വി. കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കാത്തപ്പോള്‍ ഫൗസ്റ്റീനയ്ക്ക് വളരെയധികം സഹിക്കേണ്ടി വന്നതെന്തു കൊണ്ട്?

അനുസരണം എന്ന പുണ്യം അഭ്യസിക്കാന്‍ ഫൗസ്റ്റീന മടിച്ചി എന്ന വിളി കേള്‍ക്കാന്‍ സന്നദ്ധയാകുന്നതിനെ കുറിച്ചാണ് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. വി. കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കാത്തപ്പോള്‍ ഫൗസ്റ്റീനയ്ക്ക് വളരെയധികം സഹിക്കേണ്ടി വന്നു. അതിനെ കുറിച്ച് ഈശോ തന്നെ ഫൗസ്റ്റീനയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതാണ് ഈ ലക്കത്തില്‍ നാം വായിക്കുന്നത്.
ഖണ്ഡിക – 154
ഒരിക്കൽ, സായാഹ്നത്തിൽ തിരുക്കുടുംബത്തിന്റെ സഹോദരികളുടെ മഠത്തിൽ ഞങ്ങളുടെ മഠത്തിലെ മറ്റൊരു സിസ്റ്ററുമൊന്നിച്ച് ആരാധനയ്ക്കായി ഞാൻ പോയി. ചാപ്പലിൽ പ്രവേശിച്ച ഉടനെ ദൈവസാന്നിദ്ധ്യം എന്നിൽ നിറഞ്ഞു. ചില സമയങ്ങളിൽ ഞാൻ ചെയ്യാറുള്ളതുപോലെ മൗനമായി ഞാൻ പ്രാർത്ഥിച്ചു. പെട്ടെന്ന് ഞാൻ കർത്താവിനെ കണ്ടു. അവിടുന്ന് എന്നോടു പറഞ്ഞു: ചിത്രം വരയ്ക്കുന്ന കാര്യത്തിലും കരുണയുടെ എല്ലാ പ്രവൃത്തികളിലും നീ ഉപേക്ഷ വരുത്തിയാൽ വിധിദിവസം വളരെയധികം ആത്മാക്കളെക്കുറിച്ച് ഉത്തരം നൽകേണ്ടിവരും എന്നറിയുക. കർത്താവിന്റെ ഈ വചനം കേട്ട് എന്റെ ആത്മാവ് ഭയപ്പെട്ടു; ആപൽസൂചന എന്നെ ഗ്രസിച്ചു. എത്ര ശ്രമിച്ചിട്ടും എനിക്ക് ശാന്തത ലഭിച്ചില്ല. ഈ വചനങ്ങൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. വിധിദിവസം എന്റെമാത്രമല്ല മറ്റുള്ളവരുടെയും ആത്മാക്കൾക്ക് ഉത്തരം പറയേണ്ടിവരും എന്ന വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴമായി പതിഞ്ഞു. ഞാൻ മടങ്ങി മഠത്തിലെത്തി. ചെറിയ ചാപ്പലിൽ ദിവ്യകാരുണ്യത്തിനു മുമ്പിൽ സാഷ്ടാംഗം വീണ് കർത്താവിനോടു പറഞ്ഞു, “എന്റെ കഴിവിനനുസരിച്ച് ഞാൻ എല്ലാം ചെയ്യാം. എന്നാൽ അങ്ങ് എന്റെ കൂടെയുണ്ടായിരിക്കണമെന്നു ഞാൻ യാചിക്കുന്നു. അവിടുത്തെ തിരുവിഷ്ടം നിറവേറ്റാനുള്ള ശക്തി എനിക്കു നൽകുക; എന്തെന്നാൽ, എനിക്കൊന്നും ചെയ്യാൻ സാധ്യമല്ല. അങ്ങേക്ക് എല്ലാം സാധ്യമാണ്”.
ഖണ്ഡിക – 155
കുറച്ചുനാളായി മറ്റാരെങ്കിലും എനിക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ, എനിക്ക് അത് പെട്ടെന്നു മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതുപോലെതന്നെ, ആരെങ്കിലും പ്രാർത്ഥന യാചിക്കുന്നതും എനിക്കു മനസിലാക്കാൻ സാധിക്കുമായിരുന്നു. അവർ അത് എന്നോടു പറയണമായിരുന്നില്ല. എന്തോ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെടുകയും, പ്രാർത്ഥിക്കുമ്പോൾ ശാന്തത ലഭിക്കുകയും ചെയ്തിരുന്നു.
ഖണ്ഡിക – 156
ഒരിക്കൽ, വിശുദ്ധ കുർബ്ബാന സ്വീകരിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. എന്നാൽ, എനിക്ക് ഒരു സംശയം തോന്നിയതിനാൽ സ്വീകരിച്ചില്ല. ഇതു പ്രമാണിച്ച് ഞാൻ വളരെ സഹിച്ചു. വേദനകൊണ്ട് എന്റെ ഹൃദയം പൊട്ടിപ്പോകുമെന്നു തോന്നി. ജോലി ചെയ്തപ്പോഴെല്ലാം എന്റെ ഹൃദയം വേദനിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്, ഈശോ എന്റെ അരികിൽ വന്നു പറഞ്ഞു, എന്റെ മകളേ, നിന്റെ പാപം മാരകമാണെന്ന് നിനക്കു നല്ല ബോദ്ധ്യമുള്ളപ്പോഴല്ലാതെ, ഒരിക്കലും വി. കുർബ്ബാന സ്വീകരണം മുടക്കരുത്. എന്റെ സ്നേഹത്തിന്റെ ഈ രഹസ്യത്തിലൂടെ നീയും ഞാനുമായുള്ള ഐക്യത്തെ തടസ്സപ്പെടുത്താൻ ഒരു സംശയത്തിനും ഇടയാകാതിരിക്കട്ടെ. വലിയ ഒരു തീക്കുണ്ഡത്തിലേക്ക് എറിയപ്പെടുന്ന വൈക്കോൽത്തുരുമ്പുപോലെ നിന്റെ നിസ്സാരവീഴ്ചകൾ എന്റെ സ്നേഹത്തിൽ അപ്രത്യക്ഷമാകും. വി.കുർബ്ബാനയിൽ എന്നെ സ്വീകരിക്കാൻ മടിച്ചതാണ് എന്നെ കൂടുതൽ ദുഃഖിപ്പിച്ചതെന്ന് നീ അറിയുക.
ഖണ്ഡിക – 157
വൈകിട്ട്, ചാപ്പലിൽ പ്രവേശിച്ചപ്പോൾ അന്തരാത്മാവിൽ ഞാൻ ഇപ്രകാരം കേട്ടു, എന്റെ മകളേ, ഈ വചനങ്ങൾ ശ്രദ്ധിക്കുക: “തീവ്രദുഃഖത്തിലായിരുന്നതിനാൽ, അവൻ കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു.” ഞാൻ അതേപ്പറ്റി ആഴമായി ചിന്തിച്ചപ്പോൾ, വലിയ വെളിച്ചം എന്റെ ആത്മാവിലേക്ക് ഒഴുകിവന്നു. എത്രമാത്രം സ്ഥിരോത്സാഹത്തോടെ പ്രാർത്ഥിക്കണമെന്നും, നമ്മുടെ രക്ഷ ഇപ്രകാരമുള്ള പ്രാർത്ഥനയിൽ ആശ്രയിച്ചിരിക്കുമെന്നും ഞാൻ മനസ്സിലാക്കി.
ഖണ്ഡിക – 158
(1930) കുറച്ചുനാളത്തേക്ക് മറ്റൊരു സിസ്റ്ററിനു പകരമായി ഞാൻ കിയേക്ക്ഷിൽ (Kiekrz) ആയിരുന്നപ്പോൾ, ഉച്ചസമയത്ത് ഉദ്യാനം കടന്ന് പുഴയോരത്തേക്കു പോയി, ചുറ്റുപാടും നോക്കി വളരെനേരം അവിടെ നിന്നു ധ്യാനിച്ചു. പെട്ടെന്ന് ഈശോനാഥൻ എന്റെ സമീപത്തെത്തി വാത്സല്യത്തോടെ എന്നോടു പറഞ്ഞു: എന്റെ മണവാട്ടീ, നിനക്കുവേണ്ടിയാണ് ഞാനിതെല്ലാം സൃഷ്ടിച്ചത്. നിത്യതയിൽ ഞാൻ നിനക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്നവയുമായി താരതമ്യപ്പെടുത്തു മ്പോൾ ഇത് ഒന്നുമല്ല എന്നറിയുക. ഇപ്രകാരമുള്ള സാന്ത്വനത്താൽ ഹർഷപുളകിതയായി, വൈകിട്ടുവരെ ഞാൻ അവിടെ നിന്നുപോയി. എങ്കിലും അതൊരു ചെറിയ നിമിഷമായി മാത്രമേ എനിക്കു തോന്നിയുള്ളു. അത് എകദിന ധ്യാനത്തിനായി മാറ്റിവച്ച എന്റെ ഒഴിവുദിവസമായിരുന്നു. അതിനാൽ പ്രാർത്ഥനക്കായി ചെലവഴിക്കാൻ എനിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. ഓ, അനന്തനന്മയായ ദൈവം അവിടുത്തെ നന്മയാൽ എപ്രകാരം നമ്മെ അനുധാവനം ചെയ്യുന്നു! വളരെ അപ്രതീക്ഷിതമായാണ് കർത്താവ് എനിക്ക് ഏറ്റം വലിയ കൃപകൾ വർഷിക്കുന്നത്.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.