സഹോദരിമാര്‍ വന്നപ്പോള്‍ ഫൗസ്റ്റീന മൃതപ്രായയായി കിടക്കുന്നത് കണ്ടു?

ഖണ്ഡിക – 101

ഈശോയേ, അന്ധകാരത്തിൽ മുഴുകിയ ആത്മാവ് ഈ പീഡകളുടെ മദ്ധ്യത്തിൽ എങ്ങനെയാണു വിലപിക്കുന്നതെന്നും, ഉണങ്ങിവരണ്ട ചുണ്ടുകൾ വെള്ളത്തിനായി കേഴുന്നതുപോലെ ദൈവത്തിനായി എത്രമാത്രം ദാഹിക്കുന്നുവെന്നും അങ്ങുമാത്രം അറിയുന്നു. അതു മരിക്കുന്നു, നശിക്കുന്നു; മരിക്കാതെ മരിക്കുന്നു; അതായത്, അതിനു മരിക്കാൻ സാധ്യമല്ല. അതിന്റെ എല്ലാ പരിശ്രമങ്ങളും ഇല്ലായ്മയിൽ അവസാനിക്കുന്നു; അതു ശക്തമായ ഒരു കരത്തിൻകീഴിലാണ്. ഇപ്പോൾ ആത്മാവ് നീതിമാനായവന്റെ ആധിപത്യത്തിൻ കീഴിലാകുന്നു. എല്ലാ ബാഹ്യമായ പരീക്ഷണങ്ങളും അവസാനിക്കുന്നു; മരിക്കുന്ന ഒരു വ്യക്തി തന്റെ ചുറ്റുപാടുമുള്ള ബന്ധങ്ങളിൽനിന്നെല്ലാം അറ്റുപോകുന്നതുപോലെ, അതിനെ വലയംചെയ്യുന്നതെല്ലാം നിശ്ശബ്ദമാകുന്നു: നിത്യമായി പരിത്യജിക്കപ്പെട്ട്, ആ വ്യക്തിയുടെ ആത്മാവ് പൂർണ്ണമായും നീതിമാനായ ശുദ്ധ ദൈവത്തിന്റെ കരങ്ങളിലമരുന്നു. മൂർദ്ധന്യത്തിലെത്തിയ നിമിഷമാണിത്, ദൈവത്തിനുമാത്രമേ ഒരാത്മാവിനെ ഇപ്രകാരം പരീക്ഷിക്കാൻ പറ്റു. എന്തെന്നാൽ, അവിടുത്തേക്കുമാത്രമേ ഒരാത്മാവിന്റെ സഹനശക്തിയെക്കുറിച്ചുള്ള അറിവുള്ളൂ.

 ഈ നാരകീയ അഗ്നിയാൽ ആത്മാവ് പടിപടിയായി പൂരിതമാകുമ്പോൾ, അതു വലിയ നിരാശയിലേക്ക് പെട്ടെന്നു പൂർണ്ണമായി ആഴ്ത്തപ്പെടുന്നു. ഞാൻ എന്റെ മുറിയിൽ തനിയെ ആയിരുന്നപ്പോഴാണ് എന്റെ ആത്മാവിന് ഈ അനുഭവം ഉണ്ടായത്. എന്റെ ആത്മാവ് ഈ നിരാശയിലേക്ക് ആഴ്ത്തപ്പെടാൻ തുടങ്ങിയപ്പോൾ, എന്റെ അവസാനം അടുത്തുവെന്നു ഞാൻ കരുതി. എന്നാൽ, എന്റെ ചെറിയ ക്രൂശിതരൂപം കൈയിലെടുത്ത് ഞാൻ അതിൽ മുറുകെ പിടിച്ചു. അപ്പോൾ എന്റെ ആത്മാവ് ശരീരത്തിൽനിന്നു വേർപെടുന്നതായി തോന്നി; അധികാരികളെ സമീപിക്കുവാൻ ആഗ്രഹിച്ചെങ്കിലും, അതിനുള്ള ശാരീരികശക്തി എനിക്കുണ്ടായിരുന്നില്ല. ഞാൻ അവസാനത്തെ വാക്കുകൾ ഉച്ചരിച്ചു: “അങ്ങയുടെ കരുണയിൽ ഞാൻ ശരണപ്പെടുന്നു!”- ഇത് ദൈവത്തെ കൂടുതൽ ക്ഷോഭിപ്പിച്ചുവെന്ന് എനിക്കു തോന്നി.

ഞാൻ നിരാശയിൽ മുങ്ങിത്താണു, എന്റെ ആത്മാവിൽനിന്ന് ഇടയ്ക്കിടെ ഉയർന്ന ദയനീയമായ ഒരു കരച്ചിൽ മാത്രം എന്നിൽ അവശേഷിച്ചു. ആത്മാവ് തീവ്രവേദനയിലായിരുന്നു – എന്റെതന്നെ ശക്തിയാൽ അതിൽനിന്നു രക്ഷപ്പെടാൻ സാധ്യമല്ലാതിരുന്നതിനാൽ, ഞാൻ ഈ അവസ്ഥയിൽത്തന്നെ ആയിരിക്കുമെന്നു വിചാരിച്ചു. ദൈവത്തെക്കുറിച്ചുള്ള എല്ലാ സ്മരണകളും സഹനത്തിന്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സാഗരം തന്നെയായിരുന്നു. എന്നാൽ ഇതിനെല്ലാം ഉപരിയായി ദൈവത്തിലേക്ക് അടുപ്പിക്കുന്ന എന്തോ ഒന്ന് ആത്മാവിൽ കുടികൊണ്ടിരുന്നു. അതിനുവേണ്ടി കൂടുതൽ സഹിക്കണമെന്ന ആഗ്രഹവും ആത്മാവിലുണ്ടായി. മുൻപ് ആത്മാവിനെ വലയം ചെയ്തിരുന്ന ദൈവസ്നേഹത്തിന്റെ ഓർമ്മതന്നെ മറ്റൊരു വിധത്തിലുള്ള സഹനമായിരുന്നു. അവിടുത്തെ നോട്ടം ആത്മാവിൽ തുളച്ചുകയറുകയും, ആത്മാവിലുള്ള എല്ലാ വികാരങ്ങളെയും ജ്വലിപ്പിക്കുകയും ചെയ്തു.

ഖണ്ഡിക – 102    

കുറച്ചു സമയത്തിനുശേഷം, സഹോദരിമാരിൽ ഒരാൾ എന്റെ മുറിയിൽ വന്നു, ഞാൻ മൃതപ്രായയായി കിടക്കുന്നതു കണ്ടു. അവൾ ഭയപ്പെട്ട് നൊവിസ്മിസ്ട്രസിനെ അന്വേഷിച്ചുപോയി. അവർ വിശുദ്ധ അനുസരണമെന്ന പുണ്യത്തിന്റെ നാമത്തിൽ എന്നോടു തറയിൽ നിന്നെഴുന്നേൽക്കാൻ കല്പിച്ചു. ഉടനെതന്നെ എനിക്കു ശക്തിലഭിച്ചു, വിറച്ചുകൊണ്ട് ഞാൻ എഴുന്നേറ്റു. നോവിസ്മിസ്ട്രസ് ഉടനെതന്നെ എന്റെ ആത്മാവിന്റെ അവസ്ഥ മനസ്സിലാക്കി, ദുർഗ്രഹമായ ദൈവകരുണയെപ്പറ്റി എന്നോടു സംസാരിച്ചു. അവർ ഇപ്രകാരം പറഞ്ഞു, “സഹോദരീ, ഒന്നിനെക്കുറിച്ചും അസ്വസ്ഥപ്പെടേണ്ട, അനുസരണമെന്ന പുണ്യത്തിന്റെ യോഗ്യതയിൽ ഞാൻ നിന്നോട് ഇതു കല്പിക്കുന്നു. ദൈവം നിന്നെ ഉന്നതമായ വിശുദ്ധപദവിയിലേക്കു വിളിക്കുന്നു എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു; ഇത്രവേഗം നിനക്ക് ഇതെല്ലാം അനുഭവിക്കാൻ അനുവദിക്കുന്നതുവഴി നിന്നെ അവിടുത്തോടു വളരെ കൂടുതൽ അടുപ്പിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. സഹോദരീ, ദൈവത്തോട് വിശ്വസ്തത പാലിക്കുക, എന്തെന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് ഒരു ഉന്നത സ്ഥാനം ലഭിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു എന്നതിന്റെ അടയാളമാണിത്.”

പക്ഷേ, അവർ പറഞ്ഞതിന്റെ ഒരക്ഷരവും എനിക്കു മനസ്സിലായില്ല. ചാപ്പലിൽ പ്രവേശിച്ചപ്പോൾ, എല്ലാത്തിൽനിന്നും എന്റെ ആത്മാവിന് സ്വാതന്ത്യം ലഭിച്ച ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത്, ദൈവകരങ്ങളിൽനിന്ന് അപ്പോൾത്തന്നെ പുറത്തുവന്നപോലുള്ള അനുഭവം. എന്റെ ആത്മാവിന്റെ വിശുദ്ധി ഞാൻ ഗ്രഹിച്ചു; ഒരു ചെറിയ കുഞ്ഞായതുപോലെ എനിക്കനുഭവപ്പെട്ടു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles