വിശ്വാസ സത്യങ്ങളില്‍ വിരിയുന്ന മാതൃദീപം

പ്രശസ്തമായ ഒരു ഇടവകയിലെ വാര്‍ഷിക ധ്യാനം. പരിശുദ്ധ അമ്മയെപ്പറ്റിയുളള ധ്യാന പ്രസംഗത്തിനിടയ്ക്ക് ധ്യാന ഗുരു ചോദിച്ചു. ‘എന്താണ് വിശ്വാസ സത്യം? എന്തൊക്കെയാണവ?’ പിറുപിറുക്കലും അസ്വസ്ഥത നിറഞ്ഞ നോട്ടങ്ങളുമായിരുന്നു മറുപടി. ഇന്നും പലര്‍ക്കും വിശ്വസസത്യങ്ങള്‍ എന്നാല്‍ എന്ത് എന്നറിയില്ല എന്നതൊരു വസ്തുതയാണ്. പക്ഷെ ഇന്നത്തെ യുവത്വത്തിന് ആവശ്യം വേണ്ട ജീവിത പാഠങ്ങളാണ് വിശ്വാസ സത്യത്തില്‍ ഉള്‍ക്കൊളളുന്നത്.

കത്തോലിക്ക സഭയില്‍ പരിശുദ്ധ പിതാവും കര്‍ദിനാള്‍ സംഘവും ചേര്‍ന്ന് പഠിപ്പിക്കുന്ന വിശ്വാസത്തിന്റെ പാഠങ്ങളാണ് വിശ്വാസസത്യങ്ങള്‍. വിശ്വാസത്തെയും സന്മാര്‍ഗത്തേയും സംബന്ധിച്ചുളള ഈ പഠനങ്ങളില്‍ സഭയുടെ പരമോന്നതാധികാരത്തിന് തെറ്റ് വരുകയില്ല എന്നതിനാലാണ് ഇവയെ ‘വിശ്വാസ സത്യങ്ങള്‍’ എന്നു വിളിക്കുന്നത്.

ഇപ്രകാരമുളള നാല് വിശ്വാസ സത്യങ്ങള്‍ മാത്രമേ തിരുസഭയിലുളളൂ എന്നതും, അത് നാലും പരിശുദ്ധ അമ്മയെപ്പറ്റിയാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരിക്കലും തെറ്റില്ലായെന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ മാത്രം സഭയ്ക്ക് തന്റെ അമ്മയെപ്പറ്റി അത്രയ്ക്കും ഉറപ്പാണ് എന്നര്‍ത്ഥം. പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വം, നിത്യകന്യകത്വം, അമലോത്ഭവം, സ്വര്‍ഗ്ഗോരോപണം എന്നിവയാണ് ഈ നാല് വിശ്വാസ സത്യങ്ങള്‍.

എ. ഡി 431-ല്‍ എഫേസോസില്‍ വച്ച് കൂടിയ സാര്‍വ്വത്രിക സൂനഹദോസാണ് പരിശുദ്ധ അമ്മ, മനുഷ്യനായി പിറന്ന ദൈവത്തിന്റെ അമ്മയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്തത്. പിന്നീട് എ.ഡി 553-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചേര്‍ന്ന രണ്ടാമത്തെ സാര്‍വ്വത്രിക സൂനഹദോസില്‍ വച്ചാണ് പരിശുദ്ധ അമ്മ ഈശോയുടെ ജനനത്തിനു മുമ്പും, ജനനത്തിലും, അതിനുശേഷവും കന്യകാവ്രതത്തിലായിരുന്നു എന്ന് സ്ഥിരീകരിച്ചത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം 1854 ഡിസംബര്‍ 8-നാണ് ഒമ്പതാം പീയൂസ് മാര്‍പാപ്പ മാതാവിന്റെ അമലോത്ഭവം ഔദ്യോഗികമായി പഠിപ്പിച്ചതും പ്രഖ്യാപിച്ചതും. ഈ ആധുനിക കാലത്തില്‍ അവസാനത്തെ വിശ്വാസ സത്യവും പുറത്തു വന്നു, 1950 നവംബര്‍ 1-ാം തീയ്യതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി അംഗീകരിച്ചപ്പോള്‍!

~ ഫാ. പ്രിന്‍സ് CSSR ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles