സി. ഫൗസ്റ്റീന പാപികള്‍ക്കുവേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ എന്തുസംഭവിച്ചു?

71
ചികിത്സയ്ക്കായി പോട്‌സ്‌ക്കിലെ ഞങ്ങളുടെ ഭവനത്തിലേക്ക് എന്നെ അയച്ചു. അവിടെ ചാപ്പല്‍ പൂക്കളാല്‍ അലങ്കരിക്കാന്‍ എനിക്ക് അനുവാദം ലഭിച്ചു. അത് ബൈയാല-യിലായിരുന്നു. സി. തെക്ലായ്ക്ക് ഇതുചെയ്യാന്‍ എപ്പോഴും സമയം ലഭിച്ചിരുന്നില്ല. അതിനാല്‍ ഞാന്‍ തന്നെ ചാപ്പല്‍ അലങ്കരിച്ചിരുന്നു. ഒരു ദിവസം, ഒരു പ്രത്യേക വ്യക്തിയുടെ മുറി അലങ്കരിക്കാന്‍ ഞാന്‍ ഏറ്റവും ഭംഗിയുള്ള റോസാപുഷ്പങ്ങള്‍ പറിച്ചെടുത്തു. ഭവനത്തിന്റെ പൂമുഖത്തെത്തിയപ്പോള്‍ ഈശോ അവിടെ നില്‍ക്കുന്നതു കണ്ടു. വളരെ സ്‌നേഹത്തോടെ അവിടുന്ന് എന്നോട് ചോദിച്ചു: മകളേ, ആര്‍ക്കുവേണ്ടിയാണ് ഈ പുഷ്പങ്ങള്‍ നീ കരുതിയിരിക്കുന്നത്? നിശ്ശബ്ദതയായിരുന്നു കര്‍ത്താവിനുള്ള എന്റെ മറുപടി. എന്തെന്നാല്‍, ആ വ്യക്തിയോട് എനിക്കു പ്രത്യേക അടുപ്പമുണ്ടെന്ന് പെട്ടെന്ന് എനിക്കു മനസ്സിലായി. അതു ഞാന്‍ മുമ്പ് മനസ്സിലാക്കിയിരുന്നില്ല. ഈശോ പെട്ടെന്ന് അപ്രത്യക്ഷനായി. ആ നിമിഷംതന്നെ ഞാന്‍ ആ പൂക്കള്‍ നിലത്തെറിഞ്ഞിട്ട്, ദിവ്യകാരുണ്യസന്നിധിയില്‍ ചെന്ന് എന്നെത്തന്നെ മനസ്സിലാക്കിത്തന്നതിന് ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞു.

ഓ ദിവ്യസൂര്യനേ, അങ്ങേക്കു പ്രീതികരമല്ലാത്ത ഏറ്റവും ചെറിയ പൊടിപോലും അങ്ങയുടെ പ്രകാശരശ്മിയില്‍ ആത്മാക്കള്‍ കാണുന്നല്ലോ.

72 (30) ഓ ഈശോയെ, നിത്യസത്യമേ, ഞങ്ങളുടെ ജീവനേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, പാപികള്‍ക്കുവേണ്ടി അവിടുത്തെ കരുണ യാചിക്കുന്നു. എന്റെ കര്‍ത്താവിന്റെ ഏറ്റം മാധുര്യമുള്ള ഹൃദമേ, അനന്തകാരുണ്യവും അനുകമ്പയുമുളള ഹൃദയമേ, പാപികള്‍ക്കായി ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. ഓ ഏറ്റം പരിശുദ്ധമായ തിരുഹൃദയമേ, സര്‍വ്വലോകത്തിന്റെമേലും അഗ്രാഹ്യമായ കൃപയുടെ കിരണങ്ങള്‍ പ്രവഹിപ്പിക്കുന്ന കരുണയുടെ ഉറവിടമേ, പാപികളുടെ മേല്‍ അങ്ങയുടെ വെളിച്ചം വീശണമേ. ഓ ഈശോയെ, അങ്ങയുടെ ദാരുണമായ പീഡാസഹനത്തെ ഓര്‍ത്ത് അവിടുത്തെ തിരുരക്തത്താല്‍ വീണ്ടെടുത്ത ആത്മാക്കള്‍ നശിക്കാന്‍ അനുവദിക്കരുതേ. ഓ ഈശോയെ, അങ്ങയുടെ രക്തത്തിന്റെ അമൂല്യതയെ ഓര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു. എന്തെന്നാല്‍, എല്ലാ പാപികളുടെയും രക്ഷയ്ക്ക് അങ്ങയുടെ ഒരു തുള്ളി രക്തം മാത്രം മതിയായിരുന്നു.

പാപം ക്രൂരതയുടെയും നന്ദിഹീനതയുടെയും ഒരു പാതാളംതന്നെയാണെങ്കിലും, ഞങ്ങള്‍ക്കുവേണ്ടി കൊടുക്കപ്പെട്ട വില അതുല്യമാണല്ലോ. അതിനാല്‍, എല്ലാ ആത്മാക്കളും കര്‍ത്താവിന്റെ പീഡാസഹനത്തില്‍ ശരണപ്പെടുകയും അവിടുത്തെ കരുണയില്‍ ആശ്രയിക്കുകയും ചെയ്യട്ടെ. ദൈവം ആര്‍ക്കും തന്റെ കരുണ നിഷേധിക്കുകയില്ല. ആകാശവും ഭൂമിയും മാറ്റപ്പെട്ടേക്കാം. എന്നാല്‍, ദൈവത്തിന്റെ കരുണ ഒരിക്കലും നിലയ്ക്കുകയില്ല. ഓ അങ്ങയുടെ അഗ്രാഹ്യമായ നന്മയെപ്പറ്റി ധ്യാനിക്കുമ്പോള്‍ നിസ്സീമമായ ആനന്ദത്താല്‍ എന്റെ ഹൃദയം ജ്വലിക്കുന്നു. ഓ ഈശോയെ! എല്ലാ പാപികളെയും അവിടുത്തെ തൃപ്പാദത്തിങ്കല്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ അവര്‍ അങ്ങയുടെ കരുണയെ നിത്യവും പുകഴ്ത്തട്ടെ.

73
ഓ എന്റെ ഈശോയെ, അന്ധകാരം എന്നെ ചൂഴ്ന്നുനില്ക്കുന്നുവെങ്കിലും, കാര്‍മുകിലുകള്‍ ചക്രവാളത്തെ മറയ്ക്കുന്നുണ്ടെങ്കിലും, സൂര്യന്‍ ഒരിക്കലും അണഞ്ഞുപോകുന്നില്ലെന്നു ഞാന്‍ അറിയുന്നു. ഓ നാഥാ, എനിക്ക് അങ്ങയെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കിലും, അങ്ങയുടെ വഴികള്‍ എനിക്ക് അജ്ഞാതമാണെങ്കിലും, ഞാന്‍ അങ്ങയുടെ കരുണയില്‍ ശരണപ്പെടുന്നു. കര്‍ത്താവേ, ഞാന്‍ ഇപ്രകാരമുള്ള അന്ധകാരത്തില്‍ വസിക്കണമെന്നതാണ് അവിടുത്തെ തിരുമനസ്സെങ്കില്‍ അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ. അങ്ങ് ആരാധ്യനാണ്. ഈശോയെ, ഞാന്‍ ഒരു കാര്യം മാത്രം ചോദിക്കുന്നു: അങ്ങയെ ഒരുതരത്തിലും വേദനിപ്പിക്കാന്‍ എന്നെ അനുവദിക്കരുതേ. ഓ എന്റെ ഈശോയെ, എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളും പീഡകളും അങ്ങുമാത്രം അറിയുന്നു. അല്പമാണെങ്കില്‍പോലും അങ്ങേക്കുവേണ്ടി സഹിക്കുന്നത് എനിക്ക് ആനന്ദപ്രദമാണ്. എന്റെ ശക്തിക്കതീതമായി എനിക്കു സഹനങ്ങള്‍ അനുഭവപ്പെടുമ്പോള്‍, ഞാന്‍ ദിവ്യകാരുണ്യനാഥനില്‍ അഭയംപ്രാപിച്ച്, തികഞ്ഞ നിശ്ശബ്ദതയില്‍ അവിടുത്തോട് സംസാരിക്കും.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles