വി. അല്‍ഫോന്‍സാമ്മ തന്റെ കാല്‍ പൊള്ളിച്ചതെന്തിന്?

വീട്ടില്‍ തനിക്ക് കല്യാണം ആലോചിക്കുന്നതായി കണ്ട് അന്നക്കുട്ടി ഒരു ദിവസം സധൈര്യം തന്റെ വളര്‍ത്തപ്പനെ സമീപിച്ച് കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു : ‘എന്റെ പേരപ്പാ , ഈശോമിശിഹായുടെ അഞ്ചു തിരുമുറിവുകളെ പ്രതി എന്നെ കല്യാണത്തിന് നിര്‍ബന്ധിക്കരുതേ!’ ഇത്രയും പറഞ്ഞു തീരും മുമ്പ് അവള്‍ പ്രജ്ഞയറ്റു നിലത്തു വീണു. മകളുടെ കണ്ണീരും അസ്വാസ്ഥ്യവും കണ്ട് ആ പേരപ്പന്‍ ‘അവളെ ആരും കല്യാ ണത്തിന് നിര്‍ബന്ധിക്കരുതെന്നും അവള്‍ അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ എന്നും അഭിപ്രായപ്പെട്ടു.

അന്നക്കുട്ടിയുടെ ശാഠ്യം പോലൊരു ശാഠ്യം ‘അമ്മ’ യ്ക്കുമുണ്ടായി. അവളെ മാത്തിലയയ്ക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു ആ അമ്മയുടെ പിടിവാശി. മകളുടെ മനസ്സുമാറ്റാന്‍ അവര്‍ പഠിച്ച പണി പതിനെട്ടും നടത്തിനോക്കി. ഒരു രക്ഷയുമില്ല. അവള്‍ പാറ പോലെ ഉറച്ചു നില്ക്കുന്നു. ഇനി എന്താണ് ഒരു മാര്‍ഗ്ഗം? ഒരാള്‍ക്കു വാക്കു കൊടുത്തിട്ടുണ്ട് . അതനുസരിച്ച് അയാളെ വരുത്തി ഒത്തുകല്യാണം നടത്തുകതന്നെ എന്ന് അവര്‍ തീരുമാനിച്ചു.

മനസമ്മതത്തിന് പള്ളിയില്‍ പോവുകയില്ലെന്ന് അന്നക്കുട്ടിയും തീരു മാനിച്ചു . പക്ഷേ അക്കാര്യം തുറന്നുപറയാന്‍ അവള്‍ക്കു ധൈര്യമുണ്ടായി . ഒരു കാര്യം അവള്‍ക്കു മനസ്സിലായി . തന്റെ സൗന്ദര്യമാണ് എല്ലാറ്റിനും കാരണം . സ്ത്രീധനവും ആഭരണവും കൂടാതെ തന്നെ വിവാഹം ചെയ്യാന്‍ ആളുകള്‍ തയ്യാറാകണമെങ്കില്‍ അതല്ലാതെ മറ്റെന്താണ് കാര്യം ? എങ്കില്‍ ആ സൗന്ദര്യത്തിന് കളങ്കം ചാര്‍ത്തുക മാത്രമേ പോംവഴിയായിട്ടുള്ളു . കന്യാത്വം കാത്തു സൂക്ഷിക്കുന്നതിന് ചില പുണ്യവതികള്‍ അങ്ങനെ യൊക്കെ ചെയ്തതായി കേട്ടിട്ടുണ്ട് . താനും അങ്ങനെ തന്നെ ചെയ്യും . ഇനി മേല്‍ തന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ച് ആരും വിവാഹാഭ്യര്‍ത്ഥനയുമായി വന്നു കൂടാ എന്നവള്‍ തീരുമാനിച്ചു . ആ തീരുമാനം അവള്‍ സധൈര്യം നടപ്പിലാക്കുകയും ചെയ്തു .

ആ സംഭവത്തെപ്പറ്റി തനിക്കേറ്റം വിശ്വാസമുള്ള ഒരു കന്യകാലയ സഹോദരിയോട് അല്‍ഫോന്‍സാമ്മ ഒരിക്കല്‍ രഹസ്യമായി പറഞ്ഞതിപ്രകാരമാണ്: ‘എനിക്ക് പതിമൂന്നുവയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ കല്യാണം നിശ്ചയിച്ചു. എനിക്കു മഠത്തില്‍ പോകണമെന്നു തന്നെ ആശ . ഞാനെന്താണു ചെയ്യുക ? ആഭരണങ്ങളുടെ പണിയും ദ്രുതഗതിയില്‍ ആരംഭിച്ചുകഴിഞ്ഞു . അമ്മയ്ക്കു നിര്‍ബന്ധമായി. എനിക്കു ഒരു ബുദ്ധി തോന്നി . എന്റെ ദേഹത്തില്‍ എന്തെങ്കിലും വൈരൂപ്യം സംഭവിച്ചാല്‍ എന്നെ ആര്‍ക്കും വേണ്ടെന്നു പറയുമല്ലോ. രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. വീടിന്റെ ഒരു വശത്ത് കൊയ്ത് കഴിഞ്ഞ് പതിരെല്ലാം ഒരു കുഴിയില്‍ കൂട്ടി തീ കൊടുത്തിട്ടുണ്ട് . ഞാന്‍ രാവിലെ എഴുന്നേറ്റ് അവിടെ ചെന്നു . അതിന്റെ വക്കത്തുനിന്നുകൊണ്ട് ഒരു കാല്‍ തീയിലേക്കുവച്ചു . പെട്ടെന്നു കാല്‍ താഴുകയാല്‍ ഞാന്‍ അതില്‍ മുട്ടോളം താണു. ( ചുറ്റും അരമതിലുകളുള്ള ) ആ കുഴിയില്‍നിന്നു കയറാനുള്ള ശ്രമത്തില്‍ കുറെനേരം തീയില്‍ക്കൂടി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കേണ്ടിവന്നു . അഴിഞ്ഞുകിടന്ന തലമുടിയുടെ അറ്റം കരിഞ്ഞു. തുണിയ്ക്കും തീപിടിച്ചു . ഞാന്‍ അതില്‍ കഴുത്തോളം താണ് മുഴുവനും കരിഞ്ഞുപോകേണ്ടതാ യിരുന്നു . അതില്‍നിന്നു കയറി രക്ഷപെട്ടത് എങ്ങനെയെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ . ദൈവപരിപാലന എന്നെ എടുത്തു കരയ്ക്കു കയറ്റി . വേദനകൊണ്ടു കാലില്‍ തൂത്തപ്പോള്‍ തൊലി ഉരിഞ്ഞുപോയി . കാലിലുണ്ടായിരുന്ന തളയും ചുട്ടുപഴുത്തിരുന്നു.’

ഞാന്‍ മുറിയില്‍ കയറി പെട്ടിതുറന്ന് ഒരു തുണിയെടുത്ത് കാല്‍ ആരും കാണാതെയിരിക്കാന്‍ താഴ്ത്തിയുടുത്തു. അമ്മ പനിയായിട്ടു കിടക്കുകയായിരുന്നു . അമ്മ കണ്ട് , ‘ നീ എന്തിനിപ്പോള്‍ തുണി മാറുന്നു ‘ എന്നു ചോദിച്ചു . എന്റെ കാല്‍ സ്വല്പം പൊള്ളി എന്നു പറഞ്ഞതോടെ ഞാന്‍ ബോധംകെട്ടു വീണു. അമ്മ എഴുന്നേറ്റുവന്നു . എന്റെ സ്ഥിതി കണ്ടയുടനെ അമ്മ ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് അയല്‍വാസികള്‍ വന്നുകൂടി. പേരപ്പന്‍ അവിടെ ഇല്ലായിരുന്നു . ആള്‍ വിട്ടു വരുത്തി . കാക്കുന്ന മാലാഖാ എന്റെ കുഞ്ഞിനെ രക്ഷിച്ചില്ലായിരുന്നെങ്കില്‍ ആ തീയില്‍ കിടന്നു വെന്തുപോകുമായിരുന്നു അമ്മ പറഞ്ഞു. കാലില്‍ കിടന്നിരുന്ന തള തട്ടാനെ വരുത്തി ഒരുവിധത്തിലെടുപ്പിച്ചു . പള്ളിക്കൂടത്തില്‍ നിന്നും സാറന്മാരും കുട്ടികളും എന്നെ വന്നു കണ്ടു . ഒരു ഡോക്ടറെ വരുത്തി ചികിത്സിപ്പിച്ചു. കാല്‍ രണ്ടും പഴുത്തു കുളമായി ദുര്‍ഗന്ധം വമിച്ചിരുന്നു. വീട്ടിലുള്ളവര്‍ എത്രമാത്രം സഹിച്ചു . വിവരമറിഞ്ഞാടിയെത്തിയ എന്റെ ഇച്ചാച്ചന്‍ എന്നെ കണ്ടമാത്രയില്‍ കരഞ്ഞു പോയി . ഡോക്ടര്‍ ദിവസവും വരും. പഴുപ്പു തോണ്ടിക്കോരി നീക്കും. കാല്‍ വിരലുകള്‍ പഴുത്ത് ഒന്നായിത്തീര്‍ന്നു . ഡോക്ടര്‍ ഓരോന്നും വേര്‍തിരിച്ച് പ്രത്യേകം പ്രത്യേകം കെട്ടിവയ്ക്കും. എത്രമാത്രം വേദനയാണ്് ഞാന്‍ സഹിച്ചത്. അതെല്ലാം എന്റെ ആ ഒറ്റ കാര്യത്തിനായി ഞാന്‍ കാഴ്ച വച്ചു.”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles