അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 23/30

(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 23/30 – തുടരുന്നു)
പ്രലോഭനങ്ങൾ വിശുദ്ധ ബനഡിക്ടിന് അന്യമായിരുന്നില്ല. കഠിനമായ തപസ്ചര്യയുള്ളതിനാൽ പ്രലോഭനങ്ങളെ കീഴടക്കി അവയ്ക്കുമേൽ വിജയം നേടുന്ന വിശുദ്ധനെയാണ് നമ്മൾ വിശുദ്ധ ബെനഡിക്ടിൽ കണ്ടെത്തുക. ഒരിക്കൽ പ്രാർത്ഥനയിലായിരുന്നപ്പോൾ താൻ മുൻപ് എവിടെയോ വച്ചു കണ്ടിട്ടുള്ള ഒരു സ്ത്രീയുടെ ചിത്രം അദ്ദേഹത്തിന്റെ ഭാവനയിൽ സജീവമായി.
യുവാവായ അദ്ദേഹം വികാരാവേശത്താൽ വിവശനായി, വനാന്തരത്തിലെ തപസ്സും ഏകാന്തവാസവും അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ വക്കിലെത്തി. വിശുദ്ധൻ എന്നും വിളിച്ചപേക്ഷിച്ചിരുന്ന തന്റെ സർവസ്വമായ ദൈവം, പ്രലോഭനത്തിനു കീഴടങ്ങാൻ അദ്ദേഹത്തെ വിട്ടുകൊടുത്തില്ല. ദിവ്യപ്രേരണയാൽ ആത്മാവ് ഉണർന്നു. ബുദ്ധി പ്രകാശിതമായി, മനസ്സ് ധൈര്യം വീണ്ടെടുത്തു. അടുത്തു തന്നെ ഞെരിഞ്ഞിലും മുൾപ്പടർപ്പും തഴച്ചുവളർന്നിരുന്നു. തന്റെ കുപ്പായം ഊരി മാറ്റി, നഗ്നശരീരനായി വിശുദ്ധൻ അതിലേക്ക് എടുത്തുചാടി. ശരീരമാസകലം നിണവും നീറുന്ന മുറിവുകളും നിറയും വരെ മുള്ളിൽ കിടന്നുരുണ്ടു. മാംസം കീറിമുറിഞ്ഞ് ചാലിട്ടാെഴുകിയ രക്തതാേടൊപ്പം ശരീരത്തിന്റെ ദുരാശകളും ജഡത്തിന്റെ പ്രവണതകളും എന്നന്നേക്കുമായി അദ്ദേഹത്തെ വിട്ടുപോയി.മുറിവുകൾ സമ്മാനിച്ച കൊടിയ വേദന ഹൃദയത്തിൽ അവിശേഷിച്ചിരുന്ന തിന്മയുടെ അംശംപോലും ഇല്ലാതാക്കി. ഇപ്രകാരം പ്രലോഭനത്തിന്മേൽ പരിപൂർണ്ണ വിജയം നേടിയ തന്നെ പിന്നീടെരിക്കലും പ്രലോഭങ്ങൾ അലട്ടിയിട്ടില്ലെന്ന് വിശുദ്ധൻ തന്നെ തന്റെ ശിഷ്യരോട് പറഞ്ഞിട്ടുണ്ട്.
ആന്തരിക സമരത്തിൽ ദൈവവരപ്രസാദത്തിൽ വളർന്ന വിശുദ്ധ ബെനഡിക്ടനെതേടി അനേകം യുവാക്കൾ എത്തി. ലൗകിക ജീവിതത്തോട് വിടവാങ്ങി സന്യാസ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന തങ്ങളെ ശിഷ്യരായി സ്വീകരിക്കണമെന്നായിരുന്നു അവരുടെ വിനീതമായ അപേക്ഷ. വിശുദ്ധനാകട്ടെ പ്രലോഭനങ്ങളിൽ നിന്ന് മോചിതനായിരുന്നതിനാൽ മറ്റുള്ളവരെ പുണ്യവഴിയിൽ നയിക്കാനുള്ള കൃപ കൈവരിക്കുകയും ചെയ്തിരുന്നു.
“മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്‌തനാണ്. നിങ്ങളുടെ ശക്‌തിക്കതീത മായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്‌തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും.”(1 കോറിന്തോസ് 10:13) വിശുദ്ധ പാദ്രെ പിയോ പ്രലോഭനങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, “പ്രലോഭനങ്ങളിൽ അകപ്പെടുക എന്നത്, ആ ആത്മാവ് കർത്താവിന് ഏറ്റവും പ്രിയപ്പെട്ടതാണ് എന്നതിന്റെ അടയാളമാണ്.” അതിനാൽ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അതെല്ലാം കൂടുതലായി ഈശോയിലേക്ക് അടുക്കുവാനുമുള്ള മാർഗ്ഗമായിക്കുതി അതിനെ അതിജീവിക്കാനുള്ള ശക്തി അവിടുത്തോട് ചോദിച്ചു വാങ്ങി പ്രവർത്തിക്കാൻ നമുക്ക് ശ്രമിക്കാം. പ്രലോഭനങ്ങളുടെ സമയത്ത് വീണുപോയ, പാറമേൽ പതിച്ച വിത്തുപോലെയാകാതെ നല്ല നിലത്തു വീണ് നൂറുമേനി ഫലം പുറപ്പെടുവിച്ച വിത്തുപോലെയാകുവാൻ നമുക്ക് ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.
പ്രാർത്ഥന
ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളെ പൂർണമായി അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്, എന്നാല്‍, അവയ്ക്ക് ഹേതുവാകരുത് (വി. മത്തായി 18:7) എന്ന് അങ്ങരുൾചെയ്തിട്ടുണ്ടല്ലോ. അതിനാൽ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ വീഴാതെ പിടിച്ച്നിൽക്കുവാനും അവയെല്ലാം അങ്ങേ പക്കലേക്ക് എത്തിച്ചേരാനുള്ള ചവിട്ടുപടികളാക്കി മാറ്റാനും കൃപയേകണമേ. പാപ പ്രലോഭനങ്ങളെയും ലോകത്തിന്റെ ആശാപാശങ്ങളെയും ശക്തമായ പ്രാർത്ഥനയാലും പരിഹാരപ്രവർത്തികളാലും അതിജീവിക്കുവാനും അങ്ങനെ അങ്ങക്ക് ഏറ്റവും പ്രിയപ്പെട്ട മക്കളായിത്തീരുവാനും അങ്ങയുടെ കരുണയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ ബനഡിക്ടിനെപ്പോലെ അങ്ങയുടെ പീഡാസഹനത്തോട് താതാത്മ്യപ്പെട്ട് പ്രലോഭനങ്ങളെ അതിജീവിക്കുവാനും ജീവിതത്തിൽ അങ്ങയെ സ്നേഹിച്ചുകൊണ്ട് മുന്നേറുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.
വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന
അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച് അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ
1സ്വർഗ്ഗ.1നന്മ. 1ത്രിത്വ
വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ