ഓരോ മനുഷ്യനും ദൈവദൂതൻമാരെ പോലെയാകാൻ വിളിക്കപ്പെട്ടവരാണ്

~ സിസ്റ്റര്‍ മേരി ക്ലെയര്‍  FCC ~

മനുഷ്യന്റെ മരണശേഷം അവന്‍ ദൈവദൂതനെപ്പോലെയായിരിക്കുമെന്ന് യേശു പഠിപ്പിച്ചു. (മത്തായി 22:30-31). സൃഷ്ടിയുടെ മണ്ഡലത്തില്‍ മനുഷ്യന്‍ അതുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്നുണ്ട്. ശരീരംകൊണ്ട് അവന്‍ ദൃശ്യമായ ലോകത്തിന്റേതാണ്. അതേസമയം ശരീരത്തെ സജീവമാക്കുന്ന ആത്മാവു വഴി അവന്‍ ദൃശ്യവും, അദൃശ്യവുമായ സൃഷ്ടികള്‍ തമ്മിലുള്ള അതിര്‍ത്തിയില്‍ നില്‍ക്കുന്നു. ദൈവം സൃഷ്ടിച്ചവയെല്ലാം അവിടുന്നു തന്റെ പരിപാലനവഴി സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ് (ഉല്‍പ്പത്തി 1/26-27). അതുകൊണ്ട് അവന്‍ സ്‌നേഹമാകുന്ന ദൈവത്തോട് ഏറ്റവും ഉയര്‍ന്ന തോതില്‍ സദൃശ്യനാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

മനുഷ്യന്‍ ശരീരം മാത്രമല്ല ആത്മാവുമുള്ള സത്തയാണ്. സൃഷ്ടികളുടെ മണിമകുടമായ മനുഷ്യനെ ഭൂമിയിലുള്ള സകലത്തിന്റേയും അധിപനായിട്ടാണ് ദൈവം സൃഷ്ടിച്ചത്. പ്രഭാഷകന്‍ 17:3-27 വരെ വായിക്കുമ്പോള്‍ ദൈവം മനുഷ്യനെ എത്രയോ ഉന്നതനും ശക്തനുമായിട്ടാണ് സൃഷ്ടിച്ചതെന്ന് മനസ്സിലാകും. എന്നാല്‍ അവന്‍ ഭൂമയിലായിരിക്കുന്നിടത്തോളം കാലം മാലാഖമാരെക്കാളും ഒരുപിടി താഴെയാണ് (സങ്കീ. 8/).

ഭൂമിയിലായിരുന്നുകൊണ്ട് പ്രപഞ്ചത്തോടും അതിലുള്ള സര്‍വ്വചരാചരങ്ങളോടുമൊപ്പം ദൈവത്തെ സ്തുതിക്കുക എന്നതാണ് മനുഷ്യന് ഭൂമിയില്‍ ദൈവം കൊടുത്തിരിക്കുന്ന ജോലി. ‘എന്റെ മഹത്വത്തിനായി ഞാന്‍ സൃഷ്ടിച്ച് രൂപംകൊടുത്തവരും, എന്റെ നാമത്തില്‍ വിളിക്കപ്പൊടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍’ (ഏശയ്യ 43:7). ‘ എന്നെ സ്തുതിച്ചു പ്രകീര്‍ത്തിക്കുവാന്‍ വേണ്ടി ഞാന്‍ സൃഷ്ടിച്ചു തിരഞ്ഞെടുത്ത ജനത്തിന് ദാഹജലം നല്‍കുവാന്‍ മരുഭൂമിയില്‍ ജലവും, വിജനദേശത്തു നദികളും ഞാന്‍ ഒഴുക്കി’ (ഏശയ്യ 43:21). ഈ തിരുവചനങ്ങളിലൂടെ അര്‍ത്ഥമാക്കുന്നത് – ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത് ഭൂമിയിലുള്ള എല്ലാ സൃഷ്ടിജാലങ്ങളോടുംകൂടി ദൈവത്തെ സ്തുതിക്കുവാനാണ്. അതുവഴി സ്തുതിയുടെ സിംഹാസനസ്ഥനായ ദൈവത്തിന്റെ മഹത്വത്തില്‍ നാമും ഉള്‍ച്ചേരുന്നു.

വി. അലക്‌സിസ് (5 cent) പറയുന്നു, ‘മനുഷ്യനൊഴികെ മറ്റു സൃഷ്ടവസ്തുക്കളല്ലാം അവയുടെ അസ്ഥിത്വത്തില്‍ത്തന്നെ ദൈവത്തെ ആരാധിക്കുകയും, സ്തുതിക്കുകയും അവിടുത്തെ മഹത്വത്തെ വിളിച്ചറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ബുദ്ധിജീവിയായിട്ടാണ്. അതുകൊണ്ട് മനുഷ്യനില്‍നിന്ന് ദൈവം സ്വതന്ത്രമായ ആരാധനയാണ് ആവശ്യപ്പെടുന്നത്. സ്വതന്ത്ര ബുദ്ധിയും മുസ്സും ഉപയോഗിച്ച് നാം ചെയ്യുന്ന ഏറ്റവും ചെറിയ പ്രവര്‍ത്തിയും ദൈവരാധനയാകണം. അതിനൊരു പ്രത്യേക വിലയുണ്ട്. ഈ പ്രപഞ്ചത്തിലെ മറ്റൊരു സൃഷ്ടിക്കും ഇപ്രകാരമുള്ള ആരാധനയും സ്തുതിയും ദൈവത്തിനര്‍പ്പിക്കുവാന്‍ സാധിക്കുകയില്ല.’ വി. പൗലോസ് പറയുന്നു ‘നിങ്ങള്‍ ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍.’ (1 കൊറി: 10:31).

ഏദന്‍തോട്ടത്തില്‍ ദൈവം മനുഷ്യനുമൊന്നിച്ച് ഉലാത്തുന്ന ഒരു ചിത്രമുണ്ട്. ദൈവ-മനുഷ്യ ബന്ധത്തിന്റെ ദൃഢതയാണ് അത് എടുത്തുകാണിക്കുന്നത്. മനുഷ്യന്‍ പാപം ചെയ്തതോടുകൂടി ആ അനുഭവം ഇല്ലാതായി. പാപിക്ക് സ്‌തോത്രഗീതമിണങ്ങുന്നില്ലായെന്ന് തിരുവചനം പറയുന്നു (പ്രഭാഷകന്‍ 15:9). അതുകൊണ്ട് അവന് ദൈവത്തെ സ്തുതിക്കാന്‍ സാധിക്കുന്നില്ല. അവന്‍ വീണ്ടും വീണ്ടും പാപത്തില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ മനുഷ്യന്റെ ശുശ്രൂഷകനായിട്ടും, വഴികാട്ടിയായിട്ടും കാവല്‍ നില്‍ക്കുവാന്‍ ദൈവം അനേകം മാലാഖമാരെ നിയോഗിച്ചിട്ടുണ്ട്. അദൃശ്യരായ ഈ മാലാഖമാര്‍ ദൃശ്യാവസ്ഥയിലും, അദൃശ്യാവസ്ഥയിലും മനുഷ്യനുമായി ഇടപെടുകയും സഹായിക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങള്‍ ബൈബിളില്‍ നാം വായിക്കുന്നുണ്ട്.

ദൈവം മനുഷ്യനായി അവതരിക്കുകയും മനുഷ്യന്റെ പാപപരിഹാരമായി കുരിശുമരണത്തിലൂടെ അവനെ വീണ്ടെടുത്ത് പാപത്തില്‍നിന്നും മോചിപ്പിക്കുകയുമാണ് ചെയ്തത്. മനുഷ്യനു നഷ്ടപ്പെട്ടുപോയ വില പുത്രനായ ദൈവം തന്റെ കുരിശുമരണത്തിലൂടെയും രക്തം ചിന്തലിലൂടെയും നമുക്ക് നേടിത്തന്നിരിക്കുകയാണ്. ‘നീ എനിക്ക് വിലപ്പെട്ടവനും അമൂല്യനും ബഹുമാന്യനുമാണ്, നീ എന്റേതാണ്, ഞാന്‍ നിന്നോടുകൂടിയുണ്ട്, ഇനിയൊരിക്കലും ഞാന്‍ നിന്നെ ഉപേക്ഷിക്കുകയില്ല’ (ഏശയ്യ 41:9, 43:4) എ്‌നു പറയുന്ന ദൈവത്തിന്റെ പിതൃസ്‌നേഹം നമ്മെ വീണ്ടും ഉന്നതവ്യക്തികളാക്കിയിരിക്കുകയാണ്. മാത്രമല്ല, പുത്രനായ യേശുവിനാലും പരിശുദ്ധാത്മാവിനാലും ദൈവത്തെ ‘പിതാവേ’ എന്നു വിളിക്കുവാന്‍ യോഗ്യരാക്കുന്നതിനാല്‍ അവന്‍ ഈ ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ പിതൃസ്‌നേഹത്താല്‍ നിറയപ്പെടുകയും ദൈവപിതാവിന്റെ സ്വര്‍ഗ്ഗീയ നന്മകള്‍ക്കെല്ലാം അവകാശിയായിത്തീരുകയും ചെയ്യുന്നു. കൂടാതെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധത്രിത്വം അവനില്‍ അധിവസിക്കുന്നു. ദൈവത്തെ ‘പിതാവേ’ എന്നു വിളിക്കുവാനും അവനു സാധിക്കുന്നു. കൂടാതെ പിതാവിന്റെ മടിയിലിരുന്ന് ലാളന അനുഭവിക്കാനും തോളില്‍ വഹിക്കപ്പെടാനും അവന് ഇടയാകുന്നു.

‘ഇതെന്റെ ശരീരമാകുന്നു, വാങ്ങി ഭക്ഷിക്കുവിന്‍, ഇതെന്റ് രക്തമാകുന്നു വാങ്ങി പാനം ചെയ്യുവിന്‍’ (യോഹ. 6:15) എന്നു പറഞ്ഞുകൊണ്ട് വിശുദ്ധ കുര്‍ബാനയായി നമ്മിലേക്ക് വരുകയും യേശുവിന്റെ ശരീരവും നമ്മുടെ ശരീരവും യേശുവിന്റെ രക്തവും നമ്മുടെ രക്തവും ഒന്നാകുന്നതിലൂടെ ദൈവവും നാമും ഒന്നാകുന്നു. നമുക്കു ലഭിക്കുന്ന ഈ അനുഭവം മാലാഖമാര്‍ക്കുപോലും ലഭിക്കാത്ത വലിയൊരു കൃപയാണ്. വിശുദ്ധ പത്രോസ് എഴുതിയ ഒന്നാം ലേഖനം 1/12ല്‍ പറയുന്നു. ‘ഇവയിലേക്ക് എത്തിനോക്കാന്‍ ദൈവദൂതന്‍മാര്‍ പോലും കൊതിക്കുന്നു’ എന്നാല്‍ മാലാഖമാര്‍ക്ക് വീണ്ടെടുപ്പിന്റെ ആവശ്യമില്ലാത്തതിനാല്‍ അവര്‍ എപ്പോഴും ദൈവത്തിന്റെ കൂടെയാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles