണ്ടി ആഗ്രഹിക്കാം, പ്രാർത്ഥിക്കാം.

പ്രാർത്ഥന

തന്റെ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുകയില്ല എന്നരുൾച്ചെയ്ത ദൈവമായ കർത്താവേ(ആമോസ്‌ 3 : 7), ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങേ രാജകീയപുരോഹിതജനമാക്കി ഞങ്ങളെ സ്നേഹിച്ചുയർത്തിയതിനെ ഓർത്ത് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും അങ്ങയെ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ ബനഡിക്ടിനെ പോലെ ആത്മാവിൽ അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കുവാൻ കൃപയുടെ വാതിൽ തുറന്നുതരണമേ. പൂർവ്വപിതാക്കന്മാരും പ്രവാചകന്മാരും ശ്ലീഹരും വിശുദ്ധരും പിൻചെന്ന സ്നേഹത്തിന്റെയും സഹനത്തിന്റെയും മാർഗ്ഗത്തിലൂടെ അങ്ങയോടൊന്നായ് തീരാൻ ദൈവകരുണയാൽ ഞങ്ങളെയും യോഗ്യരാക്കേണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles