ഇന്നത്തെ വിശുദ്ധ: വിശുദ്ധ അഡെലൈഡ്
December 16 – വിശുദ്ധ അഡെലൈഡ്
ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത് അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍ നിന്നും നിഷ്കാസിതയാക്കി. എന്നിരുന്നാലും അവള്‍ ഒരു കുലുക്കവും കൂടാതെ വിശ്വസ്തയും ഭക്തിയുമുള്ളവളായിരുന്നു. തന്റെ ദൈവ ഭക്തിയും, കാരുണ്യപ്രവര്‍ത്തികളും മൂലം അവള്‍ പ്രശസ്തയായിരുന്നു. കാലക്രമേണ അവള്‍ കൊട്ടാരത്തില്‍ തിരിച്ചെത്തി ഭരണനിര്‍വഹണത്തില്‍ തന്റെ പേരമകനായ ഓട്ടോ മൂന്നാമന്റെ കാര്യദര്‍ശിയായി അദ്ദേഹത്തെ ഭരണത്തില്‍ സഹായിക്കുകയും ചെയ്തു. ക്ലൂണിയിലെ പ്രശസ്തമായ ആശ്രമത്തിന്റെ നവീകരണത്തില്‍ വിശുദ്ധ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. 999-ല്‍ വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു.
വിശുദ്ധയുടെ ആദരണീയമായ സ്ഥാനത്തിനുമുപരി അവള്‍ ഒരു നല്ല ഭാര്യയും അമ്മയുമായിരുന്നു. അവള്‍ എല്ലായ്പ്പോഴും ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിയിരുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍ വിശുദ്ധ ഒരു മടിയും കാണിച്ചിരുന്നില്ല. കൊട്ടാരത്തില്‍ കാര്യദര്‍ശിയായി നിയമിതയായപ്പോഴും തന്റെ രാഷ്ട്രീയ എതിരാളികളോട് വിശുദ്ധ ഒരു പ്രതികാരനടപടികളും കൈകൊണ്ടിരുന്നില്ല. ദൈവഭക്തി മൂലം അവളുടെ രാജധാനി ഒരു കൊട്ടരത്തേക്കാളുപരി ഒരാശ്രമം പോലെയായിരുന്നുവെന്നു പറയപ്പെടുന്നു.
വിശുദ്ധ അഡെലൈഡ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.