അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 15/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 15/30 – തുടരുന്നു)

ഒരിക്കൽ ബനഡിക്ടിനു സമ്മാനിക്കാൻ രണ്ടു കുജ നിറയെ വീഞ്ഞുമായി എക്സ്ഹിലാത്തിയുസ് എന്ന ചെറുപ്പക്കാരനെ അയാളുടെ യജമാനൻ ബനഡിക്ടിന്റെ അടുക്കലേക്കയച്ചു. എന്നാൽ ഇയാൾ ഒന്നു മാത്രമാണ് ബനഡിക്ടിനു നല്കിയത്. രണ്ടാമത്തേത് വെളിയിൽ ഒളിപ്പിച്ചു വെച്ചു. വിശുദ്ധൻ തനിക്കുള്ള സമ്മാനം നന്ദിയോടെ കൈപ്പറ്റി. മടങ്ങിപ്പോകാൻ തുടങ്ങിയ എക്സ്ഹിലാത്തിയുസിന് ഒരു മുന്നറിയിപ്പു കൊടുക്കാൻ വിശുദ്ധൻ മറന്നില്ല. ‘നീ ഒളിപ്പിച്ചുവച്ച കുപ്പിയിൽ നിന്നു വീഞ്ഞു കുടിക്കരുത്. അതല്പം ചരിച്ചു പിടിച്ച് – ഉളളിലേക്കു നോക്കുക,’ ഭയവും ലജ്ജയും പരിഭ്രമവും പിടികൂടിയെങ്കിലും എക്സ്ഹിലാത്തിയുസ് കൂജയെടുത്ത് ചരിച്ചു പിടിച്ചുനോക്കി, അതിൽ നിന്ന് ഇഴഞ്ഞിറങ്ങുന്നു ഒരു സർപ്പം! എക്സ്ഹിലാത്തിയുസ് ഭയന്നുപോയി. താൻ ചെയ്ത തെറ്റിനേക്കുറിച്ച് അയാൾ പശ്ചാത്തപിച്ചു.

“അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍, ദൈവം നീതിമാന്‍മാരോടുകൂടെയാണ്‌.”
(സങ്കീര്‍ത്തനങ്ങള്‍ 14 : 5) കർത്താവിൻറെ ദാസരെ അവിടുന്ന് ഒരിക്കലും കൈവിടുകയില്ല. അവരെ അപമാനിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ഇല്ലാതാക്കുവാനോ ആര് ശ്രമിച്ചാലും അവിടുന്ന് അത് അനുവദിക്കുകയില്ല. എന്നാൽ ഇത്തരത്തിലുള്ള വേദനകൾ നമ്മെ അലട്ടുകയാണെങ്കിൽ തിരുവചനം ഇങ്ങനെയാണ് പറയുന്നത്; “നിന്‍െറ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 55 : 22) അതിനാൽ വിശ്വാസത്തോടെ മുന്നേറാനുള്ള കൃപക്കായി നമുക്ക് ആഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

നീതിമാന്മാരെ പരിപാലിക്കുന്നവനായ കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഈശോമിശിഹായേ, ഞങ്ങളെ അങ്ങയിലുള്ള വിശ്വാസം വഴി ജീവിക്കുവാൻ പഠിപ്പിക്കണമേ.എന്തെന്നാൽ ഞങ്ങൾ ദൈവസന്നിധിയിൽ നിതീകരിക്കപ്പെടുന്നത് നിയമം വഴിയല്ല, മറിച്ച് അങ്ങയിലുള്ള വിശ്വാസം വഴിയാണെന്ന് (ഗലാത്തിയ 3 :11) ഞങ്ങൾ അറിയുന്നു. ഞങ്ങളെ കീഴടക്കാൻ ശ്രമിക്കുന്ന പാപത്തിൽ നിന്നും ഓടിയകലുവാനും അതിന്റെ പ്രലോഭനങ്ങളെയും വശികരണങ്ങളെയും ഫലങ്ങളെയും തിരിച്ചറിയുവാനും വേണ്ട വിവേകവും ജ്ഞാനവും അങ്ങ് കരുണയാൽ ഞങ്ങൾക്കേകണമേ. വിശുദ്ധ ബനഡിക്ടിനെ പോലെ തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കുവാനും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും ഞങ്ങളെ ശക്തരാകണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles