ഈശോ ഫൗസ്റ്റീനയോട് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. എന്താണതെന്നറിയണോ?

89
കർത്താവ് ആവശ്യപ്പെട്ടതുപോലെതന്നെ എല്ലാക്കാര്യങ്ങളും സംഭവിച്ചു എന്നത് ആശ്ചര്യകരമാണ്. യഥാർത്ഥത്തിൽ, ഈസ്റ്റർ കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച (ഏപിൽ, 1935) ആണ് ചിത്രം ആദ്യമായി ജനങ്ങളാൽ പരസ്യമായി വണങ്ങപ്പെട്ടത്. മൂന്നു ദിവസത്തേക്ക് ഇത് പരസ്യവണക്കത്തിനായി പ്രദർശിപ്പിച്ചു. ഓസ്ട്രാബാമയിൽ (വിൽനൂസ് നഗരത്തിന്റെ “ഈസ്റ്റേൺ ഗേറ്റിന് മുകളിൽ) മാതാവിന്റെ ഷ്റൈനിന്റെ ജനാലയുടെ മുകൾഭാഗത്തായി പടം സ്ഥാപിച്ചിരുന്നതുകൊണ്ട് വളരെ അകലെനിന്നുതന്നെ ഈ പടം ജനങ്ങൾക്കു കാണാൻ സാധിച്ചിരുന്നു. ഓസ്ട്രാബാമയിൽ ഈ മൂന്നുദിവസവും നമ്മുടെ രക്ഷകന്റെ പീഡാസഹനത്തിന്റെ 1900 വർഷം പിന്നിട്ടതിന്റെ ഓർമ്മയ്ക്കായി ലോകരക്ഷയുടെ ജൂബിലി ആഘോഷിക്കുകയായിരുന്നു. കർത്താവ് ആവശ്യപ്പെട്ട കരുണയുടെ പ്രവർത്തനം രക്ഷാകർമ്മത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

90
ഒരു ദിവസം, എന്റെ കുമ്പസാരക്കാരൻ എത്രമാത്രം സഹിക്കണമെന്നു ഞാൻ ആന്തരികമായി മനസ്സിലാക്കി: സുഹൃത്തുക്കൾ അങ്ങയെ ഉപേക്ഷിച്ചു പോകും,
എല്ലാവരും അങ്ങേക്കെതിരാകും, അങ്ങയുടെ ശാരീരികശക്തി ക്ഷയിക്കും. സഹനത്തിന്റെ ചക്കിലേക്ക് കർത്താവ് തിരഞ്ഞെടുത്തെറിഞ്ഞ ഒരു മുന്തിരിക്കുല പോലെയാണ് അതെന്ന് ഞാൻ കണ്ടു. അച്ചാ, ഈ പ്രവൃത്തികളെപ്പറ്റിയും എന്നെപ്പറ്റിയുമുള്ള സംശയങ്ങളാൽ അങ്ങയുടെ ആത്മാവ് പലപ്പോഴും അസ്വസ്ഥമാകും. ദൈവംതന്നെ (അദ്ദേഹത്തിന്) എതിരാകുന്നതുപോലെ എനിക്കു തോന്നി. അവിടുന്ന് ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കു ദൈവംതന്നെ അദ്ദേഹത്തിന് മാർഗ്ഗതടസ്സം വരുത്തുന്നത് ഞാൻ കണ്ടു. അദ്ദേഹത്തോട് ഇപ്രകാരം പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചു. കർത്താവ് പറഞ്ഞു: ഈ പ്രവൃത്തി എന്റേതാണെന്ന് സാക്ഷ്യപ്പെടുത്താനാണ് ഞാൻ ഇപ്രകാരം പ്രവർത്തിക്കുന്നത്. ഒന്നിനെയും ഭയപ്പെടേണ്ടാ എന്ന് അവനോടു (38) പറയുക. രാവും പകലും എന്റെ കടാക്ഷം അവന്റെ മേലുണ്ട്. ഈ പ്രവൃത്തികൊണ്ട് രക്ഷപ്രാപിക്കുന്ന ആത്മാക്കളുടെ എണ്ണമനുസരിച്ചുള്ള കിരീടങ്ങൾകൊണ്ട് അവന്റെ കിരീടം രൂപപ്പെടുത്തും. ഒരു പ്രവൃത്തിയുടെ വിജയത്തിനല്ല, അതിനുവേണ്ടിയുള്ള സഹനത്തിനാണു ഞാൻ പ്രതിഫലം നൽകുക.

91
ഓ എന്റെ ഈശോയേ, ഞാൻ സഹിക്കുന്ന പീഡനങ്ങളെ അങ്ങുമാത്രം അറിയുന്നു. അങ്ങയുടെ കല്പനകൾ അനുസരിക്കുന്നതുകൊണ്ടും, അങ്ങയോടു വിശ്വസ്തത പുലർത്തുന്നതുകൊണ്ടും മാത്രമാണ് ഇത്. അങ്ങ് എന്റെ ശക്തിയാകുന്നു; അങ്ങ് ആവശ്യപ്പെടുന്നത് എപ്പോഴും വിശ്വസ്തതയോടെ നിറവേറ്റാൻ എന്നെ സഹായിക്കണമേ. തനിയെ ഒന്നും ചെയ്യാൻ ഞാൻ ശക്തയല്ല, എന്നാൽ അങ്ങ്
എന്നെ സഹായിക്കുമ്പോൾ എല്ലാ പ്രയാസങ്ങളും എനിക്കു നിസ്സാരങ്ങളാണ്. ഓ എന്റെ കർത്താവേ, എന്റെ ആത്മാവിന് അങ്ങയെ അനുഭവിക്കാനുള്ള കൃപ ലഭിച്ചപ്പോൾ മുതൽ എന്റെ ജീവിതം നിരന്തരമായ കഠിനയത്നമാണ്. അതിന്റെ തീവ്രത കൂടിക്കൊണ്ടേയിരിക്കുന്നു. എല്ലാ പ്രഭാതത്തിലും ധ്യാനസമയത്ത്, ദിവസം മുഴുവനുമുള്ള ഈ കഠിനയത്നത്തിനായി ഞാൻ എന്നെ ഒരുക്കുന്നു. വി. കുർബ്ബാന സ്വീകരണം എന്റെ വിജയം എനിക്ക് ഉറപ്പുനൽകുന്നു. അങ്ങനെയാണുതാനും. വി. കുർബ്ബാന സ്വീകരിക്കാത്ത ദിനങ്ങളെ ഞാൻ ഭയപ്പെടുന്നു. എന്റെ ദൗത്യനിർവ്വഹണത്തിനുവേണ്ട ശക്തിയും, കർത്താവ് എന്നോട് ആവശ്യപ്പെടുന്നതു ചെയ്യാൻ വേണ്ട ധൈര്യവും ശക്തിദായകമായ ഈ അപ്പം എനിക്കു നൽകുന്നു. എന്നിലുള്ള ധൈര്യവും ശക്തിയും എന്റേതല്ല, പിന്നെയോ ദിവ്യകാരുണ്യത്തിലൂടെ എന്നിൽ വസിക്കുന്നവന്റേതാണ്.

ഓ എന്റെ ഈശോയേ, തെറ്റിദ്ധാരണകൾ വളരെയാണ്. ദിവ്യകാരുണ്യം ഇല്ലായിരുന്നെങ്കിൽ അങ്ങു കാണിച്ചുതരുന്ന വഴികളിലൂടെ മുന്നേറാൻ ഞാൻ ധൈര്യപ്പെടുമായിരുന്നില്ല.

92
എളിമപ്പെടുത്തൽ എന്റെ അന്നന്നേയപ്പമാണ്. മണവാളന്റെ എല്ലാക്കാര്യത്തിലും മണവാട്ടി പങ്കുചേരേണ്ടിയിരിക്കുന്നു എന്ന് ഞാനറിയുന്നു; അതിനാൽ പരിഹാസത്തിന്റെ അവിടുത്തെ പുറങ്കുപ്പായം എന്നെയും പൊതിയേണ്ടിയിരിക്കുന്നു. അധികമായി സഹിക്കേണ്ടിവരുമ്പോൾ, നിശ്ശബ്ദയായിരിക്കാൻ ഞാൻ ശ്രമിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ എന്നെ നീതീകരിക്കാൻ വെമ്പൽ കൊള്ളുന്ന എന്റെ നാവിനെ ഞാൻ വിശ്വസിക്കുന്നില്ല. ഈ അനുഗ്രഹങ്ങളും ദാനങ്ങളും
എനിക്കുതന്ന ദൈവത്തെ സ്തുതിക്കാൻ എന്നെ സഹായിക്കേണ്ട കടമയാണ് അതിനുള്ളത്. ദിവ്യകാരുണ്യത്തിൽ ഈശോയെ ഞാൻ സ്വീകരിക്കുമ്പോൾ, എന്റെ നാവുമൂലം എന്റെ ദൈവത്തെയോ എന്റെ സഹോദരങ്ങളെയോ വേദനിപ്പിക്കാതിരിക്കാൻ എന്റെ നാവിനെ സൗഖ്യപ്പെടുത്തണമെന്ന് ഞാൻ തീക്ഷമായി പ്രാർത്ഥിക്കുന്നു. എന്റെ നാവ് നിരന്തരം ദൈവസ്തുതികൾ ആലപിക്കണമെന്നാണ് എന്റെ ആഗ്രഹം. നാവ് ചെയ്യുന്ന ദ്രോഹം എത്ര വലുതാണ്. നാവ് നിയന്തിച്ചില്ലെങ്കിൽ ആത്മാവിന് വിശുദ്ധി പ്രാപിക്കാൻ സാധ്യമല്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles