മൂന്ന് വിധത്തിലുള്ള കരുണ ഈശോ ആഗ്രഹിക്കുന്നുവെന്ന് ഫൗസ്റ്റീന പറയുന്നു. അവ ഏതെല്ലാമാണ്?

ഫൗസ്റ്റീന വി. കുര്‍ബാന സ്വീകരിക്കാന്‍ എത്തിയപ്പോള്‍ രണ്ടാമതൊരു ഓസ്തി കൂടി വൈദികന്റെ കൈയിലും പിന്നീട് ഫൗസ്റ്റീനയുടെ കൈയിലും വീഴുന്നതിനെ കുറിച്ചാണ് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. നാം മൂന്ന് വിധത്തിലുള്ള കരുണ അഭ്യസിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നുവെന്ന് ഫൗസ്റ്റീന പറയുന്നു. അവ ഏതെല്ലാമാണെന്ന് ഈ ലക്കത്തില്‍ നമുക്ക് വായിക്കാം.
ഖണ്ഡിക – 162
J.M.J. ഈശോയേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു. ജനുവരി 1, 1937 ആത്മാവിന്റെ ആന്തരിക സംയമനത്തിന്റെ പട്ടിക. പ്രത്യേക നിയോഗം – കരുണയുള്ള ക്രിസ്തുവുമായുള്ള ഐക്യം.
അഭ്യാസം:- ആന്തരിക നിശ്ശബ്ദത; കർശനമായി നിശ്ശബ്ദത പാലിക്കുക.
ആത്മശോധന
ജനുവരി : ദൈവവും ആത്മാവും; നിശ്ശബ്ദത, വിജയം 41, വീഴ്ച 4.
സുകൃതജപം: എന്നാൽ ഈശോ നിശ്ശബ്ദനായിരുന്നു.
ഫെബ്രുവരി : ദൈവവും ആത്മാവും; നിശ്ശബ്ദത; വിജയം 36, വീഴ്ച 3.
സുകൃതജപം: ഈശോയേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
മാർച്ച് : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം 51, വീഴ്ച 2.
സുകൃതജപം : ഈശോയേ, എന്റെ ഹൃദയം സ്നേഹത്താൽ ജ്വലിപ്പിക്കണമേ.
ഏപ്രിൽ : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം 61, വീഴ്ച 4.
സുകൃതജപം : ദൈവത്തോടുകൂടി, എനിക്കെല്ലാം ചെയ്യാൻ സാധിക്കും.
മേയ് : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം 92, വീഴ്ച 3.
സുകൃതജപം : അവിടുത്തെ നാമത്തിലാണ് എന്റെ ശക്തി.
ജൂൺ : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം 64, വീഴ്ച 1.
സുകൃതജപം : എല്ലാം ഈശോയ്ക്കുവേണ്ടി.
ജൂലൈ : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം 62, വീഴ്ച 8.
സുകൃതജപം : ഈശോയേ, എന്റെ ഹൃദയത്തിൽ വസിക്കണമേ.
ആഗസ്റ്റ് : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം 88, വീഴ്ച 7.
സുകൃതജപം : ഈശോയേ, അങ്ങ് അറിയുന്നു…
സെപ്റ്റംബർ : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം 99, വീഴ്ച 1,
സുകൃതജപം : ഈശോയേ, അങ്ങേ ഹൃദയത്തിൽ എന്നെ മറയ്ക്കണമേ.
ഒക്ടോബർ : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം 41, വീഴ്ച 3.
സുകൃതജപം : മറിയമേ, ഈശോയുമായി എന്നെ ഒന്നിപ്പിക്കണമേ.
നവംബർ : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം, വീഴ്ചകൾ.
സുകൃതജപം : ഓ എന്റെ ഈശോയേ, കരുണയായിരിക്കണമേ!
ഡിസംബർ : ദൈവവും ആത്മാവും; നിശ്ശബ്ദത. വിജയം, വീഴ്ചകൾ.
സുകൃതജപം : ജീവിക്കുന്ന തിരുവോസ്തിയേ, സ്തുതി!
ഖണ്ഡിക – 163
വർഷം, 1937
പൊതുവായ അഭ്യാസങ്ങൾ
ഏറ്റം പരിശുദ്ധ ത്രിത്വമേ, എന്റെ ഓരോ ശ്വാസത്തിലും ഓരോ ഹൃദയത്തുടിപ്പിലും ശരീരത്തിലെ ഓരോ നാഡി ഇടിപ്പിലും അങ്ങയുടെ കരുണയെ ആയിരംതവണ പുകഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നു.
ഓ നാഥാ, അങ്ങയുടെ കരുണയിലേക്കു പൂർണ്ണമായി രൂപാന്തരപ്പെടാനും, അങ്ങയുടെ ജീവിക്കുന്ന പ്രതിച്ഛായ ആയിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പരമമായ ദൈവികവിശേഷണമായ അങ്ങയുടെ അഗ്രാഹ്യമായ കരുണ എന്റെ ആത്മാവിലൂടെയും ഹൃദയത്തിലൂടെയും എന്റെ സഹോദരങ്ങളിലേക്ക് ഒഴുകട്ടെ.
ഓ കർത്താവേ, എന്റെ നയനങ്ങൾ കരുണാർദ്രമാകാൻ സഹായിക്കണമേ. മറ്റുള്ളവരുടെ ബാഹ്യമായ രൂപം കണ്ട് അവരെ ഒരിക്കലും സംശയിക്കാനും വിധിക്കാനും ഇടയാക്കല്ലേ; മറിച്ച് അവരുടെ ആത്മാവിലെ നന്മ ദർശിക്കാനും അവരെ സഹായിക്കാനും കൃപ തരണമേ.
എന്റെ കാതുകൾ കരുണാപൂർണ്ണമാകട്ടെ. എന്റെ സഹോദരങ്ങളുടെ ആവശ്യങ്ങൾ ഗ്രഹിക്കാനും, അവരുടെ വേദനകളോടും വിലാപങ്ങളോടും നിസ്സംഗത പുലർത്താതിരിക്കാനും ഇടയാക്കണേ.
ഓ നാഥാ, എന്റെ നാവ് കരുണാപൂർവ്വം സംസാരിക്കട്ടെ. ഒരിക്കലും എന്റെ സഹോദരങ്ങൾക്കെതിരായി സംസാരിക്കാതിരിക്കാനും, എല്ലാവരോടും ക്ഷമയുടെയും സാന്ത്വനത്തിന്റെയും വചസുകൾ സംസാരിക്കാനും എന്നെ സഹായിക്കണമേ.
ഓ നാഥാ, എന്റെ കരങ്ങൾ കരുണാപൂർണ്ണവും സൽപ്രവൃത്തികളാൽ സമ്പുഷ്ടവുമാകട്ടെ. എന്റെ സഹോദരങ്ങൾക്കു നന്മമാത്രം ചെയ്യാനും ഏറ്റവും ദുർഘടവും ബുദ്ധിമുട്ടേറിയതുമായ ജോലികൾ സ്വയം ഏറ്റെടുത്തു ചെയ്യാനും എന്നെ സഹായിക്കണമേ.
എന്റെ കാൽപ്പാദങ്ങളെ കരുണാപൂർണ്ണമാക്കണമേ. എന്റെ തളർച്ചയെയും ക്ഷീണത്തെയും അതിജീവിച്ച്, എന്റെ സഹോദരങ്ങളെ സഹായിക്കാൻ എനിക്കു കൃപ തരണമേ. എന്റെ സഹോദരരെ ശുശ്രൂഷിക്കുന്നതിലാണ് എന്റെ യഥാർത്ഥമായ ആശ്വാസം.
ഓ നാഥാ, എന്റെ ഹൃദയം കരുണാസമ്പന്നമാകട്ടെ, എന്റെ സഹോദരങ്ങളുടെ എല്ലാ സഹനങ്ങളും അനുഭവിക്കുവാൻ എന്നെ സഹായിക്കണമേ. ഒരുത്തർക്കും ഞാൻ സ്നേഹം നിഷേധിക്കുകയില്ല. എന്റെ സ്നേഹത്തെ നിന്ദിക്കുമെന്ന് മനസ്സിലാക്കുന്നവരോടുപോലും ഞാൻ ആത്മാർത്ഥതയോടെ പെരുമാറും. ഈശോയുടെ ഏറ്റവും കരുണാർദ്രമായ ഹൃദയത്തിൽ ഞാൻ എന്നെത്തന്നെ ബന്ധിതയാക്കും. സഹനങ്ങൾ ഞാൻ നിശ്ശബ്ദമായി സഹിക്കും. ഓ നാഥാ, അങ്ങയുടെ കരുണ എന്നിൽ വസിക്കട്ടെ.
മൂന്നുവിധത്തിലുള്ള കരുണ അഭ്യസിക്കാൻ അവിടുന്നുതന്നെ എന്നോടു കല്പ്പിക്കുന്നു.
ഒന്നാമത്തേത് : എല്ലാത്തരത്തിലുള്ള കരുണയുടെ പ്രവൃത്തികൾ ചെയ്യുക.
രണ്ടാമത്തേത്: കരുണയുടെ വാക്കുകൾ – കരുണയുടെ പ്രവൃത്തികൾ ചെയ്യാൻ സാദ്ധ്യമല്ലാത്തപ്പോൾ, കരുണയുടെ വചനങ്ങളാൽ ഞാൻ സഹായിക്കും.
മൂന്നാമത്തേത് : പ്രാർത്ഥന – വാക്കാലും പ്രവൃത്തിയാലും കരുണകാണിക്കാൻ സാധിക്കാത്ത സമയങ്ങളിൽ, ഞാൻ പ്രാർത്ഥിക്കും. ശാരീരികമായി സഹായിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽപ്പോലും എന്റെ പ്രാർത്ഥന എത്തുന്നു. ഓ എന്റെ ഈശോയേ, അങ്ങിലേക്ക് എന്നെ അനുരൂപപ്പെടുത്തുക. എന്തെന്നാൽ, അങ്ങേക്ക് എല്ലാം സാദ്ധ്യമാണല്ലോ.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.