അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 25/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 25/30 – തുടരുന്നു)

കമ്പാനിയാ ദേശത്ത് ലിബേരിയോ നിർമ്മിച്ച ഒരു ആശ്രമത്തിന്റെ തലവനായിരുന്നു ഡീക്കൻ സെർവാന്തുസ്. ആദ്ധ്യാത്മിക കാര്യങ്ങളിൽ അഗാധമായ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം നിത്യസത്യങ്ങളെക്കുറിച്ച് വിശുദ്ധ ബനഡിക്ടുമായി സംഭാഷണം ചെയ്യാൻ കിട്ടിയ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയിരുന്നു. പങ്കുവയ്ക്കുന്തോറും സ്വർഗ്ഗീയ ഗേഹത്തിലെ വിശിഷ്ടഭോജനത്തിനായുള്ള ആഗ്രഹം അവരിരുവരിലും അളവില്ലാത്ത തരത്തിലുണ്ടായിരുന്നു.

ഒരിക്കൽ ഇത്തരമൊരു സൗഹൃദസംഭാഷണത്തിന്റെ അവസാനത്തിൽ വിശ്രമത്തിനായി ഇരുവരും താന്താങ്ങളുടെ മുറികളിലേക്കു പിൻവാങ്ങി. ഗോപുരത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു വിശുദ്ധന്റെ മുറി. നേരെ താഴെയുള്ള മുറിയായിരുന്നു സെർവാന്തുസിനു വേണ്ടി സജീകരിച്ചിരുന്നത്. ഒരു ഗോവണി വഴി ഈ രണ്ടു മുറികളേയും തമ്മിൽ ബന്ധിപ്പിച്ചിരുന്നു. ഗോപൂരത്തിനു മുൻപിൽ വിശാലമായ ഹാളിൽ ഇരുവരുടേയും ശിഷ്യരും വിശ്രമിച്ചിരുന്നു. അന്ന് നിശായാമപ്രാർത്ഥനയ്ക്ക് വളരെ മുൻപേ തന്നെ (രാതി രണ്ടു മണിക്കാണ് നിശായാമപ്രാർത്ഥന) വിശുദ്ധൻ ഉണർന്ന് തന്റെ മുറിയുടെ ജനാലയിൽ വന്നുനിന്നു. (മറ്റുള്ളവർ ഉറങ്ങുമ്പോഴും ഉറക്കമിളച്ച് ജനാലയ്ക്കൽ വന്നുനിന്ന് പ്രാർഥിക്കുക ഇദ്ദേഹത്തിന്റെ പതിവായിരുന്നു.)

അർദ്ധരാത്രിയാടടുത്തപ്പോൾ സൂര്യപ്രകാശത്തേക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശധാേരണി ആകാശത്തു നിന്ന് ഒഴുകിയിറങ്ങി പ്രപഞ്ചം മുഴുവനും ശോഭായമാനമാക്കി, ഒരൊറ്റ പ്രകാശരശ്മിയിൽ പ്രപഞ്ചം മുഴുവൻ ഒതുങ്ങിക്കൂടിയതായി അദ്ദേഹത്തിനു കാണപ്പെട്ടു. ഈ അത്ഭുത ദർശനത്തിൽ മതിമറന്നു നിൽക്കവേ കാപ്പുവായിലെ മെത്രാനായ ജർമ്മനുസിന്റെ ആത്മാവ് മാലാഖാമാരാൽ സ്വര്‍ഗത്തിലേക്ക് ഒരു അഗ്നി
ഗോളത്തിൽ സംവഹിക്കപ്പെടുന്നതും അദ്ദേഹത്തിനു ദൃശ്യമായി.

ഈ അത്ഭുതകാഴ്ചകൾക്ക് ഒരാൾകൂടി സാക്ഷിയായുണ്ടാകണമെന്നാഗ്രഹിച്ച് വിശുദ്ധൻ സെർവാന്തുസിനെ ഉറക്കെ വിളിച്ചുണർത്തി. സെർവാന്തസ് പതിവില്ലാത്ത ഈ വിളി കേട്ട് ഒരു വിറയലോടെ ഗോവണിവഴി മുകളിലേക്ക് ഓടിക്കയറി. ഈ ദർശനത്തിന്റെ അവസാനത്തെ അല്പഭാഗം കാണാൻ സെർവാന്തൂസിന് ഭാഗ്യമുണ്ടായി. സംഭവത്തിന്റെ പൂർണ്ണരൂപം വിശുദ്ധ ബനഡിക്ട് അദ്ദേഹത്തിനു വിവരിച്ചു കൊടുത്തു. വൈകാതെ വിശുദ്ധൻ സെർവാന്തൂസിനെ കസീനോയിലെ തെയോപ്രൊബൂസ് എന്ന ഒരു സന്യാസിയുടെ അടുക്കലേക്കയച്ച് ഉടൻതന്നെ ഒരു ദൂതനെ കാപ്പുവായിലേക്ക് പറഞ്ഞയയ്ക്കാൻ ഏർപ്പാടു ചെയ്തു.
ദൂതനെ അന്വേഷണത്തിൽനിന്ന് കാപ്പുവായിലെ മെത്രാൻ ജെർമാനൂസ് മരിച്ചു എന്നറിവായി. മെത്രാൻ ദൈവദൂതന്മാരാൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് ബനഡിക്ട് കണ്ട അതേ സമയം തന്നെയാണ് മെത്രാൻ മരിച്ചതെന്നും വിശദമായ അന്വേഷണത്തിൽ നിന്നറിഞ്ഞു

അദ്ദേഹം ആ കാഴ്ച കാണാൻ ഇടയായത് രാത്രി പ്രാർത്ഥിക്കാൻ വേണ്ടി എഴുന്നേറ്റപ്പോളാണ്. നമ്മുടെ പ്രാർത്ഥനകൾ ഫലപ്രദമാക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ അതിന് ഏറ്റം യോജിച്ച മാർഗമാണ് ശരീരത്തിന്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള പ്രാർത്ഥന. ഉപവാസവും നോമ്പും ആചരിക്കുന്നതും, വിരക്തി പാലിക്കുന്നതും, ജാഗരണം നടത്തുന്നതും തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ശരീരത്തിന്റെ മൂന്ന് ആഗ്രഹങ്ങളായ ഭക്ഷണം കഴിക്കുക, ശരീരത്തിന്റെ സുഖങ്ങൾ ആസ്വദിക്കുക, അതുപോലെ ഉറങ്ങുക എന്നിവയ്ക്കെതിരെ, അതായത് ജഢത്തിന്റെ ആഗ്രഹങ്ങൾക്കെതിരെ നമ്മൾ നിലകൊള്ളുമ്പോൾ ദൈവം അത് വിലയുള്ളതായി കണക്കാക്കുന്നു. വിശുദ്ധ അംബ്രോസ് ജാഗരണത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, “ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്നത് ഉറങ്ങുന്നവർക്കല്ല, ജാഗരിച്ച് അധ്വാനിക്കുന്നവർക്കത്രേ.” ഈശോ പലപ്രാവശ്യം ഇത്തരത്തിൽ രാത്രികാലങ്ങളിൽ പ്രാർത്ഥിച്ചിട്ടുണ്ട്. തനിക്ക് ഏറ്റവും കൂടുതൽ പ്രലാേഭനം നേരിടേണ്ടിവന്ന ഗത്‌സമെൻ തോട്ടത്തിൽവെച്ച് ഈശോ ശിഷ്യന്മാരോട് പറഞ്ഞു, “പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.”(വി. മത്തായി 26 : 41)അതിനാൽ ജാഗരണ പ്രാർത്ഥനകളിലൂടെ നമുക്ക് അവിടുത്തോട് കൂടുതൽ ചേർന്ന് ഇന്ന് പിതാവിനെ സ്നേഹിക്കാം, അവിടുത്ത പരിശുദ്ധാത്മനിറവിനായി ആഗ്രഹിക്കാം, പ്രാർത്ഥിക്കാം.

പ്രാർത്ഥന

കൃതജ്‌ഞതാഭരിതരായി ഉണര്‍ന്നിരുന്ന്‌ നിരന്തരം പ്രാര്‍ത്ഥിക്കുവാൻ (കൊളോസോസ്‌ 4 : 2) അരുൾചെയ്ത കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. നല്ല തമ്പുരാനെ, പ്രലോഭനങ്ങളും പരീക്ഷകളും ഞങ്ങളെ തളർത്തുമ്പോൾ ജാഗരണത്തിലൂടെയും പരിഹാര പ്രവർത്തികളിലൂടെയും അങ്ങയെ കൂടുതൽ ആശ്രയിക്കാനും സ്നേഹിതുവാനും ഞങ്ങളെ പ്രാപ്തരാക്കണമ. അങ്ങും ഇത്തരത്തിലാണല്ലോ തിൻമയെ കീഴടക്കിയത്. വിശുദ്ധ ബനഡിക്ടിന്റെ മാതൃകയിൽ അങ്ങയെ അനുകരിക്കുവാനും അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഉണര്‍ന്നിരിക്കാനും അങ്ങയുടെ കരുണയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ ശക്തരാകണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles